ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല
text_fieldsഗാന്ധി കൊലപാതകം സംബന്ധിച്ച രേഖകൾ പലതും അപ്രത്യക്ഷമായതുപോലെ ഈ ഹീനകൃത്യത്തിന് ഉപയോഗിച്ച തോക്കും ഇന്ന് ഏതോ അജ്ഞാത ഇടത്തിലാണ്. ഗാന്ധിഹത്യക്കുപയോഗിച്ച 9MM ബരേറ്റ തോക്ക് പ്രമേയമായി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലിെൻറ രചയിതാവ് വിനോദ് കൃഷ്ണ അതേക്കുറിച്ച് പറയുന്നു
ആറു വർഷങ്ങൾക്കു മുമ്പാണ് നോവല് എഴുതിത്തുടങ്ങിയത്. ചരിത്രരേഖകൾ തേടിയും സത്യം തേടിയും കുറെ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളിൽ സഞ്ചരിച്ചു. എഴുതിത്തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ ഗാന്ധി നാഷനൽ മ്യൂസിയവും രാജ്ഘട്ടും സന്ദർശിച്ചത്. 2017 മാർച്ച് 24ന് ഡൽഹിയിലുള്ള ഗാന്ധി മ്യൂസിയം കാണാൻ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു.
ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 എംഎം ബരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷനൽ ഗാന്ധി മ്യൂസിയത്തിലായിരുന്നു. 1997വരെ തോക്ക് മ്യൂസിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്തു സംഭവിച്ചു? 1997ൽ 9 എംഎം ബരേറ്റ നാഷനൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന അറിവായിരുന്നു ഇത്.
‘‘ഏകദേശം 20 കൊല്ലം മുമ്പ് വരെ തോക്ക് പൊതുജനത്തിനു കാണാൻ കഴിയുന്നവിധം ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. തോക്ക് എടുത്തുമാറ്റിയ വർഷമോ ദിവസമോ എനിക്കറിയില്ല. ബോർഡിന്റെ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോൾ ആളുകളുടെ മനസ്സിൽ നെഗറ്റിവ് ഫീലിങ് ഉണ്ടാകും. അത് ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അല്ലാതെ അനിഷ്ടസംഭവങ്ങൾ ഉണ്ടായതുകൊണ്ടല്ല തോക്ക് പ്രദർശനത്തിന് വെക്കാതിരിക്കുന്നത്.’’ വിലപ്പെട്ട വിവരങ്ങളും പുസ്തകങ്ങളും ഒരുക്കിത്തന്ന പ്രിയ സുഹൃത്ത് ജയ മേനോനുമൊത്ത് അവിടം സന്ദർശിച്ച സമയത്തെ മ്യൂസിയം ക്യൂറേറ്റർ ആയ ‘അൻസാർ അലി’ പറഞ്ഞതോർക്കുന്നു.
1997വരെ 9 എംഎം ബരേറ്റ കാണുമ്പോൾ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് അൻസാർ അലിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. അതിനു ശേഷം തോക്ക് കാണുമ്പോൾ ആർക്കാണ് പ്രശ്നം?
9 എംഎം ബരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ നാഷനൽ ഗാന്ധി മ്യൂസിയത്തിൽ 24 വർഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണം. ഇത് കാലത്തിന്റെ ആവശ്യമാണ്. ഫാഷിസ്റ്റുകൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി 9 എംഎം ബരേറ്റ മാറണം. ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല. 9 എംഎം ബരേറ്റ ദേശീയ സ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യൻ യുവത്വം അറിയണം.
അതിനാൽ ഇരുമ്പു ലോക്കറിൽനിന്ന് 9 എംഎം ബരേറ്റക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷനൽ മ്യൂസിയത്തിൽനിന്നും പുറത്ത് വന്നപ്പോൾ എന്റെ മനസ്സിൽ ഇതായിരുന്നു ചിന്ത. അതോടെ രാജ്യത്തിന്റെ ആത്മാവാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന തോന്നൽ ശക്തമായി. എഴുത്തിനു വേഗം കൂടി. സാമ്രാജ്യത്വത്തെ അഹിംസകൊണ്ട് നേരിടാമെങ്കിൽ ഫാഷിസത്തെയും അഹിംസകൊണ്ട് നേരിടാനാവുമെന്ന് രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ നിൽക്കുമ്പോൾ മനസ്സ് പറഞ്ഞു.
(9 എംഎം ബരേറ്റ മാധ്യമം ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു)