ന്യൂയോർക് ടീ പാർട്ടി
text_fieldsസാംസ്കാരിക വാദികൾ അവഗണിച്ച സാമ്പത്തിക ചോദ്യത്തെയും മാർക്സിസ്റ്റുകൾ പരിഗണിക്കാതെ പോയ കുടിയേറ്റ-സ്വത്വ ചോദ്യങ്ങളെയും ഒരുമിച്ചുചേർത്തുകൊണ്ടുള്ള നയതന്ത്രത്തിലൂടെ, സൊഹ്റാൻ മംദാനിയെന്ന കുടിയേറ്റക്കാരന്റെ മകൻ മുതലാളിത്തത്തിന്റെ തലസ്ഥാന നഗരിയായ ന്യൂയോർകിന്റെ മേയർ പദവിയിൽ എത്തുമ്പോൾ ലോകം പ്രതീക്ഷിക്കുന്നതെന്ത് ?
ലോകപ്രശസ്ത ചിന്തകനും അമേരിക്കയിലെ കൊളംബിയ സർവകലാശാല അധ്യാപകനുമായ മഹ്മൂദ് മംദാനി തന്റെ പ്രസിദ്ധമായ ‘Neither Settler nor Native’ എന്ന പുസ്തകം സമർപ്പിക്കുന്നത് സ്വന്തം മകനാണ്. അതിങ്ങനെയാണ്: ‘സൊഹ്റാന്... ബുദ്ധിമുട്ടേറിയ ഈ കാലത്ത് ലോകവുമായി എങ്ങനെ ഇടപഴകണമെന്ന് ഞങ്ങളെ നീ പഠിപ്പിക്കുന്നു, നിനക്ക് ഒരുപാട് പേരെ പ്രചോദിപ്പിക്കാനും ഈ ലോകത്ത് ഒരു പുതുകൈത്തിരി തെളിയിക്കാനും സാധിക്കട്ടെ’’. ഇക്കഴിഞ്ഞ നവംബർ നാലിനു നടന്ന, ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ, മുൻ ഗവർണർ കൂടിയായ ആൻഡ്രൂ ക്വോമോയെ 50 ശതമാനത്തിലധികം വോട്ടുനേടി തോൽപിച്ച് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാന നഗരത്തിന്റെ പിതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇതേ സൊഹ്റാൻ.
ആ പുസ്തകം പുറത്തിറങ്ങുമ്പോൾ മുപ്പത് തികഞ്ഞിട്ടില്ലായിരുന്ന സൊഹ്റാൻ, അഞ്ചു വർഷങ്ങൾക്കിപ്പുറം ലോകം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നാമമായി മാറിയതിന്റെ ചരിത്രം ഒരുപക്ഷേ ഏറ്റവും നന്നായി സംഗ്രഹിച്ചത് അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ്. ബുദ്ധിമുട്ടേറിയ ഈ കാലത്ത് ലോകവുമായി എങ്ങനെ ഇടപഴകണമെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു സൊഹ്റാൻ മംദാനിയുടെ രാഷ്ട്രീയ പ്രചാരണവും അതിന് ന്യൂയോർക്കിലും ലോകത്തുടനീളവുമായി ലഭിച്ച സ്വീകാര്യതയും.
അമേരിക്കയിലെ വളരെ സവിശേഷമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തിയും അതിന്റെ പ്രതിസന്ധികളെ മനസ്സിലാക്കിയുമുള്ള രാഷ്ട്രീയ നയതന്ത്രമായിരുന്നു മംദാനിയുടെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തി. അമേരിക്കയടക്കം ലോകമെങ്ങും പ്രചുരപ്രചാരം നേടുന്ന തീവ്ര-വലതുപക്ഷ ചിന്തകളുടെയും മുസ്ലിം-വിരുദ്ധ രാഷ്ട്രീയത്തിന്റെയും സ്വാധീനം ഏറെ പ്രതിഫലിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഒരു തെരഞ്ഞെടുപ്പിൽ, സാമൂഹികനീതിയിലും സോഷ്യലിസ്റ്റ് വാഗ്ദാനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, ഒരു വിട്ടുവീഴ്ചയുമില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന നിലയിൽ മംദാനിയുടെ വിജയം ഏറെ ശ്രദ്ധയർഹിക്കുന്നുണ്ട്.
സോവിയറ്റാനന്തര ലോകത്ത് സ്വത്വ-പരിസ്ഥിതി രാഷ്ട്രീയങ്ങളെ അടിസ്ഥാനമാക്കിയുള്ള സംസ്കാരിക രാഷ്ട്രീയമുന്നേറ്റങ്ങൾ ശക്തിപ്രാപിച്ചതിന്റെ ഫലമായി വർഗ-രാഷ്ട്രീയത്തിന്റെ പ്രസക്തി കാലഹരണപ്പെട്ടെന്നും വർഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സംഘാടനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന പ്രാബല്യം നഷ്ടപ്പെട്ടെന്നുമുള്ള പൊതു ധാരണയെ പുനഃപരിശോധിക്കേണ്ടുന്ന ഒരു സന്ദർഭം കൂടിയാണ് മംദാനിയുടെ വിജയം.
ദരിദ്രരുടെയും ലോകനഗരം
ലോക സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യൂയോർക് നഗരത്തിലാണ് ഏറ്റവുമധികം ശതകോടീശ്വരന്മാർ വസിക്കുന്നത്. എന്നാൽ, ഇതേ നഗരത്തിൽ, മൂന്നിലൊന്ന് ജനങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്. കഴിഞ്ഞ മാസത്തെ കണക്കെടുത്താൽ, നഗരത്തിൽ മൂന്ന് ലക്ഷത്തിലധികം പേർ ഭവനരഹിതരാണ്.
മാത്രമല്ല, നഗരത്തിലെ വാടക കെട്ടിടങ്ങളിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രമേ വാടകക്കായി പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളൂ എന്നതും ഈ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. നഗര ജനസംഖ്യയിൽ 40 ശതമാനത്തോളം വരുന്ന കുടിയേറ്റ ജനതയാണ് ഈ പ്രതിസന്ധികളുടെ പ്രധാന ഇരകൾ. ഇങ്ങനെ, സാമ്പത്തിക വൈരുധ്യം അതിന്റെ ഏറ്റവും തീവ്രതയിൽ നടമാടുന്ന ഒരു നഗരത്തിലാണ്, സാധാരണക്കാർക്ക് താങ്ങാവുന്ന വീട്ടുവാടക, സാർവത്രിക ചൈൽഡ് കെയർ സംവിധാനങ്ങൾ, സാധ്യമായ രീതിയിൽ വാടക മരവിപ്പിക്കൽ, താങ്ങാവുന്ന ബസ് യാത്രാ നിരക്ക്, പൊലീസ് സംവിധാനത്തിലെ അഴിച്ചുപണി തുടങ്ങിയ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ച് മംദാനി തന്റെ കാമ്പയിൽ ആരംഭിക്കുന്നത്.
വാഗ്ദാനങ്ങളെല്ലാം ഒറ്റനോട്ടത്തിൽ ആകർഷണീയമെന്ന് തോന്നാമെങ്കിലും, അമേരിക്കയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനയുടെ അടിസ്ഥാന വൈരുധ്യങ്ങളെ തുറന്നുകാണിക്കുന്നവയാണ് ഇവയോരോന്നും. ഉദാഹരണത്തിന്, പൊതുമേഖല പൂർണമായും സ്വകാര്യ മൂലധനത്തിന് കീഴിലാക്കി, സേവനമെന്ന സങ്കൽപത്തെ സ്വകാര്യവത്കരിച്ചതിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങളായ യാത്ര, വിദ്യാഭ്യാസം, ആരോഗ്യം, താമസം, ഭക്ഷണം തുടങ്ങിയവ നേടുന്നതിൽ നിന്ന് വലിയൊരു വിഭാഗം ജനങ്ങളെ നിർദയം പുറന്തള്ളുകയും ചെയ്തിട്ട് കാലങ്ങളായി.
മാത്രമല്ല, ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഒരു തെരഞ്ഞെടുപ്പ് വിഷയം പോലുമാകാത്ത അവസ്ഥയിലെത്തിയ സന്ദർഭത്തിലാണ് മംദാനി ഈ അടിസ്ഥാന ഘടകങ്ങൾ തന്റെ പ്രചാരണ ആയുധങ്ങളായി മുന്നോട്ടുവെക്കുന്നത്. പൊലീസ് സംവിധാനത്തിന്റെ കുടിയേറ്റ-വംശീയ വിരുദ്ധതയും മറ്റും എത്രത്തോളം സ്ഥാപനവത്കൃതമാണെന്നത് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതുകൂടാതെ, നികുതിസംവിധാനങ്ങളിലെ അപാകതകൾ മുതലെടുത്തുകൊണ്ട് പണം കുന്നുകൂട്ടുന്ന ശതകോടീശ്വരന്മാർക്ക് മേൽ നികുതിയേർപ്പെടുത്തുമെന്നും മംദാനിയും സംഘവും അവകാശപ്പെട്ടിരുന്നു. സമ്പന്ന-ദരിദ്ര അന്തരം ഏറെയുള്ള അമേരിക്കൻ സാമ്പത്തിക ഘടനയിലേക്ക് കണ്ണുവെച്ചുകൊണ്ടുള്ള ചോദ്യമായിരുന്നു ഇതും.
ലോബീയിങ് ഗ്രൂപ്പുകളെ പൊളിച്ച ‘ആന്റിമാർ’
കേവല വാഗ്ദാനങ്ങളുടെ ആകർഷണീയതയല്ല അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നത്. മൂലധന താൽപര്യങ്ങളും ശതകോടീശ്വരന്മാരുടെയും കോർപറേറ്റ് കമ്പനികളുടെയും ലോബീയിങ് ഗ്രൂപ്പുകളുടെയും പ്രകടമായ സാമ്പത്തിക പിന്തുണയാണ് പലപ്പോഴും ഗതി നിർണയിക്കുക. ഇത്തരത്തിൽ പരസ്പരസമ്മിതിയോടുകൂടി ഉയർന്നുവരുന്ന സ്ഥാനാർഥികൾ നേരത്തെ തന്നെ തങ്ങൾക്ക് സംഭാവനകളർപ്പിച്ചവർക്ക് കീഴൊതുങ്ങി നിൽക്കുന്നവരായിരിക്കും. ഇത്തരത്തിൽ പ്രകടമായും ഒരു വരേണ്യ സ്വഭാവം നിലനിർത്തുന്ന, വളരെ ചെറിയ ഒരു സംഘത്തെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന ഒരു രാഷ്ട്രീയ ഘടനയിലേക്ക്, പ്രാഥമികവും അതിലേറെ ധാർമികവുമായ ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ് മംദാനി കടന്നുവന്നത്.
ദൈനംദിന ജീവിതത്തെ നിർണയിക്കുന്ന അടിസ്ഥാന പ്രതിസന്ധികളെ അതിന്റെ ഇരകളിലേക്കുതന്നെ ചോദ്യരൂപത്തിൽ എത്തിക്കുകയാണ് മംദാനിയും സംഘവും നിർവഹിച്ച ആദ്യ ദൗത്യം. എന്നാൽ, അത്രമേൽ സങ്കീർണവും അസന്തുലിതകൾ നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് ഘടനയിലേക്ക് പ്രവേശിക്കാൻ ഇതുമാത്രം പോരായിരുന്നു. സ്വകാര്യ മൂലധനത്തിന്റെ ഭീമമായ കരുത്തിനെ, പ്രാഥമിക സംഘാടന പ്രയത്നത്തിലൂടെയാണ് മംദാനിയും സംഘവും നേരിട്ടത്. ജൂണിൽ പ്രാഥമിക ഘട്ടത്തിൽ വിജയിച്ച സന്ദർഭത്തിൽ, ‘തങ്ങളുടെ കാലും ശരീരവും തളരുന്നതുവരെ വീടുവീടാന്തരം കയറിയിറങ്ങി ഒരോ വാതിലിനും മുട്ടി വോട്ട് ചോദിച്ച ബംഗ്ലാദേശി ആന്റിമാരുടെ വിജയമാണിത്’ എന്നായിരുന്നു സൊഹ്റാൻ പ്രഖ്യാപിച്ചത്.
യുഗാണ്ടൻ തലസ്ഥാനമായ കമ്പാലയിൽ സൊഹ്റാൻ മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയവാർത്തയുള്ള പത്രം വിതരണം ചെയ്യുന്നയാൾ. പിതാവ് മഹ്മൂദ് മംദാനി യുഗാണ്ടൻ വംശജനാണ്
പലതരം ദക്ഷിണേഷ്യൻ കുടിയേറ്റ-കൂട്ടായ്മകളുടെ കൂട്ടായ പ്രയത്നത്തിന്റെയും ഏറ്റവും താഴെ തട്ടിലുള്ള പ്രവർത്തനങ്ങളുടെയും ഫലമായിരുന്നു മംദാനിയുടെ പ്രാഥമിക വിജയവും പിന്നാലെയുള്ള അന്തിമ ജയവും. കോർപറേറ്റ് കോൺഫറൻസ് മുറികളിൽ നിന്ന്, ന്യൂയോർക്കിന്റെ കുടിയേറ്റ ഹൃദയഭൂമിയായ ക്വീൻസിലെയും ജാക്സൻ ഹൈറ്റ്സിലെയും മുസ്ലിം പള്ളികളിലേക്കും റസ്റ്റാറന്റുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും പ്രചാരണ ഭൂമി മാറ്റിയെടുത്ത ഈ സ്ത്രീകൾ പലരും ഇംഗ്ലീഷ് സംസാരിക്കുന്നവർ പോലുമായിരുന്നില്ല.
ഇങ്ങനെ പ്രചാരണത്തിന്റെ ഇടവും ഭാഷയും വ്യാകരണവും സൊഹ്റാനും സംഘവും പുനർനിർണയിച്ചു. സ്വകാര്യ മൂലധനത്തിന്റെയും ലോബീയിങ് സംഘങ്ങളുടെയും പരസ്പര സമ്മിതിയിലൂടെ നേരത്തെ തന്നെ നിർണയിക്കപ്പെടുന്ന സ്ഥാനാർഥികളിൽ, തമ്മിൽ ഭേദം ആരെന്ന് നോക്കി വോട്ട് ചെയ്യുന്ന ‘നിഷ്ക്രിയ വോട്ടർ’ എന്ന ദൈന്യതയിൽ നിന്ന് തെരഞ്ഞെടുപ്പിന്റെ സകല പ്രക്രിയയിലും സാന്നിധ്യമറിയിച്ചവരായി ന്യൂയോർക്കിലെ വോട്ടർമാരെ ഈ പ്രചാരണം മാറ്റിയെടുത്തുവെന്ന് ചുരുക്കം.
സമൂഹത്തിന്റെ പല അടരുകളിൽ നിന്നുള്ള സ്ത്രീകളുടെ രാഷ്ട്രീയ സംഘാടനങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട് ഈ നഗരത്തിന്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ, ഇറ്റാലിയൻ തുണി തൊഴിലാളി സമരം, ചൈനാടൗണിലെ ചൈനീസ് സ്ത്രീ തൊഴിലാളികൾ വാടക-താമസ അനീതികൾക്കെതിരെ നടത്തിയ സമരം, എഴുപതുകളിൽ ബ്രോങ്ങ്സിലെ കരീബിയൻ സ്ത്രീകൾ സൃഷ്ടിച്ച വാടക യൂനിയനുകളുടെ സമരവുമെല്ലാം വിജയം കുറിച്ച, വർഗ-രാഷ്ട്രീയ സംഘാടന വിജയത്തിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ് ഈ ഏഷ്യൻ ആന്റിമാരുടെ വിജയവും.
‘ഇസ്ലാമിസ്റ്റ് ഭീകരൻ’ മുതൽ ‘കമ്യൂണിസ്റ്റ്’ വരെ
ഇസ്ലാമിസ്റ്റ് ഭീകരൻ, സോഷ്യലിസ്റ്റ് ഭ്രാന്തൻ, ന്യൂയോർക്കിനെ നശിപ്പിക്കാൻ വന്നവൻ എന്നു തുടങ്ങി, ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിൽ സൊഹ്റാൻ സ്വീകരിച്ച നിലപാടും പ്രധാന പ്രചാരണ ആധുധമാക്കിയാണ് വ്യവസ്ഥാപിത രാഷ്ട്രീയക്കാർ അദ്ദേഹത്തെ എതിരിട്ടത്. തീവ്ര-വലതുപക്ഷം ശക്തിയാർജിക്കുന്ന, ഭരണതലത്തിലിരിക്കാൻ വരെ പ്രാപ്തമായിരിക്കുന്ന ഒരു സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാക്കാവുന്ന പ്രത്യാഘാതകങ്ങളെ കുറിച്ച് സാമാന്യബോധമുള്ള ആരും ബോധവാന്മാരായിരിക്കും.
പ്രത്യേകിച്ചും, മംദാനിയുടെ മുസ്ലിം-സ്വത്വം എന്ന ‘അപകടം’ നിലനിൽക്കെ. എന്നാൽ, വോട്ടർമാരുടെ പ്രതികരണം മറിച്ചായിരുന്നു. ഇത്തരം സാംസ്കാരിക-വംശീയ ആരോപണങ്ങൾക്ക് ബദലായി രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചുകൊണ്ട് മംദാനിയും സംഘവും തങ്ങളുടെ വിജയമുറപ്പിക്കുന്നതാണ് നാം കണ്ടത്.
കേരളത്തിലാകട്ടെ, തെരഞ്ഞെടുപ്പാനന്തര ചർച്ചകളിൽ മംദാനിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സംശുദ്ധിയാണ് പ്രധാന വിഷയം. അമേരിക്കയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന രീതിയിൽ സ്വയം വിശേഷിപ്പിക്കുന്ന മംദാനി എത്രത്തോളം കമ്യൂണിസ്റ്റാണെന്നുള്ള ചർച്ചകൾ ഇത്തരം വിശേഷണങ്ങളുടെ വംശാവലിയിലേക്ക് നമ്മളുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സോവിയറ്റാനന്തര, പോസ്റ്റ്-മാർക്സിസ്റ്റ് ലോകത്ത് കമ്യൂണിസമെന്നത്, തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ഘടനയിൽ ചേർന്നുനിൽക്കാത്ത എന്തിനെയും കുറിക്കാൻ വേണ്ടി ഇംപീരിയലിസം ഉപയോഗിച്ചിരുന്ന ശകാരപദങ്ങളിലൊന്നായിരുന്നു. മാത്രമല്ല, സംഘാടന ശക്തിയില്ലാത്ത, വ്യക്തിപരമായ തോന്നലുകളുടെയും ധാർമിക ഭാവനകളുടെയും ഫലമായി തിരഞ്ഞെടുക്കുന്ന പല ഇസങ്ങളിലൊന്നായി മാത്രം കമ്യൂണിസവും പാശ്ചാത്യലോകത്ത് മനസ്സിലാക്കപ്പെട്ടിരുന്നു.
അതിന്റെ സംഘാടന ശേഷിയെ ഷണ്ഡീകരിച്ചുകൊണ്ടുള്ള ഇത്തരമൊരു വർഗീകരണം 9/11നുശേഷം ലോക രാഷ്ട്രീയ വ്യാകരണത്തിലും അമേരിക്കൻ രാഷ്ട്രീയത്തിലും ഒരു അപരപദമായി മാറുകയാണുണ്ടായത്. അത്തരത്തിൽ, തങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യങ്ങളോടും അഭിപ്രായങ്ങളോടും ചേർന്നുനിൽക്കുന്ന ഒരാശയമായി മനസ്സിലാക്കിയാലും, സ്വയം കമ്യൂണിസ്റ്റ് ആണെന്ന് പറയാൻ മടിക്കുന്ന ഒരു തലമുറയെ സോവിയറ്റാനന്തര ലോകം സൃഷ്ടിക്കുകയുണ്ടായി.
എറിക് ഹോബ്സ്ബോമടക്കമുള്ള ഒരു മാർക്സിസ്റ്റ് സൈദ്ധാന്തിക തലമുറയും അതിനുശേഷം ഉയർന്നുവന്ന നവ-മാർക്സിസ്റ്റ്, പോസ്റ്റ്-മാർക്സിസ്റ്റ് ചിന്തകരുമെല്ലാം ഈയൊരു പ്രതിസന്ധിയെ അപോളജറ്റിക് ആയി അഭിമുഖീകരിക്കുകയും അത്തരത്തിൽ മാർക്സിസ്റ്റ് വ്യാകരണത്തെ അതിന്റെ സംഘാടനശേഷിയിൽ നിന്നും എടുത്തുമാറ്റി ഒരു വ്യക്തിഗത ചോയ്സാക്കി മാറ്റുകയും ചെയ്തു. ഇതേസമയം തന്നെയാണ് സ്വത-പരിസ്ഥിതി വാദങ്ങളിലധിഷ്ഠിതമായ സാംസ്കാരിക മുന്നേറ്റങ്ങളും സംഘാടനങ്ങളും ലോകത്തുടനീളം വലിയ രീതിയിലുള്ള ശക്തിയും പ്രചാരവും ആർജിക്കുന്നത്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും മറ്റുമെല്ലാം ഇതിന്റെ ബൗദ്ധിക തുടർച്ചകളാണ്.
വെളിപ്പെട്ട വലതുപക്ഷം
സാംസ്കാരിക മേൽക്കോയ്മ വാദത്തിലും സാമ്പത്തിക യാഥാസ്ഥിതികത്വത്തിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള വലതുപക്ഷത്തിന്റെ വളർച്ച അതിന്റെ ഔന്നത്യത്തിൽ എത്തിനിൽക്കുന്നതായ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ വലതുപക്ഷത്തിന്റെ അധികാരാരോഹണത്തോടെ അവരുടെ സാമ്പത്തിക താൽപര്യങ്ങൾ വെളിപ്പെടുകയും അത് സമൂഹത്തെ കൂടുതൽ പ്രതിസന്ധികളിലേക്കും വൈരുധ്യങ്ങളിലേക്കും നയിക്കുകയും ചെയ്തു. ഇത് സമൂഹത്തിലെ അസന്തുലിതത്വങ്ങളെ പ്രകടമാക്കുകയും അതുവഴി അതിന്റെ ഘടനയിലെ അന്തരങ്ങളെ തുറന്നുകാണിക്കുകയും ചെയ്തു.
നേരത്തെ ഉയർന്നുവന്ന സ്വത്വാധിഷ്ഠിത രാഷ്ട്രീയത്തിന് സാമ്പത്തിക-ഘടന വിമർശനങ്ങളുടെ അടിത്തറയില്ലാത്തതിനാൽ, ഈ പുതു പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. അത്തരമൊരു വിമർശം കൈവശമുള്ള മാർക്സിസ്റ്റ് പാരമ്പര്യമാകട്ടെ, ആ വിമർശത്തെ ജനങ്ങളിലേക്കെത്തിക്കാനുതകുന്ന സംഘാടന ശേഷിയോ വിഭവങ്ങളോ ജനകീയതയോ ഇല്ലാത്ത ഒന്നായി മാറുകയും ചെയ്തു.
ഈയൊരു ഘട്ടത്തിലാണ്, സൊഹ്റാൻ മംദാനിയുടെ രാഷ്ടീയത്തെയും വിജയത്തെയും പ്രതിഷ്ഠിക്കേണ്ടത്. ആഗോളീകരണം മൂലം സാധ്യമായ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും സ്വത്വം മുൻനിർത്തിക്കൊണ്ട് മൽസരിച്ച സൊഹ്റാൻ, ഭരണകൂടത്തോടുള്ള തന്റെ വിമർശനങ്ങളെ തീർത്തും അടിസ്ഥാനപരമായ, സാമ്പത്തികമായ പ്രശ്നങ്ങളെ മുന്നിർത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
ഉയർന്നുവരുന്നു, പുതിയ സമന്വയം
ചുരുക്കിപ്പറഞ്ഞാൽ, സാംസ്കാരിക വാദികൾ അവഗണിച്ച സാമ്പത്തിക ചോദ്യത്തെയും മാർക്സിസ്റ്റുകൾ പരിഗണിക്കാതെ പോയ കുടിയേറ്റ-സ്വത്വ ചോദ്യങ്ങളെയും ഒരുമിച്ചുചേർത്തുകൊണ്ടുള്ള ഒരു നയതന്ത്രമാണ് സൊഹ്റാൻ സ്വീകരിച്ചത്. ഇതിനെ വെറുമെൊരു പ്രാദേശിക പ്രതിഭാസമെന്ന രീതിയിൽ മനസ്സിലാക്കാനാണ് പല വിമർശകരും ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വൈരുധ്യങ്ങൾ ലോകത്തുടനീളം സമാനമായ അർഥത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ കീറിമുറിക്കപ്പെടുമ്പോൾ, സാമ്പത്തിക വൈരുധ്യങ്ങളെയും സാംസ്കാരിക പ്രതിസന്ധികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിമർശനങ്ങൾക്ക് പ്രസക്തിയേറുന്നുണ്ട്.
ഇത്തരത്തിൽ, അടിസ്ഥാന പ്രശ്നങ്ങളിലേക്കും അതിന്റെ പ്രശ്നപരിഹാരത്തിനായുള്ള ബഹുജനസംഘാടന രീതികളിലേക്കും ലോകം തിരിച്ചുനടക്കുന്നതിന്റെ സൂചനകൾ പല കോണുകളിൽ നിന്നായി നമുക്ക് ലഭിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ, ഈ സമന്വയത്തിന്റെ ഏറ്റവും വിജയകരമായ സൂചനയായി മാറിയിരിക്കുകയാണ് സൊഹ്റാൻ മംദാനി. മഹ്മൂദ് മംദാനി തന്റെ പുസ്തകത്തിന്റെ മുഖവുരയിൽ സമർപ്പിക്കുന്നതുപോലെ, ഈ ലോകത്തിന് മുന്നിൽ ഒരു പാത തെളിക്കാൻ സൊഹ്റാന് സാധിക്കുമോയെന്ന് കാലം തെളിയിക്കട്ടെ.
(യു.എസിലെ ഹാർവഡ് സർവകലാശാലയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ പിഎച്ച്.ഡി ഗവേഷകനാണ് ലേഖകൻ)


