Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightറസ്കിൻ ബോണ്ട്...

റസ്കിൻ ബോണ്ട് കൃതികളുടെ ദീർഘായുസ്സിന്റെ രഹസ്യം

text_fields
bookmark_border
റസ്കിൻ ബോണ്ട് കൃതികളുടെ ദീർഘായുസ്സിന്റെ രഹസ്യം
cancel
camera_alt

92-ാം പിറന്നാൾ വേളയിൽ പുതിയ പുസ്തകത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിക്കുന്ന റസ്കിൻ ബോണ്ട്

വിഖ്യാത എഴുത്തുകാരൻ റസ്കിൻ ബോണ്ടുമായി അദ്ദേഹത്തിന്റെ 92-ാം ജന്മദിനമായിരുന്ന മേയ് 19-ന് ‘ഡീകോഡർ’ പ്ലാറ്റ്‌ഫോമിന് വേണ്ടി ഡോ. പ്രണോയ് റോയ് നടത്തിയ അഭിമുഖം അതീവ ഹൃദ്യമായിരുന്നു. റസ്കിൻ ബോണ്ട് പങ്കുവെച്ച കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത്, വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ എഴുതി 1956-ൽ പ്രസിദ്ധീകരിച്ച ‘ദി റൂം ഓൺ ദി റൂഫ്’ എന്ന നോവലിന്റെ ദീർഘായുസ്സിനെക്കുറിച്ചുള്ളതായിരുന്നു. പതിനേഴാം വയസ്സിൽ എഴുതിയ അതേ സന്തോഷത്തോടെയും അഭിനിവേശത്തോടെയും ഈ പ്രായത്തിലും എഴുതുന്ന ബോണ്ടിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ആൾടൈം ഫേവറിറ്റ് ഫ്രണ്ട്ഷിപ്പ് സ്റ്റോറീസ്’ എന്ന കൃതിക്ക്, അദ്ദേഹത്തിന്റെ ആദ്യകൃതിയുടെ ശൈലിയോടും കല്പനാചാതുരിയോടും അതിശയിപ്പിക്കുന്ന സാദൃശ്യമുണ്ട്.

ഇരു പുസ്തകങ്ങൾക്കുമിടയിലുള്ള കാലയളവിൽ റസ്കിൻ ബോണ്ട് വിവിധ പ്രസിദ്ധീകരണങ്ങളിലായി എണ്ണമറ്റ കഥകളും നൂറുകണക്കിന് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഈ പതിറ്റാണ്ടുകൾക്കിടയിൽ ഭൂമിശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സമൂഹം, സാങ്കേതികവിദ്യ എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിച്ചു. റസ്കിൻ ബോണ്ട് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച ഡെറാഡൂണും മസൂറിയും പോലും തിരിച്ചറിയാനാവാത്തവിധം മാറിപ്പോയി.

മാറ്റമില്ലാതെ തുടരുന്നത് റസ്റ്റി മാത്രമാണ്-റസ്കിൻ ബോണ്ട് തനിക്കായി തിരഞ്ഞെടുത്ത കഥാപാത്രം. കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാൻ റസ്റ്റിയുടെ കഥകളെക്കാളേറെ മറ്റൊന്നിനും സാധിക്കുന്നില്ല. അതുപോലെയാണ് ‘ദി ബ്ലൂ അംബ്രല്ല’യിലെ ബിന്യ എന്ന മലയോര പെൺകുട്ടിയും, ‘നൈറ്റ് ട്രെയിൻ അറ്റ് ഡിയോളി’യിലെ പേരിടാത്ത പെൺകുട്ടിയും. സാധാരണ ജീവിതങ്ങളിൽ നിന്ന് അടർത്തിയെടുത്ത, ജീവൻ തുടിക്കുന്ന ഈ കഥാപാത്രങ്ങളിലൂടെ എണ്ണമറ്റ വായനക്കാർ ഇന്നും ആ രചനകളെ മനസ്സിനുള്ളിൽ സൂക്ഷിക്കുന്നു.

ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് റസ്കിൻ ബോണ്ട് എഴുതിയ കഥകൾ ഇന്ന് എഴുതിയവ പോലെ പുതുമയുള്ളതായി തോന്നുന്നത് എന്തുകൊണ്ടാണ്? ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം ഫൗണ്ടൻ പേനയോ ബോൾപോയിന്റ് പേനയോ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. വാർധക്യസഹജമായ കാഴ്ചക്കുറവും തളർച്ചയും കാരണം അദ്ദേഹത്തിന് പണ്ടത്തെപ്പോലെ തനിച്ച് നടക്കാനോ എഴുതാനോ സാധിക്കുന്നില്ല. ഇപ്പോൾ കഥകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് പതിവ്. എന്നിട്ടും അതിന്റെ താളത്തിനും ഒഴുക്കിനും ഒരു മാറ്റവുമില്ല.

പിതാവ് മരണപ്പെട്ട റസ്കിനെ പതിനേഴാം വയസ്സിൽ രക്ഷകർത്താക്കൾ ഇംഗ്ലണ്ടിലേക്കയച്ചിരുന്നു. അവിടുത്തെ ഒറ്റപ്പെടലിന്റെ സങ്കടവും ഡെറാഡൂണിന്റെ ഊഷ്മളതയിലേക്കും സൗഹൃദങ്ങളിലേക്കും തിരിച്ചെത്താനുള്ള തന്റെ ആഗ്രഹവും അദ്ദേഹം ഒരു സ്വകാര്യ ഡയറിയിൽ കുറിച്ചിട്ടു. അതാണ് ‘ദി റൂം ഓൺ ദി റൂഫ്’ എന്ന നോവലായി മാറിയത്. 1956-ൽ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. തൊട്ടടുത്ത വർഷം വിഖ്യാതമായ 'ജോൺ ലൂവലിൻ റൈസ് പ്രൈസി'ന് റസ്കിൻ ബോണ്ട് അർഹനായി.

പെൻഗ്വിൻ ബുക്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ, അവർ ഇന്ത്യൻ വായനക്കാർക്കായി ‘ദി റൂം ഓൺ ദി റൂഫ്’ പ്രസിദ്ധീകരിച്ചു. തലമുറകൾ പലതും കടന്നുപോയിട്ടും, പ്രവാസത്തിലിരുന്ന് എഴുതിയ ഈ കൃതി വർഷങ്ങൾക്കിപ്പുറവും ലോകമൊട്ടുക്കുള്ള വായനക്കാരുടെ മനസ്സിൽ കുടിയേറിയിരിക്കുന്നു.

പെൻഗ്വിൻ ബുക്സിന് ശേഷം ഹാർപ്പർകോളിൻസ്, ഹാഷെറ്റ്, പാൻ മാക്മില്ലൻ, രൂപ പബ്ലിക്കേഷൻസ്, അലെഫ് ബുക്ക് കമ്പനി, വെസ്റ്റ്ലാൻഡ് ബുക്സ്, ഓം ബുക്സ്, സ്പീക്കിംഗ് ടൈഗർ, സീഗൾ ബുക്സ്, ജെയ്കോ ബുക്സ്, ജഗർനൗട്ട് ബുക്സ് തുടങ്ങി നിരവധി ആഗോള കമ്പനികളും ഇന്ത്യൻ പ്രസാധകരും രാജ്യത്ത് സജീവമാണ്. ഈ പ്രമുഖ ഇംഗ്ലീഷ് പ്രസാധകർ മാത്രം പ്രതിവർഷം പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്.

മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമല്ല, ചെറുപട്ടണങ്ങളിലും പുസ്തകമേളകളും സാഹിത്യോത്സവങ്ങളും വ്യാപകമാണിന്ന്. ഇതിന് പുറമെ ഓൺലൈൻ പുസ്തക വിപണന സൈറ്റുകളും പുസ്തകങ്ങളെ പ്രൊമോട്ട് ചെയ്യുന്ന നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമുണ്ട്. ഇന്റർനെറ്റിന്റെയും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വരവ് പുസ്തകങ്ങളുടെ ഭംഗിയും ഗ്രാഫിക്സും കവർ ഡിസൈനുമെല്ലാം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുമുണ്ട്.എന്നാൽ ഇതിൽ എത്ര പുസ്തകങ്ങൾ വായനക്കാരുടെ മനസ്സിൽ പറ്റിപ്പിടിച്ചു നിൽക്കുന്നുണ്ട്?

സിനിമ-രാഷ്ട്രീയ-കായിക മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് പലപ്പോഴും പുസ്തകമേളകളിലെയും സാഹിത്യോത്സവങ്ങളിലെയും പ്രധാന ആകർഷണം. പ്രസാധകരും ആധുനിക മാർക്കറ്റിങ് ഏജൻസികളും എഴുത്തുകാരുടെ മൂല്യം അളക്കുന്നത് അവരുടെ ജനസ്വാധീനവും, ഉന്നത രാഷ്ട്രീയക്കാർ, ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ എന്നിവരിൽ നിന്ന് പിന്തുണ നേടിയെടുക്കാനുള്ള കഴിവും നോക്കിയാണെന്ന് തോന്നുന്നു.

വലിയ പുസ്തക വിപണന കമ്പനികൾ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷന് അനുയോജ്യമായ കീവേഡുകൾ ഉപയോഗിക്കാൻ കണ്ടന്റ് റൈറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും നിയോഗിക്കുന്നുണ്ട്. ഞാൻ ആളൊരു പഴഞ്ചൻ സാധാരണക്കാരനാണെങ്കിലും സാങ്കേതിക ഉപകരണങ്ങളോടോ ആധുനിക വിപണന രീതികളോടോ എനിക്കൊരെതിർപ്പുമില്ല. എങ്കിലും ഒരു സംശയം അവശേഷിക്കുന്നു: സാഹിത്യമേളകളിലെ ബഹളങ്ങൾക്കും കാമറകളുടെ തിക്കുകൂട്ടലുകൾക്കുമപ്പുറം പുസ്തകങ്ങളുടെ ദീർഘായുസ്സിന് ഇവ ഏതെങ്കിലും തരത്തിൽ സംഭാവന നൽകുന്നുണ്ടോ? പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ച് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വായനക്കാരുടെ മനസ്സിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.

എഴുത്തും വായനയും ഇല്ലാതാകുമോ?

‘അൺടച്ചബിൾ’ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുൽക് രാജ് ആനന്ദ് കടന്നുപോയ സംഘർഷങ്ങളെക്കുറിച്ച് പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ക്ലാസിക് മുൽക് രാജ് ആനന്ദ്’ എഡിറ്റ് ചെയ്ത സരോസ് കവാസ്ജി എഴുതുന്നുണ്ട്: ‘‘1930ലാണ് അദ്ദേഹം ഇതിന്റെ രചന നിർവഹിച്ചത്. നാല് വർഷത്തിനിടയിൽ പലതവണ തിരുത്തിയെഴുതി. 1934 സെപ്റ്റബറായപ്പോഴേക്കും പത്തൊൻപതോളം പ്രസാധകർ ഈ കൃതി നിരസിച്ചിരുന്നു. നിരാശ ബാധിച്ച് മാനസികമായി തളർന്ന മുൽക് രാജ് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുകൊണ്ടിരിക്കെയാണ് യുവ ബ്രിട്ടീഷ് കവി ഓസ് വെൽ ബ്ലാക്സ്റ്റണിന്റെ ഇടപെടലിൽ കൈയെഴുത്തുപ്രതി വിഷാർട്ട് ബുക്സിന് മുന്നിലെത്തിയത്.

അവിടുത്തെ എഡിറ്ററായ എഡ്ജെൽ റിക് വേഡിന് നോവലിന്റെ ആത്മാർഥതയും വൈഭവവും ഇഷ്ടപ്പെട്ടു. എങ്കിലും ഇ. എം. ഫോർസ്റ്ററുടെ ഒരു ആമുഖം ഉണ്ടെങ്കിൽ പുസ്തകത്തിന്റെ വിൽപ്പന സാധ്യതകൾ വളരെയധികം വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രസാധകരുടെ കൈകളിൽ ഇരുന്നപ്പോൾ തന്നെ ഈ നോവൽ വായിച്ചിട്ടുണ്ടായിരുന്ന ഫോർസ്റ്റർ ആമുഖം എഴുതാമെന്ന് സമ്മതിച്ചു. ‘ഇതിലും മികച്ചതൊന്നും നമുക്ക് ലഭിക്കാനില്ല,’ ആമുഖം വായിച്ച് റിക്വർഡ് പ്രഖ്യാപിച്ചു. അങ്ങനെ 1935-ൽ ‘അൺടച്ചബിൾ’ പുസ്തകശാലകളിൽ എത്തി. ഒരു നോവലിസ്റ്റ് എന്ന നിലയിൽ ആനന്ദിന്റെ ഔദ്യോഗിക ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു’’.

ഞാൻ പറഞ്ഞുവരുന്നത്, നിരീക്ഷണത്തിലെ ആത്മാർഥതയും കല്പനാചാതുരിയുടെ കലർപ്പില്ലായ്മയുമാണ് ഒരു പുസ്തകത്തിന്റെ നിലനിൽപ്പിന് ആധാരം എന്നാണ്. അത് റുഡ്യാർഡ് കിപ്ലിംഗ്, മുൽക് രാജ് ആനന്ദ്, ആർ. കെ. നാരായണൻ, രവീന്ദ്രനാഥ ടാഗോർ, മുൻഷി പ്രേംചന്ദ് എന്നിവരുടെ പഴയകാലത്തായാലും; അമിതാവ് ഘോഷ്, വിക്രം സേത്ത്, സൽമാൻ റുഷ്ദി, അരുന്ധതി റോയ്, ചിത്ര ബാനർജി ദിവാകരുണി എന്നിവരുടെ ആധുനിക കാലത്തായാലും ഒരുപോലെയാണ്. ഇന്റർനെറ്റ് വഴി എത്തുന്ന കണ്ടെന്റുകളുടെ അതിപ്രസരം വായനശീലത്തിൽ കുറവുണ്ടാക്കിയെന്ന് ചിലർ വാദിക്കുന്നു. അതിൽ അല്പം സത്യമുണ്ടാകാം. എങ്കിലും വായനയും എഴുത്തും അടിസ്ഥാനപരമായി ഏകാന്തമായ പ്രക്രിയകളാണെന്ന് ഞാൻ വിശ്വസിക്കുന്നു; അവ ഒരിക്കലും ഒരു കൂട്ടായ പ്രവർത്തനമല്ല.

‘കിതാബ്’ എന്ന സാഹിത്യ പ്ലാറ്റ്‌ഫോമിന്റെ എഡിറ്ററും ‘കീമിയ ക്രിയേറ്റീവ്‌സ്’ സ്ഥാപകയുമായ നമ്രത, ദക്ഷിണേഷ്യൻ സാഹിത്യത്തിലെ പ്രവണതകളെക്കുറിച്ച് ‘ബിറ്റ്‍വീൻ ദി ലൈൻസ്’ എന്ന തന്റെ പ്രതിവാര കോളത്തിലൂടെ നിരന്തരം ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്: എഴുത്തിന്റെ ചാതുരി രൂപപ്പെടുന്നത് കേവലം ആകർഷകമായ പദസമ്പത്തോ വ്യാകരണ നിയമങ്ങൾ പാലിക്കലോ കൊണ്ടുമാത്രമല്ല; മറിച്ച് എഴുത്തുകാർ മനുഷ്യാനുഭവങ്ങളെ എത്രത്തോളം ഫലപ്രദമായും സത്യസന്ധമായും താളുകളിലേക്ക് പകർത്തുന്നു എന്നതിനെ ആശ്രയിച്ചാണ്.

നമ്രതയുടെ കോളങ്ങൾ വായിക്കുന്നതിലൂടെയും അവരുടെ പോഡ്‌കാസ്റ്റുകൾ കാണുന്നതിലൂടെയും എനിക്ക് മനസ്സിലാകുന്നത്, എഴുത്തിന്റെ വലിയൊരു പങ്ക് കിടക്കുന്നത് യഥാർഥ നിരീക്ഷണപാടവം വളർത്തിയെടുക്കുന്നതിലാണ് എന്നാണ്. അലസമായ ക്ലീഷേകളും അമിത നാടകീയതകളും ഒഴിവാക്കി എഴുത്തുകാർ ലോകത്തെ സത്യസന്ധതയോടെ നിരീക്ഷിക്കണം-മനുഷ്യബന്ധങ്ങളുടെ സ്വാഭാവികവും മോടിപിടിപ്പിക്കാത്തതുമായ പ്രകൃതം, ആളുകൾ യഥാർഥത്തിൽ എങ്ങനെ സംസാരിക്കുന്നു, ഗ്രാമീണ ഭൂപ്രകൃതിയോ മാറിക്കൊണ്ടിരിക്കുന്ന നഗരമോ എങ്ങനെ അനുഭവപ്പെടുന്നു എന്നിവയെല്ലാം അതേപടി പകർത്തണം.

ഞാൻ അവരോട് പൂർണ്ണമായും യോജിക്കുന്നു. നിരീക്ഷണത്തിലെ സത്യസന്ധതയും കല്പനാചാതുരിയുടെ പരിശുദ്ധിയും എപ്പോഴും എഴുത്തുകാരുടെ രചനാജീവിതത്തിന്റെ ആധാരശിലയായി നിലകൊള്ളും. ഈ ഗുണങ്ങളുടെ സമൃദ്ധിയാണ് റസ്കിൻ ബോണ്ടിന്റെ രചനകൾക്ക് ഇന്നും ആയുസ്സേറ്റുന്നത്.

Show Full Article
TAGS:ruskin bond interview article 
News Summary - The secret to the longevity of Ruskin Bond's works
Next Story