നീതിനിഷേധം തുടർക്കഥയാകുമ്പോൾ
text_fieldsഉമർ ഖാലിദ്
യു.എ.പി.എ പോലുള്ള കഠോര നിയമങ്ങൾക്കെതിരെ ഇന്ത്യയിൽ ഒരു ജനകീയ മുന്നേറ്റം വേണമെന്ന് സെപ്റ്റംബർ 20ന് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ എസ്.ക്യു.ആർ. ഇല്യാസ് പറയുന്നു. തന്റെ മകൻ ഉമർ ഖാലിദിന്റെ നീണ്ടകാലത്തെ കാരാഗൃഹവാസമോ തുടർച്ചയായി ഉമറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകൾ സ്വാഭാവികമായും ഏൽപിച്ചേക്കാവുന്ന നിരാശയോ ഇത്തരം നിയമങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ച കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ വിലയിരുത്തുന്നതിന് അദ്ദേഹത്തിന് തടസ്സമായില്ല. എതിർപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്തി സമൂഹത്തിൽ ഭീതിപരത്തുകയും അങ്ങനെ ഭരണഘടനയുടെ സ്വാതന്ത്ര്യസങ്കൽപങ്ങളെ അട്ടിമറിക്കുകയുമാണ് എല്ലാ കഠോര നിയമങ്ങളും എല്ലാകാലത്തും ചെയ്തുപോന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
മറ്റൊരു അനുഭവം ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന്റേതാണ്. ഗുജറാത്തിലെ ഹിന്ദുത്വ രാഷ്ട്രീയ അധികാരത്തിനും വർഗീയ കലാപങ്ങൾക്കുമെതിരെ ധീരമായ നിലപാടെടുത്തതിന്റെ പേരിൽ വർഷങ്ങളായി ജയിലിൽ തുടരുന്നയാളാണ് സഞ്ജീവ് ഭട്ടെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് തന്റെ ചെറുത്തുനിൽപ് തുടരുകയാണ്.
ഭീമാ കൊറേഗാവ് കേസിലെ പ്രതികൾ ദീർഘകാലം ജയിലിൽ കഴിഞ്ഞു. സ്റ്റാൻ സാമിയുടെ തടവറ മരണവും മോചനം ലഭിച്ച് ഏതാനും നാളുകൾക്കുള്ളിൽ ജി.എൻ.സായിബാബ മരണപ്പെട്ടതും ഇന്ത്യയിലെ സമീപകാല നീതിന്യായ ദുരന്തങ്ങൾ കൂടിയാണ്. സുരാഭരദ്വാജ്, വരവരറാവു, റോണ വിൽസൺ, സുധീർ ധാവാലെ തുടങ്ങിയവർ വിചാരണയില്ലാതെ ദീർഘകാലം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ നിരവധിപേരെ കുരുക്കിയ ഭരണകൂടം, പുതിയ ഭാരതീയ ന്യായ സംഹിതയിലെ സമാന വകുപ്പിനെ കൂടുതൽ ആസുരമായി ഉപയോഗിക്കുന്നു. ബുദ്ധിജീവികൾക്കും ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരായാണ് ഇന്ത്യയിൽ നിഷ്ഠുര നിയമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
എന്നാൽ, കേസിൽ കുടുക്കി ജാമ്യം നിഷേധിച്ച് ദീർഘകാലം തടവിലിടുക എന്ന ഭരണകൂടതന്ത്രം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. വ്യക്തിതലത്തിൽ കാരാഗൃഹവാസം സൃഷ്ടിക്കുന്ന ദുരിതങ്ങൾ ഒരുവശത്ത്. ഇത്തരം ഭീതിയുടെ അന്തരീക്ഷം, രാജ്യത്തെ എതിർപ്പിന്റെയും വിയോജിപ്പുകളുടെയും മുനയൊടിച്ചുകൊണ്ട് സൃഷ്ടിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ മറുവശത്ത്. ഇന്ത്യയിലെ ജനാധിപത്യം നേരിടുന്ന ആഴത്തിലുള്ള ജനപ്രതിസന്ധി പരിഹരിക്കുന്നതിൽ കോടതികൾക്ക് കാര്യമായ പങ്കുവഹിക്കാനായില്ല എന്നതാണ് യാഥാർഥ്യം. പലപ്പോഴും സത്വരജാമ്യം നൽകി മാരണനിയമങ്ങളുടെ ദുരന്ത പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനെങ്കിലും കോടതികൾക്ക് കഴിയേണ്ടതായിരുന്നു. അരവിന്ദ് കെജ്രിവാൾ, പി. ചിദംബരം, ഹേമന്ത് സോറൻ തുടങ്ങിയ മുഖ്യധാര രാഷ്ട്രീയ നേതാക്കൾക്കുപോലും കോടതികൾ ജാമ്യം അനുവദിച്ചത് ഏറെ നാൾ കഴിഞ്ഞതിനുശേഷം മാത്രമാണ്. മറ്റൊരു വസ്തുതകൂടി കാണണം. പഴയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തിയെ സംബന്ധിച്ച താരതമ്യേന ദുർബലമായ വകുപ്പുപയോഗിച്ചാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കാൻ ശ്രമം നടന്നത്. ഒടുവിൽ സുപ്രീം കോടതിയാണ് അതിന് തടയിട്ടത്-ഏറെ കാലത്തെ നിയമയുദ്ധത്തിനുശേഷം.
എന്നാൽ, ജാമ്യനിഷേധത്തിലൂടെ മാത്രമല്ല, തെറ്റായ വിധിനിർണയത്തിലൂടെയും അവിശ്വസനീയമായ ശിക്ഷാവിധിയിലൂടെയും പൗരസ്വാതന്ത്ര്യത്തിനെതിരെ വെല്ലുവിളികൾ ഉയർത്താൻ ചിലപ്പോൾ കോടതിവിധികളാകും കാരണമാവുക. മാവോയിസ്റ്റ് ആശയങ്ങളുടെ പ്രചാരണം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ പ്രകടമായും ദുർബലമായ ഒരു കേസിലാണ് രൂപേഷ് എന്ന രാഷ്ട്രീയ പ്രവർത്തകനെ തമിഴ്നാട്ടിലെ ശിവഗംഗയിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വ്യാജ സിംകാർഡ് നിർമിച്ചുവെന്നും അറസ്റ്റ് ചെയ്തപ്പോൾ രാഷ്ട്രീയ മുദ്രാവാക്യം വിളിച്ചുവെന്നും മാവോയിസ്റ്റ് രാഷ്ട്രീയ ബന്ധം പുലർത്തിയെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രോസിക്യൂഷൻ കേസിന് തെളിവുകളുടെ പിൻബലം തുലോം കുറവായിരുന്നു. സാക്ഷിമൊഴികൾ ദുർബലമായിരുന്നുവെന്നു മാത്രമല്ല, വ്യാജമായി നിർമിച്ചതായി പറയുന്ന സിം കാർഡ് കോടതിയിൽ ഹാജരാക്കിയതുപോലുമില്ല. അറസ്റ്റിനുശേഷം വിളിച്ച മുദ്രാവാക്യങ്ങൾ എങ്ങനെ അറസ്റ്റിന് കാരണമായ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുമെന്ന ചോദ്യവും ബാക്കിയാണ്. പ്രതികളെക്കുറിച്ച് സാക്ഷികൾക്ക് വ്യക്തമായ അറിവോ ധാരണയോ ഇല്ലാത്ത കേസിൽ രാഷ്ട്രീയ ബന്ധങ്ങളെ സംബന്ധിക്കുന്ന തെളിവുകളും അതീവ ദുർബലമാണ്. എന്നിട്ടും എതിർപ്പിന്റെ ശബ്ദമുയർത്തുന്നവരെ അവിശ്വസനീയമായ വിധത്തിൽ നീണ്ടകാലയളവിൽ ജയിലിലടക്കാൻ കഴിയുന്ന വിധത്തിലാണ് ഇത്തരം കഠോര നിയമങ്ങളുടെ പ്രയോഗം എന്നതാണ് കാണേണ്ടുന്ന കാര്യം. ജാമ്യനിഷേധത്തിലൂടെ എന്നതുപോലെ ശിക്ഷാവിധിയിലെ പ്രകടമായ നീതിനിഷേധത്തിലൂടെയും ഇതും സംഭവിക്കാം എന്നതാണ് രൂപേഷിന്റെ കേസ് നൽകുന്ന പാഠം.
അക്രമാധിഷ്ഠിത രാഷ്ട്രീയം അതിൽതന്നെ ജനാധിപത്യവിരുദ്ധമാണ്. ഹിംസയിൽ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയം ഭരണകൂടത്തെ കൂടുതൽ ജനാധിപത്യവിരുദ്ധമാക്കുക പതിവാണ്. എന്നാൽ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലല്ല, സർക്കാറിനെ എതിർക്കുന്നതിന്റെ പേരിലാണ് എതിർ രാഷ്ട്രീയക്കാർ പലപ്പോഴും ജയിലിൽ അടക്കപ്പെടുന്നത് എന്നതാണ് ഇന്ത്യൻ അനുഭവം. മാവോവാദികളുടെ പ്രവർത്തന ശൈലിയോടും വിശ്വാസ പ്രമാണങ്ങളോടും മതതീവ്രാദത്തോടും അടിസ്ഥാനപരമായിത്തന്നെ വിയോജിപ്പുള്ളയാളാണ് ഈ ലേഖകൻ. എന്നാൽ, മാവോയിസ്റ്റ്-മതതീവ്രവാദ ആരോപണത്തിന്റെ പേരിൽമാത്രം, നിയമപ്രക്രിയയിലെയും നടപടിക്രമങ്ങളിലെയും നിയമതത്ത്വങ്ങളുടെയും സാധാരണ നിലക്കുള്ള ആനുകൂല്യം പോലും പ്രതികൾക്ക് നിഷേധിക്കാം എന്ന അവസ്ഥ ഉണ്ടാകരുത്. നിയമവാഴ്ചയെന്നാൽ നിയമത്തിനുമുന്നിലെ തുല്യത കൂടിയാണ്. ഭരണഘടന മതഗ്രന്ഥമല്ലെന്നും അത് അതിൽ വിശ്വാസമില്ലാത്തവർക്കുവേണ്ടി കൂടിയുള്ളതാണെന്നും ആന്ധ്രപ്രദേശിലെ മുതിർന്ന അഭിഭാഷകനായ കെ.ജി. കണ്ണബിരാൻ പറയുമായിരുന്നു. സിം കാർഡ് കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിനെ ഒരു സാധാരണ കാര്യമായി കാണുമ്പോൾ ഒരു സമൂഹത്തിന്റെ നീതിബോധം കൂടിയാണ് തകർന്നടിയുന്നത്. ലൈംഗികാപവാദ കഥകളിലും മറ്റുതരം ഉപരിപ്ലവമായ കക്ഷിരാഷ്ട്രീയ വിവാദങ്ങളിലും അഭിരമിക്കുന്ന കേരളത്തിലെ സാമാന്യജനങ്ങൾക്കോ മാധ്യമങ്ങൾക്കോ അവർ അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ ആഴം മനസ്സിലായിട്ടില്ല. ഇങ്ങനെ കൂടിയാണ് ജനാധിപത്യവും ഭരണഘടനാ തത്ത്വങ്ങളും പതുക്കെ പതുക്കെ ഇല്ലാതാക്കുന്നത്.
(ലേഖകൻ സുപ്രീംകോടതി
അഭിഭാഷകനാണ്)