‘എന്റെ വീട്, എന്റെ പ്രസവം’; പക്ഷേ ഒരു പ്രശ്നമുണ്ട്...
text_fieldsആരോഗ്യ മേഖലയിൽ ലോകത്തിനുതന്നെ മാതൃകയായ പല നേട്ടങ്ങളും കൈവരിച്ച നാടാണ് കേരളം. ആയുർദൈർഘ്യം മുതൽ മാതൃ-ശിശു മരണനിരക്ക് വരെയുള്ള ആരോഗ്യ സംബന്ധിയായ ഏത് മാനദണ്ഡം പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലും വികസിത രാജ്യങ്ങൾക്കൊപ്പവുമാണ് നമ്മുടെ സംസ്ഥാനം. എന്നാൽ, ഈ
‘ആരോഗ്യപ്രബുദ്ധത’ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും ഇവിടെ തുടർക്കഥയാണ്. വ്യാജവൈദ്യത്തിനും മന്ത്രവാദ ചികിത്സകൾക്കും തലവെച്ചുകൊടുക്കുന്ന മലയാളിയുടെ കഥ ഇന്നൊരു വാർത്തയേയല്ല. അക്കൂട്ടത്തിൽ അടുത്തകാലത്തായി കടന്നുവന്ന പുതിയൊരു പ്രതിഭാസമാണ് വീട്ടിലെ പ്രസവം. പ്രകൃതിചികിത്സ, അക്യുപങ്ചർ തുടങ്ങിയ ബദൽ ചികിത്സാമുറകളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രസവസാഹസങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ വിശകലനം ചെയ്യുകയാണ് ഇവിടെ
രണ്ടു വീട്ടുദുരന്തങ്ങൾ
2024 ഫെബ്രുവരി 21, സ്ഥലം: തിരുവനന്തപുരം കാരക്കാമണ്ഡപം
കേരളത്തെ ഞെട്ടിച്ച ഒരു പ്രസവസാഹസത്തിന്റെ കഥ പുറം ലോകമറിഞ്ഞത് അന്നാണ്. ഇരയുടെ പേര് ശമീറ ബീവി. 36 കാരിയായ ശമീറയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയനിലൂടെയായിരുന്നു. നാലാം പ്രസവത്തിൽ ‘കത്തിവെക്കാൻ’ സമ്മതിക്കില്ലെന്ന് തീരുമാനിച്ച ഭർത്താവ് നയാസ് പിന്നെ അതിനായുള്ള ഗവേഷണത്തിലായി. അന്വേഷണം എത്തിനിന്നത്, വെഞ്ഞാറമൂട് സ്വദേശിയായ ശിഹാബിൽ. അയാൾ, ബീമാപള്ളിയിൽ അക്യൂപങ്ചർ ക്ലിനിക്ക് നടത്തുകയാണ്. മൂന്നോ നാലോ മാസത്തെ ഏതോ അക്യൂപങ്ചർ കോഴ്സ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന ശിഹാബ്, ശമീറയുടെ പ്രസവം വീട്ടിൽ ‘സുരക്ഷിത’മായി നടത്താമെന്നേറ്റു. അതും, ഒമ്പത് മാസത്തെ ഗർഭകാലത്തിനിടയിൽ ആശുപത്രിയിൽ പോകരുതെന്ന വ്യവസ്ഥയിൽ.
എല്ലാം അംഗീകരിച്ച നയാസും അയാളുടെ നിർബന്ധത്തിൽ ശമീറയും പ്രസവദിനത്തിനായി കാത്തിരുന്നു. ഇതിനിടെ, ആരോഗ പ്രവർത്തകർ ശമീറയെയും നയാസിനെയും കണ്ട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല; ആശുപത്രിയിലേക്ക് പോകാമെന്ന അയൽവാസികളുടെ സ്നേഹോപദേശവും വിലപ്പോയില്ല. ഒടുവിൽ ആ ദിനം വന്നെത്തി. സാധാരണഗതിയിൽതന്നെ ഈ പ്രസവം സങ്കീർണമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നുമില്ല. അപകടം സംഭവിക്കുകതന്നെ ചെയ്തു. പ്രസവത്തിൽ ശമീറക്ക് വലിയതോതിലുള്ള രക്തസ്രാവമുണ്ടായി. അപ്പോഴും ശിഹാബും നയാസും അവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. ഒരു പ്രാകൃത ചികിത്സയുടെ ഇരയായി ആ യുവതിയുടെ ജീവൻ നഷ്ടപ്പെട്ടു. അൽപ സമയത്തിനുശേഷം കുഞ്ഞും മരണത്തിന് കീഴടങ്ങി.
2025 ഏപ്രിൽ 5 സ്ഥലം: മലപ്പുറം ചെട്ടിപ്പറമ്പ്
ഒരു വർഷത്തിനിപ്പുറം ശമീറയുടെ അതേ വിധിതന്നെയാണ് മലപ്പുറത്തെ അസ്മക്കും കാലം കാത്തുവെച്ചത്. കഥാപാത്രങ്ങളുടെ പേരിലുള്ള മാറ്റമൊഴിച്ചുനിർത്തിയാൽ കഥയും തിരക്കഥയുമെല്ലാം ഒന്നുതന്നെ. ആകെയുള്ള വ്യത്യാസം, ഇവിടെ ആ ചോരക്കുഞ്ഞിനെ അവസാന നിമിഷം രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നതാണ്. ശമീറയുടെ മരണത്തെ തുടർന്ന് നയാസിനെയും ‘ഡോക്ടറെ’യുമെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു; ആ സമയത്ത് വീട്ടുപ്രസവം വലിയ ചർച്ചയുമായി. ഇപ്പോൾ അസ്മയുടെ ഭർത്താവും കൂട്ടാളികളും അറസ്റ്റിലാണ്. ശമീറ പ്രബുദ്ധ കേരളത്തിന്റെ ഓർമയിൽനിന്ന് മാഞ്ഞുപോയതുപോലെ അസ്മയും വിസ്മൃതമായൊരു സംഭവമാകാൻ അധികദിവസങ്ങൾ വേണ്ടിവരില്ല.
വാട്ടർ ബർത്തിൽ നിന്ന് ‘അക്യുപങ്ചറി’ലേക്ക്
കേരളത്തിൽ ഗാർഹിക പ്രസവനിരക്ക് വർധിക്കുന്നതായി ആരോഗ്യവകുപ്പുതന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിവർഷം 700 വരെ ഗാർഹിക പ്രസവങ്ങൾ നടക്കുന്നുവെന്നാണ് കണക്ക്. ആറ് വർഷത്തെ കണക്കെടുത്താൽ പ്രതിവർഷം ശരാശരി 450 വീട്ടു പ്രസവങ്ങൾ കേരളത്തിൽ നടക്കുന്നു. സംസ്ഥാനത്ത് ചില ആദിവാസി ഊരുകൾ ഒഴിച്ചുനിർത്തിയാൽ അരമണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന സർക്കാർ-സ്വകാര്യ ചികിത്സാലയങ്ങൾ ലഭ്യമായിട്ടും അടുത്തകാലത്തായി ആളുകൾ വീടകങ്ങൾതന്നെ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നതിന്റെ പിന്നിൽ ഇവിടത്തെ ബദൽ ചികിത്സാ ലോബികളാണ്.
ആധുനിക വൈദ്യത്തെ കണ്ണടച്ച് എതിർക്കുന്ന ഇക്കൂട്ടർ സ്വന്തം നിലയിൽ ഒരുക്കുന്ന പ്രസവമുറികൾ മരണക്കുരുക്കായി മാറുന്നുണ്ട്. ഏതാനും വർഷം മുമ്പ്, ‘വാട്ടർ ബർത്ത്’ എന്ന പേരിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തിയ ‘ഗാർഹിക പ്രസവ’ കേന്ദ്രങ്ങളിൽ മൂന്നുമാസത്തിനിടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും മരിച്ചത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തിയ ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. യുട്യൂബ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തിയാണ് ചികിത്സകർ പ്രസവമെടുക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട 17 വാട്ടർ ബർത്തിൽ മൂന്നും മരണത്തിൽ കലാശിച്ചതോടെ ആ ട്രെൻഡ് ഔട്ടായി. പകരം വന്നതാണിപ്പോൾ ‘അക്യുപങ്ചർ’ വഴിയുള്ള വീട്ടുപ്രസവം.
പ്രസവം പ്രകൃതിപരമാണ്, സങ്കീർണതയും
വീട്ടുപ്രസവത്തിന്റെ വക്താക്കളുടെ മുഖ്യ വാദത്തെ ഇങ്ങനെ ചുരുക്കാം: ഗർഭധാരണവും പ്രസവവും ഒരു രോഗമല്ല; പ്രകൃതിദത്ത പ്രക്രിയയാണ്. ഗർഭസ്ഥ ശിശുവിന് പൂർണ വളർച്ചയെത്തിയാൽ സ്വാഭാവിക പ്രസവം നടക്കും. അതിനാൽ, ഗർഭകാലത്ത് ഭക്ഷണക്രമം ശ്രദ്ധിക്കുകയും ആവശ്യമായ വ്യായാമങ്ങൾ ശീലിക്കുകയും ചെയ്താൽ ‘സുഖ’ പ്രസവം ഉറപ്പ്! ഇപ്പറഞ്ഞതിൽ വസ്തുതാവിരുദ്ധമായി ഒന്നും കാണാനാവില്ല. അതുകൊണ്ടുതന്നെ, ഈ വാചകമടിയിൽ ആരും ചെന്നുവീഴാം.
ഇതിന്റെ മറുവശം എന്താണ്? ഗർഭധാരണത്തിലും പ്രസവത്തിലുമെല്ലാം 15 ശതമാനത്തോളം സങ്കീർണതയായിരിക്കും. ഇത് കൃത്യമായ പരിചരണ സംവിധാനമുള്ള ആശുപത്രികളിലും പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിലുമല്ലെങ്കിൽ അപകടം വരുത്തിയേക്കാം. ഈ അപകടങ്ങളെ ഒരു തരത്തിലും തരണം ചെയ്യാൻ വീട്ടുപ്രസവങ്ങൾക്ക് സാധിക്കില്ല. അമ്മയെയും കുഞ്ഞിനെയും മരണത്തിന് വിട്ടുനൽകേണ്ടി വരും. ഇതാണിവിടെ പലപ്പോഴും സംഭവിക്കുന്നതും.
2024 ഏപ്രിൽ മുതൽ 2025 ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് (ഒമ്പത് മാസം), വീട്ടു പ്രസവങ്ങളിൽ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വീട്ടിൽ മരിച്ചവരുടെ കണക്കാണ്. സ്ഥിതിഗതികൾ വഷളായി ആശുപത്രിയിലെത്തിച്ച് മരിച്ചവർ വേറെയുമുണ്ട്; മരണം ഒരു നിലയിലും റിപ്പോർട്ട് ചെയ്യാത്തതുമുണ്ടാകാം. ഒമ്പത് മാസത്തിനിടെ, കേരളത്തിൽ 350ൽ താഴെ വീട്ടുപ്രസവങ്ങളായിരിക്കും നടന്നിട്ടുണ്ടാവുക. അതിലാണ് ഇത്രയും മരണങ്ങൾ. എന്നുവെച്ചാൽ, മേൽസൂചിപ്പിച്ച സങ്കീർണതകൾ മാത്രമല്ല, ആശുപത്രികളിൽ സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന പ്രസവങ്ങൾ പോലും അതിസാഹസികതയിൽ മരണങ്ങളായി മാറി. നാലുവർഷത്തിനിടെ, സംസ്ഥാനത്ത് 20 ലധികം ഗാർഹിക പ്രസവ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് പറയുന്നു.
വീട്ടിലെ പ്രസവത്തിന്റെ അപകടം
‘വീട്ടിൽ പ്രസവിച്ചാലെന്താ കുഴപ്പം?’ എന്നത്, ഇതിന്റെ വക്താക്കൾ സോഷ്യൽ മീഡിയയിലും മറ്റും ആവർത്തിക്കുന്ന ചോദ്യമാണ്. പണ്ടൊക്കെ ആളുകൾ വീടുകളിലായിരുന്നില്ലേ പ്രസവിച്ചിരുന്നത്, ഇൻസ്റ്റിറ്റ്യൂഷനൽ ഡെലിവറി എന്നത് മരുന്നുമാഫിയയുടെ ഗൂഢാലോചനയല്ലേ തുടങ്ങിയ ചോദ്യങ്ങളും ഉയർന്നുകേൾക്കാറുണ്ട്. ഈ ചോദ്യങ്ങൾ വസ്തുതാപരമായി പരിശോധിക്കാം. കേരളത്തിൽ ഒരുവർഷം ശരാശരി 3.5-3.75 ലക്ഷം പ്രസവങ്ങളാണ് നടക്കുന്നത്.
അഞ്ച് വർഷം മുമ്പുവരെ ഇത് അഞ്ച് ലക്ഷത്തിനടുത്തായിരുന്നു. ഈ പ്രസവങ്ങളിൽ എത്ര കുഞ്ഞുങ്ങൾ, അമ്മമാർ മരണപ്പെടുന്നുവെന്ന അന്വേഷണമാണ് ആദ്യം വേണ്ടത്. കേരളത്തിലെ ശിശുമരണ നിരക്ക് നിലവിൽ അഞ്ചിൽ താഴെയാണ്. അഥവാ, ആയിരം പ്രസവങ്ങളിൽ അഞ്ച് കുഞ്ഞുങ്ങൾ മരണപ്പെടുന്നു. മാതൃമരണനിരക്ക് 19ഉം. ലക്ഷം പ്രസവങ്ങളിൽ 19 അമ്മമാർ മരണപ്പെടുന്നുവെന്നർഥം. മാതൃമരണവും ശിശു മരണവും ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്.
ഇനി 2024-25 വർഷത്തെ കണക്ക് മാത്രം എടുക്കുക. ഇക്കാലയളവിൽ 32 മാതൃമരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. അഥവാ, മാതൃനിരക്ക് 11ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഈ മരണങ്ങളെത്തന്നെ വീണ്ടും അവലോകനം ചെയ്യുമ്പോൾ മറ്റൊരു കാര്യം കൂടി ബോധ്യപ്പെടും. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ മേൽസൂചിപ്പിച്ച ശരാശരിയിലും കൂടുതൽ പ്രസവ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിൽ മാത്രം പ്രതിവർഷം അഞ്ചിലധികം മാതൃമരണങ്ങൾ സംഭവിക്കുന്നുണ്ട്. അവിടെ അവർക്ക് ആശ്രയം ഒരു ആശുപത്രി മാത്രമാണ്. പലപ്പോഴും വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്കുള്ള യാത്രക്കിടെയായിരിക്കും ഈ മരണങ്ങളത്രയും.
വയനാട്ടിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാറുണ്ട്. അഥവാ, ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത്തരം മരണങ്ങളുടെ മൂലകാരണം; അതോടൊപ്പം പോഷകാഹാരക്കുറവ് മൂലമുള്ള മറ്റു കാരണങ്ങളുമുണ്ട്. ആധുനിക വൈദ്യത്തിന്റെ ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾ മാതൃ-ശിശു മരണങ്ങൾ കുറയുന്നുവെന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇനി വീട്ടുപ്രസവത്തിന്റെ കാര്യം നോക്കൂ: 350 പ്രസവത്തിൽ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്പോൾ വീട്ടു പ്രസവങ്ങളുടെ എണ്ണം ലക്ഷത്തിലേക്ക് കടന്നാൽ എന്താകും സ്ഥിതി? അത് 1960കളിലെ മാതൃ-ശിശു മരണ നിരക്കിലെത്തുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുകൂടിയാണ് വീട്ടുപ്രസവം അതിസാഹസമാണെന്ന് പറയുന്നത്.
നിങ്ങളുടെ ശരീരം നിങ്ങളുടെ മാത്രം അവകാശമല്ല
കഴിഞ്ഞദിവസം, മലപ്പുറത്ത് വാർത്തസമ്മേളനം നടത്തിയ ഒരു വ്യാജ അക്യു ചികിത്സകൻ വിചിത്രമായൊരു ന്യായം അവതരിപ്പിച്ചു. ഒരു സ്ത്രീ എവിടെ പ്രസവിക്കണമെന്നത് അവരുടെ അവകാശമാണ്; അതിനാൽ വീട്ടു പ്രസവത്തെ ആർക്കും തടയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തെ തെറ്റായി അവതരിപ്പിക്കുകയാണ് അത്. വീട്ടു പ്രസവങ്ങളുടെ കാര്യത്തിൽ ഈ ‘അവകാശ പ്രഖ്യാപനം’ അപ്രസക്തമാണ്.
ഒന്നാമതായി, ഇവിടെ തീരുമാനമെടുക്കുന്ന വ്യക്തിക്ക് മാത്രമല്ല അവകാശമുള്ളത്; മറിച്ച് ഗർഭസ്ഥ ശിശുവിനും ചില അവകാശങ്ങളുണ്ട്. അതും പരിഗണിക്കപ്പെടേണ്ടതുണ്ട്. രണ്ടാമതായി, ഭരണഘടനയുടെ 226 അനുച്ഛേദം ഈ ‘അവകാശ’ത്തെ അംഗീകരിക്കുന്നില്ല. ഈ അനുച്ഛേദ പ്രകാരം, അപകടങ്ങൾ ഒഴിവാക്കാൻ ഹൈകോടതിക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ വരെ അധികാരമുണ്ട്. ജുഡീഷ്യറി ഈ അധികാരം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് താനൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ കേരള ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ വ്യാജന്മാരെ കരുതിയിരിക്കാം
വീട്ടുപ്രസവങ്ങളുടെ ഇപ്പോഴത്തെ പ്രായോജകർ സംസ്ഥാനത്ത് അങ്ങോളമുള്ള വ്യാജ അക്യുപങ്ചർ ചികിത്സകരാണ്. വ്യാജ അക്യുപങ്ചർ എന്ന പ്രയോഗം അടിവരയിടുക. കാരണം, ലോകാരോഗ്യ സംഘടന അംഗീകരിച്ചതും ചൈനയിൽ ഏറെ പ്രചാരത്തിലുള്ളതുമായ അക്യുപങ്ചർ ചികിത്സാരീതിയുമായി യാതൊരു ബന്ധവുമില്ലാത്ത, ‘ചികിത്സ’ എന്നുപോലും വിശേഷിപ്പിക്കാനാവാത്ത തീർത്തും നിഷേധാത്മകമായൊരു മുറിവൈദ്യമാണിവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അക്യുപങ്ചറിന്റെ പേരിൽ കേരളത്തിൽ വ്യാജ ചികിത്സകർ സജീവമാകാൻ തുടങ്ങിയിട്ട് പത്തുവർഷമെങ്കിലുമായിട്ടുണ്ട്.
ആധുനിക വൈദ്യത്തിന്റെ ചികിത്സാരീതികളോടുള്ള വിരോധം മാത്രമാണ് ഇവരുടെ മുഖമുദ്ര. മരുന്നുകളും വാക്സിനുകളും രോഗികൾക്ക് നിഷേധിക്കുന്ന, പ്രത്യേകതരം ചികിത്സ പ്രയോഗിക്കുന്ന ഇക്കൂട്ടർ, ലോകാംഗീകൃതമായിട്ടുള്ള അക്യുപങ്ചറിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കുപോലും വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. അക്യുപങ്ചർ ഒരു അംഗീകൃത മുഖ്യചികിത്സാ രീതിയായി ഇനിയും നമ്മുടെ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഇതിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് ഒരു ബിൽ പാർലമെന്റിന്റെ പരിഗണനയിലുണ്ട്. അതേസമയം, ഒരു അനുബന്ധ ചികിത്സാരീതി (സപ്ലിമെന്ററി മെഡിസിൻ) എന്ന രീതിയിൽ പരിമിതമായി പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതുസംബന്ധിച്ച് 2003ൽ കേന്ദ്രസർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അംഗീകൃത മെഡിക്കൽ ബിരുദമുള്ള അക്യുപങ്ചർ ബിരുദാനന്തര ഡിപ്ലോമക്കാർക്ക് ചികിത്സനടത്താമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. അഥവാ, രാജ്യത്ത് ആർക്കെങ്കിലും അക്യുപങ്ചർ ചികിത്സ നടത്തണമെങ്കിൽ അവർക്ക് എം.ബി.ബി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ മെഡിക്കൽ ബിരുദങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയിരിക്കണം. അത്തരത്തിൽ ചികിത്സ നടത്തുന്ന ചെറിയൊരു സംഘം ഡോക്ടർമാർ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, മേൽസൂചിപ്പിച്ച വ്യാജന്മാർക്ക് ഇതൊന്നും ബാധകമല്ല. പലപ്പോഴും ശാസ്ത്രത്തിൽ അടിസ്ഥാനവിദ്യാഭ്യാസം പോലും ആർജിച്ചിട്ടില്ലാത്തവരാണ് ഇവിടെ അക്യുപങ്ചർ പ്രചാരകരും ചികിത്സകരുമായി വിരാജിക്കുന്നത്. പ്രമേഹ, അപസ്മാര രോഗികൾക്ക് ഇവർ നൽകിയ ചികിത്സ വലിയ അപകടത്തിലും മരണത്തിലുമെല്ലാം കലാശിച്ചത് നേരത്തേ വലിയ വാർത്തയായിരുന്നു. ഇതേ ആളുകൾ തന്നെയാണ് ഇപ്പോൾ വീട്ടുപ്രസവങ്ങളുടെയും വക്താക്കളായി വിലസുന്നത്. നവസമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവരുടെ പ്രചാരണങ്ങളത്രയും.
യഥാർഥ അക്യുപങ്ചർ ചികിത്സയിൽ (ചൈന) പ്രസവ സംബന്ധമായ പരാമർശങ്ങൾ നന്നേ കുറവാണ്. പ്രസവം എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അതിന്റെ ക്ലിനിക്കൽ ടെക്സ്റ്റുകൾ വ്യക്തമാക്കുന്നു. പ്രസവ സമയത്ത് വേദന കുറക്കുന്നതിനും കുഞ്ഞിന്റെ പൊസിഷൻ ക്രമീകരണവുമായി ബന്ധപ്പെട്ടും ചില ഇടപെടലുകൾ നടത്താനാകുമെന്നല്ലാതെ പ്രസവ സങ്കീർണതകളെ നേരിടാനുള്ള വിദ്യ അക്യുപങ്ചർ നിർദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ, കേരളത്തിലടക്കം യോഗ്യരായ അക്യുപങ്ചർ ചികിത്സകരാരും പ്രസവവും എടുക്കാറില്ല.
സർക്കാർ എന്തു ചെയ്യുന്നു?
നമ്മുടെ ആരോഗ്യ നയങ്ങളിലെയും നിയമങ്ങളിലെയും പഴുതുകളാണ് ഈ വ്യാജന്മാർ മുതലെടുക്കുന്നത്. അക്യുപങ്ചറിൽ മരുന്ന് സമ്പ്രദായമില്ലാത്തതിനാൽ നിലവിലെ നിയമവ്യവഹാരങ്ങളിൽ ഇത് ‘ചികിത്സ’ എന്ന നിർവചനത്തിൽ വരില്ല എന്നതിനാലാണ് ഇത്തരം വിഷയങ്ങളിൽ നിയമനടപടികളെല്ലാം കടലാസിലൊതുങ്ങുന്നത്. അഥവാ, ആരെങ്കിലും കേസിന് പോയാൽപോലും ‘ചികിത്സ’യുടെ സാങ്കേതികതയിൽ തട്ടി ഇവർ രക്ഷപ്പെടും. 2019ൽ, കൊല്ലത്ത് നടന്ന ഒരു മരണത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെയും കലക്ടറുടെയും വ്യക്തമായ റിപ്പോർട്ടുണ്ടായിട്ടും ഒരു അക്യുവ്യാജൻ ‘ഞാൻ ചികിത്സയൊന്നും നടത്തിയിട്ടില്ല, ചില ഉപദേശങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്ന്’ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇവിടെയാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. ഇത്തരം വ്യാജന്മാരെ നിയന്ത്രിക്കാനുള്ള നിയമനിർമാണം നടത്തണം. ഈ ആവശ്യം ആരോഗ്യ മേഖലയിൽനിന്ന് കാലങ്ങളായി ഉയർന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.