യുദ്ധം സൃഷ്ടിച്ച വറുതിക്ക് എന്ന് അറുതിയാവും?
text_fields
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആരംഭിച്ച യുദ്ധത്തിന് താൽകാലിക വിരാമമായെന്ന് അറിയുന്നു. യു.എസ് പ്രസിഡന്റും ഇറാൻ വിദേശകാര്യമന്ത്രിയും മധ്യസ്ഥത വഹിച്ച രാജ്യങ്ങളുമെല്ലാം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധം സൃഷ്ടിച്ച ആഘാതം ഇതിനകം തന്നെ ലോകത്തിന്റെ ഒട്ടുമുക്കാലും ജനവിഭാഗങ്ങളെ ബാധിച്ചിരിക്കുന്നു. പാചക വാതകത്തിന്റെയും പെട്രോളിന്റെയും ലഭ്യതയെയോ വിലകളെയോ മാത്രമല്ല യുദ്ധം ബാധിച്ചത്. ലോകത്തിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആരംഭിച്ച യുദ്ധത്തിന് താൽകാലിക വിരാമമായെന്ന് അറിയുന്നു. യു.എസ് പ്രസിഡന്റും ഇറാൻ വിദേശകാര്യമന്ത്രിയും മധ്യസ്ഥത വഹിച്ച രാജ്യങ്ങളുമെല്ലാം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധം സൃഷ്ടിച്ച ആഘാതം ഇതിനകം തന്നെ ലോകത്തിന്റെ ഒട്ടുമുക്കാലും ജനവിഭാഗങ്ങളെ ബാധിച്ചിരിക്കുന്നു.
പാചക വാതകത്തിന്റെയും പെട്രോളിന്റെയും ലഭ്യതയെയോ വിലകളെയോ മാത്രമല്ല യുദ്ധം ബാധിച്ചത്. ലോകത്തിന്റെ ജീവനാഡിയെന്നു വിശേഷിപ്പിക്കാവുന്ന മറ്റു പല സാധനങ്ങളുടെയും ലഭ്യത അപകടത്തിലാക്കി. യുദ്ധം ഇനിയും നീണ്ടിരുന്നുവെങ്കിൽ ഒരു പക്ഷെ, ആഗോള ഭക്ഷ്യ ലഭ്യത തന്നെ അപകടത്തിലായേനെ.
വിത്ത് , വളം, കീടനാശിനികൾ, ജലസേചനം എന്നിവയായിരുന്നു നോബൽ സമ്മാന ജേതാവും ആഗോള ഭക്ഷ്യോത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞനുമായ നോർമൻ ബർലോഗ് വിഭാവനം ചെയ്ത ഹരിത വിപ്ലവത്തിന്റെ നെടുംതൂണുകൾ. യൂറിയ, അമോണിയ, ഫോസ്ഫേറ്റുകൾ, സൾഫർ തുടങ്ങിയ രാസവളങ്ങളുടെ ആഗോളകയറ്റുമതിയുടെ മുപ്പതു ശതമാനവും, രാസവള നിർമാണത്തിനുപയോഗിക്കുന്ന പ്രകൃതി വാതക ത്തിന്റെ (LNG) 20 ശത മാന വും കടന്നുപോയിരുന്നത് ഹുർമുസ് കടലിടുക്കിൽ കൂടിയായിരുന്നു.
ആ വഴി അടഞ്ഞിരുന്നതിനാൽ പല രാജ്യങ്ങൾക്കും ഉത്പാദനം നടത്തുന്നത് പോയിട്ട്, തങ്ങളുടെ പക്കലുള്ള യൂറിയയോ അമോണിയയോ കയറ്റുമതി ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. ഇതിനു പുറമെയാണ് ഇറാന്റെ വിസ്തൃതമായ വാതകപ്പാടങ്ങളിൽ നിന്നുള്ള ഉത്പാദനവും കയറ്റുമതിയും. അസംസ്കൃത പദാർഥമായ പ്രകൃതി വാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇന്ത്യ, പാകിസ്താൻ, ബ്രസിൽ , ബംഗ്ലാദേശ് തുടങ്ങിയ പിന്നാക്ക രാജ്യങ്ങളിലെ പല രാസവള നിർമാണ ഫാക്ടറികളും അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ഉത്പാദനം കുറക്കുകയോ ചെയ്ത അവസ്ഥയിലാണ്. ബംഗ്ലാദേശിൽ നാല് യൂറിയ പ്ലാന്റുകൾ അടച്ചുപൂട്ടിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരായ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ്, ഗുജറാത്ത് നർമദാ വാലി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് എന്നിവർ ഉത്പാദനം ഗണ്യമായി വെട്ടിച്ചുരുക്കി. ലോകത്ത് ഏറ്റവുമധികം യൂറിയ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഹുർമുസിലൂടെ നിയന്ത്രിതമായ രീതിയിൽ ചരക്കുനീക്കം അനുവദിക്കുമെന്ന പ്രഖ്യാപനം ഏറ്റവുമധികം ആശ്വാസം പകരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാവും. ചൈന ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിലും, സുഡാൻ, കെനിയ, സോമാലിയ,ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും രാസവള ക്ഷാമം രൂക്ഷമാണ്. യൂറോപ്യൻ രാജ്യങ്ങളാകട്ടെ, യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നേരിട്ട രാസവളപ്രതിസന്ധിയെ അതിജീവിച്ചത് പേർഷ്യൻ ഗൾഫിൽ നിന്നുള്ള ഇറക്കുമതിയിലൂടെയായിരുന്നു. ഹോർമോസ് അടച്ചത് ഈ രാജ്യങ്ങളെ മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിക്കി. യുദ്ധം രണ്ടാഴ്ച പിന്നിട്ട വേളയിൽത്തന്നെ ജർമനിയിലെ യൂറിയ വിലയിൽ 15ശതമാനം വർധനയുണ്ടായി.
ഇന്ത്യയിൽ അടുത്ത കാർഷിക സീസൺ (ഖാരിഫ് ) ആരംഭിക്കുന്നത് ജൂണിലാണ്. അടിസ്ഥാന വളപ്രയോഗം നടക്കുന്നതും ആ മാസത്തിൽ തന്നെ. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരായ ഇന്ത്യയിൽ അരിക്ക് പുറമെ , ചോളം, ബജ്ര, പയറിനങ്ങൾ, സോയാബീൻ, നിലക്കടല, എള്ള് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പരുത്തി, കരിമ്പ്, ചണം എന്നീ വാണിജ്യ വിളകളും കൃഷി ചെയ്യുന്നത് മുഖ്യമായും ഈ സീസണിലാണ്. അരിയുല്പാദനത്തിൽ രണ്ടാമത് നിൽക്കുന്ന ചൈനയിലും, അതിനു താഴെ വരുന്ന ഇന്തോനേഷ്യ, ബംഗ്ലാദേശ് തായ് ലന്റ് , വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും നെൽവിളയിറക്കുന്നത് ഏതാണ്ട് ഇതേ മാസങ്ങളിലാണ്. യൂറോപ്പിലാകട്ടെ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ പല കൃഷികൾക്കും പ്രധാനമാണ്. ഗോതമ്പിന്റെ രണ്ടാം വിളയിറക്കുന്നതും പഞ്ചസാര ഉത്പാദനത്തിനുപയോഗിക്കുന്ന പഞ്ചസാര ബീറ്റ് റൂട്ട് (ഷുഗർ ബീറ്റ് ) നടുന്നതും, കടുകിനു പൂവിടുന്നതിനു മുൻപ് വളപ്രയോഗം നൽകുന്നതും ഈ മാസങ്ങളിലാണ്.
ഹരിത വിപ്ലവത്തിന് മുൻപ് കേവലം 30-55 ദശലക്ഷം ടൺ അരി യുത്പാദിപ്പിച്ച ഇന്ത്യ, ജനങ്ങളുടെ വിശപ്പടക്കാനായി അമേരിക്കയുൾപ്പെടെയുള്ളവരുടെ മുൻപിൽ യാചനാപാത്രവുമായി നിന്നിരുന്നിടത്താണ് 2024-25 ൽ 150 ദശലക്ഷം ടൺ ഉത്പാദിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരായത്. ഗോതമ്പുത്പാദനത്തിലാണ് ഹരിത വിപ്ലവ മാജിക് ഏറ്റവും കൂടുതൽ നടന്നത്. ഇന്ന് ഗോതമ്പുത്പാദനത്തിൽ ലോക രാഷ്ട്രങ്ങളിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഹരിത വിപ്ലവ ശേഷമുള്ള അഞ്ചു പതിറ്റാണ്ടിനുള്ളിൽ നാലിരട്ടിയായിട്ടാണ് ലോക ഭക്ഷ്യോത്പാദനം വർധിച്ചത്. ഇതാണ് 1960 കളുടെ തുടക്കത്തിൽ ഭയപ്പെട്ടിരുന്ന ആഗോള ദാരിദ്ര്യത്തിൽ നിന്ന് ലോക രാഷ്ട്രങ്ങളെ, പ്രത്യേകിച്ചും അവികസിത രാജ്യങ്ങളെ, കര കയറ്റിയത്. ഇതിന്റെ മുന്നിലാണ് പുതിയ ചോദ്യചിഹ്നങ്ങൾ ഉയരുന്നത്.
ഇറാനിലെ വാതകപ്പാടങ്ങൾ ഇതിനോടകം തന്നെ ബോംബിങ്ങിനിരയായിട്ടുണ്ട്. യുദ്ധം കഴിഞ്ഞാലും പ്രദാന ചങ്ങലകൾ (supply chains) മുൻ നിലയിലാകാൻ കാലമെടുത്തേക്കും. അതുകൊണ്ടു തന്നെ, ഭക്ഷ്യോത്പാദനം പൂർവസ്ഥിതിയിലാകാൻ, ഇനിയുമേറെ സമയം വേണ്ടിവരും.

