തകർച്ച നേരിടുന്ന സയണിസ്റ്റ് പ്രോജക്ട്
text_fieldsഇലാൻ പെപ്പെ സ്കോട്ട് റിട്ടർ
ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് നേർക്കുനേരെ അഭിമുഖീകരിക്കേണ്ടിവന്ന കയ്പേറിയ സത്യത്തിന്റെ നിമിഷമായിരുന്നു ഒക്ടോബർ 7. ഇവിടുന്നങ്ങോട്ട് ലോകചരിത്രം 2023 ഒക്ടോബർ ഏഴിന് മുമ്പും ശേഷവും എന്ന അർഥത്തില്‍ വിഭജിക്കപ്പെടും.
ഇസ്രായേല്‍ എന്ന സയണിസ്റ്റ് കൊളോണിയല്‍ പ്രോജക്ടിനെ അമേരിക്കയുടെ നേതൃത്വത്തിലെ വൻശക്തികള്‍ ആളും ആയുധവും അർഥവും നല്കി പരമാവധി സഹായിച്ചിട്ടും ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ ശക്തി ഒട്ടും ഇല്ലാതാക്കാൻ അവർക്ക് സാധിച്ചില്ലായെന്നുള്ളത് ഈ മാറ്റത്തിന്റെ സൂചനയാണ്.
പ്രമുഖ ഇസ്രായേലി ചരിത്രകാരൻ ഇലാൻ പാപ്പേ ഈയിടെ നടത്തിയ നിരീക്ഷണം ഈ ഘട്ടത്തില്‍ പ്രസക്തമാണ്: “ഇസ്രായേല്‍ ഒരു രാഷ്ട്രമല്ല. അതൊരു അധിനിവേശ കൊളോണിയല്‍ പ്രോജക്ടാണ്. ഞാൻ കരുതുന്നത് ഈ പ്രോജക്ട് അതിന്റ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ്.
ഇങ്ങനെ ഞാൻ നിരീക്ഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കാം. ഇസ്രായേല്‍ സ്ഥാപിതമായിരിക്കുന്നത് മൂന്ന് അടിസ്ഥാന തൂണുകളിലാണ്. അതില്‍ ആദ്യത്തേത് അതിന്റെ ഭൗതിക ശക്തിയാണ്. ഇന്നവർക്ക് എല്ലാവിധ സന്നാഹങ്ങളും ഉണ്ട്. അവ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രത്യേകിച്ച് അമേരിക്കയുടെ വലിയ ഉറച്ച പിന്തുണയോടുകൂടി നന്നായി പ്രവർത്തിക്കാൻ ഇസ്രായേലിന് സാധിക്കുന്നുണ്ട്.
എന്നാല്‍, ഈ അവസ്ഥ ഏതുസമയവും മാറാൻ സാധ്യതയുള്ളതാണെന്നത് നമ്മള് മനസ്സിലാക്കണം. രണ്ടാമത്തെ തൂണ് ഇസ്രായേലി കുടിയേറ്റ സമൂഹത്തിന്റെ ഇഴയടുപ്പമുള്ള സാമൂഹിക ബന്ധങ്ങള്‍ ആയിരുന്നു. അതിപ്പോള്‍ അങ്ങനെ നിലനില്ക്കുന്നില്ല. ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണം ഇസ്രായേലി സമൂഹത്തെ ഒന്നിച്ചുനിർത്തി എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. പക്ഷേ വാസ്തവത്തില്‍ ഇസ്രായേലി സമൂഹം ഇപ്പോള്‍ എന്നത്തേക്കാളും ഭിന്നിച്ചുനില്ക്കുന്ന അവസ്ഥയിലാണ്.
കാരണം നടേ പറഞ്ഞ സാമൂഹിക ഐക്യം ഉണ്ടായിരുന്നത് അറബ് ഫലസ്തീനികളെ വെറുക്കുക എന്ന ഒറ്റ ഘടകത്തെ ആശ്രയിച്ചായിരുന്നു. പക്ഷേ, അങ്ങനെ വെറും നിഷേധാത്മകമായ ഒരു സംഗതിയെ ആശ്രയിച്ചിട്ടുള്ള സാമൂഹിക ഐക്യമൊന്നും വല്ലാതെ നിലനില്ക്കില്ലയെന്നത് ഇപ്പോള്‍ നമുക്ക് അംഗീകരിക്കേണ്ടിവരുന്നു.
മൂന്നാമത്തെ സംഗതി, ഇസ്രായേലിന് ലഭിച്ചുവന്നിരുന്ന പാശ്ചാത്യരുടെ നിയമപരമായ പിന്തുണയാണ്. ഐക്യരാഷ്ട്ര സഭയിലും മറ്റെല്ലാ അന്താരാഷ്ട്ര വേദികളിലും പാശ്ചാത്യ ശക്തികള്‍ ഇസ്രായേലിനെ നിരുപാധികം പിന്തുണച്ചുപോന്നിരുന്നു. ഇന്നിപ്പോള്‍ ലോകമെങ്ങുമുള്ള പൗരാവകാശ സഞ്ചയങ്ങളുടെ പിന്തുണ ഇസ്രായേലിന് നഷ്ടപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി പിന്തുണ ചോദിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നു. തങ്ങളുടെ നയങ്ങള്‍ക്കോ സാമ്പത്തിക പുരോഗതിക്കോ വേണ്ടിയല്ല, മറിച്ച് നിലനില്‍ക്കാനുള്ള അവകാശം മറ്റുള്ളവരോട് ചോദിച്ച് വാങ്ങിക്കേണ്ട ഗതികേടില്‍ രാഷ്ട്രം എത്തിനില്‍ക്കുന്നു. ഒരു ചരിത്രകാരൻ എന്ന നിലക്ക് എനിക്ക് പറയാൻ സാധിക്കും, ഈ കൊളോണിയല്‍ പ്രോജക്ട് അതിന്റെ അവസാനത്തോട് അടുക്കുകയാണ്.
പക്ഷേ ദൗർഭാഗ്യവശാല്‍ അത് അത്ര പെട്ടെന്ന് സംഭവിക്കില്ല. ചിലപ്പോള്‍ വർഷങ്ങള്‍തന്നെ വേണ്ടി വരും. അവസാന നാളുകളില്‍ ഇവർ അതിന്റെ ഏറ്റവും ക്രൂരമായ, മൃഗീയമായ മുഖം പുറത്തെടുത്തേക്കാം. എന്നാലും ഇത് അവസാനിക്കാറായി എന്നുതന്നെയാണ് എന്റെ അഭിപ്രായം.”
ഇങ്ങനെ നിരീക്ഷിക്കുന്ന ഒറ്റപ്പെട്ട വ്യക്തിയല്ല ഇലാൻ പാപ്പേ. ഇറാഖിലെ മുൻ അമേരിക്കൻ ആയുധ പരിശോധകനായിരുന്ന സ്കോട്ട് റിട്ടർ ഇസ്രായേലിന്റെ ആസന്നമായ നാശം പ്രവചിക്കുന്നുണ്ട്. അതിനദ്ദേഹം പറയുന്ന ന്യായം, ഫലസ്തീൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ അധിനിവേശമെന്ന പ്രശ്നത്തെ അഭിമുഖീകരിക്കാൻ ഇസ്രായേല്‍ തയാറാകുന്നില്ലായെന്നത് തന്നെയാണ്.
സ്വതന്ത്ര ഫലസ്തീൻ എന്ന സ്വപ്നം ഫലസ്തീൻ ജനതയുടെ പ്രതിരോധം ഏഴര പതിറ്റാണ്ടിനുശേഷവും ശക്തമായി തുടരുന്നുവെന്നതും നഷ്ടപ്പെട്ട തങ്ങളുടെ ഭൂമിയിലേക്കും വീടുകളിലേക്കും മടങ്ങാനുള്ള അവകാശവും തലമുറകളായി അവർ കെടാതെ സൂക്ഷിക്കുന്നതും വിജയത്തെക്കുറിച്ച ഫലസ്തീനികളുടെ സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും നിറം പകരുന്നുണ്ട്.
ഇന്നല്ലെങ്കില്‍ നാളെ അധിനിവേശത്തിന് അന്ത്യമുണ്ടാകുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ ധാരാളമായി മാറിമറിയുന്നതിന് ഇപ്പോള്‍ത്തന്നെ നാം സാക്ഷികളാണ്. അതിലേറ്റവും പ്രധാനം ഫലസ്തീൻ പ്രശ്നത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോളശ്രദ്ധ തന്നെയാണ്.
നോർമലൈസേഷന്റെ പശ്ചാത്തലത്തില്‍ ലോക ശ്രദ്ധയില്‍നിന്ന് മറവിയിലേക്ക് പോയിക്കൊണ്ടിരുന്ന ഫലസ്തീൻ പ്രശ്നം പൊടുന്നനെ മുഴുലോകത്തിന്റെയും സജീവ ശ്രദ്ധയിലേക്ക് വന്നുവെന്നത് സുപ്രധാനമാണ്. പക്വമതികളായ ധാരാളം പത്രപ്രവർത്തകരും വിശകലന വിദഗ്ധരുമൊക്കെ ഒരു സ്വതന്ത്ര ഫലസ്തീനെക്കുറിച്ച് സംസാരിക്കുന്നുവെന്നത് ശുഭോദർക്കമാണ്.
‘പുഴ മുതല്‍ കടല്‍ വരെ ഫലസ്തീൻ സ്വതന്ത്രമാണ്’ എന്ന മുദ്രാവാക്യം ഇന്ന് ലോകത്തെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്നു. ജോർഡൻ നദി മുതല്‍ മധ്യധരണ്യാഴി വരെയുള്ള പ്രദേശത്ത് ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്ന അദമ്യമായ ആഗ്രഹമാണ് ഈ മുദ്രാവാക്യത്തിനുപിന്നില്‍.
അത് പക്ഷേ ഇസ്രായേലിന്റെ ഉന്മൂലനം വരുത്തിക്കൊണ്ടാകണം എന്ന് അതുയർത്തുന്നവർക്ക് നിർബന്ധമില്ല. മിക്കവാറും നിഷ്പക്ഷരായ ലോകജനത ആഗ്രഹിക്കുന്നത് ഫലസ്തീനുകളും ഇസ്രായേലികളും സമ്പൂർണ അവകാശങ്ങളോടെ സ്വതന്ത്രമായി ഒരു രാജ്യത്ത് താമസിക്കുന്നത് തന്നെയാണ്.
എന്നാല്‍, ‘ദ്വിരാഷ്ട്ര പരിഹാരം’ പറഞ്ഞ് അവരെ വഞ്ചിക്കുകയായിരുന്നു അമേരിക്കയും വൻ ലോകശക്തികളുമൊക്കെ ഇതുവരെ. യുദ്ധത്തിനുശേഷം വീണ്ടും ദ്വിരാഷ്ട്ര പരിഹാരം എന്ന വിഷയത്തെ മുൻനിർത്തി സമാധാന ചർച്ചകള്‍ പുനരാരംഭിക്കണം എന്ന് അമേരിക്ക പറയുന്നത് അതേ വഞ്ചനയുടെ ആവർത്തനമാണ്. ഇന്നത്തെ ഇസ്രായേലി ഭരണാധികാരികളോ ജനപ്രതിനിധികളോ ഒരു നിലക്കും അനുവദിക്കാത്തതാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം.
ഫലസ്തീൻ ഭൂമി മുഴുവൻ കീഴടക്കി സയണിസ്റ്റുകള്‍ക്ക് മാത്രം താമസിക്കാൻ സാധിക്കുന്ന, ഒറ്റ രാഷ്ട്രത്തെ കുറിച്ചാണ് അവർ ചിന്തിക്കുന്നത്. മറിച്ചുള്ള ഏത് പരിഹാരവും ഒരു നിലക്കും അംഗീകരിക്കാത്തവരാണ് നിലവിലെ ഇസ്രായേല്‍ ഭരണകർത്താക്കളും ജനതയും. അതുകൊണ്ടുതന്നെ ദ്വിരാഷ്ട്ര പരിഹാരം സാധ്യമല്ല എന്നുള്ളത് മറ്റാരെക്കാളും നന്നായി അമേരിക്കക്ക് അറിയാം.
പിന്നെയും അത് പറഞ്ഞുകൊണ്ടിരിക്കുന്നത് തല്ക്കാലികമായി ഈ വിഷയത്തെ വലിച്ചുനീട്ടി കൊണ്ടുപോവുക എന്ന കുതന്ത്രം മാത്രമാണ്. ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്നത് വെള്ളക്കാർക്ക് മേധാവിത്വമുള്ള, വർണവെറി നിലനില്‍ക്കുന്ന ഒരു അപാർതീഡ് സിസ്റ്റം മാത്രമാണ്.
അതുകൊണ്ടുതന്നെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരുതരം സമാധാന ചർച്ചക്കും ഫലസ്തീനികള്‍ വഴങ്ങില്ല എന്നുള്ളത് ഉറപ്പാണ്. തങ്ങള്‍ക്ക് പരമാധികാരമുള്ള ഒരു രാഷ്ട്രം എന്നതില്‍ കവിഞ്ഞ ഒരു പരിഹാരവും ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം സാധ്യമല്ല.