ഉന്നം ഇന്ത്യൻ മധ്യവർഗം
text_fieldsനിർമല സീതാരാമൻ
നികുതിയിൽ കുറവുവരുത്തുന്ന സാധനങ്ങളുടെ പട്ടിക പരിശോധിച്ചാൽ വ്യക്തമാകുന്നത് കാർഷിക മേഖലയിലും ഗ്രാമീണ മേഖലയിലും ഉപയോഗിക്കുന്ന അപൂർവം ചരക്കുകൾ ഒഴികെ ഏറെയും മധ്യവർഗ ഉപഭോഗപ്പട്ടികയിൽ പെടുന്നവയാണെന്നാണ്
നിർമല സീതാരാമന്റെ റീഗണോമിക്സ്-2
ഇന്ത്യൻ പശ്ചാത്തലത്തിൽ, ഈ സൈദ്ധാന്തിക വാദങ്ങൾ വിരൽചൂണ്ടുന്നത്, ഇവയിലേക്കാണ്: ഒന്ന്, താഴ്ന്ന നികുതി നിരക്കുകൾ പ്രസ്തുത ചരക്കുകളുടെ വിലകളിൽ കുറവുണ്ടാക്കുകയും അതുവഴി ആളുകളെ കൂടുതൽ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും; സാധനങ്ങൾ കൂടുതൽ വാങ്ങിയില്ലെങ്കിൽതന്നെയും നികുതിയിൽവരുന്ന കുറവ് ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുകയും അതുവഴി മൊത്തം ചോദനത്തിൽ വർധനവുണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന ഉപഭോഗവർധന ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ ചരക്കുൽപാദനത്തിലേക്കും വളർച്ചയിലേക്കും നയിക്കുകയും ചെയ്യും.
ഇവിടെയാണ് അമേരിക്കൻ ഭീഷണിക്ക് ബദലായി ആഭ്യന്തര വിപണിയുടെ സാധ്യതകൾ നിലനിൽക്കുന്നത്. ഈ വാദത്തിന്റെ ദൗർബല്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഒന്ന്, നികുതിയിലുണ്ടാകുന്ന കുറവിന് ആനുപാതികമായി ചരക്കുകളുടെ വിലയിൽ കുറവുണ്ടാകുമോ? അഥവാ, ഉൽപാദകർ നികുതിപൂർവ വിലകൾ വർധിപ്പിക്കുകയാണെങ്കിൽ നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താവിലേക്കെത്തിച്ചേരാനുള്ള സാധ്യതകൾ കുറയുന്നു. രണ്ട്, നികുതി കുറയുന്ന ചരക്കുകൾ, അവയുടെ വില കുറയുന്നതിന് ആനുപാതികമായി കൂടുതൽ ചോദനം (demand) ചെയ്യപ്പെടുമോ? അപ്രകാരം സംഭവിക്കണമെങ്കിൽ, അവയുടെ ചോദന ഇലാസ്തികത (demand elasticity )ഉയർന്നതാവണം. അതായത്, നികുതി/വില ഒരു ശതമാനം കുറഞ്ഞാൽ അതിലേറെയായിരിക്കണം ചോദനത്തിലുള്ള വർധനവ്. നികുതി കുറയുന്ന എല്ലാ സാധനങ്ങളും ഇത്തരത്തിലുള്ളവയാണോ?
നികുതിയിൽ കുറവുവരുത്തുന്ന സാധനങ്ങളുടെ പട്ടിക പരിശോധിച്ചാൽ വ്യക്തമാകുന്നത് കാർഷിക മേഖലയിലും ഗ്രാമീണ മേഖലയിലും ഉപയോഗിക്കുന്ന അപൂർവം ചരക്കുകൾ ഒഴികെ ഏറെയും മധ്യവർഗ ഉപഭോഗപ്പട്ടികയിൽ പെടുന്നവയാണെന്നാണ്. ആരോഗ്യ ഇൻഷുറൻസിൽപോലും മുഖ്യ ഉപഭോക്താക്കൾ മധ്യവർഗമാണെന്നോർക്കണം. ഇന്ത്യൻ മധ്യവർഗത്തിനെയാണ് നിർമല സീതാരാമൻ ലക്ഷ്യമിടുന്നതെന്നു വ്യക്തം. ഇത് 2025ലെ ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യക്ഷ നികുതി നിർദേശങ്ങളിലും വ്യക്തമായിരുന്നു. മധ്യവർഗമാണ് ഇന്ത്യയിലെ പ്രധാന ഉപഭോഗക്കമ്പോളമെന്നും അവരുടെ ചോദനത്തെയും ഉപഭോഗ രീതിയെയും സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്യുന്നതിലൂടെ ഉയർന്ന വളർച്ച കൈവരിക്കാനും വിദേശ കമ്പോളങ്ങളുടെ ആശ്രയമില്ലാതെ നിലനിൽക്കാനും കഴിയും എന്നുമുള്ള കാഴ്ചപ്പാടാണ് ഈ നയങ്ങളിലെല്ലാം നിഴലിക്കുന്നത്.
ഒരുകാര്യം സ്പഷ്ടമാണ്; റീഗണോമിക്സിന്റെ പുതിയ അവതാരമാണ് നിർമല സീതാരാമന്റെ നയങ്ങൾ. റീഗൻ ഭരണത്തിലിരുന്ന എട്ടുവർഷംകൊണ്ട് ആദായ നികുതിയിലും മൂലധനനേട്ട നികുതിയിലും വന്ന കുറവ് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും ഭാരിച്ചതായിരുന്നു. നികുതി നിരക്കിൽ കുറവ് വരുത്തിയതിനുപുറമെ, ഉയർന്ന പ്രതിരോധചെലവ്, സർക്കാർ ചെലവുകളിൽ വരുത്തിയ കുറവ്, സമ്പദ്ഘടനയിൽ ഉണ്ടായിരുന്ന സർക്കാർ നിയന്ത്രണങ്ങളിൽ അയവുവരുത്തൽ, പണപ്പെരുപ്പം നിയന്ത്രിക്കാനായി പണത്തിന്റെ പ്രദാനം കുറക്കൽ എന്നിവയായിരുന്നു റീഗന്റെ പദ്ധതികളുടെ നെടുംതൂണുകൾ.
അവ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടാക്കിയ ഫലങ്ങൾ സംബന്ധിച്ച സംവാദം ഇന്നും അവസാനിച്ചിട്ടില്ല. എങ്കിലും എല്ലാവരും യോജിക്കുന്ന ഒരുകാര്യം അമേരിക്കൻ ഫെഡറൽ റിസർവിലെ ധനകാര്യ കമ്മിവർധനയാണ്. നികുതിനയങ്ങൾമൂലം മൊത്തംനികുതി വരുമാനം വർധിക്കാതിരുന്നാൽ അമേരിക്കൻ അനുഭവമായിരിക്കും ഇന്ത്യയിലും ഉണ്ടാവുക. അതിൽ ഏറ്റവും കൂടുതൽ ഇരയാകുന്നതാകട്ടെ സംസ്ഥാനങ്ങളും. ചരക്കുസേവന നികുതിയുടെ പ്രോൽഘാടനത്തോടുകൂടി സംസ്ഥാനങ്ങളുടെ വരുമാന ഇലാസ്തികത പൂർണമായും നഷ്ടപ്പെട്ടു എന്ന് ജി.എസ്.ടിയുടെ തുടക്കത്തിൽ അതിന്റെ സ്തുതിപാഠകരായിരുന്നവർ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. സന്ദിഗ്ധഘട്ടത്തിൽപോലും സംസ്ഥാനങ്ങൾക്ക് സഹായം നൽകാനുള്ള ഒരു തീരുമാനവും ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉണ്ടായില്ല എന്നത് സംസ്ഥാനങ്ങളുടെ പേശൽ ശേഷിയിൽ വന്ന ശോഷണത്തിന്റെ ഉദാഹരണമായി അവശേഷിക്കുന്നു.