വഖഫ് ഭേദഗതി നിയമം ഒരു വിശ്വാസലംഘനം
text_fieldsആധുനിക കാലത്തെ സുപ്രധാന നിയമ വിഭാഗമാണ് ട്രസ്റ്റ് നിയമം. ദാനധർമ ട്രസ്റ്റുകളെ സംബന്ധിച്ച് പഴക്കവും പക്വതയുമുള്ള നിയമ-നിയന്ത്രണ സംവിധാനം നിലനിന്ന ചുരുക്കം ആധുനിക ദേശരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. മതപരവും ദാനധർമപരവുമായ ട്രസ്റ്റുകൾ (Religious and Charitable Trusts) ഇന്ത്യൻ ജുഡീഷ്യറിയുടെയും നിയമനിർമാണ സഭകളുടെയും ശ്രദ്ധയിൽ കൊളോണിയൽ കാലം മുതലേ ഇടം നേടിയിട്ടുണ്ട്.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര ശേഷം തദ്ദേശീയ സമുദായങ്ങളുടെ മതപരമായ ആചാരങ്ങളിലും പരിപാടികളിലും ഇടപെടില്ല എന്ന ബ്രിട്ടീഷ് ഭരണകൂട പ്രതിബദ്ധതയിൽനിന്നുടലെടുത്ത 1863ലെ റിലീജിയസ് എൻഡോവ്‌മെന്റ്‌സ് ആക്ടിൽനിന്നാണ്ഇന്ത്യയിലെ മത ട്രസ്റ്റുകൾക്കുള്ള ആധുനിക നിയന്ത്രണ സംവിധാനത്തിന്റെ ഉത്ഭവം. ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ മത സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനെ നിരോധിച്ച ഈ ആക്ട് ഓരോ മത സമുദായത്തിനും അവരുടെ എൻഡോവ്‌മെന്റുകളിൽ സ്വയം മേൽനോട്ടത്തിനുള്ള സ്വയംഭരണാവകാശവും (Community Autonomy) നൽകി. അക്കാലം വരെയും ബംഗാൾ റെഗുലേഷൻ ആക്ട് 19 (1810), മദ്രാസ് റെഗുലേഷൻ ആക്ട് 7 (1817) എന്നിവയിലൂടെ മത വിഭാഗങ്ങളുടെ ട്രസ്റ്റ് സ്വത്തുക്കളുടെ മേൽനോട്ടം ഈസ്റ്റ് ഇന്ത്യ കമ്പനി നേരിട്ടാണ് നടത്തിയിരുന്നത്. ഒന്നാം സ്വാതന്ത്ര സമരാനന്തരം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് രാജ്ഞിയിലേക്ക് അധികാരം നേരിട്ട് മാറിയതോടെ, കൂടുതൽ മതേതരവും സർക്കാർ ഇടപെടാത്തതുമായ സമീപനം അത്തരം സ്വത്തുക്കളുടെ മേൽനോട്ടത്തിന്റെ കാര്യത്തിൽ സ്വീകരിക്കപ്പെട്ടു,
1863 ലെ എൻഡോവ്‌മെന്റ്‌സ് ആക്ട്, മത വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിശ്വാസികളുടെ ജില്ലതല കമ്മിറ്റികളെ അതത് മതസ്ഥരുടെ ട്രസ്റ്റുകൾക്ക് മേൽനോട്ടം വഹിക്കുന്ന നിയന്ത്രണസംവിധാനമായി നിർദേശിച്ചു. വ്യത്യസ്ത മതസ്ഥരുടെ ട്രസ്റ്റ് സ്വത്തുക്കളുടെ മേൽനോട്ട സംവിധാനങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയക്ക് വീണ്ടും ഒരുപാട് കാലം കഴിയേണ്ടി വന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം പലപ്പോഴും ക്രൈസ്തവ ഇതര സ്വത്തുക്കളുടെ കാര്യക്ഷമമായ മേൽനോട്ടങ്ങളിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല. ഇന്ത്യൻ ദേശീയത വളർന്നുവരുകയും തദ്ദേശീയ സമുദായങ്ങളെ പ്രതിനിധാനംചെയ്യുന്ന നിയമനിർമാണ സഭകൾ ശക്തി പ്രാപിക്കുകയും ചെയ്ത മുറക്ക്, ഇന്ത്യയിലെ പല സമുദായങ്ങളും അവരുടെ ട്രസ്റ്റുകൾ മേൽനോട്ടത്തിനായി ഘടനാപരവും നിയമപരവുമായി കൂടുതൽ കാര്യക്ഷമവുമായ സംവിധാനങ്ങൾക്കായി ആവശ്യപ്പെടാൻ തുടങ്ങി. ഏറെ തീർഥാടകരെ ആകർഷിച്ചിരുന്നതും വലിയ സമ്പത്ത് കൈവശം വെച്ചിരുന്നതുമായ ദക്ഷിണേന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങൾ അവയുടെ സ്വത്തുക്കളുടെ മേൽനോട്ടത്തിനായി നിയമപ്രകാരമുളള റിലിജിയസ് എൻഡോവ്‌മെന്റ് ബോർഡുകൾ സൃഷ്ടിക്കുന്നതിൽ മുൻകൈ എടുത്തു. 1927ലെ മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്റ്‌സ് ആക്ട്, ഇന്ത്യയിലെ ഹിന്ദു ക്ഷേത്ര അനുബന്ധ ട്രസ്റ്റുകളെ നിയന്ത്രിക്കുന്ന ആധുനിക നിയന്ത്രണ സംവിധാനത്തിന്റെ അടിത്തറയായി നിലവിൽ വന്നു.
ഇതേ സമയം വിവിധ ബ്രിട്ടീഷ് പ്രവിശ്യകളിൽ സമാനമായ മേൽനോട്ട ഘടനകൾ സ്ഥാപിക്കാൻ മുസ്‌ലിം സമുദായവും ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. സയ്യിദ് ആമിർ അലിയെ പോലുള്ള മുസ്‌ലിം നിയമ വിദഗ്ധരാണ് ഇതിനായി ഉത്സാഹിച്ചത്. 1923ലെ മുസൽമാൻ വഖഫ് ആക്ട് വഖഫ് മുതലുകളുടെ മേൽനോട്ടത്തിന് ജില്ല കോടതികളെ ചുമതലപ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല. ദക്ഷിണ ഇന്ത്യയിലെ ഹിന്ദു ബോർഡ് മാതൃകയിൽ മുസ്‍ലിം സമുദായവും എൻഡോവ്‌മെന്റ് നിയമ അധിഷ്ഠിത ബോർഡ് സംവിധാനങ്ങൾക്കായി ശ്രമം തുടങ്ങി. ഒടുവിൽ, വിവിധ പ്രവിശ്യാ നിയമനിർമാണ സഭകൾ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡുകൾ സ്ഥാപിതമായി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഭരണഘടനാ സഭ മത വിഭാഗങ്ങളുടെ -ദാനധർമ സ്വത്തുക്കളുടെ ഭാവി വളരെ ദീർഘമായി ചർച്ച ചെയ്തു. മതേതര സമീപനം തുടരണമെന്നും സ്ഥാപനങ്ങളുടെ പവിത്രവും മതപരവുമായ സ്വഭാവം സംരക്ഷിക്കണമെന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചർച്ചകൾക്ക് ഒടുവിൽ ഈ മതേതര തത്ത്വം ആർട്ടിക്കിൾ 26ൽ (മതകാര്യങ്ങൾ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം) ഉൾപ്പെടുത്തി, അതു പ്രകാരം ഇന്ത്യയിലെ ഓരോ മത വിഭാഗത്തിനും അവരുടെ ദാനത്തിലൂടെ അടക്കമുള്ള സ്വത്തുക്കൾ ഉണ്ടാക്കുവാനും സ്വന്തം സമുദായ സ്വത്തുക്കളുടെ മേൽനോട്ടം നിയന്ത്രിക്കാനുള്ള മൗലിക അവകാശം ഉറപ്പ് നൽകി. ആർട്ടിക്കിൾ 26 പ്രകാരം, ഇന്ത്യയിലെ ഓരോ മത വിഭാഗത്തിനും മതത്തിലെ ഏതെങ്കിലും വിഭാഗത്തിനും നാല് മൗലിക അവകാശങ്ങൾ ഉണ്ടായിരിക്കും:
a) മത-ദാനധർമ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനുള്ള അവകാശം.
b) മതകാര്യങ്ങളിൽ സ്വന്തം കാര്യങ്ങൾ നോക്കിനടത്താനുള്ള അവകാശം.
c) ഇളകുന്നതും ഇളകാത്തതുമായ മുതലുകൾ ഉടമയാകാനും ഏറ്റെടുക്കാനുമുള്ള അവകാശം.
d) നിയമപ്രകാരം അത്തരം സ്വത്ത് നോക്കി നടത്താനുള്ള അവകാശം.
അത്തരം വഖഫ് അടക്കമുള്ള സമുദായ സ്വത്തുക്കളെ ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് പട്ടികയിൽ ഉൾപ്പെടുത്തി, അതായത്, കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും ഈ വിഷയത്തിൽ നിയമനിർമാണം നടത്താൻ അനുവാദം നടത്തി. 1954ൽ ആദ്യത്തെ ഓൾ ഇന്ത്യ വഖഫ് ആക്ട് പാസാക്കി. അതു പ്രകാരം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വഖഫ് ബോർഡുകൾ സ്ഥാപിക്കുകയും കേന്ദ്ര തലത്തിൽ മേൽനോട്ടത്തിനായി സെൻട്രൽ വഖഫ് കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തു. 1954 ലെ ചില പോരായ്മകൾ തിരിച്ചറിഞ്ഞ്, 1995ൽ വഖഫ് ആക്ട് പരിഷ്കാരങ്ങൾ കൊണ്ടുവന്നു, തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ വഖഫ് ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ 1995 ലെ ആക്ടിന്റെ പരിഷ്കരണങ്ങളിൽ ഉൾപ്പെട്ടതായിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് 1995 വഖഫ് ആക്ടിൽ 2013ൽ വരുത്തിയ ചില ഭേദഗതികൾ, വഖഫ് കൈയേറ്റം തടയാനും വഖഫ് സ്വത്തുക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിൽ ലക്ഷ്യമിട്ടു. 2013 ലെ ഭേദഗതി ബി.ജെ.പി ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അംഗീകരിക്കപ്പെട്ടത്.
എന്നാൽ, വഖഫ് നിയമത്തിലെ നിലവിലെ മാറ്റങ്ങൾ, രണ്ട് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വ്യത്യസ്ത മതസ്ഥരുടെ സ്വത്തുക്കളുടെ മേൽനോട്ടത്തിനെ നയിച്ച മതേതര നിയമ തത്ത്വത്തിൽനിന്ന് ഒരു വലിയ വ്യതിയാനമാണ് വരുത്തിവെക്കുന്നത്. പുതിയ നിയമ മാറ്റങ്ങൾ മുസ്‍ലിം മത എൻഡോവ്‌മെന്റുകൾക്ക് ചരിത്രപരമായി ലഭിച്ചിരുന്ന സംരക്ഷണങ്ങളും സ്വയംഭരണവും പരിമിതപ്പെടുത്തുന്നു-മറ്റു സമുദായങ്ങൾക്ക് ഇപ്പോഴും ലഭ്യമായ സംരക്ഷണങ്ങളും അത് ഇല്ലാതാകുന്നു.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്‌ലിം അല്ലാത്തവർ പുതിയ ആക്ട് പ്രകാരം അംഗങ്ങളാവുന്നു. കൗൺസിലിലും ബോർഡുകളിലും മുസ്‌ലിം അല്ലാത്തവർ അംഗങ്ങളാവുന്നതിലൂടെ എല്ലാ മത വിശ്വാസികളുടെ സ്വത്തും അതത് മത വിശ്വാസം അനുസരിച്ച് നിയന്ത്രിക്കാൻ ഭരണഘടന നൽകുന്ന അവകാശം (Article 26 ) ഇവിടെ മുസ്‌ലിംകൾക്ക് മാത്രമായി നിഷേധിക്കപെടുന്നു. ‘വഖഫ് ബൈ യൂസർ’ എന്നതിന്റെ നിയമസാധുതയെ വഖഫ് മുതലിലെ സർക്കാർ അവകാശവാദങ്ങൾക്ക് അനുകൂലമായി പരിമിതപ്പെടുത്തുന്നു, ദീർഘകാലം മുസ്‌ലിം സമുദായം മതപരമായ പ്രവർത്തനങ്ങൾക്കും ദാനധർമങ്ങൾക്കുംവേണ്ടി ഉപയോഗിച്ചിരുന്ന സ്വത്ത് വകകളുടെ ചരിത്രവും ഉപയോഗവും പരിഗണിച്ച് അവയെ വഖഫായി നിർണയിക്കുന്ന വകുപ്പാണ് ‘വഖഫ് ബൈ യൂസർ’. മുസ്‍ലിം ദാനധർമ സ്വത്തുക്കൾക്ക് മാത്രം ലിമിറ്റേഷൻ ആക്ട് ഏർപ്പെടുത്തുന്നു. വഖഫ് സ്വത്ത് കൈയേറി കുറച്ചുകാലം കഴിഞ്ഞാൽ അവ അന്യായമായി സ്വന്തമാക്കിയവർക്ക് ഉടമയാകാനുള്ള അവസരം ഇതുവഴി വന്നു ചേരുന്നു. കൂടാതെ, വഖഫ് ദാതാക്കൾക്ക് അവരുടെ സ്വത്തിൽനിന്ന് വഖഫ് ദാനം ചെയ്യുന്നതിന് അഞ്ചുവർഷത്തെ മത വിശ്വാസം തെളിയിക്കേണ്ട അനാവശ്യ ഭാരം പുതിയ ആക്ട് ചുമത്തുന്നു. ഇസ്‍ലാമിക നിയമപ്രകാരം ഒരു വഖഫ് ദാതാവിന് അത്തരം നിർബന്ധിത വിശ്വാസ വ്യവസ്ഥകൾ ഒന്നുംതന്നെ ഇല്ല; ബഹുസ്വര സമൂഹമായതിനാൽ നൂറ്റാണ്ടുകളായി അത്തരം മതാന്തര ദാനധർമ പാരമ്പര്യങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ.
ചുരുക്കത്തിൽ, ഈ പുതിയ നിയമ മാറ്റം മുസ്‍ലിം സമുദായത്തിന്റെ മത സ്വത്തുക്കൾ സ്വയംഭരണവും കർതൃത്വവും എന്ന ഭരണഘടനാപരമായ മൗലിക അവകാശത്തെ ദുർബലപ്പെടുത്തുകയും സർക്കാർ ഇടപെടലിന് അനുകൂലമായി നിയമവ്യവസ്ഥയെയും മേൽനോട്ട സംവിധാനത്തെയും മാറ്റിത്തിരിക്കുകയും ചെയ്യുന്നു. ഇത് വഖഫ് ഭരണത്തിന്റെ മതേതരവും സമുദായ-സമ്മതത്തിൽ അധിഷ്ഠിതവുമായ മാതൃകയെ ഇല്ലാതാക്കുകയും രാഷ്ട്രം അടിച്ചേൽപ്പിക്കുന്ന ഒരു സംവിധാനത്തിലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. അതിനാൽ ഇതിനെ സമുദായത്തിന് നൽകപ്പെട്ട നിയമപരമായ വാഗ്ദാനങ്ങളുടെ ലംഘനമായും രാഷ്ട്രം മുസ്‍ലിം സമുദായവും തമ്മിലെ വിശ്വാസ ഉടമ്പടിയുടെ മേലുള്ള ലംഘനമായും കാണേണ്ടി വരും. ഇതിനകംതന്നെ സർക്കാർ ഏജൻസികളുടെ സഹായത്തിൽ നടക്കുന്ന വഖഫ് സ്വത്തുക്കളുടെ വ്യാപകമായ ദുരുപയോഗം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു, പുതിയ നിയമം ഈ പ്രവണതയെ കൂടുതൽ വഷളാക്കുന്നതിൽ കൊണ്ടെത്തിക്കും.
വഖഫ് ബോർഡുകളും സെൻട്രൽ വഖഫ് കൗൺസിലും സർക്കാർ നിയന്ത്രണത്തിലുള്ള ചട്ടുകങ്ങളായി മാറും. മുസ്‌ലിം സമുദായത്തിന്റെ കണ്ണിൽ തന്നെ അതിന്റെ വിശ്വാസ്വത നഷ്ടപ്പെടും. അതിനാൽ ഈ നിയമം ഇത് ഇന്ത്യയുടെ ട്രസ്റ്റ് നിയന്ത്രണ-നീതിന്യായ വ്യവസ്ഥയിൽ ഒരു കളങ്കമാണ് എന്നു പറയേണ്ടി വരും. ആവശ്യമായ ഗവേഷണം, കൂടിയാലോചന, ജനസമ്മിതി എന്നിവയൊന്നുമില്ലാതെ നടത്തുന്ന നിയമ പരിഷ്കാരങ്ങൾ എങ്ങനെ ഒരു സുസ്ഥാപിത നിയമഘടനയെ ഇല്ലാതാക്കുകയും സമൂഹത്തിന്റെ ഒരു പ്രധാന വിഭാഗത്തെ അകറ്റുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് പുതിയ വഖഫ് ആക്ട്. ഒരു നിയമനിർമാണം എങ്ങനെ നടത്തരുത് എന്നതിന്റെ ഉദാഹരണമായിട്ടാവും ഭാവിയിലെ നിയമപണ്ഡിതർ ഇതിനെ പഠനവിധേയമാക്കുക.
(വഖഫ്, അനന്തരാവകാശ നിയമങ്ങളിൽ വിദഗ്ധനായ ലേഖകൻ ന്യൂഡൽഹി ജാമിഅ സെൻറർ ഫോർ ഇന്തോ-അറബ് കൾചറിൽ അസിസ്റ്റൻറ് പ്രഫസറാണ്)