Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹുർമുസ് കടലിടുക്കിലെ...

ഹുർമുസ് കടലിടുക്കിലെ ഉപരോധച്ചുഴി ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ?

text_fields
bookmark_border
ഹുർമുസ് കടലിടുക്കിലെ ഉപരോധച്ചുഴി ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ?
cancel

ഇസ്രായേൽ-യു.എസ് സംയുക്ത സൈനികാക്രമണം ഇറാനുമേൽ നടന്നുകൊണ്ടിരിക്കെ, പ്രതികാരമായി ഇറാൻ ചരിത്രത്തിലാദ്യമായി ഹുർമുസ് കടലിടുക്ക് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. നിയന്ത്രണം ലംഘിച്ച് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ നശിപ്പിക്കുമെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) കമാൻഡർ ഇൻ ചീഫിന്റെ ഉപദേഷ്ടാവ് ഇബ്രാഹിം ജബ്ബാരി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ നേവി സന്നദ്ധമാണെന്ന് ട്രംപ് ഉറപ്പുനൽകുന്നുണ്ടെങ്കിലും, നിലവിൽ ഹുർമുസിലൂടെയുള്ള ഗതാഗതം ആകെ താറുമാറാകുകയും 250-ലധികം കപ്പലുകൾ കുടുങ്ങിക്കിടക്കുകയുമാണ്. ഇറാൻ തീരത്തുനിന്ന് ഡ്രോണുകളുടേയോ ചെറു മിസൈലുകളുടേയോ ആക്രമണത്തെ തടയുക അമേരിക്കക്ക് അത്രയെളുപ്പമല്ലെന്നാണ് യുദ്ധവിദഗ്ധരുടെ നിരീക്ഷണം.

ആഗോള ഊർജ്ജ വിപണിയിൽ ഹുർമുസ് കടലിടുക്കിന് നിർണായക പ്രാധാന്യമാണുള്ളത്. പ്രതിദിനം സൗദി അറേബ്യ (6.5-6.6 ദശലക്ഷം ബാരൽ), ഇറാഖ് (ഏകദേശം 4 ദശലക്ഷം ബാരൽ), കുവൈത്ത് (2.5 ദശലക്ഷം ബാരൽ), യു.എ.ഇ (3.3 ദശലക്ഷം ബാരൽ) എണ്ണയാണ് ഇതുവഴി കയറ്റുമതി ചെയ്യുന്നത്. ആഗോളവിപണിയിലെ 20 ശതമാനം എണ്ണയും എൽ.എൻ.ജി (LNG) വാതകത്തിന്റെ 25 ശതമാനവും ഈ ഇടനാഴിയെയാണ് ആശ്രയിക്കുന്നത്. അഥവാ ഓരോ ദിവസവും രണ്ടു കോടി ബാരൽ എണ്ണയുടെ വിപണിയാണ് ഇപ്പോൾ അടയ്ക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും ഇറാന്റെ തന്ത്രപരമായ നീക്കം ലോകത്താകെയുള്ള ഊർജ്ജവിതരണ ശൃംഖലയെ തകർക്കുമെന്ന കാര്യം ഉറപ്പാണ്.

യുദ്ധം ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോഴേക്കും ഹുർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം 70 ശതമാനം കുറഞ്ഞു. അസംസ്കൃത എണ്ണയുടെ വില 15 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തിയിരിക്കുന്നു. യുദ്ധം ആഴ്ചകൾ പിന്നിടുകയും ഹുർമുസ് ഉപരോധം വിജയിക്കുകയും ചെയ്താൽ വില ബാരലിന് 100-നും 120 ഡോളറിനും മുകളിലേക്ക് കുതിക്കും. അതിലുപരി എണ്ണക്ഷാമം രൂക്ഷമാകുകയും ചെയ്യും. ഇതിനുപുറമെയാണ് പശ്ചിമേഷ്യയുമായുള്ള ലോകത്തിന്‍റെ കച്ചവട ചരക്കുവിപണിക്കേൽക്കുന്ന ആഘാതങ്ങൾ. യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ ആക്രമണോത്സുകതക്ക് ലോകം മുഴുവൻ വിലകൊടുക്കേണ്ടിവരുമെന്ന് ബോധ്യപ്പെടുത്താനും ഇറാന്റെ മുന്നിലെ ഏറ്റവും സമർഥമായ വഴി ഹുർമുസ് കടലിടുക്ക് ഉപരോധം വിജയിപ്പിക്കുക എന്നതാണ്.




യുക്രെയ്ൻ യുദ്ധത്തിനുശേഷം യൂറോപ്പ് റഷ്യൻ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം 90 ശതമാനവും കുറച്ചിരിക്കുന്നു. ട്രംപിന്റെ ഭീഷണിയും ഇരട്ടച്ചുങ്കവും നിമിത്തം റഷ്യയുമായുള്ള എണ്ണക്കച്ചവടം പരമാവധി കുറച്ചിരിക്കുന്നതിനാൽ ഹുർമുസ് ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറുകയാണ്. റഷ്യൻ ഓയിൽ വില ഉയരുന്നത് ക്രെംലിന്റെ യുദ്ധ ഫണ്ട് വർധിപ്പിക്കുകയും യൂറോപ്പിന് പുതിയ തലവേദനകൾ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട്, യൂറോപ്പ് നിലവിലെ സാഹചര്യത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ സാധ്യതയില്ല. അമേരിക്കൻ ഭീഷണിക്ക് മുട്ടുമടക്കി ഇന്ത്യയും റഷ്യൻ എണ്ണ വാങ്ങാതെ അമേരിക്കയെ ആശ്രയിക്കാനാണ് സാധ്യത. അമേരിക്കയുടെ തീട്ടൂരങ്ങൾക്ക് വഴങ്ങാൻ ഇന്ത്യ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ തുനിയുന്ന പക്ഷം ലോകത്തെ അനാവശ്യമായ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. ദക്ഷിണ ഫ്രാൻസിൽ ഇപ്പോഴേ പെട്രോൾ പമ്പുകളിൽ ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വന്നുതുടങ്ങിയിട്ടുണ്ട്.

ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയിൽനിന്ന് അധിക തുകയ്ക്ക് എണ്ണ വാങ്ങുക എന്നതിലേക്കു മാത്രമായി ലോക രാജ്യങ്ങൾക്കുമുന്നിലുള്ള വഴി ചുരുങ്ങുകയാണ്. വെനിസ്വേലയുടെ എണ്ണ അമേരിക്കൻ കമ്പനികൾ ഏറ്റെടുത്ത പശ്ചാത്തലത്തിൽ ഇറാൻ യുദ്ധവും ഇന്ധന വില വർധനവും അമേരിക്കയിലെ എണ്ണ കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സഹായിക്കും. സൗദിക്ക് യാമ്പു വഴി ചെങ്കടലിലൂടെ എണ്ണ വിപണി തുറക്കാനാകുമെങ്കിലും യെമനിലെ ഹൂതികളുടെ സാന്നിധ്യവും ആക്രമണവും എപ്പോഴും അനശ്ചിതാവസ്ഥയുണ്ടാക്കുകയാണ് ചെയ്യുക. ഹൂത്തികളുടെ ആക്രമണം നിമിത്തം ചെങ്കടലിലൂടെയുള്ള ആഗോള ഷിപ്പിങ് ചെലവ് 300 ശതമാനമാണ് വർധിച്ചത്. യു.എ.ഇയുടെ ബദൽ മാർഗമായ ഫുജൈറ പൈപ്പ്‌ലൈനിന് നേരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചുരുക്കത്തിൽ ഇറാന് നേരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണം പണപ്പെരുപ്പത്തിനും ആഗോള സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന മുന്നറിയിപ്പ് യാഥാർഥ്യമാകാൻ പോകുകയാണ്.

Show Full Article
TAGS:Strait of Hormuz Iran Israel Tensions Iran US Tensions 
News Summary - Will the blockade of the Strait of Hormuz lead to a global economic recession?
Next Story