ഒരു പശുവായി ജനിച്ചിരുന്നെങ്കിൽ
text_fields‘ഇന്ത്യാ നിെൻറ വയറ്റിൽ പിറന്നുപോയതിെൻറ നാണം മറക്കാൻ ഒരു ദേശീയ പതാക പോലുമില്ലാതെ ഞാൻ ചൂളിയുറഞ്ഞുപോകുന്നുവല്ലോ’ എന്ന് മുമ്പ് പാടിയത് പ്രിയപ്പെട്ട കവി സച്ചിദാനന്ദൻ.
കവിയുടെ വാക്കുകൾ ഇന്ന് അക്ഷരാർഥത്തിൽ ശരിയാണെന്ന് സമീപകാല വാർത്തകൾ നമ്മോട് പറയുന്നു.
ഉത്തർപ്രദേശിൽ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് സംസാരിച്ചാൽ യോഗി ആദിത്യനാഥിെൻറ ആൻറി റോമിയോ സ്ക്വാഡ് വരും. സദാചാര പൊലീസിെൻറ കണ്ണുകൾ എല്ലാ സൗഹൃദങ്ങൾക്കും എതിരാണ്. എന്നാലോ സ്ത്രീസുരക്ഷ എന്ന വാക്കുച്ഛരിക്കാൻപോലും യു.പി മുഖ്യൻ യോഗി ആദിത്യനാഥിന് അർഹതയില്ലാത്തവിധം സ്ത്രീകൾക്കെതിരെ അക്രമങ്ങൾ പെരുകുകയാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയുടെ ശസ്ത്രക്രിയക്ക് വേണ്ട പണവുമായി കാറിൽ പോവുകയായിരുന്ന കുടുംബത്തെ കൊള്ളയടിച്ച് മോഷണ സംഘം ഒരാളെ വെടിവെച്ചു കൊല്ലുകയും ചെയ്തത് കഴിഞ്ഞയാഴ്ച. ഡൽഹിയിൽനിന്ന് 68 കിലോമീറ്റർ മാത്രം അകലെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജേവർ^ബുലന്ദ്ശഹർ ദേശീയപാതയിലായിരുന്നു ഇൗ കൊടും ക്രൂരത അരങ്ങേറിയത്.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൺപുരിൽ ദലിതർക്കെതിരെയും ക്രൂരമായ അക്രമ സംഭവങ്ങളാണ് നടന്നത്. പീഡനകൊലകൾ പെരുകുന്നു. കഴിഞ്ഞയാഴ്ച ഹരിയാനയിൽ 23കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്ന നിലയിൽ കണ്ടെത്തിയ വാർത്തയും വരുകയുണ്ടായി. ശരീരം വികൃതമാക്കിയ നിലയിലായിരുന്നു. മുഖം തെരുവു നായ്ക്കൾ കടിച്ചെടുത്തതായും പൊലീസ് പറഞ്ഞതായാണ് റിപ്പോർട്ട്. (തെരുവു നായ്ക്കളുടെ കാര്യം നോക്കാൻ മേനക ഗാന്ധിയുണ്ട്. മനുഷ്യർ പോയി തുലയെട്ട!). ദലിതരോടും ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും നീതി എന്നത് പേജുകളിലും സ്റ്റേജുകളിലുമുള്ള വാക്കുകൾ മാത്രം. ചാനൽ ചർച്ചകളിൽ ഛർദിക്കുന്ന എത്ര നേതാക്കൾക്ക് അക്ഷരാർഥത്തിൽ ഇൗ നാട് ഇങ്ങനെയായതിൽ ദുഃഖമുണ്ട്? ചായം തേച്ച തുണിക്കഷ്ണങ്ങളിൽ അവർ സത്യത്തെ ഒളിപ്പിച്ചുവെക്കുന്നു.
ഇവിടെ ഇന്ത്യയെന്ന മഹാഭാരതത്തിൽ ഒരു പശുവായി ജനിക്കുന്നതാണ് എത്രയോ നല്ലത്. കന്നുകാലികളെ ഗർഭാവസ്ഥയിലോ രോഗാവസ്ഥയിലോ വിൽക്കരുത്. ഗർഭാവസ്ഥയിൽ മൃഗങ്ങളെ വാഹനത്തിൽ കൊണ്ടുപോകരുത്.
ഇത് ഇന്ത്യയാണ്. ഗർഭിണിയായ സ്ത്രീയുടെ ഭ്രൂണം തൃശൂലം കൊണ്ട് കുത്തിയെടുത്ത് കൂട്ടത്തോടെ കൊന്നൊടുക്കിയ നാട്.
ഇല്ല, ഒന്നുമില്ല, വിശപ്പൊഴികെ, ഒന്നുമില്ല, ദാഹമൊഴികെ.
ദുഃഖവും ദുരിതവും ദാരിദ്ര്യവും
സ്വാർഥതയും മരണവുമൊഴികെ
ഇല്ല, ഒന്നുമില്ല, ഇരുട്ടും
മരിച്ചവരുടെ രോദനങ്ങളുമൊഴികെ
ഒന്നുമില്ല, കത്തിത്തീരുന്ന ശവങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന ഗന്ധമൊഴികെ
ഒന്നുമില്ല, ഒന്നുമില്ല.
തെലുങ്കിലെ മഹാസ്വപ്ന എന്ന വിപ്ലവകവിയുടെ പാട്ടുനിർത്തുവിൻ, പന്തം കെടുത്തുവിൻ എന്ന കവിതയിൽ നിന്ന്