പൊലീസിന്റെ ഇടിമുറികൾ സിനിമാക്കഥയല്ല
text_fieldsസുജിത്തിനെ സ്റ്റേഷനിൽ പൊലീസുകാർ സംഘംചേർന്ന് മർദിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം
അടിയന്തരാവസ്ഥക്കാല ഓർമകളിലും ചില സിനിമകളിലുമാണ് പൊലീസിന്റെ കസ്റ്റഡി പീഡനകഥകൾ വലിയതോതിൽ ചർച്ചചെയ്യപ്പെടാറ്; അല്ലെങ്കിൽ ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിൽ. ജനമൈത്രി-ശിശു സൗഹൃദ- വനിതസ്റ്റേഷൻ എന്നൊക്കെ തരാതരംപോലെ ബോർഡുകൾ വെക്കുമെങ്കിലും കസ്റ്റഡി മർദനങ്ങൾക്കും കസ്റ്റഡി കൊലപാതകങ്ങൾക്കും കേരള പൊലീസും ഒട്ടും പിന്നിലല്ല. കുറ്റകൃത്യം ചെയ്യാൻ മാത്രമല്ല, നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തി എങ്ങനെ രക്ഷപ്പെടണം എന്നും പൊലീസുകാർക്ക് അറിയാം. ഈയിടെ വിധി വന്ന ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് തന്നെ ഉദാഹരണം. ഇപ്പോഴിതാ, യൂത്ത് കോൺഗ്രസ് തൃശൂർ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ പൊലീസ് അതിക്രൂരമായി സ്റ്റേഷനിൽവെച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. രണ്ടുവർഷത്തെ നിരന്തര പോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം സുജിത്ത് വീണ്ടെടുക്കുന്നത്. പൊലീസ് ഇടിമുറി നേരിട്ടനുഭവിച്ച സുജിത്ത് വി.എസ് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ കൂട്ടംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ഭീതിയുളവാക്കുന്നതാണ്. അന്നത്തെ സംഭവം ഒന്ന് ചുരുക്കി വിവരിക്കാമോ?
പൊലീസ് ഭരണകൂടത്തിന്റെ മർദനോപകരണം ആണെന്ന് നല്ല നിശ്ചയമുണ്ട്. അതിന്റെ യാഥാർഥ്യം എത്രമാത്രം ഭീതിദമാണെന്ന് മനസ്സിലാക്കിയ ദിവസംകൂടിയായിരുന്നു 2023 ഏപ്രിൽ അഞ്ച്. ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ഞാൻ അവിടേക്ക് എത്തിയത്. ഞാൻ കാര്യം തിരക്കിയത് ഇഷ്ടപ്പെടാഞ്ഞ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ നുഅ്മാനും പൊലീസുകാരും എന്നെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷര്ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് എന്നെ സ്റ്റേഷനിൽ എത്തിച്ചത്. എത്തിയതുമുതൽ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സ്റ്റേഷനിൽവെച്ച് കുനിച്ചുനിര്ത്തി പുറത്തും മുഖത്തുമടക്കം അടിച്ചു. എസ്.ഐ നുഅ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നാണ് ഇടിച്ചത്. ആദ്യം ഹാളിലും പിന്നീട് ഒരു മുറിയിലേക്കും മാറ്റിയാണ് ആക്രമിച്ചത്. മദ്യപിച്ച് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ ഇട്ടു. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞു. തുടർന്ന് ചാവക്കാട് പൊലീസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വി.എസ്. സുജിത്ത്
വിവരാവകാശ നിയമപ്രകാരം സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായപ്പോൾ എന്തുതോന്നി?
രണ്ട് വർഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സി.സി.ടി.വികൾ പരസ്പര ബന്ധിതമാണെന്നും ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്കപ്പുറം വീണ്ടെടുക്കാൻ സാധ്യമല്ലെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമീഷൻ പൊലീസിനെയും എന്നെയും നേരിട്ട് വിളിച്ചുവരുത്തി. രണ്ടുപേരുടെയും വാദം കേട്ടശേഷം ദൃശ്യങ്ങൾ നൽകാൻ കമീഷൻ കർശന നിർദേശം നൽകുകയായിരുന്നു.
മർദനത്തെ തുടർന്ന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ?
കോടതിയുടെ നിർദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ ചെവിക്ക് കേൾവിതകരാർ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1.5 ശതമാനം കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ട്. ഞാൻ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട്, കോടതി നിർദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണ്.
സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ എന്തു നടപടികളാണ് സർക്കാർ സ്വീകരിച്ചത്?
എല്ലാവരും പൊലീസ് സേനയിൽ, തൃശൂർ ജില്ലയിൽത്തന്നെയുണ്ട്. ആക്രമണത്തിന് നേതൃത്വം വഹിച്ച എസ്.ഐ നുഅ്മാൻ വിയ്യൂർ സ്റ്റേഷനിൽ എസ്.ഐ ആണ്. മറ്റുള്ളവർ തൃശൂർ ഈസ്റ്റ്, പഴയന്നൂർ സ്റ്റേഷനുകളിൽ തുടരുന്നു. ഇൻക്രിമെന്റ് കട്ട് ചെയ്യുക എന്ന ചെറിയൊരു നടപടി മാത്രമാണ് ശിക്ഷയായി കൈക്കൊണ്ടിട്ടുള്ളത്. പൊലീസ് ഡിപ്പാർട്മെന്റിൽ നിന്നുതന്നെ അവരെ നീക്കണം. അതിനായുള്ള നിയമപോരാട്ടം തുടരാൻതന്നെയാണ് തീരുമാനം.