ഭരണഘടന സംരക്ഷിക്കാൻ ഒരുമിക്കേണ്ട സമയം
text_fieldsഏതൊരു പൗരനും സ്വന്തം മനഃസാക്ഷി അനുസരിച്ച് ജീവിക്കാനും സ്വതന്ത്രമായി ഏതു മതത്തിൽ വിശ്വസിക്കുന്നതിനും, ആചരിക്കുന്നതിനും അതു പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഭരണഘടനയാണ് നമ്മുടേത്. അടിസ്ഥാന ഘടകമായി പരിഗണിച്ചിട്ടുള്ള മതേതരത്വത്തിന് കോട്ടം വരുന്ന ഏതു നിയമവും അസാധുവാണെന്ന് സംശയാതീതമായി ഭരണഘടനയുടെ 13ാം അനുച്ഛേദം പ്രഖ്യാപിക്കുന്നു. മൗലിക അവകാശങ്ങൾ എടുത്തു കളയുകയോ കുറക്കുകയോ ചെയ്യുന്ന ഒരു നിയമവും രാഷ്ട്രം നിർമിക്കാൻ പാടില്ല എന്ന് കൽപിക്കുകയും അപ്രകാരം ഉണ്ടാക്കുന്ന നിയമം അസാധുവായിരിക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ഭരണഘടന നിലവിലുള്ള നമ്മുടെ നാട്ടിൽ അതിനെ ചീന്തിയെറിഞ്ഞ് പ്രബല ന്യൂനപക്ഷ സമൂഹത്തെ വേട്ടയാടുന്ന കാഴ്ചകൾക്കാണ് ഏതാനും വർഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചുപോരുന്നത്.
ഗാന്ധിജിയും നെഹ്റുവും ഡോ. അംബേദ്കറും മൗലാനാ ആസാദും ഉൾപ്പെടെ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനും ഉന്നതിക്കുമായി ത്യാഗങ്ങൾ അനുഷ്ഠിച്ച രാഷ്ട്രശിൽപികൾ വിഭാവനംചെയ്ത ഇന്ത്യയെ തകിടം മറിച്ച് ഗോൾവാൾകറുടെ പാഠങ്ങൾക്കനുസൃതമായി രാജ്യം മാറ്റിപ്പണിയാൻ ശ്രമിക്കുന്ന വിദ്വേഷശക്തികളാണ് ഇതിനു പിന്നിലെന്ന് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത തിരിച്ചറിയുന്നു.
ഇന്ന് മുസ് ലിംകളെ വേട്ടയാടുന്ന ഫാഷിസ്റ്റുകൾ നാളെ ക്രൈസ്തവർക്കും പിന്നെ കമ്യൂണിസ്റ്റുകാർക്കും ശേഷം ജാതി വ്യവസ്ഥയിലെ പിന്നാക്കക്കാർക്കുമെതിരെ ഉന്നം പിടിക്കുമെന്നുറപ്പാണ്. വിശ്വാസത്തിന്റെയും, സംസ്കാരത്തിന്റെയും, പൈതൃകത്തിന്റെയും പേരിൽ ഈ രാജ്യത്തെ മുസ്ലിംകൾ കഴിഞ്ഞ പത്തു വർഷത്തിലേറെയായി അനുഭവിക്കുന്ന പീഡന പരമ്പരയിലെ മറ്റൊരധ്യായമാണ് വഖഫ് ഭേദഗതി ബിൽ 2025.
ഒരു വിശ്വാസി ഇസ്ലാം വിഭാവനം ചെയ്യുന്ന സൽപ്രവർത്തികൾക്കായി തന്റെ സ്വത്ത് ദൈവത്തിനർപ്പിച്ച്, അതിലൂടെ പരലോക മോക്ഷം സിദ്ധിക്കാൻ നടത്തുന്ന കരുതലിനെയാണ് വഖഫ് എന്ന് പറയുന്നത്. ആ വസ്തു വകകൾ ഏതു സൽപ്രവൃത്തിക്കു വേണ്ടി നീക്കി വെക്കപ്പെട്ടതാണോ ആ സൽപ്രവൃത്തിക്കോ അതിനോട് സമാനതയുള്ള പ്രവൃത്തികൾക്കോ മാത്രമേ ഉപയോഗിക്കാവൂ. വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഇന്ത്യയിൽ നിയമനിർമാണങ്ങൾ നടന്നിട്ടുണ്ട്. 1923 ലെ മുസൽമാൻ വഖഫ് ആക്ട് ആണ് ആദ്യത്തെ നിയമനിർമാണം.
ഭരണ സംവിധാനത്തിലുള്ള ന്യൂനതകൾ പരിഹരിക്കാൻ പിന്നീട് കാലാകാലങ്ങളിൽ നിയമ ഭേദഗതികളുണ്ടായി. അതെല്ലാം അതതു കാലഘട്ടത്തിലെ മുസ്ലിം പണ്ഡിതന്മാരുമായുള്ള ചർച്ചകളുടെയും, ഗുണകാംക്ഷികളുടെ നന്മയാർന്ന നിർദേശങ്ങളുടെയും വെളിച്ചത്തിലായിരുന്നു. സമൂഹ നന്മക്കുവേണ്ടി സമർപ്പിതമായ വസ്തുവകകൾ അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതിനും, അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചെടുക്കുന്നതിനും, അതു സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുന്നതിനും അതു സഹായകമായി.
2025 ലെ വഖഫ് ഭേദഗതിയിലൂടെ, നാളിതുവരെ പരിപോഷിപ്പിക്കപ്പെട്ട വഖഫ് വസ്തുക്കളുടെ നിയമപരിരക്ഷ ഇല്ലാതാവുകയും വഖഫ് സ്വത്തുക്കൾ കൈയേറ്റക്കാർക്ക് വകവെച്ചുകൊടുക്കപ്പെടുകയും ചെയ്യുന്നു. സ്വത്തുക്കൾ വഖഫ് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് വിശ്വാസികളുടെ മത സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണ്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് മുസ്ലിം പങ്കാളിത്തം നിഷേധിക്കുന്ന വ്യവസ്ഥകൾ അന്യായവും നീതി നിഷേധവുമാണ്.ഇത്തരം മൗലികാവകാശനിഷേധം വകവെച്ചുകൊടുത്താൽ, നാളെ മറ്റു ന്യൂനപക്ഷങ്ങളുടെ സമാന അവകാശങ്ങൾ കവരാർ വർഗീയശക്തികൾ മടിക്കില്ല.
ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്ന മതേതരത്വത്തിന്റെ അസ്തിത്വത്തെയും, അടിത്തറയെയും ഇളക്കുന്ന ഇത്തരം ഭേദഗതികൾ അർഹിക്കുന്ന ഗൗരവത്തോടെ ചെറുക്കാത്ത പക്ഷം നാടിന് സംഭവിക്കുന്ന ഛിദ്രതക്ക് നാമായിരിക്കും ഉത്തരവാദികളെന്ന് പറയാതെവയ്യ. ഓരോ ഇന്ത്യക്കാരും ഭരണഘടനയോടുള്ള പ്രതിപത്തി പ്രകടമാക്കേണ്ട സമയമാണിത്; ഭരണഘടനയെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടേണ്ട നിർണായക സന്ദർഭം.