മൗലാന ബർകത്തുല്ലയുടെ ഓർമകളെ ഭയക്കുന്നവർ
text_fieldsബർകത്തുല്ലാ സർവകലാശാലയുടെ പേരുമാറ്റാൻ തുനിഞ്ഞ അധികാരികൾക്ക് സദ്ബുദ്ധിയുണ്ടാവാൻ സർവകലാശാല കവാടത്തിന് മുന്നിൽ എൻ.എസ്.യു നടത്തിയ സദ്ബുദ്ധി ഹവനം
സുഭാഷ് ചന്ദ്രബോസിനെയും റാഷ് ബിഹാരി ബോസിനെയും മോഹൻ സിങ്ങിനെയും നമുക്കറിയാം. ആസാദ് ഹിന്ദ് ഫൗജും ഇന്ത്യൻ നാഷനൽ ആർമിയും നമ്മെ കോരിത്തരിപ്പിക്കാറുമുണ്ട്. എന്നാൽ, അബ്ദുൽ ഹാഫിസ് മുഹമ്മദ് ബർകത്തുല്ല ഭോപ്പാലി എന്ന പേര് പുതുതലമുറയിലെ ചരിത്ര വിദ്യാർഥികൾ അത്രയൊന്നും കേട്ടിരിക്കാൻ ഇടയില്ല; മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിലുള്ള ബർക്കത്തുല്ല സർവകലാശാലയുടെ പേര് ‘വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല’ എന്നാക്കി മാറ്റാനുള്ള നീക്കം വന്നതോടെ മൗലാന ബർകത്തുല്ലയെക്കുറിച്ച് ലോകം വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങി. പേര് മാറ്റാനുള്ള തീരുമാനം ശക്തമായ രാഷ്ട്രീയ, വിദ്യാർഥി പ്രതിഷേധങ്ങൾക്കും വഴിവെച്ചു. വൈസ് ചാൻസലർ എസ്.കെ. ജെയിന്റെ രാജിയെത്തുടർന്ന് പേരുമാറ്റൽ തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ് സർക്കാർ.
ആരാണീ മൗലാന ബർകത്തുല്ല? 1854 ജൂലൈ ഏഴിന് മധ്യപ്രദേശിലെ ഭോപാലിലുള്ള ഇറ്റ്‌വാരാ മൊഹല്ലയിൽ ഒരു മൗലവിയുടെ മകനായി ജനിച്ച അദ്ദേഹം ഭോപാലിലെയും ബോംബെയിലെയും പഠന ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തി. 1895ൽ ബ്രിട്ടീഷ് പൗരനായ അബ്ദുല്ലാ ക്വില്ലിയമിന്റെ ക്ഷണപ്രകാരം ലിവർപൂൾ സർവകലാശാലയിലെ ഓറിയന്റൽ കോളജിൽ അധ്യാപകനായെങ്കിലും പ്രവർത്തനരീതിയോടുള്ള വിയോജിപ്പ് കാരണം അവിടംവിട്ടു. ബ്രിട്ടൻ സമ്പദ്സമൃദ്ധിയിൽ വിളങ്ങുമ്പോൾ, അവരുടെ ഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനത അനുഭവിക്കുന്ന ദുരിതങ്ങളും പട്ടിണിയും ബർകത്തുല്ലയെ ഏറെ വേദനിപ്പിച്ചു. അക്കാലത്താണ് ഇന്ത്യൻ ഹോംറൂൾ സൊസൈറ്റിയുടെയും ഇന്ത്യാ ഹൗസിന്റെയും സ്ഥാപകനും പ്രഗത്ഭ അഭിഭാഷകനുമായ വിപ്ലവകാരി ശ്യാംജി കൃഷ്ണവർമയുമായും അഫ്ഗാൻ ഭരണാധികാരിയായിരുന്ന അബ്ദുൽ റഹ്മാന്റെ മകൻ നസറുല്ലാഹ് രാജകുമാരനുമായും അദ്ദേഹം ബന്ധപ്പെടുന്നത്. ഗോപാലകൃഷ്ണ ഗോഖലെ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രവർത്തനമണ്ഡലമായിരുന്നു അന്ന് ലണ്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റൺ ഇന്ത്യയെക്കുറിച്ച് നടത്തിയ വംശീയ അധിക്ഷേപങ്ങൾക്ക് മറുപടിയായി ബർകത്തുല്ല നടത്തിയ പ്രസംഗങ്ങളിലും എഴുതിയ ലേഖനങ്ങളിലും പ്രകോപിതരായ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
1899ൽ, മുഹമ്മദ് അലക്സാണ്ടർ റസ്സൽ വെബ്ബ് എന്ന പണ്ഡിതന്റെ ക്ഷണപ്രകാരം ബർകത്തുല്ല ന്യൂയോർക്കിലേക്ക് പോയി. അവിടെയും ഇന്ത്യൻ വിപ്ലവകാരികളുമായുള്ള ബന്ധം തുടർന്നു. കവിയും സ്വാതന്ത്ര്യസമര നായകനുമായ മൗലാനാ ഹസ്രത് മൊഹാനിയുമായി അദ്ദേഹം നിരന്തരം കത്തിടപാടുകൾ നടത്തി. അതിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ ആരംഭിച്ച ഗദ്ദർ പാർട്ടിയുടെ സ്ഥാപകാംഗമായി മാറി. പിന്നീട് ഒരു പ്രതിനിധിസംഘത്തിന്റെ ഭാഗമായി ചൈനയിലേക്ക് പുറപ്പെട്ടെങ്കിലും യാത്ര മുടങ്ങിയതിനെത്തുടർന്ന് ജപ്പാനിലെത്തി. 1909ൽ ജപ്പാനിലെ ടോക്യോ സർവകലാശാലയിൽ ഓറിയന്റൽ ഭാഷാ വിഭാഗത്തിൽ പ്രഫസറായി നിയമിതനായി. ‘ദി ഇസ്‍ലാമിക് ഫ്രറ്റേണിറ്റി’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായി. ബർകത്തുല്ലയുടെ ലേഖനങ്ങളുടെ പേരിൽ ബ്രിട്ടീഷ് അംബാസഡർ ജപ്പാൻ സർക്കാറിൽ സമ്മർദം ചെലുത്തുകയും പ്രസിദ്ധീകരണം നിർത്തിക്കുകയും ചെയ്തു. ‘അൽ ഇസ്‍ലാം’ എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങിയെങ്കിലും അതും നിരോധിക്കപ്പെട്ടു. ഒടുവിൽ 1914ൽ സർവകലാശാലയിലെ ജോലിയും അവസാനിപ്പിച്ചു.
1915ൽ, ഇന്ത്യൻ വിദ്യാർഥികളുടെയും ദേശീയ പ്രക്ഷോഭകരുടെയും കൂട്ടായ്മയായ ബർലിൻ കമ്മിറ്റിയും ജർമൻ-തുർക്കി പ്രതിനിധികളും കാബൂൾ ദൗത്യവുമായി അഫ്ഗാനിലെത്തി. തുടർന്ന്, ഹിന്ദു രാജകുമാരനായ രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡന്റും ബർകത്തുല്ല പ്രധാനമന്ത്രിയുമായി അഫ്ഗാനിസ്താനിൽ ഇന്ത്യയുടെ ആദ്യ പ്രവാസി സർക്കാർ രൂപവത്കരിച്ചു. ഈ സർക്കാറിൽ മൗലാന ഉബൈദുല്ല സിന്ധി ആഭ്യന്തര മന്ത്രിയും ചെമ്പകരാമൻ പിള്ള വിദേശകാര്യ മന്ത്രിയുമായിരുന്നു. ബ്രിട്ടീഷ് നിയന്ത്രണത്തിനു പുറത്ത് ഇന്ത്യക്കാർ സ്വന്തമായി ഒരു സ്വതന്ത്ര ഭരണകൂടം രൂപവത്കരിച്ച ആദ്യ സംഭവമായിരുന്നു ഇത്. കേവലമൊരു സർക്കാർ എന്നതിലുപരി, വ്യത്യസ്ത മതവിശ്വാസങ്ങളുള്ളവർ ഒരേ ലക്ഷ്യത്തിനായി തോളോടുതോൾ ചേർന്ന് പോരാടുന്ന ഒരു ഇന്ത്യയെക്കുറിച്ചുള്ള ദർശനം മുന്നോട്ടുവെച്ചു എന്നതായിരുന്നു ഈ ഉദ്യമത്തിന്റെ പ്രസക്തി.
1919ൽ അദ്ദേഹം റഷ്യയിലെത്തി ലെനിനെ സന്ദർശിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സഹായം തേടി. അന്നവിടത്തെ ‘ഇസ്വെസ്തിയ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഞാൻ ഒരു കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ അല്ല, എന്നാൽ ബ്രിട്ടീഷുകാരെ ഏഷ്യയിൽ നിന്ന് പുറത്താക്കുക എന്നത് നിലവിൽ എന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. ഞാൻ ഏഷ്യയിലെ യൂറോപ്യൻ മുതലാളിത്തത്തിന്റെ കടുത്ത ശത്രുവാണ്’’. 1920കളുടെ തുടക്കത്തിൽ ജർമനി, ഫ്രാൻസ്, തുർക്കി, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെത്തി പ്രവാസി ഇന്ത്യൻ സമൂഹങ്ങളെ വിപ്ലവപഥത്തിലേക്ക് ആകർഷിച്ചു. ലോകമെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം, ജമാലുദ്ദീൻ അഫ്ഗാനിയെപ്പോലുള്ള നവോത്ഥാന നായകർക്കിടയിൽനിന്നും മുസ്‍ലിം ലോകത്തെ പ്രതിരോധ പ്രസ്ഥാനങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു. നീതി എന്നത് ആഗോളമായ ലക്ഷ്യമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം അതിന്റെ ഭാഗമാണെന്നും അദ്ദേഹം വിശ്വസിച്ചു. 1926ൽ ബർലിൻ സന്ദർശനവേളയിൽ ജവഹർലാൽ നെഹ്റു ബർകത്തുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മൗലാന ബർകത്തുല്ല
വിശ്രമമില്ലാത്ത പോരാട്ടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. 1927 സെപ്റ്റംബർ 20ന് ആരോഗ്യനില അങ്ങേയറ്റം മോശമായിരുന്നിട്ടും ഗദ്ദർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെ കാലിഫോർണിയയിലെത്തിയ അദ്ദേഹം അവിടെവെച്ച് മരണപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരി കാണാൻ കഴിഞ്ഞില്ലെങ്കിലും ബർകത്തുല്ലയുടെ സംഭാവനകൾ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് ഏറെ അടുപ്പിച്ചു. ഗദ്ദർ പാർട്ടിയുടെ യു.എസിലെ പ്രസിദ്ധീകരണമായ യുനൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ ഈ മരണത്തെക്കുറിച്ചെഴുതി- ഇന്ത്യക്ക് ഒരു നായകനെ നഷ്ടപ്പെട്ടിരിക്കുന്നു.
1970ൽ സ്ഥാപിതമായ ഭോപാൽ യൂനിവേഴ്സിറ്റിയുടെ പേര്, 1988ൽ മൗലാന ബർകത്തുല്ലയോടുള്ള ബഹുമാനാർഥം പുനർനാമകരണം ചെയ്തതായിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും തോളോടുതോൾ ചേർന്ന് പോരാടണമെന്നും വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തെ ചെറുത്താൽ മാത്രമേ ബ്രിട്ടീഷ് ഭരണകൂടത്തെ പുറത്താക്കാനാവൂ എന്നും ജനങ്ങളെ ഉദ്ബോധിപ്പിച്ച മൗലാന ബർകത്തുല്ല മരണപ്പെട്ട് നൂറ്റാണ്ട് തികയാറാകവേ ആ പേര് കേൾക്കുമ്പോൾ വർഗീയ വൈരവും വിദ്വേഷവും ഇന്ധനമാക്കി പ്രവർത്തിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നതിൽ അതിശയിക്കാനെന്തുണ്ട്?


