Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനനായകനെ നേരിൽ...

ജനനായകനെ നേരിൽ കണ്ടപ്പോൾ...

text_fields
bookmark_border
ജനനായകനെ നേരിൽ കണ്ടപ്പോൾ...
cancel
മാറാട് കലാപം കഴിഞ്ഞ് മൂന്നാം ദിവസമാണെന്ന് തോന്നുന്നു പ്രതിപക്ഷ നേതാവ് വി.എസ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗസ്റ്റ്ഹൗസിലെത്തി മാറാട് സന്ദർശിക്കാനും മാധ്യമങ്ങളെ കാണാനും തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം എന്നെ വിളിച്ചുവരുത്തി. ഞാൻ ചെന്നു

അവകാശ സമരങ്ങളിലൂടെയും ജന്മി-മുതലാളിത്തത്തിനെതിരായ നിരന്തര പോരാട്ടങ്ങളിലൂടെയും കേരളത്തിൽ അന്യാദൃശ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി വി.എസ്. അച്യുതാനന്ദൻ നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തോട് വിട പറഞ്ഞിരിക്കെ ഈ യഥാർഥ കമ്യൂണിസ്റ്റിനോട് സംവദിക്കാൻ ലഭിച്ച അപൂർവ നിമിഷങ്ങൾ ഓർമയിൽ തെളിയുന്നു. 2003 മേയ് രണ്ടിന് കോഴിക്കോടിനെയും സംസ്ഥാനത്തെയാകെയും ഞെട്ടിച്ച മാറാട് കലാപം കഴിഞ്ഞ് മൂന്നാം ദിവസമാണെന്ന് തോന്നുന്നു പ്രതിപക്ഷ നേതാവ് വി.എസ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗസ്റ്റ്ഹൗസിലെത്തി മാറാട് സന്ദർശിക്കാനും മാധ്യമങ്ങളെ കാണാനും തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം എന്നെ വിളിച്ചുവരുത്തി. ഞാൻ ചെന്നു. സംഭവങ്ങളും സ്ഥിതിഗതികളും വിശദമായി അദ്ദേഹം ചോദിച്ച് മനസ്സിലാക്കി.

സ്വതേ സൗഹൃദപൂർണമായിരുന്നു പ്രദേശത്തെ ഹിന്ദു-മുസ്‍ലിം മത്സ്യത്തൊഴിലാളികളുടെ കൂട്ടായ ജീവിതം; അതിനിടക്കാണ് തലേവർഷം അവിടെ മുസ്‍ലിം പള്ളി മുക്രിയായിരുന്ന അബൂബക്കറടക്കം ഇരുസമുദായങ്ങളിൽനിന്നുമായി മൂന്നുപേർ കൊല്ലപ്പെട്ട ദുഃഖസംഭവം അ​രങ്ങേറിയത്. ആ സംഭവത്തിൽ പങ്കാളികളായവരെ യഥാസമയം പിടികൂടാനോ കോടതിയിൽ യഥാസമയം ഹാജരാക്കാനോ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പൊലീസിനായില്ല. ഇതോടെ പ്രതികാരചിന്ത തലക്ക് പിടിച്ച അബൂബക്കറിന്റെ മക്കളും ബന്ധപ്പെട്ടവരും ചേർന്ന് നടത്തിയ കൊലപാതകങ്ങളാണ് എട്ടുപേരുടെ കൂട്ടക്കൊലയിൽ കലാശിച്ചതെന്ന് ഞാനദ്ദേഹത്തെ ധരിപ്പിച്ചു. അതിനാൽ എന്തുവിലകൊടുത്തും മാറാട്ടെ സ്ഫോടനാത്മകമായ അന്തരീക്ഷം തണുപ്പിച്ചേ മതിയാവൂ എന്നും അത് ഉത്തരേന്ത്യൻ ശൈലിയിൽ വർഗീയ കലാപമായി പരിണമിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചേ തീരൂ എന്നും പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു. സ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ കലാപം പടരാതിരിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വീണ്ടും വി.എസുമായി സന്ധിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതിയിൽ വെച്ചാണ്. മാധ്യമം ബ്യൂറോ ചീഫ് വയലാർ ഗോപകുമാറിനോടൊപ്പം യഥാസമയം വസതിയിലെത്തി മുഖ്യമന്ത്രിയുടെ മുമ്പിൽ ആഗമനോദ്ദേശ്യം അറിയിക്കാനൊരുങ്ങവെ അദ്ദേഹം ‘മാധ്യമ’ത്തിന്റെ ഒരു കോപ്പിയെടുത്ത് ഞങ്ങളുടെ മുമ്പിലിട്ടു. ലാസ്റ്റ് കവർ പേജിലെ ചിത്രമായിരുന്നു പ്രതിക്കൂട്ടിൽ. സുപ്രധാനമായ ഒരു ചർച്ചക്കിടയിൽ അധ്യക്ഷനായ വി.എസ് ഉറങ്ങുന്നതായിരുന്നു ഫോട്ടോഗ്രാഫർ ഹാരിസ് പകർത്തിയ ചിത്രം! ‘ജോലിത്തിരക്കുകൾ കാരണം വൈകിയാണ് ഉറങ്ങാറ്. അതുകൊണ്ട് ചിലപ്പോഴൊക്കെ പകൽ കണ്ണടഞ്ഞു പോകും.....’ ഞാൻ വല്ലാതായി. ക്ഷമാപണം ചെയ്തു. ഇനിമേൽ ആവർത്തിക്കുകയില്ലെന്ന് ഉറപ്പും നൽകി. ഫോട്ടോഗ്രാഫർമാർ കിട്ടുന്ന അപൂർവാവസരം പാഴാക്കുകയില്ലെന്ന് ഉറപ്പാണല്ലോ.

മൂന്നാമത്തേതും മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചുതന്നെ. ഒരാവശ്യത്തിനുവേണ്ടി മുൻകൂർ അനുമതി തേടിയത് പ്രകാരം ഞാനദ്ദേഹത്തെ ചെന്നു കണ്ട സന്ദർഭം. സ്മാർട്ട് സിറ്റിയെക്കുറിച്ച കാര്യങ്ങൾ വി.എസ് വിശദീകരിക്കുകയായിരുന്നു. വ്യവസായമന്ത്രി കോഴിക്കോട്ടെ കിനാലൂർ എസ്റ്റേറ്റിൽ തുടങ്ങാൻ പോവുന്ന വ്യവസായത്തെക്കുറിച്ച് നൽകിയ ഉറപ്പുകൾ ഞാനദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. ‘ഒന്നും നടക്കാൻ പോവുന്നില്ല. അവരൊന്നും കമ്യൂണിസ്റ്റുകാരല്ലെന്നേ!’ കാബിനറ്റിലെ മുതിർന്ന സഹപ്രവർത്തകനെക്കുറിച്ച വി.എസിന്റെ പ്രതികരണം കേട്ടപ്പോൾ ചിരിയടക്കാൻ പ്രയാസപ്പെടുകയായിരുന്നു.

വി.എസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. കാമ്പയിന് അന്ത്യം കുറിക്കാൻ പോവുന്ന നേരത്ത് ഞാൻ എളമരം കരീമിനെ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ ഭരണത്തുടർച്ചയുടെ സാധ്യത ആരാഞ്ഞു. ‘ഇത്തവണ ഞങ്ങൾ​ പ്രതിപക്ഷത്തിരിക്കാനാണ് ഒരുങ്ങുന്നത്. ഇങ്ങനെ ഭരണം തുടരാനാവില്ല’ എന്നായിരുന്നു സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ വ്യവസായമന്ത്രിയുടെ പ്രതികരണം. മറനീക്കി പുറത്തുവന്ന വി.എസ്-പിണറായി ഉൾപാർട്ടി പോരിന്റേതായിരുന്നു പശ്ചാത്തലം. 2011ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന്റെ പിന്നിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടായിരുന്നുവെന്ന് ഓർക്കുന്നത് കൗതുകകരമാവും.

എൽ.ഡി.എഫ് കൺവീനറായിരിക്കെ വി.എസ് ചെയ്തുതന്ന ഒരു വൻസഹായം കൂടി എടുത്തുപറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. 1998ൽ ഇടതുമുന്നണി സർക്കാർ കോളജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തി ഹൈസ്കൂളുകളിൽ പ്ലസ് ടു ആരംഭിക്കാൻ തീരുമാനിച്ച അവസരം. ഇസ്‍ലാഹിയാ അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ അസോസിയേഷന്റെ കീഴിലുള്ള ചേന്ദമംഗല്ലൂർ ഹൈസ്കൂളിനെ പട്ടികയിൽ ഉൾപ്പെടുത്താൻവേണ്ടി അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.ജെ. ​​ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ട് നിവേദനം നൽകി. തരാമെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു.

പക്ഷേ, പ്ലസ് ടു അനുവദിച്ച സ്കൂളുകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ ചേന്ദമംഗല്ലൂർ ഹൈസ്കൂൾ ഔട്ട്. ഉടനെ മാധ്യമം മുൻ അസോസിയേറ്റ് എഡിറ്ററും ഇസ്‍ലാഹിയ മാനേജ്മെന്റ് കമ്മിറ്റിയംഗവുമായ ഒ. അബ്ദുല്ല എൽ.ഡി.എഫ് കൺവീനർ അച്യുതാനന്ദനെ നേരിൽ സന്ദർശിച്ച് വിവരം ധരിപ്പിച്ചു. പട്ടികജാതി-പിന്നാക്ക സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ ഉന്നത വിജയ പാരമ്പര്യമുള്ള, കോഴ വാങ്ങാതെ അധ്യാപക നിയമനം നടത്തുന്ന ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ഓർമിപ്പിച്ചപ്പോൾ പ്രതികരണം ‘ഞാൻ നിങ്ങൾക്കായി ഒന്ന് കലമ്പി നോക്കാം’. അദ്ദേഹം യഥാസമയം കലമ്പി. ചേന്ദമംഗല്ലൂർ ഹൈസ്കൂൾ ഹയർ​ സെക്കൻഡറികളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു. വിടചൊല്ലിയ ജനനേതാവിന് ഹൃദയം നിറഞ്ഞ നന്ദി.

Show Full Article
TAGS:Latest News Kerala News VS Achuthanandan 
News Summary - vs achuthanandan
Next Story