എന്തുകൊണ്ടാണ് ലഹരിക്കുറ്റങ്ങൾ വർധിക്കുന്നത് ?
text_fieldsലഹരികടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെടുന്നതും അറസ്റ്റുകൾരേഖപ്പെടുത്തുന്നതും കേരളത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകള്‍ പ്രകാരം 2024ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തവയിൽ 30.8 ശതമാനത്തിലേറെ കേസുകളും കേരളത്തിലാണ്.
2024ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 27,701 കേസുകളാണ്; അറസ്റ്റിലായത് 24,517പേര്‍. അതായത് കേരളത്തിൽ 2024 ഓരോ ദിവസവും ശരാശരി 75 ലഹരി പദാർഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ഓരോ ദിവസവും 67 പേർ അറസ്റ്റിലാവുകയുമുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ് ലഹരി വിൽപനയും അനുബന്ധ കുറ്റകൃത്യങ്ങളും വലിയ തോതിൽ വർധിച്ചു വരുന്നത് എന്നന്വേഷിക്കുമ്പോഴാണ് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നു എന്ന് വ്യക്തമാകുന്നത്. നിയമപ്രകാരം ജയിലും പിഴയും ശിക്ഷയായി ലഭിക്കേണ്ട കുറ്റവാളികൾ നിസ്സാര തുകയടച്ച് കേസുകളിൽനിന്ന് പുഷ്പംപോലെ രക്ഷപ്പെടുന്നെന്നതാണ് സത്യം. കണക്കുകൾപ്രകാരം കേരളത്തിലെ NDPS കേസുകളിൽ 96ശതമാനവും ശിക്ഷിക്കപ്പെടുന്നു എന്നാണ് കൊട്ടിഗ്ഘോഷിക്കപ്പെടുന്നതെങ്കിലും 98ശതമാനം കേസുകളും അദാലത്തുകളിൽ നിസ്സാര പിഴടച്ചു തീർപ്പാക്കപ്പെടുകയാണ്. വളരെ സദുദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തെ ഹീനമായി ദുരുയോഗം ചെയ്താണ് ഈ രക്ഷപ്പെടൽ.
ക്രിമിനൽ കോടതികളിൽ കെട്ടിക്കിടക്കുന്ന സമൂഹത്തിന് ഒരു തരത്തിലും ദോഷം വരാത്ത, തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങൾക്കായി ചാർജ് ചെയ്യപ്പെട്ട കേസുകൾ ചെറിയ പിഴയീടാക്കി തീർക്കുക വഴി കോടതിയുടെ അമിതജോലിഭാരവും സാധാരണക്കാർക്ക് നീണ്ട നിയമനടപടികളുടെ നൂലാമാലയും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ലോക് അദാലത്തുകളെയാണ് ലഹരിമാഫിയയും അവരുടെ പിന്തുണക്കാരും തന്ത്രപൂർവം ഉപയോഗിക്കുന്നത്.
അദാലത്തുകളിൽ സംഭവിക്കുന്നത്
ആയിരം ഗ്രാമിൽ താഴെ കഞ്ചാവ് കൈവശംവെക്കുന്നത് നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ സെക്ഷൻ 20 (b)(ii) (A) പ്രകാരം 1000 രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാൽ, ഇതേ കേസ് അദാലത്തിൽ എത്തുമ്പോൾ 1500 മുതൽ 3000 രൂപ വരെ പിഴ മാത്രം ഒടുക്കി പ്രതികൾക്ക് കുറ്റമുക്തരാകാൻ സാധിക്കും.
എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 27 പ്രകാരം മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും എന്നാൽ, ഈ കുറ്റകൃത്യം അദാലത്തിലെത്തുമ്പോൾ 1000 മുതൽ 2000 രൂപ വരെ പിഴ നൽകി കുറ്റമുക്തരാകാം.
എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുകയാണെങ്കിൽ കൂടിയശിക്ഷ നൽകാവുന്നതിന് വ്യവസ്ഥയുണ്ട് എന്നാൽ, അദാലത്തുകളിൽ അയാൾ എത്രതവണ ഇതിനു മുമ്പ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തു എന്ന് പരിഗണിക്കുന്നില്ല.
ഇന്ത്യൻ ശിക്ഷാനിയമം 279 വകുപ്പ് പ്രകാരവും പുതിയ ശിക്ഷ നിയമമായ ഭാരതീയ ന്യായ സംഹിത 281 വകുപ്പ് പ്രകാരം മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്താൽ 1000 രൂപ വരെ പിഴയോ ആറുമാസം വരെയാകാവുന്ന തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ഇത് അദാലത്തിലെത്തുമ്പോൾ വെറും 500 രൂപ പിഴ മാത്രം ഒടുക്കിയാൽ മതിയാവും.
മോട്ടോർ വെഹിക്കിൾ ആക്ട് 185 വകുപ്പുപ്രകാരം ആദ്യമായി മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ആറുമാസം വരെ തടവും പതിനായിരം രൂപയിൽ കുറയാതെ പിഴയും ശിക്ഷ ലഭിക്കാം. എന്നാൽ, ഇന്ന് അദാലത്തിൽ ഇത്തരം കേസുകൾ പരിഗണിക്കുമ്പോൾ പിഴ ഒഴിവാക്കി കോടതി പിരിയുന്നത് വരെ തടവ് എന്ന ചെറിയ ശിക്ഷ മാത്രമാണ് നൽകുക. അദാലത് രാവിലെ 10 മുതൽ അഞ്ചു വരെ ആയിരിക്കും എന്നതിനാൽ അഞ്ചിനു കോടതിയിൽ എത്തി കുറ്റം സമ്മതിക്കുന്ന വ്യക്തിക്ക് അഞ്ചിനുതന്നെ ശിക്ഷ ഏറ്റുവാങ്ങി ഉടനെതന്നെ ശിക്ഷയിൽനിന്ന് ഒഴിവായി പോകാം.
മയക്കുമരുന്ന്- ലഹരിപദാർഥലോബിയും അവരെ സഹായിക്കുന്ന നിയമപാലകരും ചേർന്ന് കോടതികളെ പോലും കബളിപ്പിക്കുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങൾ എത്തിയിരിക്കുന്നു. കുറ്റകൃത്യങ്ങൾ ചെയ്താലും ഒരു ശിക്ഷയും ലഭിക്കുകയില്ല എന്ന തോന്നൽ ആളുകളിലേക്ക് എത്തിക്കാനും നമ്മുടെ കുട്ടികളെ ആകർഷിക്കാൻ ഇതിലൂടെ ഇവർക്ക് കഴിയുന്നു. കുറ്റവാളികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
കേരളത്തിൽ ക്രിമിനൽ കേസുകൾ ക്രമാതീതമായി വർധിച്ചതിന്റെ ഏറ്റവും പ്രധാന കാരണം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും യഥേഷ്ട ലഭ്യതയാണ്. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് യുവതയെ എത്തിക്കുകയാണ് ലഹരിവസ്തുക്കൾ. പൊലീസും മറ്റ് ഏജൻസികളും എടുത്തുകൂട്ടുന്ന ലഹരി കേസുകളിൽ തെളിവ് നശിപ്പിക്കുന്നതും നടപടി ക്രമങ്ങൾ മനഃപൂർവം പാലിക്കാത്തതും തുടർനടപടികളെ ബാധിക്കുന്നു.കേസുകൾ അദാലത്തിലെത്തിച്ച് വലിയ ശിക്ഷ ഇല്ലാതെ അവസാനിപ്പിക്കാം എന്ന ഉറപ്പിലാണ് ഉദ്യോഗസ്ഥർ പല കേസുകളും ഫ്രെയിം ചെയ്യുന്നതുതന്നെ.
കേസുകളുടെ എണ്ണം കുറക്കൽ അല്ല നീതിനിർവഹണമാണ് നീതിന്യായ കോടതികളിൽ നടക്കേണ്ടത് എന്ന് നമ്മുടെ അധികാരികളെ ഇനി ആരാണൊന്നുപറഞ്ഞു മനസ്സിലാക്കുക? ന്യായാധിപന്മാരെ കോമാളി വേഷം കെട്ടിച്ച് മീഡിയേറ്റർമാരായി പ്രതികൾക്കു മുന്നിൽ ഇരുത്തുന്ന ഇന്നത്തെ ലോക്‌അദാലത് രീതികൾ നീതിയിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല.
ഓരോ മാസവും കോടതിയിൽ എത്ര കേസുകൾ തീർന്നു അല്ലെങ്കിൽ എത്ര ഫൈൻ കലക്ട് ചെയ്യപ്പെട്ടു എന്നല്ല എത്ര കേസുകളിൽ നീതിനിർവഹണം നടക്കപ്പെട്ടു എന്നാണ് ചിന്തിക്കേണ്ടത്. ഇന്ന് സർക്കാറിന് ഏറ്റവും കൂടുതൽ സാമ്പത്തിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഡിപ്പാർട്മെന്റുകളിൽ ഒന്നായി നീതിന്യായ കോടതികൾ മാറിയിരിക്കുന്നു ഒരു മജിസ്ട്രേറ്റ് കോടതിയിൽ ചുരുങ്ങിയത് ഒന്നരലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ ഓരോ ദിവസവും കലക്ഷൻ നടക്കുന്നു. നീതിനിർവഹണ കോടതികൾ സർക്കാറിന്റെ കലക്ഷൻ സ്പോട്ടുകളായി മാറുമ്പോൾ കുറ്റകൃത്യങ്ങളുടെ അളവുകൾ എങ്ങനെയാണ് കുറയുക.
അദാലത്തുകൾ അതിന്റെ യഥാർഥ ഉദ്ദേശ്യം പാലിച്ച് സംഘടിപ്പിക്കുന്നത് നല്ല കാര്യമാണ് എന്നാൽ, അതിന്റെ പിന്നിലൂടെ സമൂഹത്തിൽ നാശം വിതക്കുന്ന കുറ്റവാളികൾ രക്ഷപ്പെടുന്നു എന്ന യാഥാർഥ്യം ഉൾക്കൊണ്ട് അദാലത്തുകളിൽ വേണ്ട തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അതു നമ്മുടെ നാടിന്റെ, യുവതയുടെ സർവനാശത്തിനാകും വഴിവെക്കുക എന്നത് മറക്കാതിരിക്കുക.
എന്താണ് ലോക് അദാലത്
വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന-വിചാരണയിൽ ഇരിക്കുന്ന കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായാണ് രാജ്യമൊട്ടുക്കും ലീഗല്‍ സര്‍വിസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒന്നിടവിട്ട മാസങ്ങളിലെ രണ്ടാം ശനിയാഴ്ചയിൽ നാഷനല്‍ ലോക് അദാലത് /ഇ-ലോക് അദാലത് നടത്തിവരുന്നത്. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത എന്നാൽ, കോടതികളിൽ കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകൾ തീർപ്പാക്കുകയാണ് ഇത്തരം അദാലത്തുകളുടെ ലക്ഷ്യം.