ആയിരവീട്ടിൽ കോന്തപ്പനെ ആർക്കെല്ലാമറിയാം?
text_fieldsഅധിനിവേശത്തിനെതിരെ പോരാട്ടത്തിനൊരുങ്ങുന്ന ആദിവാസി പോരാളികൾ- ചിത്രകാരന്റെ ഭാവനയിൽ
അധിനിവേശകരുടെ കണ്ണിലെ ചതി ആദ്യമേ വായിച്ചെടുത്തത് കാറ്റിന്റെ മൂളൽ കേട്ടാൽ ഏതു കാട്ടിലാണ് മഴ പെയ്യുന്നതെന്ന് കണിശമായി പറഞ്ഞിരുന്ന ആദിവാസി ജനതയായിരുന്നു
പളപളപ്പിലും കൺതിളക്കത്തിലും രാജാക്കന്മാരും ഷഹൻഷാമാരും മയങ്ങിനിന്ന മാത്രയിലാണ് ഈ രാജ്യത്തെ കീഴടക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് അധിനിവേശകർ മനക്കണക്ക് കൂട്ടിയിട്ടുണ്ടാവുക. എന്നാൽ, ആ കണ്ണുകളിലെ ചതി ആദ്യമേ വായിച്ചെടുത്തത്, കാറ്റിന്റെ മൂളൽ കേട്ടാൽ ഏതു കാട്ടിലാണ് മഴ പെയ്യുന്നതെന്ന് കണിശമായി പറഞ്ഞിരുന്ന ആദിവാസി ജനതയായിരുന്നു. പൊന്മുടിയോളം ഉയരത്തിൽ പൊന്നും പവിഴവും സ്വന്തമായുണ്ടായിരുന്ന രാജാക്കന്മാരെപ്പോലും പാരിതോഷികവും വാഴ്ത്തുപാട്ടുംകൊണ്ട് പ്രലോഭിപ്പിക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സാധിച്ചു;
എന്നാൽ, ചവിട്ടിനിൽക്കാൻ നനഞ്ഞ മണ്ണും തലക്കുമീതെ പച്ചിലക്കാടും മാത്രമുണ്ടായിരുന്ന ആദിവാസികളെ വരുതിയിലാക്കാനായില്ല. നമ്മുടെ മണ്ണ് കവർച്ച ചെയ്യപ്പെടുന്നതുകണ്ട് സഹിക്കാനാവാതെ, കവണയും അമ്പും വില്ലുമേന്തി അവർ നിറതോക്കുമായി എത്തിയ വെള്ളപ്പട്ടാളത്തെ നേരിട്ടു.1784ൽ തിൽക്കാ മാഞ്ജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ചൂഷണത്തിനെതിരെ സന്താളുകൾ സംഘം ചേർന്ന് പൊരുതി. സിദ്ദു മുർമു, കൻഹു മുർമു എന്നീ സഹോദരങ്ങളുടെ നേതൃത്വത്തിൽ 1855ൽ ഇരുപതിനായിരത്തോളം സന്താളുകളാണ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചത്.
ടിപ്പുസുൽത്താനെ തോൽപിക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ച പഴശ്ശിരാജാവ് അവരുടെ ചതി മനസ്സിലാക്കിയപ്പോഴേക്ക് വൈകിപ്പോയിരുന്നു.കുറിച്യ, കുറുമ്പ വിഭാഗങ്ങളിലെ ആദിവാസി വില്ലാളികൾ നടത്തിയ ഒളിപ്പോരുകൊണ്ടാണ് പഴശ്ശിക്ക് പ്രതിരോധിച്ചുനിൽക്കാനായത്.കൈത്തേരി അമ്പുവിന്റെ വീരത വിവരിക്കാൻ ആരെങ്കിലുമൊരു സിനിമ പിടിച്ചതായി കേട്ടിട്ടുണ്ടോ? പഴശ്ശിയുടെ പതനത്തിനുശേഷവും വയനാടൻ ചുരത്തിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ച രാമ മൂപ്പൻ, പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻ യാമു, വെൺകലോൻ കേളു തുടങ്ങിയ നായകരെ എത്രപേർക്കറിയാം?
ആദിവാസി സമൂഹത്തിൽനിന്ന് ആദ്യമായൊരു വനിതയെ പ്രഥമപൗരിയാക്കി എന്ന് ഊറ്റംകൊള്ളവെ ആസാദിയുടെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗോത്രവർഗ പോരാളികളുടെ പട്ടികയിൽപോലും അവരുടെ പേര് കാണാനില്ല- എന്നിട്ട് ആർക്കുണ്ട് പരാതി? ബിർസ മുണ്ട, റാണി ഗൈധിൻലിയു, രാജ്മോഹിനി ദേവി, ജാത്ര ഭഗത്, അല്ലൂരി സീതാ രാമരാജു... അങ്ങനെ എത്രയെത്ര നായികാനായകർ. ആയിരമാണ്ട് ആലപിച്ചാലും തീരാത്ത അവരുടെ പോരാട്ടവീര്യത്തെ പാഠപുസ്തകങ്ങളിലെ ഒറ്റവരി പരാമർശത്തിലൊതുക്കുന്നു നമ്മൾ. അവരുടെ രക്തംവീണ മണ്ണിൽനിന്ന് ആട്ടിപ്പായിക്കുകയും സ്വാതന്ത്ര്യത്തിന്റെ ഓഹരിപോലും നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ ദേശദ്രോഹമെന്തുണ്ട്?
ബിർസാ മുണ്ട
ഛോട്ടാ നാഗ്പൂരിന്റെ അനശ്വര വീരനായകനാണ് ബിർസാ മുണ്ട. ബ്രിട്ടീഷ് അധിനിവേശം ജനങ്ങളെയും മണ്ണിനെയും ചൂഷണം ചെയ്യുന്നത് തിരിച്ചറിഞ്ഞാണ് ചെറുത്തുനിൽപ്പുകൾക്ക് അദ്ദേഹം തുടക്കമിടുന്നത്. ഭൂമിയുടെ മേലുള്ള അവകാശങ്ങൾ കവർന്നെടുക്കുന്നത് ആദിവാസികളെയും അതുവഴി രാജ്യത്തെയും എത്രമാത്രം അശക്തമാക്കുമെന്ന് ബിർസാ മുണ്ട സ്വജനങ്ങളെ ബോധവത്കരിക്കുകയും സമരസജ്ജരാക്കുകയും ചെയ്തു.
അത് ഒരു വിപ്ലവത്തിന്റെ വിത്തൊരുക്കമായി മാറി. 1900 ജൂൺ ഒമ്പതിന് തന്റെ 25ാം വയസ്സിൽ തടവറയിൽ ജീവൻ വെടിഞ്ഞു ആ പോരാളി. ആ സ്മരണ ഇന്നും ആയിരങ്ങൾക്ക് വീര്യമേകുന്നു.
റാംജി ഗോണ്ട്
തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലുള്ള ആദിവാസി ഗോത്രമേഖലയിലെ തലവനായിരുന്നു റാംജി ഗോണ്ട്. ഭൂജന്മിമാരുടെ സഹായത്തോടെ ഭരണവും ഭൂമിയും പിടിച്ചടക്കാൻ ബ്രിട്ടീഷ് അധിനിവേശകർ നീക്കമാരംഭിച്ചപ്പോൾ റാംജി അതിനെ സായുധമായി ചെറുത്തു തോൽപ്പിച്ചു.
ഭരണകേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ വെള്ളപ്പട്ടാളത്തെയും വധിച്ചു. റാംജി നിർമൽ ഗ്രാമത്തിലുണ്ടെന്ന് ചാരന്മാരിൽ നിന്ന് വിവരം ലഭിച്ച സൈന്യം അവിടേക്ക് ചെന്ന് അദ്ദേഹത്തെയും പട്ടാളക്കാരെയും പിടികൂടി. 1857 ഏപ്രിൽ ഒമ്പതിന് റാംജിയേയും സഹകാരികളെയും നിർമൽ ഗ്രാമത്തിലെ ആൽമരത്തിൽ തൂക്കിലേറ്റി. ധീരപോരാളി മംഗൾ പാണ്ഡേക്ക് പോലും പ്രചോദനമായത് റാംജിയുടെ പോരാട്ട ചരിതമാണെന്ന് കരുതപ്പെടുന്നു.
വീർ നാരായൺ സിങ്
1856ലെ ക്ഷാമക്കാലത്ത് പൂഴ്ത്തിവെച്ചിരുന്ന ധാന്യം കൊള്ളയടിച്ച് വിശക്കുന്നവർക്ക് വിതരണം ചെയ്തുവെന്നതാണ് ഛത്തിസ്ഗഢിലെ ഗോത്രവർഗ പോരാളി വീർനാരായൺ സിങ്ങിനെതിരെ ചുമത്തപ്പെട്ട ആദ്യ കുറ്റം. അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും അവിടെ നിന്ന് തന്ത്രപരമായി രക്ഷപ്പെട്ടു. സോനാഖാനിലെത്തി ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന് ജനങ്ങളെ സംഘടിപ്പിച്ചു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഡെപ്യൂട്ടി കമീഷണർ സ്മിത്ത് നയിച്ച വെള്ളപ്പട്ടാളത്തിനെതിരെ അഞ്ഞൂറോളം വരുന്ന സൈന്യത്തെ അണിനിരത്തി ധീരമായി പൊരുതി. രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചുകൊണ്ടുപോയി ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റി.