ജീവിത നിലവാര പ്രതിസന്ധിയുടെ മറുപുറം
text_fields'ജീവിത നിലവാര പ്രതിസന്ധി'യെന്ന് ഇപ്പോള്‍ ലോകബാങ്ക് വിവക്ഷിക്കുന്ന ഈ സാമ്പത്തികാവസ്ഥ യഥാർഥത്തില്‍ കഴിഞ്ഞ ദശകത്തിലെ ആഗോള മാന്ദ്യങ്ങളുടെ സഞ്ചിത സൃഷ്ടിയാണ്. സമർഥമായി ചൈനയുടെയും റഷ്യയുടെയും ചുമലില്‍മാത്രം കുറ്റം ചാർത്തുന്നതുകൊണ്ട് ഈ വസ്തുത മറക്കപ്പെടുന്നില്ല. അതേസമയം, ഈ രണ്ടു രാഷ്ട്രങ്ങൾക്കും ആഗോള മുതലാളിത്തത്തിനുള്ളിലെ വിമതചേരി എന്ന നിലയില്‍ ഇത്തരം മാന്ദ്യങ്ങള്‍ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും അമേരിക്കയോടും യൂറോപ്യന്‍ യൂനിയനോടും ജപ്പാനോടുമൊപ്പം കാര്യമായ പങ്കുണ്ട് എന്നതും തള്ളിക്കളയാന്‍ കഴിയില്ല. ബി.ജെ.പി സർക്കാറിെൻറ ആഭ്യന്തര നയങ്ങളും മൻമോഹൻ സിങ് ഭരിച്ച കാലത്തെപ്പോലെ മാന്ദ്യത്തെ പ്രതിരോധിക്കുന്നതല്ല എന്നതും എടുത്തുപറയേണ്ടതുണ്ട്
കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ലോകബാങ്കിന്റെ 'ലോക സാമ്പത്തിക വീക്ഷണം' ഇപ്പോഴത്തെ ആഗോള സാമ്പത്തികാവസ്ഥയെ നിർവചിക്കുന്നത് 'ജീവിത നിലവാര പ്രതിസന്ധി'യായിട്ടാണ് എന്നത് കൗതുകകരമാണ് (World Economic Outlook 2022: Countering the Cost-of-Living Crisis).
മുമ്പുണ്ടായിട്ടില്ലാത്ത വിധമുള്ള പണപ്പെരുപ്പവും സാമ്പത്തിക അനിശ്ചിതത്വവും സൃഷ്ടിക്കുന്ന ജീവിത നിലവാര പ്രതിസന്ധി വികസിത രാജ്യങ്ങളെ ബാധിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷക്കാലത്തിലധികമായിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തിലെ ദരിദ്രരാജ്യങ്ങളടക്കം എല്ലാവരും നേരിട്ട് അനുഭവിക്കുന്നുണ്ട്.
കോടിക്കണക്കിനു മനുഷ്യരെയാണ് ലോകമെമ്പാടും ഇത് പുതുതായി പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഇന്ത്യയിലാണെങ്കില്‍ നോട്ടുനിരോധനവും ജി.എസ്.ടിയുമടക്കമുള്ള ആഭ്യന്തര നയങ്ങള്‍ എരിതീയിലൊഴിച്ച എണ്ണയായി മാറിയിട്ടുണ്ട്. ഭക്ഷ്യവിലയും എണ്ണവിലയും കുതിച്ചുയരുന്നതിന്റെ ഭാരം താങ്ങാനാവാതെ വിശപ്പിന്റെയും മരണത്തിന്റെയും ഇടയിലൂടെ അനേക ലക്ഷംപേര്‍ സഞ്ചരിക്കുകയാണ്.
ഉൽപാദനം കുറയുകയും പണപ്പെരുപ്പംമൂലം അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള ക്രയശേഷി നഷ്ടപ്പെട്ട് പാർശ്വവത്കൃത ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും, അവർക്കൊപ്പം ഇടത്തരക്കാരും ഒരുപോലെ നട്ടംതിരിയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകൃഷി സംഘടന (FAO) പറയുന്നത് 1900ത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഭക്ഷ്യവിലകള്‍ കടന്നിരിക്കുന്നു എന്നാണ്. എന്നാല്‍, ഈ പ്രതിസന്ധിയുടെ കേവലമായ മുതലാളിത്ത കാഴ്ചപ്പാടിലുള്ള ഒരു ഹ്രസ്വകാല വീക്ഷണമാന് ലോകബാങ്കിന്റെ റിപ്പോർട്ടില്‍ കാണാന്‍ കഴിയുന്നത്.
മഹാമാരിക്കുശേഷമുള്ള കാലത്ത് ഭക്ഷ്യവസ്തുക്കൾക്കുണ്ടായ ആവശ്യ വർധനയാണ് ഇതിനു കാരണമെന്ന് പറയുന്നുണ്ടെങ്കിലും, "അക്കൊച്ചു വേണുഗോപാലനിൽ സർവത്ര കുറ്റവുംവെച്ചു വിധിയെഴുതുന്നു നീ!" എന്ന് ചങ്ങമ്പുഴ പറഞ്ഞതുപോലെ, ഇതിന്റെ കൂടുതല്‍ കുറ്റവും റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തില്‍ വെച്ചുകെട്ടാനാണ് ലോകബാങ്ക് ശ്രമിക്കുന്നത്. യുദ്ധം തീർച്ചയായും അതിന്റെ ചെറുതല്ലാത്ത പങ്ക് ഈ പ്രതിസന്ധിയുടെ വ്യാപനത്തില്‍ വഹിക്കുന്നുണ്ട്.
അതുപോലെ ചൈനയിലെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയാണ് മറ്റൊരു കാരണമായി ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഇതിനെല്ലാമുള്ള പങ്ക് പൂർണമായും നിഷേധിക്കാനാവില്ല. എന്നാല്‍, ഇത്തരം 'ജീവിതനിലവാര പ്രതിസന്ധി' എന്നത് ഒരു നിത്യപ്രതിഭാസമായി മാറ്റുന്നതില്‍ ലോകത്തിലെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് റിപ്പോർട്ട് മൗനം പുലർത്തുകയാണ്.
ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആഗോള സൂചികകള്‍ വിശ്വസിക്കുകയാണെങ്കില്‍ അവ വിരൽചൂണ്ടുന്നത് ലോകം മറ്റൊരു സാമ്പത്തികക്കുഴപ്പത്തിന്റെ പിടിയിലേക്ക് വീണുകഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്കാണ്. പുതിയ സഹസ്രാബ്ദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി മാറിയിട്ടുള്ളത്, കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ആഗോള മുതലാളിത്ത വ്യവസ്ഥയില്‍ രൂപംകൊണ്ടിട്ടുള്ള കടുത്ത അസ്ഥിരത്വമാണ്.
മുതലാളിത്ത ആഗോളക്രമം എല്ലാകാലത്തും നിരന്തരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് നമുക്കറിയാം. അത് ഈ സാമ്പത്തിക സംവിധാനത്തിന്റെ ജനിതകത്തില്‍ത്തന്നെയുള്ള പ്രതിഭാസമാണ്. ഇങ്ങനെയുണ്ടാകുന്ന പ്രതിസന്ധികള്‍ തൊഴിലാളി വർഗത്തിന് മുതലെടുക്കാന്‍ കഴിയുമെന്നും അങ്ങനെ തക്കം പാർത്തിരുന്ന് വ്യവസ്ഥയെ അടിച്ചുവീഴ്ത്താന്‍ വർഗശക്തിയിലൂടെ ഒരുങ്ങിയിരിക്കണമെന്നതും പ്രമാണമാക്കിയാണ് മുൻകാല മാർക്സിസ്റ്റ് ചിന്തകര്‍ 'ഇതാ ഇപ്പോള്‍ മുതലാളിത്തം തകർന്നുവീഴും' എന്ന് പറഞ്ഞുകൊണ്ടിരുന്നതും വലതുപക്ഷത്തിനു അതൊരു തമാശയായി മാറിയതും.
എന്നാല്‍, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ പഠിപ്പിച്ച വലിയ പാഠം, ഇത്തരം പ്രതിസന്ധികളെ ഓരോ ഘട്ടത്തിലും തരണം ചെയ്യാന്‍ മുതലാളിത്തത്തിന് കഴിയുന്നു എന്നതാണ്. ഇത്രയുംനാള്‍ തരണം ചെയ്തതുകൊണ്ട് ഇനിയും കഴിയണമെന്നില്ല എന്ന് ആർക്കും വാദിക്കാവുന്നതാണ്. പക്ഷേ, യഥാർഥത്തില്‍ രണ്ടു നൂറ്റാണ്ട് കാലത്തെ ഈ അനുഭവ ചരിത്രം നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്നാല്‍, 1990കളുടെ അവസാനം മുതൽക്ക് ഇങ്ങോട്ടുള്ള കാലത്തെ സാമ്പത്തിക ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒരു കാര്യം മുൻകാലങ്ങളെ അപേക്ഷിച്ച് ആഗോള പ്രതിസന്ധികള്‍ ഉരുണ്ടുകൂടുന്നതിനുള്ള ഇടവേളകള്‍ ഹ്രസ്വമാകുന്നു എന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ 1930കളില്‍ ഒരു വലിയ സാമ്പത്തികക്കുഴപ്പം ലോകത്തെ മുഴുവന്‍ ഗ്രസിച്ചതിനുശേഷം, സമാനമെന്നു പറയാന്‍ കഴിയില്ലെങ്കിലും, വിപുലമായ ഒരു ആഗോളമാന്ദ്യം ഉണ്ടാവുന്നത് 1970കളിലാണ്.
ചെറിയ പ്രാദേശിക സാമ്പത്തികക്കുഴപ്പങ്ങള്‍ ചില പ്രത്യേക സന്ദർഭങ്ങളില്‍ ഉണ്ടാവാറുണ്ടെങ്കിലും ആഗോളതലത്തില്‍ ആഞ്ഞടിക്കുന്ന തരത്തില്‍ ശക്തിപ്രാപിച്ച സാമ്പത്തിക പ്രതിസന്ധികള്‍ ഇവ രണ്ടും മാത്രമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും.
എന്നാല്‍, '80കളില്‍ മുതലാളിത്തലോകം നിയോലിബറലിസത്തിലേക്ക് നീങ്ങുകയും ലോക വ്യാപാര സംഘടനയിലൂടെയും ലോകബാങ്കിന്റെ സാമ്പത്തിക ക്രമീകരണ പദ്ധതിയിലൂടെയും അടുത്ത രണ്ടു ദശകങ്ങളില്‍ ലോകരാഷ്ട്രങ്ങളെ നിയോ ലിബറല്‍ വ്യാപാര നിബന്ധനകളിലേക്ക് വലിച്ചിഴക്കുകയും ചെയ്തതോടെ മുമ്പില്ലാത്തവിധമുള്ള സാമ്പത്തിക അസ്ഥിരത്വത്തിലേക്ക് ലോകം കൂപ്പുകുത്തുന്നതാണ് നാം കണ്ടത്.
ലോകത്തിലെ അവികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം പൂർണമായും കവർന്നെടുത്തുകൊണ്ടുള്ള പരിഷ്കാരങ്ങളാണ് അന്ന് നടപ്പിലാക്കിയത്. അവയുടെ അനന്തരഫലമായിരുന്നു 1997ലുണ്ടായ ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി. അത് ഏഷ്യ അച്ചുതണ്ടാവുന്ന ആദ്യത്തെ ആഗോള പ്രതിസന്ധിയായിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
യൂറോപ്യന്‍-അമേരിക്കന്‍-ജാപ്പനീസ് സാമ്പത്തിക അച്ചുതണ്ടിന് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ലോക സമ്പദ് വ്യവസ്ഥയെ പുനഃക്രമീകരിക്കുകയെന്ന ലക്ഷ്യമാണ് നിയോലിബറല്‍ നയങ്ങള്‍ ആഗോളതലത്തില്‍ വിതരണം ചെയ്യുന്നതിന് പിന്നിലുണ്ടായിരുന്നത്.
പുതിയ ഡിജിറ്റല്‍-ജനിതക സാങ്കേതിക വിദ്യകളുടെ മേഖലകളിൽ നടക്കുന്ന ഗവേഷണങ്ങളും അതുണ്ടാക്കുന്ന ഉൽപാദനക്ഷമതാപരമായ കുതിച്ചുചാട്ടങ്ങളും സ്വന്തം അധീനതയില്‍ നിലനിർത്താനുള്ള അവരുടെ ലാഭതാല്പര്യങ്ങളായിരുന്നു ഇതിന്റെ പ്രധാന പ്രേരണ. എന്നാല്‍, നിയോലിബറല്‍ അന്തരീക്ഷത്തിലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ അഭൂതപൂർവമായ വളർച്ച ലോകമുതലാളിത്തത്തിന് ഒരുവശത്ത് അനേകം സാധ്യതകളും മറുവശത്ത് ഒട്ടേറെ പ്രതിബന്ധങ്ങളും സൃഷ്ടിച്ചു.
'80കളില്‍ തുടങ്ങി '90കളില്‍ എത്തുമ്പോഴേക്ക് ലോകത്തിന്റെ സാമ്പത്തിക മുഖച്ഛായ ഏതാണ്ട് പൂർണമായും മാറിക്കഴിഞ്ഞിരുന്നു. ആദ്യം ചൈനയും പിന്നീട് ഇന്ത്യയും നിയോലിബറല്‍ സമ്മർദത്തിനു വഴങ്ങിയതോടെ ഏഷ്യയിലെ ചെറുരാഷ്ട്രങ്ങള്‍ മുഴുവനും പുതിയ വ്യവസ്ഥയുമായി സമരസപ്പെടാന്‍ നിർബന്ധിതരായി.
പക്ഷേ, ഒരിക്കലും ആരും ഉറക്കെപ്പറയാന്‍ തുനിയാത്ത കാര്യം, ഈ നിയോലിബറല്‍ ചുവടുമാറ്റവും അതിന്റെ നേട്ടങ്ങള്‍ സ്വയം കൊയ്യാനുള്ള യൂറോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെ ആർത്തികളും ചേർന്നാണ് ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലകളെത്തന്നെ ഇളക്കിപ്രതിഷ്ഠിച്ചത് എന്ന വസ്തുതതാണ്. അതിനെ സ്വാഭാവികവത്കരിക്കുന്ന സമ്പദ്ശാസ്ത്രത്തിനാണ് എപ്പോഴും നൊബേല്‍ സമ്മാനം ലഭിക്കുന്നത് എന്നതുകൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ഈ ചുവടുമാറ്റമാണ് യഥാർഥത്തില്‍ ലോക സമ്പദ് വ്യവസ്ഥയെ മുമ്പില്ലാത്തവിധം ക്ഷതബദ്ധവും അസ്ഥിരവുമാക്കിത്തീർത്തത്. നേരത്തെ സൂചിപ്പിച്ച ഏഷ്യന്‍ പ്രതിസന്ധിയെത്തുടർന്ന് 1999-2000 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഡോട്ട്‌കോം ബബ്ള്‍ പ്രതിസന്ധി ഡിജിറ്റല്‍ മേഖലയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതായിരുന്നു. ഇതിനെത്തുടർന്ന് 2000ല്‍ത്തന്നെ ഒരു ആഗോളമാന്ദ്യം രൂപപ്പെട്ടു.
പിന്നീട് അതില്‍നിന്ന് ലോക സമ്പദ് വ്യവസ്ഥ കരകയറുന്നതിനു മുമ്പുതന്നെ ലാറ്റിനമേരിക്കന്‍ പ്രതിസന്ധികളും 2003ലെ എണ്ണ പ്രതിസന്ധിയും തുടർന്ന് ലോകത്തെ പിടിച്ചുകുലുക്കിയ 2007-2009 കാലത്തെ അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിയുമുണ്ടായി. 2010നു ശേഷമുണ്ടായ ഗ്രീസിലെ ധനകാര്യ പ്രതിസന്ധി, വികസിത ലോകത്തിന്റെ തന്നെ പ്രാന്തങ്ങള്‍ പ്രശ്നവിമുക്തമല്ല എന്ന ശക്തമായ സൂചന നല്കുന്നതായിരുന്നു. 2014 ആയപ്പോഴേക്ക് മറ്റൊരു ആഗോളമാന്ദ്യം രൂപംകൊള്ളാന്‍ തുടങ്ങി. 2019ല്‍ അതിന് ആക്കംകൂടുകയും തുടർന്ന് ഇപ്പോഴത്തെ പണപ്പെരുപ്പത്തിന്റെ മൂലകാരണമായി മാറുകയും ചെയ്തു.
'ജീവിത നിലവാര പ്രതിസന്ധി'യെന്ന് ഇപ്പോള്‍ ലോകബാങ്ക് വിവക്ഷിക്കുന്ന ഈ സാമ്പത്തികാവസ്ഥ യഥാർഥത്തില്‍ കഴിഞ്ഞ ദശകത്തിലെ ആഗോള മാന്ദ്യങ്ങളുടെ സഞ്ചിത സൃഷ്ടിയാണ്. സമർഥമായി ചൈനയുടെയും റഷ്യയുടെയും ചുമലില്‍മാത്രം കുറ്റം ചാർത്തുന്നതുകൊണ്ട് ഈ വസ്തുത മറക്കപ്പെടുന്നില്ല.
അതേസമയം, ഈ രണ്ടു രാഷ്ട്രങ്ങൾക്കും ആഗോള മുതലാളിത്തത്തിനുള്ളിലെ വിമതചേരി എന്ന നിലയില്‍ ഇത്തരം മാന്ദ്യങ്ങള്‍ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും അമേരിക്കയോടും യൂറോപ്യന്‍ യൂനിയനോടും ജപ്പാനോടുമൊപ്പം കാര്യമായ പങ്കുണ്ട് എന്നതും തള്ളിക്കളയാന്‍ കഴിയില്ല. ബി.ജെ.പി സർക്കാറിന്റെ ആഭ്യന്തര നയങ്ങളും മൻമോഹൻ സിങ് ഭരിച്ച കാലത്തെപ്പോലെ മാന്ദ്യത്തെ പ്രതിരോധിക്കുന്നതല്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.
ഇപ്പോഴത്തെ സാമ്പത്തികക്കുഴപ്പം, കേവലമായ 'ജീവിത നിലവാര പ്രതിസന്ധി' എന്നതിനപ്പുറം ഘടനാപരായ തൊഴിലില്ലായ്മയും പ്രാന്തവത്കരണവും ക്രയശേഷി നഷ്ടവും ഉൽപാദന മാന്ദ്യവും സൃഷ്ടിച്ചുകൊണ്ട് ലോകത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തിയിരിക്കുന്നു. കോടാനുകോടി പ്രാന്തവത്കൃതരെ അരക്ഷിതരാക്കിയിരിക്കുന്നു. എന്നാല്‍, സ്വന്തം തടി രക്ഷിക്കാനുള്ള മുതലാളിത്ത ക്രമീകരണ പരിഹാരങ്ങളല്ലാതെ ലോകബാങ്ക് ഇക്കുറിയും മറ്റൊന്നും മുന്നോട്ടുവെക്കുന്നുമില്ല.