ഔറംഗസീബും വഖഫ് ബില്ലും
text_fields‘‘ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് ഒരു കാര്യം വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു.
ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തിനെ അടിമയാക്കരുത്.
ഭൂരിപക്ഷമാണ് ഭരണം നടത്തുന്നതെങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണം.
ന്യൂനപക്ഷത്തെ വേദനിപ്പിക്കരുത് അഥവാ അവരോട് മര്യാദകേട് കാണിക്കരുത്’’
- ഡോ. ബി.ആർ. അംബേദ്കർ
പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഒരു ജനസമുദായത്തെയാകമാനം അപരവത്കരിച്ച് പുറന്തള്ളുന്നതിനുള്ള ഉപകരണമായി മാറിത്തീർന്നിരിക്കുകയാണ്. കാലങ്ങൾ കൊണ്ട് മുസ്‍ലിംകൾക്കെതിരായി രൂപപ്പെടുത്തിയ വെറുപ്പ്, ദർഗകൾക്കും പള്ളികൾക്കും മേലുള്ള അവകാശവാദം, ബുൾഡോസർ രാജിലൂടെയുള്ള മുസ്‍ലിം ഉന്മൂലനം, വർഗീയ കലാപങ്ങൾ, മുസ്‍ലിം - ഇസ്‍ലാം സംസ്കാരങ്ങളുടെ മറയ്ക്കലും നീക്കം ചെയ്യലുകളും, മുഗൾ ഭരണത്തെയും ഭരണാധികാരികളെയും കേന്ദ്രീകരിച്ചുള്ള ചരിത്ര വക്രീകരണം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഹിന്ദുത്വ പ്രോജക്ടുകളിലൂടെയാണ് വഖഫ് ബില്ലിൽ എത്തിനിൽക്കുന്നത്.
വഖഫ് ബില്ലും ഹിന്ദുത്വ ദേശീയതയും
മുസ്‍ലിംകളോട് അന്യായമായ പ്രീണനം പുലർത്തിയതാണ് ഗാന്ധിയെ വെടിവെച്ചുകൊല്ലാൻ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് എന്ന് പഞ്ചാബ് ഹൈകോടതിയിൽ ഗോദ്സെ നടത്തിയ പ്രസ്താവനയുടെ രാഷ്ട്രീയത്തുടർച്ച വഖഫ് സംബന്ധിച്ച ഹിന്ദുത്വ ആഖ്യാനങ്ങളിൽ നിഹിതമാണ്. ‘‘ഹിന്ദുസ്ഥാൻ ആയിട്ടുള്ള ഈ രാജ്യത്ത് ഹിന്ദു ജാതി അതിന്റെ ഹിന്ദു മതം ഹിന്ദു സംസ്കാരം ഹിന്ദു ഭാഷ എന്നിവയാൽ രാഷ്ട്രസങ്കൽപം പൂർണമാവുന്നു’’ എന്നെഴുതിയ ഗോൾവാൾക്കരുടെ ഹിന്ദുത്വ രാഷ്ട്ര സങ്കൽപത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയാണ് വഖഫ് ബില്ലിലെ പുതിയ വ്യവസ്ഥകളെന്ന് നിസ്സംശയം പറയാം.
മുസ്‍ലിംകൾ സ്വത്ത് തട്ടിയെടുക്കുന്നുവെന്നും അനാവശ്യ സംവരണം അനുഭവിക്കുന്നുവെന്നുമടക്കമുള്ള പ്രചാരണങ്ങളിലൂടെ മുസ്‍ലിം അപരവത്കരണാവസ്ഥ സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ സ്ഥാപിക്കുന്നതിൽ ഹിന്ദുത്വം ഏറക്കുറെ വിജയിച്ചുകഴിഞ്ഞു. മുസ്‍ലിംകൾ അധിവസിക്കുന്ന പ്രദേശത്തെ ‘കുട്ടി പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച കർണാടകത്തിലെ ഒരു ജഡ്ജി സ്വാഭാവികമായി കഴിഞ്ഞ ഹിന്ദുത്വ ആഖ്യാനത്തിന്റെ പ്രയോക്താവാണ്. പശുവിനെ ദിവ്യമാതാവായി ഹിന്ദുത്വം ഉയർത്തുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അതിലൂടെ മുസ്‍ലിംകളെ പ്രതിസ്ഥാനത്ത് പട്ടികപ്പെടുത്താൻ കഴിയുമെന്നതാണ്. അയോധ്യ രാമക്ഷേത്ര സ്ഥാപനം ഈയർഥത്തിൽ നോക്കിയാൽ രാഷ്ട്രശരീരത്തിന് മേൽ കഠിനമായ മുസ്‍ലിം ഹിംസയിലൂടെയും പുറന്തള്ളലിലൂടെയും വികസിപ്പിച്ചെടുത്തതാണെന്ന് കാണാം.
പേരുമാറ്റം വെറുതെയല്ല
കൊളോണിയൽ അധിനിവേശ സംസ്കാരത്തിൽ നിന്ന് ഇന്ത്യയെ വിമോചിപ്പിക്കുക എന്ന ലക്ഷ്യം അവതരിപ്പിച്ചുകൊണ്ടാണ് ഹിന്ദുത്വ ഭരണകൂടങ്ങൾ രാജ്യത്തെ സ്ഥലനാമങ്ങൾ മാറ്റാൻ തുടങ്ങിയത്. ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗർ എന്നും, ഉസ്മനാബാദിനെ ധാരാ ശിവ് എന്നും, അഹ്മദ് നഗറിനെ അഹല്യാ നഗർ എന്നും, അലഹബാദിനെ പ്രയാഗ് രാജ് എന്നും, മുഗൾസാരായിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും അവർ പുനർനാമകരണം നടത്തി. മുസ്‍ലിം-ഇസ്‍ലാം-മുഗൾ സാംസ്കാരിക സ്മരണകളെ ഉന്മൂലനം ചെയ്യുകയാണ് ഈ പേരുമാറ്റത്തിന്റെ ആത്യന്തികരാഷ്ട്രീയ ലക്ഷ്യം എന്ന് സുവ്യക്തം.
ബഹുസ്വര ഇന്ത്യയെ ഹിന്ദുത്വ ദേശീയതയായി ബ്രാഹ്മണ്യരാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നത് സാംസ്കാരിക സ്മരണകളുടെ സമ്പൂർണ ഉന്മൂലനത്തിലൂടെയാണ്. പേരുമാറ്റം ഹിന്ദുത്വത്തിന്റെ ഉന്മൂലന രാഷ്ട്രീയത്തിന്റെ ഒരായുധം മാത്രമാണ്. കലാപങ്ങളിലൂടെയുള്ള ഉന്മൂലനം മറ്റൊരായുധമാണ്. ചരിത്ര വക്രീകരണം ഹിന്ദുത്വത്തിന്റെ സവിശേഷ ഉപകരണവുമാണ്.
പള്ളികൾക്കുമേലുള്ള അവകാശ വാദം
1947 ആഗസ്റ്റ് 14ലെ ഓർഗനൈസറിൽ രേഖപ്പെടുത്തിയത്, ഹിന്ദുസ്ഥാനിൽ ഹിന്ദുക്കൾ മാത്രമാണ് രാഷ്ട്രം എന്നാണ്. ഈ ഹിന്ദു ഒരു സവർണഹിന്ദു മാത്രമാണ്. മുസ്‍ലിം പള്ളികൾക്കുമേലുള്ള അവകാശവാദങ്ങൾ അടിസ്ഥാനപരമായി ഓർഗനൈസറിൽ സൂചിപ്പിച്ച ഹിന്ദുത്വരാഷ്ട്ര വ്യവസ്ഥയുടെ സ്ഥാപനത്തിനായുള്ള സഞ്ചാരവഴികളിലൊന്നാണ്.
ഹോളി ദിനത്തിൽ പള്ളികൾ ടാർപ്പോളിൻ കൊണ്ട് മൂടുന്നതും, രാമനവമി ദിനത്തിൽ പള്ളികൾക്ക് സമീപത്ത് നിന്നും, ഒരുവേള പള്ളിയിൽ കടന്നുകയറിയും ജയ് ശ്രീരാം വിളിക്കുന്നതും, റോഡുകളുടെയും നഗരങ്ങളുടെയും മുഗൾ - ഇസ്‍ലാം -പേർഷ്യൻ സംസ്കാരങ്ങൾ സംവഹിക്കുന്ന പേരുകൾ നീക്കം ചെയ്യുന്നതും ഹിന്ദുത്വാധിനിവേശത്തിന്റെ ഭാഗമാണ്. ഇതിന്റെ തുടർച്ചയിലാണ് പള്ളികൾക്കുമേലുള്ള അവകാശവാദങ്ങൾ സംഭവിക്കുന്നത്.
അജ്മീറിലെ സൂഫിസന്യാസിയായ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദുത്വർ വാദിക്കുന്നു. ഗ്യാൻ വാപിയിൽ ഔറംഗസീബ് തകർത്ത വിശ്വേശ്വര ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്ന് ഹിന്ദുത്വർ പ്രചരിപ്പിക്കുന്നു. ഉത്തർപ്രദേശിലെ സംഭാലിലെ ഷാഹി ജമാമസ്ജിദ് ഭഗവാൻ കൽക്കിക്കായി സമർപ്പിച്ച ഹരിഹർ മന്ദിർ ആയിരുന്നുവെന്നും, പതിനാറാം നൂറ്റാണ്ടിലെ ഈ പള്ളി ക്ഷേത്രം തകർത്ത് ബാബർ നിർമിച്ചതാണ് എന്നും ഹിന്ദുത്വർ വാദിക്കുന്നു. അടിസ്ഥാനപരമായി ഈ വാദത്തിലൂടെ മുസ്‍ലിം അപരവത്കരണം ആളിക്കത്തിക്കാൻ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് കഴിയുന്നു.
മുസ്‍ലിംകളും മുഗളരും വിദേശ കുടിയേറ്റക്കാരായ അപരരാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ പക്ഷേ ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള ഹിംസാത്മകമായ കുടിയേറ്റ ചരിത്രത്തെ മറച്ചുപിടിക്കുന്നു. ആര്യ ബ്രാഹ്മണരുടെ കുടിയേറ്റമാവട്ടെ സമ്പൂർണമായി ഇന്ത്യയെ ഒരു ചാതുർവർണ്യ സാമൂഹിക വ്യവസ്ഥയിലേക്കാണ് നയിച്ചത്. ഇങ്ങനെ രാജ്യത്തെ ജാതിരാഷ്ടമാക്കി സ്ഥാപിച്ച ആര്യ ബ്രാഹ്മണ്യ രാഷ്ട്രീയത്തെ ഹിന്ദുത്വർ പ്രശ്നവത്കരിക്കാൻ താൽപര്യപ്പെടുന്നില്ല.
(തുടരും)