Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു.എസ്-ഇസ്രയേൽ...

യു.എസ്-ഇസ്രയേൽ ഭിന്നതകളും മാറുന്ന ഭൗമരാഷ്ട്രീയവും

text_fields
bookmark_border
യു.എസ്-ഇസ്രയേൽ ഭിന്നതകളും മാറുന്ന ഭൗമരാഷ്ട്രീയവും
cancel

ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ തുടക്കംകുറിച്ച യുദ്ധം താൽകാലികമായെങ്കിലും അവസാനിച്ചതിന്റെ ആശ്വാസത്തിലും, ഇടവേളകളിൽ സംഘർഷങ്ങൾ തലപൊക്കുന്നുണ്ടെങ്കിലും കൂടുതൽ ബൃഹത്തായ ഒരു ഉടമ്പടിക്കുള്ള കാത്തിരിപ്പിലുമാണ് ലോകം. നിലവിൽ നിശ്ചയിച്ച 60 ദിവസത്തിനകം ചരിത്രപരമായ ഒരു കരാർ പിറവിയെടുത്താലും, അതല്ല ഭയാനകമായ യുദ്ധത്തിലേക്ക് തിരിച്ചുപോയാലും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയത്തിന്റെ തലവര മാറുന്ന സുപ്രധാന സന്ദർഭമാണ് വരാനിരിക്കുന്നത്. നൂറിലേറെ ദിവസം ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ സംഘർഷത്തിന്റെ ആഘാതങ്ങൾ വിലയിരുത്തുമ്പോൾ ഒരു കാര്യം സംശയാതീതമായി പറയാനാകും.

രക്തചൊരിച്ചിലുകളിലൂടെയും കുതന്ത്രങ്ങളിലൂടെയും അമേരിക്കൻ സാമ്രാജ്യത്വം പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നിലനിർത്തിപ്പോരുന്ന മേധാവിത്വത്തിന് മുറിവേറ്റിരിക്കുന്നു. സമീപകാലത്തൊന്നും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് മേഖലയിൽ ‘ലോക പൊലീസ്’ ഇറാനിലെ ഇടപെടലിലൂടെ വിളിച്ചുവരുത്തിയത്. ഇറാന്റെ അണുവായുധ പദ്ധതികൾ തകർക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക, ഹമാസും ഹിസ്ബുല്ലയും അടക്കമുള്ള സംഘടനകൾക്ക് സഹായം ലഭിക്കുന്നത് ഇല്ലാതാക്കുക തുടങ്ങി ഇറാനിലെ ഇസ്‍ലാമിക ഭരണകൂടത്തെ അട്ടിമറിക്കുക എന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് യുദ്ധമാരംഭിക്കുമ്പോൾ ട്രംപ്-നെതന്യഹു സഖ്യത്തിന് മുന്നിലുണ്ടായിരുന്നത്. ആദ്യ ദിനങ്ങളിലെ ആക്രമണങ്ങളിലൂടെ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനയി അടക്കമുള്ളവരെ വധിച്ചും രാജ്യത്തിന്റെ സുപ്രധാന സൈനിക, ഭരണ കേന്ദ്രങ്ങളിൽ ബോംബ് വർഷം നടത്തിയും വലിയ മേൽക്കൈ നേടാൻ യു.എസ്-ഇസ്രയേൽ സഖ്യത്തിന് സാധിച്ചു. എന്നാൽ മേഖലയിലെ ഒട്ടുമിക്ക അമേരിക്കൻ താവളങ്ങളെയും ആക്രമിച്ച് തിരിച്ചടി നൽകാനും ലോകത്തെ എണ്ണ കയറ്റുമതിയുടെ 20ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് അടച്ച് വലിയ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് വിലപേശൽ ശേഷി നേടിയെടുക്കാനും ഇറാന് സാധിച്ചു. പിന്നാലെ എണ്ണവില കുതിച്ചുയർന്നതോടെ യു.എസിലെ ആഭ്യന്തരരംഗത്തും അന്താരാഷ്ട്ര തലത്തിലും ഡോണൾഡ് ട്രംപ് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഇതോടെ ലക്ഷ്യങ്ങളൊന്നും നേടാനാകാതെ മുഖം നഷ്ടപ്പെട്ട അമേരിക്ക വെടിനിർത്തലിന് നിർബന്ധിതരായി.

അതേസമയം യുദ്ധമെങ്കിൽ യുദ്ധത്തിനും സമാധാനമാണെങ്കിൽ അതിനും തയ്യാറാണെന്ന് വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും ഇറാൻ വ്യക്തമാക്കുകയും ചെയ്തു. വെടിനിർത്തൽ നിലനിൽക്കെ ലബനാനിലെ സാഹചര്യം ചൂണ്ടിക്കാണിച്ച് ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണം ഇൗ സന്ദേശമാണ് നൽകിയത്. മുൻ കാലങ്ങളിൽ ഇസ്രയേലിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ‘പ്രതിരോധിക്കാനുള്ള അവകാശ’ത്തിന് സഹായം നൽകുകയും ചെയ്തുവന്ന യു.എസ് തിരിച്ചടിക്കരുതെന്ന് ശക്തമായ നിർദേശം നൽകുന്ന കാഴ്ചക്ക് ലോകം സാക്ഷിയായി.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേക്കാൾ ഇസ്രയേലിൽ ജനപ്രീതിയുള്ള നേതാവെന്ന് വിലയിരുത്തപ്പെട്ട ഡോണൾഡ് ട്രംപാണ് സുപ്രധാന സന്ദർഭത്തിൽ സയണിസ്റ്റ് അധിനിവേശത്തെ ഒരർഥത്തിൽ കൈവിട്ടതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ജ്യൂയിഷ് പീപ്പ്ൾ പോളിസി ഇൻസ്റ്റിറ്റ്യൂട്ട്(ജെ.പി.പി.ഐ) പുറത്തുവിട്ട ഒരു സർവെ പ്രകാരം ഇസ്രയേലികളിൽ 73ശതമാനംപേരും ഡോണൾഡ് ട്രംപ് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ചരിത്രത്തിലെ ഏറ്റവും മികവ് പുലർത്തിയ യു.എസ് പ്രസിഡന്റാണെന്ന് വിലയിരുത്തിയത് ഓർമിക്കുമ്പോൾ ഇതിന്റെ ആഘാതവ്യാപ്തി മനസ്സിലാക്കാം. ഇറാനെതിരായ ആക്രമണം തുടർന്നാൽ അമേരിക്കൻ പിന്തുണ ഇസ്രയേലിന് നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകുകയുണ്ടായി.

ഇസ്രയേലിന്റെ യു.എസ് അംബാസഡർ യഖീയേൽ ലെയ്റ്ററിന്റെ ഭാഷയിൽ ‘സ്നേഹിതർ തമ്മിലെ അപൂർവ കലഹ’മാണിതെന്ന് വിലയിരുത്തി തള്ളിക്കളയാൻ സാധിക്കുന്നതല്ല ഈ വാക്കുകളെന്ന് കരാർ ഒപ്പിട്ട ശേഷം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കൂടുതൽ ശക്തമായ പരമർശങ്ങൾ അടിവരയിടുന്നു. ലോകത്ത് നിലവിൽ ഇസ്രായേലിനൊപ്പം നിൽക്കുന്ന ശക്തമായ ഒരേയൊരു സഖ്യകക്ഷി യു.എസ് മാത്രമാണെന്നായിരുന്നു പ്രസ്താവന. ആഗോള തലത്തിൽ ഇസ്രയേൽ ഒറ്റപ്പെട്ടുകഴിഞ്ഞുവെന്ന് ഒരു അമേരിക്കൻ ഭരണത്തലവൻ തുറന്നുപറയുന്നു എന്ന അർഥത്തിൽ വളരെ അതിശയപൂർവമാണ് ലോകം ഈ പ്രസ്താവനയെ നോക്കിക്കണ്ടത്. മാത്രമല്ല യു.എസ് സമീപനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ആയുധങ്ങൾ നൽകുന്നതിൽ നിയന്ത്രണമുണ്ടാകുമെന്ന സൂചനയും വാൻസ് നൽകി. ഈ പ്രസ്താവനയെ ‘യാഥാർഥ്യങ്ങൾ പൂർണമായും മനസിലാക്കാതെയുള്ള പ്രയാസകരമായ കാഴ്ചപ്പാടാ’ണെന്നാണ് ഇസ്രയേൽ പത്രമായ ‘ദ ജറൂസലേം പോസ്റ്റ്’ വിലയിരുത്തിയത്.

ട്രംപിന്റെയും വാൻസിന്റെയും പരമ്പരാഗത രീതിയിൽ നിന്നുള്ള നിലപാട് മാറ്റം അമേരിക്ക–ഇസ്രായേൽ ബന്ധത്തിൽ നിർണായക മാറ്റത്തെ സൂചിപ്പിക്കുന്നതായാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ സൂക്ഷമമായി പിന്തുടരുന്നവർ വിലയിരുത്തുന്നത്. ട്രംപ് ഭരണകൂടം ഇസ്രായേലിന്റെ എതിർപ്പുകളെ പരിഗണിക്കുമെങ്കിലും അമേരിക്കൻ വിദേശനയത്തിൽ അന്തിമ തീരുമാനമായി അതിനെ കാണുന്ന പതിവുണ്ടാകില്ലെന്ന് ഇത്തരക്കാർ ചൂണ്ടിക്കാണിക്കുന്നു. സങ്കീർണമായ സാമ്പത്തിക, രാഷ്ട്രീയ താൽപര്യങ്ങൾ പരിഗണിക്കുമ്പോൾ പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയുമുണ്ടാകേണ്ടത് നിലവിൽ അമേരിക്കയുടെ കൂടി താൽപര്യമാണ്. എന്നാൽ ഇറാനെ ഒറ്റപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും വേണമെന്ന നിലപാടാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനുള്ളത്. അതോടൊപ്പം അമേരിക്ക നയതന്ത്രത്തിലൂടെ മേഖലയിൽ സ്ഥിരത കൈവരിക്കാൻ ശ്രമിക്കുമ്പോൾ, ഇസ്രായേൽ സമ്മർദവും സൈനിക ആക്രമണത്തിനുമാണ് മുൻഗണന നൽകുന്നത്.

യു.എസ് ആഭ്യന്തര രാഷ്ട്രീയത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ വിരുദ്ധ വികാരം കൂടി പരിഗണിക്കുമ്പോൾ പശ്ചിമേഷ്യയിൽ എല്ലാത്തിനും മുകളിൽ അധിനിവേശ രാഷ്ട്രത്തിന് യു.എസ് നൽകിവരുന്ന മുൻഗണന മാറുമെന്ന പ്രവചനങ്ങൾ തള്ളിക്കളയാനാകില്ല. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ശക്തിയാർജിച്ച സയണിസ്റ്റ് പദ്ധതിയുടെ അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടലും വിമർശനവും പുതിയ തലത്തിലേക്ക് വളരുന്നതിന്റെ സൂചനയായും പുതിയ സംഭവവികാസങ്ങളെ കാണേണ്ടതുണ്ട്. ഇതോടെ യഥാർഥത്തിൽ ഇറാൻ യുദ്ധത്തിന്റെ പരിണിതിയിൽ സങ്കീർണമായ സാഹചര്യമാണ് സാമ്രാജ്യത്വവും സയണിസ്റ്റ് രാഷ്ട്രവും അഭിമുഖീകരിക്കുന്നതെന്നും, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയത്തെ ഇത് ദൂരവ്യാപകമായി പൊളിച്ചുപണിയുമെന്നും മനസ്സിലാക്കാനാകും.

Show Full Article
TAGS:Iran Israel Tensions West Asian politics Geopolitics 
News Summary - US-Israel Tensions and Shifting Geopolitics
Next Story