ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്നിലെന്ത്?
text_fieldsഏത് കപടമാർഗത്തിലൂടെയായാലും തിടുക്കപ്പെട്ട് ‘ഗസ്സ സമാധാന പദ്ധതി’ നടപ്പാക്കിയെടുക്കാൻ ഡോണൾഡ് ട്രംപിനെ പ്രേരിപ്പിക്കുന്നതെന്താണ്? നൊബേൽ സമ്മാനത്തോടുള്ള അടങ്ങാത്ത ആർത്തിയേക്കാളേറെ, ഇസ്രായേലി ക്രൂരതകൾക്കും ഗസ്സയിലെ വംശഹത്യക്കും അമേരിക്ക കൂട്ടുനിൽക്കുന്നതിനെതിരെ ആഗോള തലത്തിലുയരുന്ന പൊതുജന സമ്മർദമാണ് ട്രംപിനെ സമാധാന പദ്ധതിക്കായി നിർബന്ധിക്കുന്നത്. ഗസ്സയിൽ നടത്തിയ ക്രൂരതകൾ ലോകം മുഴുവൻ തത്സമയം ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.
യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് രൂപപ്പെടുത്തിയ സമാധാന പദ്ധതിയിന്മേൽ ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിലിരുന്ന് വിപുലമായി ചർച്ച ചെയ്തു. അതേസമയം ദോഹയിൽ നടന്ന സമാന്തര യോഗത്തിൽ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും ഹമാസ് നേതാക്കളും 20 ഇന പ്ലാൻ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു.
ശേഷം, നെതന്യാഹുവും സ്റ്റീവ് വിറ്റ്കോഫും ജേർഡ് കുഷ്നറും അടങ്ങിയ സയണിസ്റ്റ് ത്രയം രഹസ്യ ചർച്ച നടത്തി. പദ്ധതിയുടെ ഉള്ളടക്കം നെതന്യാഹുവിന് അനുകൂലമായി തിരുത്തപ്പെട്ടു, ഇസ്രായേലി ടെലിവിഷൻ പ്രേക്ഷകർക്കായി ഹീബ്രുവിൽ നൽകിയ പ്രസ്താവനയിൽ അദ്ദേഹം വിജയഭാവത്തോടെ ചോദിക്കുന്നു:
‘‘ഇതാര് വിശ്വസിക്കാൻ?’’ ‘‘എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് -നിങ്ങൾ ഹമാസിന്റെ വ്യവസ്ഥകൾ അംഗീകരിക്കണം, (ഗസ്സയിൽ നിന്ന്) ഐ.ഡി.എഫ് പിൻവാങ്ങണം എന്നായിരുന്നു. അപ്പോൾ ഹമാസിന് ശക്തി വീണ്ടെടുക്കാനാകും, അവർക്ക് ഗസ്സ മുനമ്പ് തിരിച്ചുപിടിക്കാനും സാധിക്കും’’. പൊട്ടിത്തെറിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു: ‘‘ഒരിക്കലുമില്ല. അത് നടക്കാൻ പോകുന്നില്ല.’’
വഞ്ചനയുടെ ഈ നയതന്ത്രത്തിന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. ഇസ്രായേലിന്റെയും അമേരിക്കയുടെയും മേലിൽ ഒരുപോലെ പറ്റിപ്പിടിച്ച വെറുക്കപ്പെട്ടവരുടെ സ്ഥാനം എങ്ങനെയെങ്കിലും കുടഞ്ഞുകളയണം. നെതന്യാഹു 20 ഇന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നു, പക്ഷേ ഹമാസ് അതിന് തടസ്സം നിൽക്കുന്നു എന്ന ആഖ്യാനം കെട്ടിപ്പടുക്കാൻ മുഖ്യധാരാ മാധ്യമങ്ങളോട് ആവശ്യപ്പെട്ടേക്കും. ഫലസ്തീനികളുടെ ഭാഗ്യമെന്നു പറയാം, നിരന്തരം ഭരണകൂടങ്ങൾക്കുവേണ്ടി സേവ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത അത്യന്തം താഴ്ന്ന നിലയിലാണിപ്പോൾ.
ട്രംപിനെചെയർമാനും പ്രസിഡന്റുമായി ഉൾപ്പെടുത്തി ഒരു ‘സമാധാന സമിതി’ സ്ഥാപിക്കാനും പദ്ധതിയുണ്ട്. എല്ലാ സമയത്തും തനിക്ക് നേരിട്ട് ഇടപെടാൻ സമയം കിട്ടിയെന്ന് വരില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു. അക്കാരണത്താലാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ ബോർഡിൽ ഉൾപ്പെടുത്തിയത്. തങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനുള്ള സമിതിയിൽ ടോണി ബ്ലെയറിനെ ഉൾപ്പെടുത്തിയതറിഞ്ഞ് ഫലസ്തീനികൾ ഞെട്ടിപ്പോയിട്ടുണ്ടാവും. ലോകം മുഴുവൻ തിരഞ്ഞാലും ടോണി ബ്ലെയറിനേക്കാൾ ഫലസ്തീനികൾ വെറുക്കുന്ന ഒരു പാശ്ചാത്യ നേതാവിനെ കണ്ടെത്താനാകുമായിരുന്നില്ല.
2003ലെ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടന്റെ പങ്ക് അന്വേഷിച്ച സർ ജെയിംസ് ചിൽക്കോട്ട്, യുദ്ധത്തിൽ ചേരുന്നതിനായി ബ്രിട്ടീഷ് ജനതയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ ശാസിച്ച് നാണംകെടുത്തിവിട്ടയാളാണ് ബ്ലെയർ. വഞ്ചന പിടിക്കപ്പെട്ടപ്പോൾ അദ്ദേഹം പൂങ്കണ്ണീർ പൊഴിച്ചതും ഓർക്കുന്നു.
ഇറാൻ പരമോന്നത നേതാവിന്റെ ഓഫിസ് നടത്തിയ പ്രതികരണം കൃത്യമാണ്: നെതന്യാഹുവിന് യുദ്ധക്കളത്തിൽ നേടാൻ കഴിയാത്തത്, അതായത് ബന്ദികളെ വീണ്ടെടുക്കലും ഹമാസിന്റെ അന്ത്യവും, ഈ പദ്ധതിയിലൂടെ സാധ്യമാവുന്നു.
ഗസ്സയുടെ ഭരണം ഭാവിയിൽ സ്വകാര്യവത്കരിക്കുക എന്ന ആശയവും പുതുതല്ല. ലോകത്തിലെ ഏറ്റവും വലിയ കൂലിപ്പട്ടാള ഏജൻസിയായ ബ്ലാക്ക് വാട്ടറിന്റെ സ്ഥാപകൻ എറിക് പ്രിൻസ്, അഫ്ഗാൻ യുദ്ധം സ്വകാര്യവത്കരിക്കുന്നതിനായി 2017ൽ ഒരു പദ്ധതി തയാറാക്കിയിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സ്റ്റീവ് ബാനൺ, അഫ്ഗാന്റെ ഉത്തരവാദിത്തം സ്വകാര്യ വ്യക്തികൾക്ക് കൈമാറണമെന്ന് നിർദേശിച്ച് 100 പേജുള്ള ഒരു പ്രോജക്ട് വൈറ്റ് ഹൗസിന് കൈമാറിയിരുന്നു.
വൈസ്രോയിമാർ ഭരണം നിർവഹിച്ചിരുന്ന ബ്രിട്ടീഷ് രാജിന്റെ മാതൃകയാണ് എറിക് പ്രിൻസ് മുന്നോട്ടുവെച്ചത്. പദ്ധതിക്ക് അഞ്ച് ട്രില്യൺ ഡോളർ ചെലവ് വരുമെന്നും, വൈകാതെ മുതലാളിമാരുടെ നിക്ഷേപത്തിന് വരുമാനം ലഭിച്ചുതുടങ്ങുമെന്നുമുള്ള അതിരുവിട്ട ചർച്ച വൈറ്റ് ഹൗസിന്റെ ഇടനാഴികളിൽ സജീവമായിരുന്നു, പ്രതിരോധ സെക്രട്ടറി ജനറൽ ജിം മാറ്റിസ് അത് തള്ളിക്കളയുന്നതുവരെ.
ബന്ദികളെ തിരികെ നൽകിയാൽ, വിശ്വസിക്കാൻ കൊള്ളാത്ത എതിരാളികളുമായി വിലപേശാൻ ഹമാസിന്റെ പക്കൽ പിന്നെ എന്താണവശേഷിക്കുക? ഇതൊരു കടുപ്പമേറിയ ചൂതാട്ടമാണ്. ബന്ദികളെ തിരികെ നൽകിയാൽ, ഹൃദയശൂന്യനായ എതിരാളിക്കെതിരെയുള്ള അവരുടെ അവശേഷിക്കുന്ന സ്വാധീനം ഹമാസിന് നഷ്ടമാകും. ഈ നിർണായക നിമിഷത്തിൽ ബന്ദികളെ തിരികെ നൽകിയില്ലെങ്കിൽ, രണ്ടുവർഷത്തെ കഷ്ടപ്പാടുകളിലൂടെ നേടിയ ആഗോള സഹാനുഭൂതി നഷ്ടപ്പെടാൻ തുടങ്ങും.
2023 ഒക്ടോബർ ഏഴിന് യഹ്യ സിൻവാറും മറ്റ് ഹമാസ് കമാൻഡർമാരും തങ്ങളുടെ ധീരതയാൽ ലോകത്തെ ഞെട്ടിച്ചപ്പോൾ, അവർ എന്താണ് ലക്ഷ്യമിട്ടത്? തീർച്ചയായും മേഖലയിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിനെതിരെ പെട്ടെന്നൊരു വിജയം നേടാനാകുമെന്ന പ്രതീക്ഷയോടെയല്ല അവർ ഇറങ്ങിത്തിരിച്ചത്.
വലിയ തോതിലെ പ്രതികാര നടപടികൾ വരുമെന്ന് ഉറപ്പിച്ചുതന്നെ അവർ വിവേകപൂർവം ഇസ്രായേലിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇസ്രായേലിനും അതിന്റെ ഭൗതിക, ധാർമിക, രാഷ്ട്രീയ പിൻബലമായ അമേരിക്കക്കുമെതിരെ ലോക പൊതുജനാഭിപ്രായം ആളിക്കത്തിക്കുന്നതിൽ അവർ വിജയിച്ചു.
ഇസ്രായേൽ രണ്ടുവർഷമായി അന്തമില്ലാതെ തുടരുന്ന വംശഹത്യ മയക്കത്തിലായിരുന്ന ലോകത്തെ ഉണർത്തി. സയണിസ്റ്റ് അനുകൂലിയായ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോക്ക് പോലും അപ്രിയമായ സത്യം വിളിച്ചുപറയേണ്ടിവന്നു: “ഇസ്രായേലിനെ ഇപ്പോൾ അമേരിക്ക ഇഷ്ടപ്പെടുന്നില്ല.”