ഗോതമ്പുവയലിലെ കളകൾ
text_fieldsകേരളത്തിലെയെന്നല്ല, ആകമാന ക്രൈസ്തവ ചരിത്രത്തിൽനിന്നുതന്നെ, വേറിട്ട ധാരയൊന്നും ഇപ്പോഴത്തെ ബി.ജെ.പി അനുരാഗത്തിനുണ്ടെന്നു കരുതാൻ കാരണമൊന്നുമില്ല. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ അധികാരത്തിന്റെ കോട്ടകളിൽനിന്ന് അരമനകളിലേക്കുള്ള പരവതാനി തരാതരം നിറം മാറി, മാറിവിരിക്കപ്പെട്ടിരുന്നു. അത്തരത്തിൽ അധികാരത്തിലേക്കുള്ള പാലമിടുന്നതിൽ മുസോളിനിയെന്നോ ഹിറ്റ്്ലെറെന്നോ ഉള്ള വ്യത്യാസംപോലും ഉണ്ടായിരുന്നില്ല.
കര്‍ത്താവ് വെറുക്കുന്ന ആറു കാര്യങ്ങളുണ്ട്. ഏഴാമതൊന്നുകൂടി അവിടുന്ന് മ്ലേച്ഛമായി കരുതുന്നു- ഗര്‍വു കലര്‍ന്ന കണ്ണ്, വ്യാജം പറയുന്ന നാവ്, നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ, ദുഷ്കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്മയിലേക്കു പായുന്ന പാദങ്ങള്‍, അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതക്കുന്നവന്.
(സുഭാഷിതങ്ങൾ- ആറ്: 16 മുതൽ 19 വരെ)
ക്രൈസ്തവ പിതാക്കന്മാർ ബി.ജെ.പിയെ മാമോദീസ മുക്കി പ്രിയപാർട്ടിയാക്കി മാറ്റുന്ന പ്രവൃത്തി, കേരളത്തിൽ വന്ദേ ഭാരത് ട്രെയിനിനെക്കാൾ വേഗത്തിൽ കുതിക്കുകയാണ്. ഇവിടെ മാത്രമല്ല, ഇന്ത്യയിൽ പലയിടത്തും ഈ ഇഷ്ടംകൂടൽ പുതിയൊരു ചർച്ചക്കു മാത്രമല്ല, ഓർമപുതുക്കലുകൾക്കുകൂടി വഴിതുറന്നിട്ടുണ്ട്. സഭയെന്നാൽ എക്കാലത്തും പാറപോലെ ഉറച്ചുനിൽക്കുന്ന ഒന്നല്ല.
ജീവിതത്തിന്റെ അടിസ്ഥാനം അധികാരമാണെന്ന് അരമനക്കു തോന്നിയാൽ പിന്നെ മാറ്റാൻ പറ്റാത്തതായ ഇരുമ്പുലക്കയൊന്നുമല്ലല്ലോ രാഷ്ട്രീയ നിലപാട്. അതുകൊണ്ടാണ് റബറുപോലെ വലിച്ചാൽ നീളാനും ചുരുക്കിയാൽ ചുരുങ്ങാനും ഏതു പരുവത്തിലുമാവാനും തയാറെന്ന് വന്ദ്യപുരോഹിതർതന്നെ പലസ്വരങ്ങളിൽ സ്തുതിപാടുന്നത്.
ലോകത്തെ പലയിടത്തുനിന്നും വരുന്ന സമ്പത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും കഥകളും സ്ഥലക്കച്ചവട വിവാദവും വിദ്വേഷ പ്രസ്താവനകളും ഒക്കെയായി ആകെ പുലിവാൽ പിടിച്ചുനിൽക്കുന്ന കാലവുമാണ്.
ഇ.ഡി എന്നു പറഞ്ഞാൽ ഇക്കാലത്ത് സാക്ഷിയോ സാക്ഷ്യമോ അല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണെന്നും ഈ ഇ.ഡി ഇഹലോകത്ത് പലതും ചെയ്തുകൂട്ടാൻ കഴിവുള്ള ശക്തിയാണെന്നും ബോധ്യവുമുണ്ട്. അത്തരം തിരിച്ചറിവുകളുടെ കാലത്ത് ഇങ്ങനെയൊക്കെയുള്ള തോന്നലുകൾ സ്വാഭാവികമാണു താനും.
കേരളത്തിലെയെന്നല്ല, ആകമാന ക്രൈസ്തവ ചരിത്രത്തിൽ നിന്നുതന്നെ, വേറിട്ട ധാരയൊന്നും ഇപ്പോഴത്തെ ബി.ജെ.പി അനുരാഗത്തിനുണ്ടെന്നു കരുതാൻ കാരണമൊന്നുമില്ല. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ അധികാരത്തിന്റെ കോട്ടകളിൽനിന്ന് അരമനകളിലേക്കുള്ള പരവതാനി തരാതരം നിറം മാറി, മാറിവിരിക്കപ്പെട്ടിരുന്നു.
അത്തരത്തിൽ അധികാരത്തിലേക്കുള്ള പാലമിടുന്നതിൽ മുസോളിനിയെന്നോ ഹിറ്റ്ലറെന്നോ ഉള്ള വ്യത്യാസംപോലും ഉണ്ടായിരുന്നില്ല. സഭയും മുസോളിനിയും തമ്മിലുണ്ടായിരുന്ന ബന്ധവും നാസി ജർമനിയുടെ സാമന്തരാജ്യമായി മാറിയ സ്ലോവാക്യയിലെ അധികാരിയായി മാറിയ പുരോഹിതൻ യോസഫ് ഗ്യാഷ്പർ ടീസോയുടെ ചരിത്രവും ചരിത്ര വിദ്യാർഥികൾക്ക് അറിയാം.
ഈയിടെ പല പിതാക്കന്മാർ മുസ്ലിംകൾക്കും മറ്റൊരു പുരോഹിതൻ ഈഴവ സമുദായത്തിനുമെതിരെ ഇളക്കിയ ലവ് ജിഹാദ് കോലാഹലംപോലെ സ്ലോവാക്യയിലെ യോസഫ് പുരോഹിതനും അക്കാലത്ത് അപവാദം സൃഷ്ടിച്ചു. യോസഫും കൂട്ടരും ആരോപണം ഉന്നയിച്ചത് അവിടത്തെ ജൂതർക്കെതിരെയായിരുന്നു.
ലോകം മുഴുവൻ സ്നേഹം പകരാൻ ആഹ്വാനം ചെയ്ത വിശ്വാസത്തിന്റെ അപ്പോസ്തലനായ പുരോഹിതൻ തന്റെ അധികാരം നിലനിർത്താനുള്ള ആർത്തിയിൽ ഏഴാമത്തെ മ്ലേച്ഛത്തരമായ ‘സഹോദരര്‍ക്കിടയില്‍ ഭിന്നത വിതക്കുന്ന’തിലാണ് ചെന്നെത്തിയത്.
അത്തരത്തിൽ, കേരളത്തിലെ ക്രൈസ്തവ സഭയുടെ മാത്രമല്ല, ലോകത്തെങ്ങുമുള്ള കത്തോലിക്ക സഭയും അധികാരവും തമ്മിലുള്ള ബന്ധം എക്കാലത്തും അതിവിചിത്രമാണ്. വിദേശ ശക്തികൾക്കും സമൂഹത്തിലെ അസമത്വത്തിനും എതിരായ പോരാട്ടം നടക്കുമ്പോൾ, സഭാനേതൃത്വം പലപ്പോഴും അതത് ഭരണാധികാരികൾക്കൊപ്പമായിരുന്നു.
ജനാധിപത്യത്തിലെത്തിയിട്ടും അതിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനൊപ്പം കൂട്ടുകൂടിയ അരമനയധികാരികൾ ഭരണകൂടത്തിനു പുറത്തൊരു സ്വയംഭരണ റിപ്പബ്ലിക്കായിരുന്നു. ക്രിക്കറ്റിലും കമ്യൂണിസ്റ്റ് പാർട്ടികളിലുമൊഴികെ കേരളത്തിൽ എല്ലായിടത്തും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകംവരെ ക്രൈസ്തവ സഭയുടെ സ്വാധീനം അതിശക്തമായിരുന്നു.
എന്നാൽ, സഭയുടെ സ്വന്തം പാർട്ടിയായ കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും തുടർച്ചയായി അധികാരനഷ്ടമുണ്ടായതും അവശിഷ്ട അധികാര കേന്ദ്രമായ കേരള കോൺഗ്രസ് ഇടതുമൂലയിലെത്തിയതും സഭയുടെ അധികാര സ്വാധീനം ദുർബലമാക്കി. കോൺഗ്രസിനുള്ളിലാവട്ടെ, ക്രൈസ്തവ വിഭാഗത്തിൽപെട്ട സ്വാധീനമുള്ള നേതാക്കൾ മരുന്നിനുപോലും ഇല്ലാതെയുമായി. യു.ഡി.എഫിലുള്ള അവശിഷ്ട കേരള കോൺഗ്രസ് ദുർബലവും.
അവിടത്തെ നിർണായക ശക്തി മുസ്ലിം ലീഗും. ഇത് സഭയുടെ അധികാര കേന്ദ്രങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല. അധികാരമില്ലാത്ത അരമന എന്നാൽ, പ്രമേഹമില്ലാത്തവനു മുന്നിലെ പഞ്ചസാരയിടാത്ത കട്ടൻകാപ്പി മാത്രമാണ്.
ഇതെല്ലാംകൂടി വന്നതോടെ മുസ്ലിംകളില്ലാത്ത, കമ്യൂണിസ്റ്റുകാരില്ലാത്ത, കുഞ്ഞാടുകളെ കൊണ്ടുകെട്ടാൻ പറ്റുന്ന നല്ല പാർട്ടി ഏതെന്ന ഇടയന്മാരുടെ അന്വേഷണത്തിനു മുന്നിൽ വിചാരധാരയിൽ മുങ്ങി നിവർന്നുനിൽക്കുന്ന ബി.ജെ.പിയെയാണ് കാണാൻ കഴിഞ്ഞത്.
ഒരു പ്രേത്യക ഘട്ടത്തിൽ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്, യൂദാസ് ഒറ്റുകൊടുത്തിട്ടുണ്ട്. പിന്നെയാണോ ഗ്രഹാം സ്റ്റെയിൻസും സ്റ്റാൻ സ്വാമിയും കണ്ഡമാലും വിചാരധാര മുതൽ കർണാടക ബി.ജെ.പി നേതാവിന്റെ പ്രസംഗവും വരെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾ മറന്നുപോകുന്ന സഭാധികാരികൾ.
വിചാരധാരയൊക്കെ പഴയതല്ലേ എന്നു പറയുന്ന പിതാക്കന്മാർക്ക് സുഭാഷിതങ്ങളും വേദപുസ്തകവും അതിലെ മനുഷ്യസ്നേഹവും അധികാരത്തോടുള്ള യേശുവിന്റെ കലഹവുമൊക്കെ അതിലും പഴയതാകുമല്ലോ!