Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിലക്കുനിർത്തേണ്ട...

നിലക്കുനിർത്തേണ്ട ‘വെള്ളക്കോളർ ഭീകരത’

text_fields
bookmark_border
image from the Delhi blast site
cancel
camera_alt

ഡൽഹി ചെങ്കോട്ടക്ക് മുമ്പിൽ സ്ഫോടനം നടന്ന സ്ഥലത്തെ ദൃശ്യം

രാജ്യതലസ്ഥാന നഗരിയിൽ ചെങ്കോട്ടക്ക് സമീപം 13 ജീവനുകൾ ഹനിക്കുകയും നിരവധിയാളുകൾക്ക് ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത സ്ഫോടനക്കേസിൽ ഏതാനും ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് സംശയമുയർന്നതിന് പിന്നാലെ ഹിന്ദുത്വ സംഘ്പരിവാറും അവരുടെ മടിത്തട്ട് മാധ്യമ പ്രവർത്തകരും ‘വെള്ളക്കോളർ ഭീകരത’ എന്നൊരു പ്രയോഗം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇ- റിക്ഷാ, യൂബർ തൊഴിലാളികൾ, ബസ് കണ്ടക്ടർ, വ്യാപാരികൾ എന്നിങ്ങനെ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായിരുന്ന വിവിധ സമുദായങ്ങളിൽനിന്നുള്ള മനുഷ്യർക്ക് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കെ-പതിവുപോലെ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനുള്ള മറ്റൊരു അവസരമായാണ് സംഘ്പരിവാർ നേതാക്കളും മാധ്യമങ്ങളും ഇതിനെ കാണുന്നത്.

ഓപറേഷൻ സിന്ദൂർ സംബന്ധിച്ച വാർത്തസമ്മേളനങ്ങളിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ്‌ കമാൻഡർ വ്യോമിക സിങ് എന്നിവർക്കൊപ്പം പങ്കെടുത്ത കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച കുൻവർ വിജയ് ഷായെപ്പോലുള്ളവരെ മന്ത്രിമാരായി കൊണ്ടുനടക്കുന്ന, ഈ വർഗീയ ലൈംഗിക പരാമർശത്തിനെതിരെ കേസെടുക്കാൻ നിർദേശിച്ച നീതിമാനായ ന്യായാധിപനെ തരംതാഴ്ത്തി സ്ഥലംമാറ്റിച്ച വർഗീയ പ്രസ്ഥാനത്തിന് രാജ്യത്തിനേൽക്കുന്ന ഓരോ പ്രഹരവും വിദ്വേഷ പ്രചാരണം കൊഴുപ്പിക്കാനുള്ള അവസരമാണ്.

സ്ഫോടനക്കേസിലെ മുഖ്യപ്രതി ഒരു മെഡിക്കൽ പ്രഫഷണലാണെന്നതും ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തതുമാണ് ‘വെള്ളക്കോളർ ഭീകരത’ എന്ന പ്രയോഗത്തിന് ആധാരമാക്കിയിരിക്കുന്നത്. എന്നാൽ, ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം പ്രതിചേർക്കാവുന്ന ഡിജിറ്റൽ രേഖകളോ വ്യക്തമായ മറ്റ്‌ തെളിവുകളോ കണ്ടെത്താത്തതിനെതുടർന്ന് നാലുപേരെ വിട്ടയച്ചിരുന്നു. സഹോദരിയുടെ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്ക്‌ എത്തിയ ഒരു മെഡിക്കൽ വിദ്യാർഥിയെ ഒരു കൊടുംക്രിമിനലിനെയെന്നപോലെ വളഞ്ഞിട്ട്‌ പിടിച്ച്‌ ചോദ്യം ചെയ്തുവെങ്കിലും അയാളെയും വിട്ടയച്ചു. രാജ്യത്തെ ആരോഗ്യപ്രവർത്തകരെ അവഹേളിക്കാനും മുസ് ലിം സമുദായത്തിന് അവമതിപ്പ് സൃഷ്ടിച്ച് അന്യവത്കരിക്കാനുമുള്ള തിരക്കിനിടെ ഈ വാർത്തകൾ പലതും കണ്ടഭാവം നടിച്ചിട്ടില്ല മാധ്യമങ്ങൾ.

രാജ്യത്തെ ഡോക്ടർമാരിൽ ഒരാൾപോലും ഏതെങ്കിലും ക്രിമിനൽ- ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന വാദമൊന്നും ഈ ലേഖകനില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി മതവിദ്വേഷവും കലാപാഹ്വാനവും മുറ്റിയ പ്രസംഗങ്ങൾ നടത്തുന്ന, അജ്മീറിൽ കലാപം അഴിച്ചുവിടാൻ ബജ്രംഗ്ദൾ പ്രവർത്തകർക്ക് ത്രിശൂലങ്ങൾ പരസ്യമായി വിതരണം ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിശ്വഹിന്ദു പരിഷത്ത്‌ അന്താരാഷ്ട്ര അധ്യക്ഷൻ പ്രവീൺ തൊഗാഡിയ ഗുജറാത്തിൽനിന്നുള്ള കാൻസർ സർജനായിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടമാടിയ 2002ലെ വംശഹത്യയിലെ അതിഭയാനകമായ അധ്യായമായ, ഗർഭിണികളും വയോധികരും ഉൾപ്പെടെ 97 പേരെ കൊലപ്പെടുത്തിയ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയായ മായാബെൻ കൊദ്‌നാനി ഗൈനക്കോളജിസ്‌റ്റായിരുന്നു. വംശഹത്യക്കാലത്ത് മായാബെൻ മന്ത്രിയായിരുന്നില്ല, ‘പ്രവർത്തന മികവ്’ പരിഗണിച്ച് മോദി അവരെ വനിതാ-ശിശു വികസന വകുപ്പിന്റെ ചുമതലയേൽപിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 2009ൽ അറസ്റ്റിലായപ്പോൾ രാജിവച്ചെങ്കിലും എം.എൽ.എയായി തുടർന്നു. നരോദ പാട്യയിലെ കലാപങ്ങളുടെ രാജ്ഞിയെന്ന്‌ കൊദ്‌നാനിയെ പരാമർശിച്ച്‌ ശിക്ഷ പ്രഖ്യാപിച്ച ജഡ്ജി ജ്യോത്സ്ന യാഗ്നിക് ഭരണഘടനക്കും മതനിരപേക്ഷതക്കും മേലുള്ള കാൻസറാണ്‌ വർഗീയ കലാപങ്ങളെന്നും നരോദ പാട്യാ സംഭവം ഭരണഘടനയുടെ ചരിത്രത്തിലെ ഭയാനകമായ അധ്യായമായിരുന്നുവെന്നുമാണ്‌ നിരീക്ഷിച്ചത്‌. മനുഷ്യത്വരഹിതവും ക്രൂരവുമായ അക്രമത്തിന്റെ പാരമ്യമാണ് 20 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ പിച്ചിചീന്തിയതിൽ പ്രതിഫലിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗർഭിണികളുടെ വയറ് ത്രിശൂലം കൊണ്ട് കുത്തിക്കീറി ഗർഭസ്ഥ ശിശുക്കളെവരെ കശക്കിയെറിഞ്ഞ്‌ കൊലവിളിച്ച്‌ മൃതദേഹങ്ങൾക്കുമേൽ ചുടലനൃത്തമാടിയവർക്ക് ചേരുന്ന പേരാണ് വെള്ളക്കോളർ ഭീകരവാദി എന്നത്.

ചെങ്കോട്ട സ്‌ഫോടനക്കേസിൽ പിടിയിലായ പ്രതിയുടേതെന്ന നിലയിൽ വിവിധ ചാനലുകൾ ഒരു മലയാളി ഡോക്ടറുടെ ചിത്രം പ്രചരിപ്പിച്ചതും ഒട്ടും നിഷ്‌കളങ്കമല്ല. മുസ്‍ലിം പേര്‌ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ഏതോ കാവി ഹാൻഡിൽ കൈമാറിയ ഫോട്ടോ ആഘോഷിക്കുകയായിരുന്നു നിരുത്തരവാദ മാധ്യമങ്ങൾ. ഓപറേഷൻ സിന്ദൂർ നടക്കവെ കശ്മീരിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അതിർത്തി ഗ്രാമത്തിലെ ഖാരി മുഹമ്മദ് ഇഖ്ബാൽ എന്ന മതപണ്ഡിതന്റെ ചിത്രം ഭീകരവാദ സംഘങ്ങളുടെ നേതാവ് എന്ന പേരിൽ പ്രചരിപ്പിച്ചവരാണ് ഈ മാധ്യമങ്ങ ളെല്ലാം. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജമ്മു- കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുപോലും ഈ കള്ളപ്രചാരകർക്ക്‌ മനഃസാക്ഷിക്കുത്തുണ്ടായില്ല.

ഇപ്പോൾ മലയാളി ഡോക്ടറുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചവരും മാപ്പു പറയാൻ തയാറായിട്ടില്ല. എന്തുകൊണ്ടെന്നാൽ തൊഗാഡിയയെയും മായാകോദ്നാനിയെയും പോലെ രാജ്യത്ത് അരങ്ങേറിയ വർഗീയ കലാപങ്ങൾക്ക് ഉത്തരവാദികളെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷനുകളും ജനകീയ-പൗരാവകാശ വസ്തുതന്വേഷണ സമിതികളും പലവട്ടം കണ്ടെത്തിയ വർഗീയ ഫാഷിസ്റ്റ് വിചാരധാരയാണ് അവരുടെ മാർഗരേഖ. ദോഷം പറയരുതല്ലോ നൂറ്റാണ്ട് തികഞ്ഞ ആ ഫാഷിസ്റ്റ് ഭീകരസംഘത്തിൻറ സ്ഥാപകനും ഒരു ഡോക്ടറായിരുന്നു, നിലവിലെ മേധാവിയുടെ പേരിന് മുന്നിലുമുണ്ട് ഒരു ഡോക്ടർ പട്ടം. അവരെ നിലക്കുനിർത്താതെ വിദ്വേഷത്തിനും വർഗീയ അസ്വാസ്ഥ്യങ്ങൾക്കും രാജ്യത്ത് അറുതിവരുത്താനാവില്ല.

Show Full Article
TAGS:Delhi Red Fort Blast 2005 Delhi blast 
News Summary - 'White collar terrorism' must be stopped
Next Story