തിരിച്ചറിയണം, തിരിച്ചുപിടിക്കണം നാട്ടുനന്മകൾ
text_fields കാർഷികാധിഷ്ഠിത ദേശമായ ഞങ്ങളുടെ ഓണാട്ടുകരക്ക് ഓണം പോലെതന്നെ പ്രധാനപ്പെട്ടതാണ് വിഷുനാളുകളും. വ്യക്തിപരമായി എനിക്കും ഏറെ പ്രിയങ്കരം. വിഷു വരുന്നുവെന്നോർക്കുേമ്പാൾതന്നെ കണിയും വിഷുക്കൈനീട്ടവുമെല്ലാം ചേർന്ന ഗതകാല സുഖസ്മരണകൾ മനസ്സിൽ നിറയും. തീരെ കൊച്ചു കുട്ടിയായിരിക്കുേമ്പാൾ മുതൽ കൗമാരക്കാരനാകും വരെയുള്ള ഓരോ വിഷുക്കാലവും തിരശ്ശീലയിലെ രംഗങ്ങൾ കണക്കെ ഇന്നും ഉള്ളിൽ പച്ചപിടിച്ചുനിൽക്കുന്നു. മാവേലിക്കര താമരക്കുളം പഞ്ചായത്തിെല വേടരപ്ലാവ് വാർഡിന്‍റെ 600 മീറ്റർ ചുറ്റളവിൽ ഏതാണ്ട് 14 വർഷക്കാലം വിഷുദിനത്തിൽ ഞാൻ കയറിച്ചെല്ലാത്ത വീടുകളില്ല. ജാതിമത ഭേദമന്യേ എല്ലാവരും സ്വീകരിച്ച് കൈനീട്ടം തരുമായിരുന്നു.
പുലർച്ച നാലുമണിക്ക് എഴുന്നേറ്റ് കുളിച്ച് പരമാവധി വീടുകളിൽ അതിരാവിലെ തന്നെ എത്താൻ ശ്രമിക്കും. ഒരുരൂപ നാണയത്തിൽ കുറച്ച് ഒരിടത്തുനിന്നും കൈനീട്ടം കിട്ടിയിട്ടില്ല. അഞ്ചുരൂപ വരെ നൽകിയിരുന്ന വീടുകളുണ്ട്. രാവിലെ എഴുന്നേറ്റ് കണികാണാൻ പോകുന്നതിനെ അച്ഛനും അമ്മയും വിലക്കിയിരുന്നില്ലെന്ന് മാത്രമല്ല, അവർ അതിനെ അത്രകണ്ട് പ്രോത്സാഹിപ്പിച്ചിരുന്നു. വരുംവർഷം ഐശ്വര്യ സമ്പുഷ്ടമാകണമെന്ന ആഗ്രഹത്താലാണ് വിഷുപ്പുലരിയിൽ ഐശ്വര്യമായ കാഴ്ചയെന്ന രീതിയിൽ കണിയൊരുക്കുന്നത്.
ഏഴുമണി കഴിഞ്ഞെത്തുന്ന വീട്ടിൽനിന്ന് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചിട്ടേ വിടുമായിരുന്നുള്ളൂ. വിഷുപ്പുഴുക്കാണ് അന്നത്തെ പ്രത്യേക വിഭവം. ചുവപ്പുനിറമുള്ള ഏത്തക്കപ്പ കൊണ്ടുണ്ടാക്കുന്ന വേറിട്ട ഈ പുഴുക്കും നല്ല എരിവുള്ള ചമ്മന്തിയും ചൂടുചായയും അനുഭവിക്കുകതന്നെ വേണം. ഇതിനുപുറമെ നെയ്യപ്പംപോലുള്ള പലഹാരങ്ങളും ഉണ്ടാകും. പുത്തൻ ഷർട്ടും നിക്കറും സന്തോഷത്തോടെ നൽകുന്ന വീട്ടുകാരുമുണ്ട്.
അന്നെല്ലാം ഓരോ വീടുകളിലേക്കും ഓടിച്ചാടി ചെല്ലാൻ സാധിക്കുമായിരുന്നു. കാരണം വീടുകൾക്ക് ഇന്നത്തെ പോലെ കൂറ്റൻ ഗേറ്റുകളോ ഉയർന്ന മതിലുകളോ ഉണ്ടായിരുന്നില്ല. അപൂർവം വീടുകളിൽ മാത്രമാണ് മുള്ളുവേലിയോ മണ്ണ് കയ്യാലകളോ ഉണ്ടായിരുന്നത്. മണ്ണ് കയ്യാലകളാകട്ടെ കുട്ടികൾ ചാടിക്കയറി പൊളിഞ്ഞിട്ടുണ്ടാവും. എന്തിനേറെ പറയുന്നു, വീടുകളുടെ വാതിലുകൾവരെ തുറന്നിടാൻ ആർക്കും ധൈര്യക്കുറവ് ഉണ്ടായിരുന്നില്ല. വഴക്കും വക്കാണവും ഒന്നുമില്ലാതെ നാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന സാഹോദര്യം വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.അത് സമ്മാനിക്കുന്ന സന്തോഷവും സമാധാനവും അത്രമാത്രം വലുതായിരുന്നു. അല്ലറചില്ലറ സൗന്ദര്യപ്പിണക്കമല്ലാതെ നിതാന്ത ശത്രുതയോ കുടിപ്പകയോ ആരും തമ്മിലുണ്ടായിരുന്നില്ലെന്നുതന്നെ വേണം പറയാൻ. മലയാള മാസത്തിന്‍റെ അവസാനമായ കർക്കടകം പൊതുവേ പഞ്ഞമാസമായാണ് കണക്കാക്കിയിരുന്നത്.
പട്ടിണിയും പരിവട്ടവുമായി കഴിയേണ്ടി വരുന്ന ആ ദിനങ്ങളെ അതിജീവിക്കാൻ അന്ന് ആരും പറയാതെതന്നെ ജനങ്ങളിൽ പരസ്പര ആശ്രിതബോധം നിലനിന്നിരുന്നു. നെല്ലും കപ്പയും തേങ്ങയും ചേനയും ചേമ്പുമൊക്കെ പരസ്പരം കൈമാറുക പതിവായിരുന്നു. ചിലപ്പോൾ അത് വായ്പയായിരിക്കും. പലപ്പോഴും തിരിച്ചടവ് വേണ്ടാത്ത കടം. ഇത്തരം കൊടുക്കൽ വാങ്ങലുകൾ വീടുകളിലെ പുരുഷന്മാർ അറിയാറ് പോലുമില്ല. സ്ത്രീകൾ അവരുടെ സഹജമായ നന്മയാൽ നൽകിവന്നതാണതെല്ലാം. നഗരവത്കരണത്തിെൻറയും കേമ്പാളവത്കരണത്തിെൻറയുമൊക്കെ ഭാഗമായി പതിയെപ്പതിയെ അന്യം നിന്നുപോയ, നന്മയിലധിഷ്ഠിതമായ സ്വഭാവ സവിശേഷതകെള തിരിച്ചുപിടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. കൊള്ളപ്പലിശയുടെയും ആർത്തിയുടെയും കോമ്പല്ലുകളെ അതിജയിക്കേണ്ടതുണ്ട്.
കോടികളുടെ സമ്പത്തും വേഗമേറിയ ആയുധങ്ങളും കൈവശമുള്ള രാജ്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആരോഗ്യ അടിയന്തരാവസ്ഥക്കാലത്ത് പട്ടിണിയറിയാതെ മലയാളക്കര കഴിഞ്ഞുകൂടിയത് ആ നന്മകളുടെ ശേഷിപ്പുകൾ ഇപ്പോഴും നമ്മിൽ കുടികൊള്ളുന്നതുകൊണ്ടാണ്. കോവിഡ് മഹാമാരി നാടിനെ വരിഞ്ഞുമുറുക്കുന്ന വർത്തമാനകാലത്ത് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് കൈകൾ കോർക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. അതിനുള്ള ഓർമപ്പെടുത്തലാവട്ടെ ഈ വിഷുദിനം.