കാമറകൾ നായാട്ടിനിറങ്ങുന്ന കാലം
text_fieldsതിരുവിതാംകൂർ രാജഭരണകാലത്താണ് കാമറ കേരളത്തിൽ അവതരിക്കുന്നത്. തിരുവിതാംകൂറിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന സക്കറിയ ഡിക്രൂസ് മുതലിങ്ങോട്ട് പല പ്രഗല്ഭമതികളും ഈ നാടിനെയും ഇവിടത്തെ വിസ്‍മയങ്ങളെയും കാമറക്കണ്ണാൽ ഒപ്പിയെടുത്തിട്ടുണ്ട്. കാമറകൾ നവീകരിക്കപ്പെട്ടും പ്രചാരപ്പെട്ടുമിരുന്നു. അപ്പോഴും വലിയൊരു കൂട്ടം ജനങ്ങൾക്ക് അപ്രാപ്യമായിരുന്നു അവ. എന്നാൽ, മൊബൈൽ ഫോണിന്റെ അവതരണത്തോടെ ഫോട്ടോഗ്രഫിയുടെ ജനകീയവത്കരണം സംഭവിച്ചു. മുട്ടിലിഴയുന്ന ശിശുക്കൾക്ക് മുതൽ മുത്തശ്ശിമാർക്കുവരെ ഇന്ന് സെൽഫിയും റീൽസുമെല്ലാം വഴങ്ങും.
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാമറയിലാക്കാൻ കഴിയാത്ത ചില മൗലിക പ്രതിഭകൾ തങ്ങളുടെ സർഗവിലാസം കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. പുനലൂർ രാജനും ജേക്കബ് ഫിലിപ്പിനുമൊന്നും ഇവരെ പിടികിട്ടിയിട്ടില്ല. എം.പി. നാരായണപിള്ള, എം.പി. ശങ്കുണ്ണി നായർ എന്നിവർ ഇതിൽ പ്രമുഖരാണ്. ഒരിക്കൽ പുല്ലുവഴിയിലെ വീട്ടിൽവെച്ച് നാണപ്പനെ കാമറയിലാക്കി. പതിവുപോലെ നാണപ്പൻ മലക്കംമറിഞ്ഞു. വാദി പ്രതിയായി. ഫോട്ടോ എടുത്തതൊക്കെ കൊള്ളാം, എവിടെയെങ്കിലും പ്രസിദ്ധീകരിച്ചാൽ എന്റെ തല വെട്ടിമാറ്റി വെച്ചതാണെന്ന് പറഞ്ഞ് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് മുന്നറിയിപ്പ്. എം.പി. ശങ്കുണ്ണി നായരാവട്ടെ ജീവനുള്ള കാലം പത്രക്കാർക്കോ ഫോട്ടോഗ്രാഫർമാർക്കോ വഴങ്ങിക്കൊടുത്തിട്ടില്ല. സാഹിത്യ അക്കാദമിയിൽവെച്ച് ഒരു അവാർഡ് കുടിശ്ശിക നൽകുന്ന അനൗപചാരിക ചടങ്ങിൽ ഞാനദ്ദേഹത്തെ കുടുക്കി. പോഞ്ഞിക്കര റാഫിയും ആ ചിത്രത്തിലുണ്ട്.
എല്ലാവർക്കും കാമറ. ചതുർഭുജങ്ങളുണ്ടായിരുന്നെങ്കിൽ എല്ലാ കൈകളിലും കാമറകൾ കരുതാമായിരുന്നു! എല്ലാവരും ഫോട്ടോഗ്രഫി കമ്പക്കാർ. ഫോട്ടോ, സെൽഫി, റീൽ, വിഡിയോ എന്നിങ്ങനെയുള്ള വൈവിധ്യമാണ് ഇന്നുള്ളത്. വിവാഹ ചടങ്ങുകളുടെ നിയന്ത്രണം ഫോട്ടോ-വിഡിയോ ഗ്രാഫർമാർ ഏറ്റെടുത്തിട്ട് കാലമേറെയായി. ചിലപ്പോൾ കെട്ടിയ താലി അഴിച്ച് കെട്ടിക്കാനും അവർ മടിക്കില്ല. എത്ര വലിയ വി.ഐ.പിക്കും താലികെട്ട് കാണാനായെന്ന് വരില്ല. വധൂവരന്മാർക്ക് ചുറ്റും അരങ്ങേറുന്ന വിഡിയോ ഗ്രാഫർമാരുടെ തിരുവാതിരക്കളി കണ്ട് മടങ്ങേണ്ടിവന്നേക്കാം. ഒരു സാംസ്കാരിക സമ്മേളനത്തിൽ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്താൻ മുന്നോട്ട് നീങ്ങിയ മലയാളകഥയുടെ കുലപതി ടി. പത്മനാഭനെ (നവതി കഴിഞ്ഞു, പപ്പേട്ടന് എന്നോർക്കണം) പിന്നോട്ട് തള്ളിമാറ്റി കാമറക്കുള്ളിലേക്ക് ഇടിച്ചുകയറിയ വിദ്വാന്മാർ വരെയുണ്ട്.
ഈയിടെ ബസിൽ ഒരു യുവതിയുടെ കാമറ സൃഷ്ടിച്ച കുരുക്കിൽപ്പെട്ട് ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു. ഇക്കാലം വരെയും മനുഷ്യർ മര്യാദക്ക് ജീവിച്ചത് കാമറയെപ്പേടിച്ചല്ല, മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന വിശ്വാസത്തിലാണ്. മനുഷ്യർക്ക് മാത്രമല്ല വന്യജീവികൾക്കും കാമറ നായാട്ടുകൊണ്ട് ദുരിതങ്ങൾ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഒന്നായി വന്യജീവി വിഡിയോകൾ മാറിയതോടെ മൃഗങ്ങളുടെ സ്വൈരസഞ്ചാരത്തെയും ജീവിതത്തെയും കാമറക്കണ്ണുകൾ വലക്കുന്നുണ്ട്.
ദുഷ്യന്ത മഹാരാജാവിനെ നായാട്ടിന്റെ പ്രണയസുരഭിലമായ കഥ കാളിദാസൻ അനശ്വരമാക്കി. നാട്ടിലും കാട്ടിലും രാപകൽ ഭേദമില്ലാതെ കാമറകൾ നായാട്ടിനിറങ്ങിയിട്ടുണ്ട്. നഗരകാന്താരങ്ങളിലായാലും തിരക്കുപിടിച്ച പൊതുയിടങ്ങളിലായാലും ഒന്ന് സൂക്ഷിക്കുന്നത് നന്നാവും.
paipraradha@yahoo.com


