‘ന്യൂയോർക്കിലെ ഭൂതം’ യു.എസ് രാഷ്ട്രീയത്തെ വിഴുങ്ങുമോ?
text_fieldsഇസ്രായേലിന് അമേരിക്ക ആയുധം നൽകുന്നതിനെതിരെ ജ്യൂവിഷ് വോയ്സ് ഫോർ പീസ് സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ സുഹ്റാൻ മംദാനി
“ന്യൂയോർക്കിൽ ഒരു ഭൂതം വിഹരിക്കുന്നു.” കാൾ മാർക്സിന്റെ പ്രശസ്തമായ ആഖ്യാനത്തിൽ നിന്നുള്ള വരിയുദ്ധരിച്ചുകൊണ്ടാണ് കൊളംബിയ സർവകലാശാലയിലെ പ്രഫ.ഹമീദ് ദാബാഷി തന്റെ പുതിയ ലേഖനം ആരംഭിക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ന്യൂയോർക് മേയർ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന സുഹ്രാൻ മംദാനിയെക്കുറിച്ചാണ് പ്രസ്തുത പരാമ൪ശം. മുപ്പത്തിമൂന്നുകാരനായ, ദക്ഷിണേഷ്യൻ വംശജനും മുസ്ലിമുമായ മംദാനിക്കെതിരെ ലോകമൊട്ടുക്കുള്ള തീവ്ര വലതുപക്ഷ വംശീയവാദികള്‍ ഉറഞ്ഞുതുള്ളുന്നതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കുകയാണദ്ദേഹം. ഇത് വെറുമൊരു മേയ൪ സ്ഥാനാർഥിക്കെതിരായ രാഷ്ട്രീയ വിമർശനം മാത്രമല്ലെന്നും അമേരിക്കൻ രാഷ്ട്രീയത്തിൽ അടിയുറച്ചിരിക്കുന്ന സയണിസ്റ്റ് സ്വാധീനത്തെ വെല്ലുവിളിക്കുന്ന പുതിയ പ്രവണതയുടെ പ്രതീകമാണെന്നും അദ്ദേഹം സ്ഥാപിക്കുന്നു.
സുഹ്റാൻ മംദാനി: അടിമുടി രാഷ്ട്രീയം
ന്യൂയോർക്കിന്റെ ഉദാരവാദ പ്രവണതകളെ പ്രതിനിധാനംചെയ്യുന്ന ന്യൂയോർക് ടൈംസ് പത്രം മുതൽ ട്രംപ് താന്ത്രികതയുടെ അധീനതയിലുള്ള മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (MAGA) റിപ്പബ്ലിക്കൻസ് വരെ മംദാനിക്കെതിരെ ഐക്യപ്പെട്ടിരിക്കുന്നു. ‘കമ്യൂണിസ്റ്റ് ഭ്രാന്തൻ,’ ‘ഭയങ്കരമായ ശബ്ദമുള്ളവ൯,’ ‘അസഹ്യമായ മുഖമുള്ളവ൯,’ ‘ബുദ്ധിയില്ലാത്തവൻ’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ട്രംപ് നേരിട്ടാണ് മംദാനിയെ നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ, എല്ലാറ്റിനെയും ശാന്തമായും കൃത്യമായ നയനിലപാടുകളുടെ പിൻബലത്തോടെയും അദ്ദേഹം നേരിടുന്നുവെന്നത് എതിരാളികളെ കൂടുതൽ അസ്വസ്ഥരാക്കുന്നു.
ഫലസ്തീൻ മുഖ്യവിഷയമാകുമ്പോള്‍
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ, ഡെമോക്രാറ്റിക് പാർട്ടി വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. 1992ല്‍ ബില്‍ ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് നേതൃത്വം നല്കിയ തലമുതി൪ന്ന ഡെമോക്രാറ്റായ ജെയിംസ് കാർവില്ലിന്റെ “ഡെമോക്രാറ്റുകൾ ചവിട്ടേറ്റ് കിടക്കുകയും മരിച്ചുപോയതുപോലെ നടിക്കുകയും വേണം” (Democrats should roll over and play dead) എന്ന പ്രസ്താവന അതിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഈ പരാജയ ബോധത്തിന്റെ പാതാളത്തില്‍നിന്ന് ഉയർന്നുവന്ന നേതാവാണ് മംദാനി. 2024ലെ തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന്റെ പ്രചാരണ വേദികളില്‍ ഒരൊറ്റ ഫലസ്തീനിക്കും ഇടം നൽകാതിരുന്നത്, പാർട്ടിയുടെ സമ്പൂർണ സയണിസ്റ്റ് വിധേയത്വത്തെ തുറന്നുകാണിച്ച സംഭവമായിരുന്നു. എന്നാൽ, മംദാനിയാവട്ടെ ഫലസ്തീൻ ജനതയെ ഹൃദയപൂർവം പിന്തുണക്കുന്നു. സയണിസ്റ്റ് യാഥാസ്ഥിതികതക്കും വംശീയതക്കുമെതിരെ മടിയേതുമില്ലാതെ തുറന്ന നിലപാട് സ്വീകരിക്കുന്നു.
ജൂത-മുസ്ലിം ഐക്യത്തിന്റെ പ്രതീകം
മംദാനിയുടെ വിജയം യാദൃച്ഛികമല്ലെന്നും യഹൂദർ എന്ന നിലയിൽ വംശഹത്യക്കും അതിക്രമത്തിനും കൂട്ടുനില്ക്കാൻ തയാറല്ലാത്ത ധാരാളം പേർ അദ്ദേഹത്തിനൊപ്പമാണെന്നും മാധ്യമപ്രവർത്തകൻ പീറ്റർ ബൈനാർട്ട് പറയുന്നു. പുതിയ തലമുറ, സയണിസ്റ്റ് വംശീയോന്മൂലന പദ്ധതികളെ ചോദ്യം ചെയ്യുകയും ഫലസ്തീനികളനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഡെമോക്രാറ്റുകൾക്കിടയിൽ 60 ശതമാനം പേർ ഫലസ്തീനോടാണ് അനുകമ്പ പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്ന പുതിയ സി.എൻ.എൻ സർവേ ഇസ്രായേലിനോടുള്ള അനുഭാവം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായും ചൂണ്ടിക്കാട്ടുന്നു. സി.എൻ.എന്നിലെ വിശകലന വിദഗ്ധൻ ഹാരി എന്റൻ ഇതിനെ ‘വലിയ മാറ്റം’ (sea change) എന്നാണ് വിശേഷിപ്പിച്ചത്. സുഹ്രാൻ മംദാനി വെറുമൊരു മേയർ സ്ഥാനാർഥിയല്ല. ഭൂരിഭാഗം ഡെമോക്രാറ്റുകളാല്‍ തെരഞ്ഞെടുക്കപ്പെട്ടുവന്ന അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വലിയൊരു രാഷ്ട്രീയ പ്രസ്താവനയാണ്.
വർഗീയതയെ മറികടക്കുന്ന വർഗ പോരാട്ടം
പ്രമുഖ ജൂത-അമേരിക്കൻ ചിന്തകനായ നോർമൻ ഫ്ലിങ്കസ്റ്റൈൻ അഭിപ്രായപ്പെടുന്നത് മംദാനിയുടെ പ്രചാരണം പ്രധാനമായും ഒരു ക്ലാസ് പോരാട്ടമാണെന്നാണ്. യു.എസ് രാഷ്ട്രീയത്തില്‍ പ്രമുഖ ഡെമോക്രാറ്റ് നേതാവും സെനറ്ററുമായ ബെർണി സാൻഡേഴ്സ് തുടങ്ങിവെച്ച പോരാട്ടങ്ങളുമായി സാമ്യമുണ്ടെങ്കിലും മംദാനിയുടേത് വെറും സ്വത്വരാഷ്ട്രീയമല്ലെന്ന് ഫ്ലിങ്കസ്റ്റൈൻ പറയുന്നു. മുസ്ലിം പശ്ചാത്തലത്തെ മുൻനിർത്തി അദ്ദേഹത്തെ വർഗീയമായും മതപരമായ വഴിയിലൂടെയുമൊക്കെ എതിരിടാൻ ശത്രുക്കള്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടെങ്കിലും അത് തിരിച്ചടിക്കാനുള്ള സാധ്യത ഏറെയാണ്. പക്ഷേ, അദ്ദേഹത്തെ എതിർക്കുന്ന ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും സംയുക്തമായി മംദാനിയുടെ ക്ലാസ് പോരാട്ടത്തെ മറച്ച് ഐഡന്റിറ്റി പൊളിറ്റിക്സായി മാറ്റുകയെന്ന തന്ത്രം തുട൪ന്നും പയറ്റുകതന്നെ ചെയ്യുമെന്ന് ഫ്ലിങ്കസ്റ്റൈൻ നിരീക്ഷിക്കുന്നു.
എന്തായാലും അമേരിക്കയിലിപ്പോള്‍ കാറ്റ് മാറിവീശുകതന്നെയാണ്. സൗജന്യ ബസ് സർവിസ്, സൗജന്യ ശിശുരക്ഷ, നഗരസഭയുടെ കീഴില്‍ മിതമായ വിലക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന പലവ്യഞ്ജന ഷോപ്പ്, കോടീശ്വര വ്യാപാരികളില്‍നിന്ന് കൂടുതല്‍ നികുതി തുടങ്ങിയ ഉറച്ച നിലപാടുകളുടെ പേരില്‍ മംദാനിയെ പിന്തുണക്കുന്ന ശക്തമായ യുവതലമുറ രംഗത്തുണ്ട്. മംദാനി പ്രതിനിധാനംചെയ്യുന്നത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്, സയണിസ്റ്റ് സ്വാധീന ശക്തികള്‍ക്കും എന്നും സമൂഹത്തിന്റെ മേല്‍ ആധിപത്യം വാണരുളണമെന്ന് താല്പര്യമുള്ള വരേണ്യവർഗത്തിനുമെതിരായ രാഷ്ട്രീയ ജനാധിപത്യ പ്രതിരോധമാണ് അദ്ദേഹം ഉയ൪ത്തുന്നത്.