എന്നിട്ടും അവർ പറയുന്നു ‘അമ്മ’ക്ക് രാഷ്ട്രീയമില്ലത്രെ!
text_fieldsനമ്മൾ എത്രയെത്ര ചെറുകിട ദൈവങ്ങളുടെ അന്നം മുട്ടിച്ചു. ആ പാവങ്ങൾ ഒരൊറ്റ മുദ്രാവാക്യത്തിനു മുന്നിൽ പേടിച്ച് സ്വന്തം ദൈവപ്പീടിക പൂട്ടിപ്പോയി! ഗ്രാമങ്ങളും തെരുവുകളും അതോടെ ഏറക്കുറെ ആൾദൈവ മുക്തമായി! ചരട് മന്ത്രിച്ചും ഉറുക്കു കെട്ടിയും വെള്ളത്തിൽ ഊതിയും തകിട് ചൂടാക്കിയും ഒരുവിധം കഴിഞ്ഞുപോന്നിരുന്ന എത്രയോ പേരിപ്പോൾ പട്ടിണിയിലാണ്. ചിലർ തടവറയിലും മറ്റുചിലർ മനോരോഗ ചികിത്സയിലും! വാർഡ് പഞ്ചായത്ത് തലത്തിലുള്ള ലോക്കൽ ആൾദൈവങ്ങൾ തകർന്നപ്പോൾ, ഒന്നുകൂടി വളർന്നുവലുതായത് കോർപറേറ്റ് ആൾദൈവങ്ങളാണ്. അവർക്കു മുന്നിൽ സംഘടനകൾ മാത്രമല്ല, സർക്കാറുകൾപോലും സ്തംഭിച്ചു.
നവോത്ഥാനവും മാനവികതയും മുട്ടുകുത്തി! മാധ്യമങ്ങൾ അവർക്കുമുന്നിൽ കിടന്നുരുണ്ടു. പത്തിമടക്കാത്തവർക്കെതിരെ വൻകിട ആൾദൈവങ്ങൾ ഭീഷണികൾ മുഴക്കി. മതതത്ത്വശാസ്ത്രവും മതരഹിത തത്ത്വശാസ്ത്രങ്ങളും തള്ളിക്കളഞ്ഞിട്ടും അവരുടെ കരുത്ത് വർധിച്ചു. മുമ്പ് പത്ത് രൂപക്ക് ഉദ്ദിഷ്ടസിദ്ധി സാക്ഷാത്കാരത്തിനുള്ള മോതിരങ്ങൾ കിട്ടുമായിരുന്നു. ഇപ്പോൾ കുറഞ്ഞത് ആയിരംരൂപ വരെയായി. എന്ത് കെട്ടുകഥയും വെള്ളംകൂട്ടാതെ വിഴുങ്ങുന്നവർ നാട്ടിൽ പെരുച്ചാഴികളെപ്പോലെ പെരുകി. ചോദ്യമില്ല, വിമർശനമില്ല, അന്വേഷണമില്ല, അതെ അതെ എന്ന വിഴുങ്ങൽസമ്മതം മാത്രം. എന്തിന് ആൾദൈവം എന്ന പ്രയോഗംപോലും മതത്തെ അവഹേളിക്കാനുള്ള കമ്യൂ-ജിഹാദി പ്രയോഗമാണെന്ന് ഫാഷിസ്റ്റ് ചിന്തകർ ശഠിച്ചു.
എന്തുമാവാം എന്ന അഴകൊഴമ്പനിസം അരങ്ങ് തകർക്കുകയാണ്. എന്തുവന്നാലും എനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ള അധികാരം എന്നതിൽ അഭിരമിക്കുന്നവരുടെ എണ്ണം ഏറുകയാണ്. തന്ത്രിയെന്നും മന്ത്രിയെന്നുമുള്ള വ്യത്യാസമില്ല. സർവകലാശാലയെന്നും ഐക്യരാഷ്ട്രസഭയെന്നുമുള്ള അന്തരമില്ല. ഇപ്പോൾ നവോത്ഥാനത്തിൽനിന്നും പുനരുത്ഥാനത്തിലേക്കുള്ള തിരിച്ചുനടത്തമാണ് ആഘോഷിക്കപ്പെടുന്നത്. ജ്വലിക്കുന്ന കാഴ്ചപ്പാടുകളിൽനിന്നും, അഴുക്കുചാലിലേക്കുള്ള വീഴ്ചയാണ് വാഴ്ത്തപ്പെടുന്നത്. ‘പറച്ചിൽപുരോഗമനവാദി’കളുടെ എണ്ണം കൂടുമ്പോൾ, ‘ചെയ്യൽപുരോഗമനവാദി’കളുടെ എണ്ണം കുറയുന്നതിന്റെ അപായമുന്നറിയിപ്പിന്റെ മണിമുഴക്കമാണ് കേൾക്കുന്നത്.
അന്വേഷണങ്ങൾ, അനുഗ്രഹനിഗ്രഹങ്ങൾക്കിടയിൽ അവസാനിച്ചുപോവുന്നതിന്റെ തത്ത്വചിന്തയാണ് പകർച്ചവ്യാധിപോലെ പടരുന്നത്. വിമർശനബോധത്തെ തോട്ടിലെറിയാനുള്ള താരാട്ടാണ്, അല്ലാതെ കാലം പ്രതീക്ഷിക്കുന്ന പോരാട്ടത്തിന്റെ പാട്ടല്ല കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നത്. കോർപറേറ്റ് ആൾദൈവ വിമർശനം അട്ടത്തുവെച്ചാൽ, മുമ്പ് നടന്ന അന്ധവിശ്വാസ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി, അനാഥരായ ദരിദ്രദൈവങ്ങളോട് ആര് സമാധാനം പറയും. അവരാരും ഐക്യരാഷ്ട്രസഭയിൽ പോയിട്ടില്ലാത്തതുകൊണ്ടാണോ? മഹാരഥന്മാരെ അണിനിരത്തി ജന്മദിനം പൊടിപൊടിക്കാത്തതുകൊണ്ടാണോ? എന്തിന്റെ പേരിലാണവരെ മുഴുവൻ പൂട്ടിയത്? പെട്ടിപ്പീടികകൾ വേണ്ട, അന്ധവിശ്വാസത്തിന്റെ ഷോപ്പിങ് മാളുകൾ മതി എന്നതുകൊണ്ടാണോ?
‘കേരളം പ്രത്യക്ഷത്തിന്നപ്പുറം’ എന്ന പുരോഗമന കലാസംഘം നയരേഖയിലെ കണ്ടെത്തലിന് അടിവരയിടുംവിധമുള്ള കാര്യങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാംസ്കാരിക ഇടപെടലിന്റെ ശക്തികുറഞ്ഞാൽ നവോത്ഥാന മൂല്യങ്ങളിൽ ചിലതെങ്കിലും മ്യൂസിയം പീസാവും. ഇങ്ങനെയൊക്കെയാണെങ്കിലും, പരിമിതികൾ ഉണ്ടെങ്കിലും കേരളത്തിന്റെ നവോത്ഥാന കാഴ്ചപ്പാട് അമൃതാനന്ദമയിയുടെ ആശ്ലേഷത്തിനും ആദരണീയനായ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഒരു ഉമ്മക്കു മുന്നിലും ഉലയുകയില്ല.
ജനകീയ അധികാരം കൊള്ളരുതായ്മക്കുമുള്ള എക്സ്ക്യൂസല്ല, അതാവശ്യപ്പെടുന്നത് സൂക്ഷ്മജാഗ്രതയാണ്. 2004ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി-ഭക്തനാണെന്ന് തോന്നുന്നു- അമ്മയെ സന്ദർശിച്ചു. രോഷാകുലനായ അഴീക്കോട് മാഷ് അതിനെതിരെ ഒരു പ്രബന്ധം എഴുതി. ആ പ്രബന്ധം അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഒരാഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. ഉടൻ വരുമെന്ന് മാഷ് കരുതി. വേഗത്തിൽ തിരിച്ചയക്കപ്പെടുകയാണുണ്ടായത്. ആൾദൈവം എന്തുകൊണ്ടാണ് സംവാദങ്ങളെ ഭയക്കുന്നത് എന്ന് ചോദിക്കാനല്ല, എന്തിനെക്കുറിച്ചും സംവാദങ്ങളൊരുക്കുന്ന ആ ആഴ്ചപ്പതിപ്പ് എന്തുകൊണ്ട് ആ ആൾദൈവത്തെക്കുറിച്ചൊരു പ്രബന്ധംപോലും പ്രസിദ്ധീകരിച്ചില്ല എന്നുള്ളതാണ് അന്വേഷിക്കപ്പെടേണ്ടത്.
അഴീക്കോട് മാഷ് എഴുതി: മാതാ അമൃതാനന്ദമയിയെക്കുറിച്ച് പല നിഗൂഢവസ്തുതകളും പരസ്യപ്പെടുത്തിയ ഒരെഴുത്തുകാരനെതിരെ നടപടികളെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി (ആന്റണി) അനുവദിച്ചതായി അറിയുന്നു. എന്തുകൊണ്ട് കരുണാവാരിധിയും സ്നേഹമയിയുമായ മാതാവ് ഈ രോഷപ്രകടനം വേണ്ടെന്നു പറഞ്ഞില്ല? എനിക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്ന ചെറിയൊരഹങ്കാരം എനിക്കുണ്ടായിരുന്നു. ആ അഹങ്കാരം നഷ്ടപ്പെട്ടു. നിർബന്ധംമൂലം ഞാൻ പതിവായെഴുതുന്ന ആഴ്ചപ്പതിപ്പിലേക്ക് ഇത് ഞാൻ ആദ്യം അയച്ചുകൊടുത്തു. അവർ ഇത് മടക്കി അയച്ചു.
എന്റെ പതിറ്റാണ്ടുകൾ നീണ്ട സാഹിത്യജീവിതത്തിൽ ആദ്യമായാണ് ഒരു ലേഖനം മടങ്ങിവരുന്നത്. കാരണം അറിഞ്ഞപ്പോൾ പത്രത്തെ കുറ്റപ്പെടുത്താനായില്ല. മാതാവിന്റെ സ്ഥാപനങ്ങളുടെ വക എത്രയോ കോടിരൂപയുടെ പരസ്യം വേണമോ അഴീക്കോടിന്റെ ലേഖനം വേണമോ എന്ന ചോദ്യത്തിന്, അമൃതാമാതാവിനെ അവർ ആലിംഗനം ചെയ്തു. നന്നായി, എന്നെ ഇന്നോളം ആരും ആലിംഗനം ചെയ്തിട്ടില്ല.
പക്ഷേ, മാതാവിന്റെ പ്രവർത്തനങ്ങളെ താത്ത്വികരീതിയിൽ പരിശോധിക്കുന്ന പ്രബന്ധം, എത്രയോ വർഷങ്ങളായി എഴുതിവരുന്ന ഒരാൾ എഴുതിയാൽപോലും പ്രസിദ്ധീകരണം തടസ്സപ്പെടുന്ന സ്ഥിതിയാണ് ഇവിടെ നാം കാണുന്നത്. ഇതാണോ അമൃതാനന്ദമയിയുടെ യഥാർഥ രൂപം? ഭരണഘടന ഉറപ്പിച്ച ആശയപ്രചാരണ സ്വാതന്ത്ര്യം പണവും അധികാരവും ഉപയോഗിച്ച് തടസ്സപ്പെടുത്തുന്ന ഭക്തശക്തികൾ ഇവിടെയുണ്ടെന്ന് നമുക്കറിയാം. ആ കൂട്ടത്തിലാണോ അമൃതാനന്ദമയിയുടെ ഇരിപ്പ്! മാതാവ് മാത്രമല്ല, ആന്റണിപ്രഭൃതികളായ അനുയായിവൃന്ദവും ഇതിന് മറുപടി പറഞ്ഞാൽ നന്ന് (ദേശാഭിമാനി മാർച്ച് 24, 2004).
അവരന്ന് എന്ത് മറുപടി പറഞ്ഞു എന്നറിയില്ല! നാല് പതിറ്റാണ്ടിനുമുമ്പ് അമൃതാനന്ദമയിമഠം പരിഭവിച്ചത് മാധ്യമങ്ങൾ തങ്ങൾക്കു വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നായിരുന്നു. എന്നാലിപ്പോൾ അവർക്ക് വൻ പിന്തുണ കിട്ടുകയും വിമർശനങ്ങൾക്ക് മാധ്യമങ്ങൾ അർഹിക്കുംവിധമുള്ള പിന്തുണ നൽകാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ്. ഏത് വകുപ്പിൽപെട്ട ആൾദൈവങ്ങളും നിലയുറപ്പിക്കുന്നത് കമ്പോള ആത്മീയതയിലാണ്. അതുകൊണ്ടാണ് മതാത്മകമോ മതരഹിതമോ ആയ ഒരാത്മീയതയെയും ആൾദൈവ ആത്മീയതക്ക് അഭിമുഖീകരിക്കാൻ ആവാത്തത്.
വൻ പരസ്യങ്ങളും നാനാപ്രകാരമുള്ള അധികാര പിന്തുണയും വ്യക്തികേന്ദ്രിത ഉപരിപ്ലവ ഭക്തിയും ഇല്ലാതായാൽ ഏത് ആൾദൈവ വ്യവസായവും പ്രതിസന്ധിയിലാവും. മതാത്മക ആത്മീയതക്കും മതേതര ആത്മീയതക്കുമിടയിൽ വൻമതിലുകളില്ല. ഒരാൾ അഗാധ മതവിശ്വാസിയാവുമ്പോൾ അനിവാര്യമായും, മതേതര ആത്മീയതയിൽ സ്വയമറിഞ്ഞും അറിയാതെയും എത്തിച്ചേരും. അതുപോലെ മതരഹിതരും അഗാധമായ സ്വയംബോധ്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, സ്വയം ആത്മീയ നിർവൃതിയിൽ അനുഭൂതിപ്പെടും.
മതേതര ആത്മീയത പ്രഖ്യാപിത മതരഹിതരുടെ മാത്രം അനുഭൂതി ലോകമല്ല. നീതി ആരുടെ ജീവിതത്തെയാണോ നയിക്കുന്നത്, സൗന്ദര്യാത്മക പ്രയോഗം ഏതൊരു ജീവിതത്തെയാണോ സൂക്ഷ്മപ്പെടുത്തുന്നത്, അധികാര ഭാരം ആരിൽനിന്നാണോ ഇറങ്ങിപ്പോവുന്നത്, അപരവിദ്വേഷ വിഷമുക്തമാവുന്ന വാക്കിലും ചെയ്തിയിലും നിനവിലും കിനാവിലും ആരാണോ ഉന്മത്തമാവുന്നത്, അവരൊക്കെയും ഭൗതികതയും ആത്മീയതയും ഒരേസമയം അനുഭവിക്കും. മുത്താകും മുമ്പ് ഒരു മഞ്ഞുതുള്ളിക്ക് അനവധി കടമ്പകൾ കടക്കാനുണ്ടെന്ന് മിർസാഗാലിബ്.
വാടകക്കെടുത്ത ചിറകുകളിൽ അധികദൂരം ആർക്കും പറക്കാനാവില്ലെന്ന് ജിബ്രാനും! അപരനുവേണ്ടി അഹർനിശം പ്രയത്നം കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു എന്ന് ശ്രീനാരായണ ഗുരുദേവൻ. മതമുള്ളവരും മതമില്ലാത്തവരുമടക്കമുള്ള സർവ മനുഷ്യരും കൃപാലുവായാൽ അതോടെ മത ആത്മീയത, മതേതര ആത്മീയത എന്ന വിഭജനം പ്രായോഗികതലത്തിൽ അപ്രസക്തമാവും. സൈദ്ധാന്തികതലത്തിൽ തുടരും. അനുഷ്ഠാനങ്ങളുടെ താഴ്വരകളിൽ തർക്കം തുടരുമ്പോൾ, ആത്മസാക്ഷാത്കാരത്തിന്റെ കൊടുമുടിയിൽ അനിവാര്യമായാൽ മാത്രം; അപരവിദ്വേഷപോരില്ലാത്ത സ്നേഹസംവാദങ്ങൾ ഉണ്ടാവും. അതാവട്ടെ വ്യത്യസ്ത ആത്മീയാന്വേഷണങ്ങളെ പോഷിപ്പിക്കും, വികസിപ്പിക്കും. ആൾദൈവങ്ങളെ ആഘോഷിക്കുന്ന കമ്പോള മത പ്രവണതകൾക്ക് തലകുത്തിനിന്നാൽപോലും, ഒരുവിധ ആത്മീയതയിലേക്കും വിസ്തൃതപ്പെടാനാവില്ല.
കേരളത്തിൽ ആൾദൈവങ്ങൾക്കെതിരെ എത്രയോ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ദിവ്യാത്ഭുത അനാവരണ പരിപാടികളും നടന്നിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകൻ, വിമർശകൻ എന്നനിലയിൽ ഞാനും മുമ്പ് രണ്ട് പുസ്തകം എഡിറ്റ് ചെയ്തു. അമൃതാനന്ദമയിയുടെ രാഷ്ട്രീയം, Amrithanandamayi: The secret agent of Sangh Parivar. മൈത്രി ബുക്സാണ് ഇരുപതു കൊല്ലം മുമ്പ് രണ്ടും പ്രസിദ്ധീകരിച്ചത്. ഡോ. എച്ച്. നരസിംഹയ്യ, ഡോ. എ.ടി. കോവൂർ, ശ്രീനി പട്ടത്താനം, യു. കലാനാഥൻ, മുകുന്ദൻ സി. മേനോൻ, ജെ. രാജശേഖരൻ നായർ, സുകുമാർ അഴീക്കോട്, സക്കറിയ, കെ. വേണു, ഡോ. പി.കെ. പോക്കർ, പുത്തലത്ത് ദിനേശൻ, പി.എം. മനോജ്, എം.കെ. ജയരാജ്, റെനി ജോർജ്, ജയേഷ് കെ. കെ., ആർ. ജിലാസർ കല്ലടിയിൽ, കൈനകരി വിക്രമൻ, മുസ്തഫ ദേശമംഗലം തുടങ്ങിയവർ അന്ന് എഴുതിയതിന്റെ സാരാംശം ഒറ്റവാക്കിൽ ഒതുക്കിയാൽ, ഇപ്പോൾ ജയിൻരാജിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട, വല്യ ഡെക്കറേഷൻ ഒന്നും വേണ്ട; സുധാമണി എന്ന ഫേസ്ബുക്ക് പോസ്റ്റിലെത്തും.
അന്ന്, അതായത്, അരനൂറ്റാണ്ടിനും മുമ്പ്, ‘അമൃതാനന്ദമയിയുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിന്, എഡിറ്റർ എന്നനിലയിൽ ഞാനെഴുതിയ ആമുഖത്തിൽനിന്നും, ഒന്നിനും വേണ്ടിയല്ല, സാംസ്കാരികമായി നമ്മളെവിടെയെത്തി എന്നറിയാനും സ്മരണകൾക്കെങ്കിലും കാവൽനിൽക്കാനും വേണ്ടി ആ ദീർഘമായ പ്രബന്ധത്തിലെ കുറച്ചുഭാഗം മാത്രം എടുത്തുചേർക്കുന്നു.
‘ഐക്യകേരളമുണ്ടായത് മലയാളത്തനിമയുടെ അകത്തളങ്ങളിൽവെച്ചായിരുന്നെങ്കിൽ; ഇന്ന് മലയാളി മധ്യവർഗത്തിലെ വലിയൊരു വിഭാഗത്തിലെ നവമാന്യത പൂക്കുന്നത് ആംഗല പൊങ്ങച്ചങ്ങളിലും ആൾദൈവപ്രൗഢികളിലും വെച്ചാണ്. ഐക്യഗീതികളിലല്ല, സങ്കുചിതത്വത്തിന്റെ ചങ്ങലക്കിലുക്കങ്ങളിലാണ് ഇപ്പോൾ മലയാളികളിൽ പലരും പുളകംകൊള്ളുന്നത്. നരച്ച പഴയ ജാതിക്കൊപ്പം, തിളങ്ങുന്ന നവജാതികളും ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു. തൊട്ടുകൂടാത്തോർ തീണ്ടിക്കൂടാത്തോർ ദൃഷ്ടിയിൽപെട്ടാൽപോലും ദോഷമുള്ളോർ പെരുകുകതന്നെയാണ്.
സ്നേഹം നരകത്തിൻ നടുവിൽ സ്വർഗഗേഹം പണിയും പടുത്വം എന്ന വിവേകമാണ് ഭ്രാന്തമായ മത്സരത്തിന്റെ കുത്തിയൊഴുക്കിൽ ഒലിച്ചുപോകുന്നത്. എവിടെന്റെ കിനാക്കൾ വിതച്ചോരിടിമിന്നലു പൂക്കും വാനം എന്ന് വിളിച്ചു കേഴാൻപോലും കഴിയാത്തവരായി വലിയൊരു വിഭാഗം മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരവസ്ഥയെ ആശ്ലേഷിക്കാനാണ്, അമ്മദൈവങ്ങൾ കൈകൾ നിവർത്തുന്നത്. പാർട്ടി യൂനിയൻ ഒക്കെ ശരി, എനിക്കിത്തിരി ജ്യോതിഷവും മന്ത്രവാദവുമൊക്കെയുണ്ട് എന്ന് പരസ്യപ്പെടുത്തുന്നതിൽ പുളകിതരാകുന്ന ഒരു രാഷ്ട്രീയവ്യവസ്ഥയാണ് ഇപ്പോൾ കേരളത്തിലാധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ജീവിതം അനുദിനം ദൈവവത്കരിക്കപ്പെടുന്നത് മനുഷ്യർ അത്ഭുതകരമാംവിധം അഗാധവിശ്വാസികളായി മാറുന്നതുകൊണ്ടല്ല, മറിച്ച് ദൈവങ്ങൾക്കിപ്പോൾ കേരളത്തിലും നല്ല മാർക്കറ്റ് ഉള്ളതുകൊണ്ടാണ്. ജിന്ന്, ഭൂത േപ്രത പിശാചുക്കളെ കുടിയിറക്കുന്ന തങ്ങളുപ്പാപ്പയുടെ ഉറുക്ക്, പാലു കുടിക്കുന്ന ഗണപതി, ചോര കുടിക്കുന്ന യക്ഷി, യാഗം നടത്തി മഴപെയ്യിക്കുന്ന ചോമാതിരി, സ്വയംഭരണാവകാശമുള്ള വികേന്ദ്രീകൃത വാർഡ് ദൈവങ്ങൾ, ആഗോളമാനമുള്ള വൻ ദൈവങ്ങൾ, അവരുടെ ലോക്കൽ ബ്രാഞ്ചുകൾ, ഏജന്റുമാർ... എങ്ങും ആത്മീയസാഗരം അലയടിക്കുകയാണ്.
മെതിയടി, തുപ്പൽ കോളാമ്പി, പൊട്ടക്കിണർ കെട്ടുപഴക്ക് തുണി തുടങ്ങിയ പഴംചരക്കുകളെല്ലാം പവിത്രവസ്തുക്കളായി എത്ര പെട്ടെന്നാണ് രൂപംമാറുന്നത്. ഭൂതകാലത്തിന്റെ ചപ്പുചവറുകൾക്കിടയിൽനിന്ന് നാളെ ഒരു തുപ്പൽകോളാമ്പി ദൈവം തലപൊക്കിയാൽ അതിനു മുന്നിലും തലതാഴ്ത്തി കൈകൂപ്പി നിൽക്കാനാളുണ്ടാകും! മത-ജാതി സങ്കുചിതത്വത്തെ കീറിമുറിച്ചു കുതിച്ച കേരളം ഇപ്പോൾ കിതക്കുന്നത് എത്ര ഉച്ചത്തിലാണ്. മനുഷ്യർ മനുഷ്യരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവസ്ഥകളെത്തന്നെ അസാധ്യമാക്കുംവിധം കേരളീയ സമൂഹവും ഒരു കീഴ്മേൽ മറിച്ചിലിന്റെ പിടച്ചിലുമായാണ് ഇപ്പോൾ കിതക്കുന്നത്. ഇങ്ങനെപോയാൽ എന്ന ഭീതി ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യരെ മുഴുവൻ പിടികൂടി കഴിഞ്ഞിരിക്കുന്നു. വലുതാവുന്നു നോക്കിനിൽക്കെയീ/ ച്ചോരത്തുള്ളി ഭൂഗോളത്തോളം/ വലുതാവുന്നു ഭയം/ രാത്രിയിൽ കടൽപോലെ (സച്ചിദാനന്ദൻ).
മുരളിമനോഹർ ജോഷിയുടെ ഏകതായാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തത് അമൃതാനന്ദമയിയാണ്. അമ്മക്ക് രാഷ്ട്രീയമില്ലെന്നാണ് എന്നിട്ടും മക്കൾ പറയുന്നത്! ഗെയിൽ ട്രെഡ് വെല്ലിന് ആശ്രമത്തിന് അകത്തെ അനീതികളെക്കുറിച്ച് കണ്ണീരൊലിപ്പിച്ച് പറയേണ്ടിവന്നു. എന്നിട്ടും അമ്മക്ക് രാഷ്ട്രീയമില്ലെന്നാണ് മക്കൾ പറയുന്നത്. സത്നാം സിങ്ങിനെയും മറക്കരുത്. പ്രശസ്ത സാഹിത്യ പ്രതിഭ കെ.ആർ. മീര അമ്മയുമായി നേർക്കുനേർ ഒരഭിമുഖം നടത്താനുള്ള താൽപര്യം മുമ്പ് പ്രകടിപ്പിച്ചപ്പോൾ, ചോദ്യങ്ങൾ മുൻകൂട്ടി നൽകണമെന്ന നിലപാടാണ് ആശ്രമത്തിന്റെ പി.ആർ.ഒ ചുമതലയുള്ള സ്വാമി ധ്യാനാമൃത ചൈതന്യ സ്വീകരിച്ചത്.
മഠം ആർ.എസ്.എസുകാരുടെ കൈയിലാണല്ലോ എന്ന ചോദ്യത്തിന് മാതാ അമൃതാനന്ദമയി നൽകിയ മറുപടി ഇങ്ങനെ: കുറെപ്പേർ ആർ.എസ്.എസിനോട് കൂറുപുലർത്തുന്നുണ്ട്. കാരണം, സനാതന ഹിന്ദു കുടുംബങ്ങളിൽനിന്നു വരുന്നവരാണ് ഇവിടെ എത്തുന്നത്. 2005 സെപ്റ്റംബർ 24-27ന് എറണാകുളത്ത് നടന്ന അമൃതവർഷ മഹാസമ്മേളനത്തിൽ വെച്ചാണ്, തർക്കസ്ഥലം (ബാബരി പള്ളി നിൽക്കുന്ന ഇടം) ക്ഷേത്ര നിർമാണത്തിന് കൈമാറണം എന്ന് എൽ.കെ. അദ്വാനി ആവശ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന് അമ്മയുടെ പ്രത്യേകമായ ആശീർവാദം ലഭിച്ചിട്ടുണ്ടെന്ന് അഭിമാനപൂർവം അശോക് സിംഗാൾ പറഞ്ഞതും ഓർക്കണം. എന്നിട്ടും അമ്മക്ക് രാഷ്ട്രീയമില്ലെന്നാണ് മക്കൾ പറയുന്നത്!
മനുഷ്യജീവിതത്തിന്റെ ആകാശങ്ങളിൽ ഇനിമുതൽ യുക്തിയുടെ സൂര്യൻ ഉദിക്കരുതെന്ന് കൽപിക്കാൻ ഇവരാരാണ്? തിന്മ തലക്കു മുകളിൽ കാൽവെച്ച് നിൽക്കുമ്പോൾ നമ്മളിനിയുമതിന്റെ മുന്നിൽ തൊഴുത് നിൽക്കണമെന്നാണോ? കോർപറേറ്റ് ആൾദൈവങ്ങളുടെ രാഷ്ട്രീയം, മനുഷ്യാസ്തിത്വത്തിന്റെ മുന്നിലുയർന്ന വെല്ലുവിളികളോട് നേരിട്ട് സംവാദങ്ങളിലേർപ്പെടാതെ ഇനിയും മലയാളികൾക്ക് ജനായത്തപരമായ ഒരു ജീവിതം നയിക്കുക സാധ്യമല്ല. എന്തുകൊണ്ടെന്നാൽ ഇതൊക്കെയും നവഫാഷിസ്റ്റ് ആശയപ്രചാരണ കേന്ദ്രങ്ങളാണ്. ഹിന്ദുമതതത്ത്വങ്ങൾക്ക് വിരുദ്ധമായാണ് അമൃതാനന്ദമയി ജീവിക്കുന്നതെന്നും ദൈവത്തിന്റെ സ്ഥാനത്ത് കയറിയിരുന്ന് ജനങ്ങളെ നരകത്തിലേക്ക് അവർ നയിക്കുകയാണെന്നും അഭിപ്രായപ്പെട്ടത് സ്വാമി ജ്ഞാനോദയനാണ് (5.10.2001 ദേശാഭിമാനി). എന്നാൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ, അമൃതാനന്ദമയി എന്ന ത്രിത്വം നിർമിച്ചത് ഫാഷിസ്റ്റുകളാണ്. എന്നിട്ടും മക്കൾ പറയുന്നത് അമ്മക്ക് രാഷ്ട്രീയമില്ലെന്നാണ്! ഇല്ലായിരിക്കാം!
‘എല്ലാം അറിയുന്നൊരമ്മ’ എന്ന സ്വാമി അമൃതസ്വരൂപാനന്ദപുരി എഴുതിയ പ്രബന്ധം വായിച്ചതിനുശേഷമാണ് മുണ്ടൂർ ഐ.ആർ.ടി.സിയിൽ കഴിഞ്ഞദിവസം ഒരു പ്രഭാഷണത്തിനുപോയത്. ആ പ്രബന്ധം അവസാനിക്കുന്നത് ആത്മീയ സൗരഭ്യം പ്രസരിപ്പിക്കുന്നവിധം ഇങ്ങനെ: അമ്മക്ക് എല്ലാം അറിയാം. പക്ഷേ, എനിക്കോ? ഇപ്പോഴും ഒന്നും അറിയില്ല. അല്ലയോ അർജുനാ, ഞാനും നീയും എത്രയോ ജന്മങ്ങളിലൂടെ കടന്നുപോയി. ഞാൻ അതെല്ലാം അറിയുന്നു. നീ ഒന്നും അറിയുന്നില്ല. മുണ്ടൂരിൽ ഞാൻ പ്രസംഗം തുടങ്ങിയത് ശ്രീനാരായണ ഗുരുദേവനെ ഓർമിച്ചുകൊണ്ട് ‘സയൻസ്ദശകം’ എന്ന സഹോദര പ്രാർഥന ചൊല്ലിക്കൊണ്ടാണ്. അതിൽനിന്നുള്ള നാല് വരി മാത്രം: എത്രതന്നെയറിഞ്ഞാലും/ അറിവ് അനന്തമാകയാൽ/ എന്നുമാരായാൻ ചൊല്ലും/ സയൻസിന്നു തൊഴുന്നു ഞാൻ. തൊഴുതാലും ഇല്ലെങ്കിലും പ്രാഥമിക വിവേകം നവോത്ഥാന കാഴ്ചപ്പാടു പുലർത്തുന്ന ആർക്കും നഷ്ടപ്പെടാൻ പാടില്ല. മറ്റുള്ളവർ അതായത് വെള്ളാപ്പള്ളി മോഡൽ നവോത്ഥാന പ്രതിഭകൾ തൽക്കാലം എന്തുതന്നെ പറഞ്ഞാലും ചെയ്താലും!
.