അമേരിക്ക: തോറ്റത് മാധ്യമങ്ങളും
text_fieldsലോകമാകെ അപാരമായ കെടുതികള്‍ വിതച്ചുകൊണ്ട് എല്ലാത്തരം സങ്കുചിതത്വങ്ങളുടെയും മൂര്‍ത്തിയായി അഴിഞ്ഞാടിയ ഹിറ്റ്ലര്‍ തകര്‍ന്നടിഞ്ഞ രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ ജനനേതാക്കള്‍ പുലര്‍ത്തേണ്ട മര്യാദയുടെയും സംസ്കാരത്തിന്‍െറയും കാര്യത്തില്‍ ആഗോളതലത്തില്‍തന്നെ ഒരു സമവായം രൂപപ്പെട്ടിരുന്നു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും പുലര്‍ത്തേണ്ട സദാചാരം സംബന്ധിച്ച സമവായം. സാമൂഹികവും സാമ്പത്തികവും ലിംഗപരവും ലൈംഗികവും ആയ സദാചാരം പുലര്‍ത്തുക എന്നതായിരുന്നു ആ സമവായത്തിന്‍െറ അടിസ്ഥാനം. മത-വംശ-വര്‍ണ-ലിംഗ വിവേചനങ്ങള്‍ ഒഴിവാക്കുക, അംഗവിഹീനര്‍ അടക്കമുള്ള ദുര്‍ബലരോട് പരമാവധി അനുഭാവം പുലര്‍ത്തുക, അനാശാസ്യമായ വ്യക്തിബന്ധങ്ങളും ലൈംഗികബന്ധങ്ങളും ഒഴിവാക്കുക, അഴിമതികളില്‍നിന്ന് അകലം പാലിക്കുക, നികുതി അടയ്ക്കുക തുടങ്ങിയ പൗരധര്‍മങ്ങള്‍ നിറവേറ്റുക എന്നിവയൊക്കെ ഈ രാഷ്ട്രീയശരികളുടെ സമവായത്തിന്‍െറ ഘടകങ്ങള്‍ ആണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങള്‍ക്ക് അതീതമായി തന്നെ ജനാധിപത്യരാഷ്ട്രങ്ങളിലൊക്കെ പ്രാബല്യത്തില്‍ വന്ന അലിഖിതമായ പൊതു പെരുമാറ്റ സംഹിത ആയിരുന്നു ഇത്. ഇവയിലേതെങ്കിലും ലംഘിക്കുന്ന നേതാക്കളുടെ രാഷ്ട്രീയജീവിതത്തിനുതന്നെ അന്ത്യം ഉറപ്പിക്കാന്‍ സദാ ജാഗരൂകമായിരുന്നു പൊതുസമൂഹവും മാധ്യമങ്ങളും.
ഈ നവംബര്‍ ഒമ്പതിന് ഈ ആഗോള സമവായത്തിന്‍െറ അന്ത്യം കുറിക്കപ്പെട്ടു. ലോകത്തേറ്റവും വലിയ ജനാധിപത്യമെന്ന് അഭിമാനിക്കുന്ന അമേരിക്കയുടെ നാല്‍പത്തഞ്ചാം പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ആണത്. നഗ്നമായ മത-വംശ-ലിംഗ വെറി, അഴിമതി, സ്ത്രീലമ്പടത്തം, നികുതി വെട്ടിപ്പ്, അംഗവിഹീനരോട് പരിഹാസം തുടങ്ങി ട്രംപ് ചെയ്യാത്തതൊന്നുമില്ല. ഈ തെറ്റുകളൊക്കെ ചെയ്തിട്ടുള്ള നേതാക്കള്‍ ധാരാളമുണ്ടായിട്ടുണ്ട്. പക്ഷേ, അവരാരും അവ സമ്മതിക്കാനോ ന്യായീകരിക്കാനോ ചങ്കൂറ്റം കാണിച്ചിട്ടില്ല. തന്‍െറ ഒരു ചെയ്തിയിലും അല്‍പ്പവും കുറ്റബോധം പ്രകടിപ്പിക്കാന്‍ ട്രംപ് ഒരിക്കലും മിനക്കെട്ടില്ല. ഇത്രയും സവിശേഷമായ ‘ചരിത്രപ്രാധാന്യം’ ലഭിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് അവികസിതമെന്നോ ജനാധിപത്യവിരുദ്ധമെന്നോ വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ പോലുമില്ല. എന്നിട്ടും സമീപകാലത്ത് ഏറ്റവും വലിയ ഭൂരിപക്ഷവുമായി ട്രംപ് അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ടത് കണ്ട ലോകം ഞെട്ടി.
പക്ഷേ, ട്രംപ് ജയിച്ചപ്പോള്‍ തോറ്റത് ഹിലരി ക്ളിന്‍റന്‍ മാത്രമല്ല. ലോകത്തേറ്റവും കഴിവും പാരമ്പര്യവും വിഭവശേഷിയും ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ കൂടിയാണ്. കാരണം ലോകപ്രശസ്തമായവ അടക്കം ഒരു മാധ്യമത്തിനും ട്രംപിന്‍െറ വിജയം മുന്‍കൂട്ടി കാണാനായില്ല. ട്രംപ് തകരുമെന്ന മാധ്യമങ്ങളുടെയും അഭിപ്രായസര്‍വേകളുടെയും പ്രവചനങ്ങള്‍ തെറ്റിപ്പോയി. ചരിത്രത്തില്‍ അസാധാരണമായിരുന്നു ഇത്. ഇന്ന് അമേരിക്കയിലും ലോകത്തും മാധ്യമലോകത്തെല്ലാം ഇത് ചൂടേറിയ ചര്‍ച്ചക്ക് വിഷയമാണ്. എന്തുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ജനത ചിന്തിക്കുന്നത് എങ്ങനെയെന്നതിന്‍െറ സൂചന പോലും ലഭിക്കാതെ പോയത്? മാധ്യമചരിത്രത്തില്‍തന്നെ ഇത് ഒരു കറുത്ത അധ്യായമായിരിക്കുന്നു. ഏതാനും മാസം മുമ്പ് ബ്രെക്സിറ്റ് ഹിതപരിശോധനാകാര്യത്തിലും ഇതേ അബദ്ധം ആയിരുന്നു ബ്രിട്ടനിലെ അടക്കം പാശ്ചാത്യ മാധ്യമങ്ങള്‍ക്കൊക്കെ പിണഞ്ഞത്. അതുകൊണ്ട് ഈ അവസ്ഥ അമേരിക്കന്‍ മാധ്യമങ്ങളുടെ മാത്രമല്ല എന്ന് മനസ്സിലാക്കാം. ഇതേവഴി പിന്തുടരുന്ന ഇന്ത്യ അടക്കം സ്വകാര്യ മൂലധന മേധാവിത്തം വഹിക്കുന്ന നവ ലിബറല്‍ ജനാധിപത്യ രാജ്യങ്ങളിലെയൊക്കെ മാധ്യമ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യയില്‍ 1990കള്‍ മുതല്‍ നവ ലിബറല്‍ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറുകളെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് കൊട്ടിഘോഷിച്ച് സര്‍വാത്മനാ പിന്തുണച്ച വന്‍ മാധ്യമങ്ങളെയും മധ്യവര്‍ഗത്തെയും ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഓര്‍ത്താല്‍ ഇത് മനസ്സിലാകും. നരേന്ദ്ര മോദിയുടെ ആവിര്‍ഭാവത്തോടും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുപോലെ ഉദാസീന സമീപനമാണ് സ്വീകരിച്ചതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാണിക്കുന്നു. ഒരിക്കലും മോദിയെപ്പോലെയൊരു വലത് മൗലികവാദി പ്രധാനമന്ത്രി പദത്തില്‍ വരില്ളെന്നായിരുന്നു ആദ്യമൊക്കെ മുഖ്യധാരാ ആംഗല മാധ്യമങ്ങളുടെ വിശ്വാസം.
ജനാധിപത്യത്തില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ എല്ലാതരത്തിലും നിഷ്പക്ഷത പാലിക്കണമെന്നത് അടിസ്ഥാന നിയമമാണ്. പ്രയോഗത്തില്‍ എത്ര അസാധ്യമാണെങ്കിലും നിഷ്പക്ഷത ആണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‍െറ അഭിലഷണീയമായ ആധാരശില എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സ്വകാര്യ കോര്‍പറേറ്റ് മൂലധനത്തിന്‍െറയോ മത, രാഷ്ട്രീയ ശക്തികളുടെയോ ഒക്കെ പ്രത്യക്ഷനിയന്ത്രണത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍പോലും അവകാശപ്പെടാറുള്ളത് തങ്ങള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാണെന്നാണ്. എന്നാല്‍, ജനാധിപത്യത്തിന്‍െറയും ആഗോള മാധ്യമലോകത്തിന്‍െറയും തലസ്ഥാനമെന്ന് വിളിക്കപ്പെടുന്ന അമേരിക്കയിലെ മാധ്യമങ്ങളുടെ പരമ്പരാഗതമായ സവിശേഷത അവര്‍ സ്വന്തം രാഷ്ട്രീയ പക്ഷപാതം മറച്ചുവെക്കാറില്ളെന്നതാണ്. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലം മുതല്‍തന്നെ പത്രങ്ങള്‍ തുറന്ന പക്ഷപാതം പുലര്‍ത്തിയിരുന്നു. പിന്നീട് സ്വാതന്ത്ര്യശേഷം റിപ്പബ്ളിക്കന്‍ കക്ഷിയും ഫെഡറലിസ്റ്റുകളുമായി ആദ്യം രാഷ്ട്രീയം വേര്‍പിരിഞ്ഞപ്പോള്‍ ആ പക്ഷങ്ങളുടെ നേതൃത്വം തന്നെ പത്രങ്ങള്‍ക്കായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏറക്കുറെ ഇതുതന്നെ അവസ്ഥ. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഏത് സ്ഥാനാര്‍ഥിക്കും കക്ഷിക്കും ആണ് തങ്ങളുടെ പിന്തുണ എന്ന് മുഖപ്രസംഗങ്ങളിലൂടെ അവര്‍ പ്രഖ്യാപിക്കാറുമുണ്ട്.
പക്ഷേ, ഇക്കുറി അമേരിക്കന്‍ പത്രങ്ങളുടെ പക്ഷപാതം എല്ലാ പരിധിയും ലംഘിച്ചെന്ന് മാത്രമല്ല. സത്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നതിനോ മൂടിവെക്കുന്നതിനോ ഇത് വഴിവെച്ചു. ട്രംപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതില്‍ വമ്പന്‍ മാധ്യമങ്ങള്‍ മുതല്‍ ചെറുകിടക്കാര്‍വരെ ഉള്‍പ്പെട്ടു. വാസ്തവത്തില്‍ രാഷ്ട്രീയമാന്യതയുടെയും സദാചാരത്തിന്‍െറയും എല്ലാ അതിരുകളും നഗ്നമായി ലംഘിച്ച ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിക്കുക എന്നത് അല്‍പമെങ്കിലും മാന്യതയും സംസ്കാരവും ഉള്ളവര്‍ക്ക് അസാധ്യമായിരുന്നു എന്നത് ശരി. പക്ഷേ, അതിന്‍െറ പേരില്‍ അമേരിക്കന്‍ ജനത എങ്ങനെ ചിന്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ളെന്നത് വലിയ പരാജയമായി. എല്ലാത്തരം തീവ്രവാദങ്ങളോടും എതിര്‍പ്പ് പുലര്‍ത്തുന്ന ‘ലിബറല്‍’ മൂല്യങ്ങളുടെ വക്താക്കളാണ് തീവ്ര വലതുപക്ഷക്കാരായ ’ഫോക്സ്’ ടി.വി തുടങ്ങിയ ചുരുക്കം മാധ്യമങ്ങളൊഴിച്ചാല്‍ അമേരിക്കയിലെ ഭൂരിപക്ഷം മാധ്യമങ്ങളും.
സാധാരണക്കാരന്‍െറ വേദനകള്‍
സ്വകാര്യമൂലധനത്തിന്‍െറ പറുദീസയായ അമേരിക്കയിലെ സ്വകാര്യ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഡെമോക്രാറ്റുകളെക്കാള്‍ മുതലാളിത്തപക്ഷപാതികളായ റിപ്പബ്ളിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ഥികള്‍ക്ക് എതിരായി? ഇവിടെയാണ് ഈ തെരഞ്ഞെടുപ്പിന്‍െറ സങ്കീര്‍ണത. ശതകോടീശ്വരനായ ബിസിനസുകാരന്‍ ട്രംപ് ആണ് ഈ തെരഞ്ഞെടുപ്പില്‍ മാറ്റത്തിന്‍െറ മാത്രമല്ല, അമേരിക്കന്‍ ‘എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ’ ശത്രു ആയി ഉയര്‍ന്നത്! കാരണം മറ്റൊന്നുമല്ല അമേരിക്കയിലെ ഭൂരിപക്ഷ സാധാരണ ജനത കുറച്ചുകാലമായി അനുഭവിക്കുന്ന ദുരിതങ്ങളുടെ ഫലമാണ് ഇത്. വാസ്തവത്തില്‍ അമേരിക്കയുടെ നിലവിളിയാണ് ട്രംപിന്‍െറ വിജയം. സാമ്പത്തിക മാന്ദ്യം മുതല്‍ എട്ടു വര്‍ഷമായി അമേരിക്കയിലെ സാധാരണജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കൊക്കെ കാരണമായി അവര്‍ കണ്ടത് ഇക്കാലം മുഴുവന്‍ ഭരിക്കുന്ന ഡെമോക്രാറ്റുകളെ ആയതില്‍ അദ്ഭുതമില്ല. ഇക്കാലമെല്ലാം ഭരിച്ച എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ തികഞ്ഞ പ്രതീകമായി അവര്‍ ബില്‍ ക്ളിന്‍റന്‍െറ ഭാര്യയും സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയും ഒക്കെ ആയ ഹിലരിയെ കണ്ടതിലും അദ്ഭുതമില്ല. ക്ളിന്‍റന്‍െറ എതിര്‍ സ്ഥാനാര്‍ഥി ആരെന്നോ അയാളുടെ നിലപാട് എന്തെന്നോ എന്നതില്‍ ഉപരി എങ്ങനെയെങ്കിലും തങ്ങളുടെ കടുത്ത പ്രതിഷേധം വിളിച്ചുപറയുന്ന നിഷേധ വോട്ട് രേഖപ്പെടുത്തുക ആയിരുന്നു അമേരിക്ക. അതിന്‍െറ ഗുണഭോക്താവാകാനുള്ള ഭാഗ്യം ട്രംപിനായി. അദ്ദേഹത്തിന്‍െറ സദാചാരമൂല്യങ്ങളും മാന്യതയും സംബന്ധിച്ച മധ്യവര്‍ഗ ചര്‍ച്ചകള്‍ അവര്‍ പരിഗണിച്ചതേയില്ല.
അമേരിക്കയിലെ സാധാരണക്കാരായ വെളുത്തവര്‍ഗ പുരുഷന്മാര്‍ ആണ് ട്രംപിന്‍െറ ഏറ്റവും അനുകൂലികള്‍ എന്ന് പറഞ്ഞിരുന്നു. ആദ്യമായി ഒരു വനിത പ്രസിഡന്‍റുണ്ടാകുന്നതില്‍ വിറളിപൂണ്ട അമേരിക്കന്‍ പുരുഷന്‍െറ പ്രതികാരം, തങ്ങളുടെ അവസരങ്ങള്‍ കൈക്കലാക്കുന്ന കറുത്തവര്‍ഗക്കാരോടും സ്പാനിഷ് വംശജരോടും ഉള്ള അവരുടെ പ്രതിഷേധം എന്നിവയൊക്കെ ട്രംപിന് അനുകൂലമായി അവരെ ചിന്തിപ്പിച്ചു എന്നത് ശരിയാകാം. മുസ്ലിം തീവ്രവാദത്തെ മുസ്ലിം വിരുദ്ധനായ ട്രംപ് അടിച്ചമര്‍ത്തുമെന്നും അവര്‍ ഉറപ്പിച്ചു. പക്ഷേ, അതിനര്‍ഥം ട്രംപിനെ ജയിപ്പിച്ചതിലൂടെ അമേരിക്കന്‍ സമൂഹം ട്രംപിന്‍െറ ദു$സ്വഭാവങ്ങളെല്ലാം ഉള്‍ക്കൊ ള്ളുന്നുവെന്നല്ല.
ഡെമോക്രാറ്റുകളുടെ പരമ്പരാഗത അനുകൂലികളായിരുന്ന വ്യവസായ തൊഴിലാളി വര്‍ഗത്തെ ട്രംപിന് വലിയതോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ആഗോളവത്കരണത്തിനെതിരെയും ദേശീയ വ്യവസായസംരക്ഷണത്തിനായും ട്രംപ് കൈക്കൊണ്ട നിലപാടുമൂലം ആയിരുന്നു. അമേരിക്കയിലെ തൊഴിലുകള്‍ ചൈനയിലും ഇന്ത്യയിലും മറ്റും പോകുന്നതിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഡെമോക്രാറ്റുകള്‍ക്കോ ഹിലരിക്കോ ഒരു നിലപാടും ഉണ്ടായില്ല. അങ്ങനെ അമേരിക്കയിലെ സാധാരണക്കാരെ തകര്‍ത്ത ‘നാഫ്റ്റ’ തുടങ്ങിയ ആഗോള വ്യാപാര ഉടമ്പടികള്‍ അടക്കമുള്ള നവ ലിബറല്‍ നയങ്ങളെ ആക്രമിക്കുന്ന ‘പുത്തന്‍ ഇടതുപക്ഷക്കാരന്‍’ ആയി ട്രംപ് സ്വയം അവതരിച്ചു! ഇതോടെ സ്വാഭാവികമായും തൊഴിലാളികള്‍ ആദ്യമായി റിപ്പബ്ളിക്കന്‍ കക്ഷിക്ക് അനുകൂലമായി. ഡെമോക്രാറ്റിക് കക്ഷിയുടെ ശക്തികേന്ദ്രമായ ഒഹായോ, മിഷിഗണ്‍, പെനിസില്‍വേനിയ, വിസ്കോണ്‍സിന്‍ എന്നീയിടങ്ങളിലൊക്കെ ഇക്കുറി ട്രംപ് മുന്നേറി. അതേസമയം അമേരിക്കന്‍ നയങ്ങളെ പൊളിച്ചെഴുതാന്‍ തയാറുള്ള സോഷ്യലിസ്റ്റ് ബേണി സാന്‍േറഴ്സ് ആയിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി എങ്കില്‍ ഇതായിരിക്കുമായിരുന്നില്ല ഫലം. പക്ഷേ, അമേരിക്കന്‍ എസ്റ്റാബ്ളിഷ്മെന്‍റിനെ വെല്ലുവിളിക്കുന്ന സാന്‍േറഴ്സിനെ ഉള്‍ക്കൊള്ളാന്‍ അതിന്‍െറ ഭാഗമായ മാധ്യമങ്ങള്‍ക്കും ആകില്ലല്ളോ.
അമേരിക്കയിലെ വിഖ്യാത മാധ്യമവീരന്മാര്‍ക്കാര്‍ക്കും സാധാരണക്കാര്‍ക്കിടയിലെ വികാരമൊന്നും കാണാനായില്ല. അവര്‍ ആഗ്രഹിക്കുന്നതുപോലെ ആണ് യാഥാര്‍ഥ്യവും എന്ന് അവര്‍ സ്വയം വിശ്വസിച്ചു. തമ്മില്‍ തമ്മിലോ അവരെപ്പോലെയുള്ളവരുമായോ മാത്രം അവര്‍ പരസ്പരം ആശയവിനിമയം ചെയ്തു. സാധാരണക്കാരുടെ ലോകവുമായി മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബന്ധം ഇക്കാലത്ത് മുമ്പൊരിക്കലുമില്ലാത്ത വിധം ദുര്‍ബലമാകുന്നതിന്‍െറ തെളിവാണിത്. പ്രവര്‍ത്തനരീതിയിലെ മാറ്റങ്ങളും ഒരു കാരണമാണ്. സാധാരണജനജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാനും അവയ്ക്കായി അന്വേഷണം നടത്താനും ഒന്നും കച്ചവട കേന്ദ്രിത മാധ്യമങ്ങള്‍ ചെലവ് ചെയ്യുന്നില്ല. പത്രങ്ങള്‍ക്കും ടി.വിക്കും വിപണി ഇടിയുന്നു. സാമൂഹികമാധ്യമങ്ങള്‍ പൂര്‍ണമായ ആധിപത്യത്തിലേക്ക് എത്തുന്നു. നിലനില്‍പ് തന്നെ അവതാളത്തിലാക്കിയ കടുത്ത മത്സരം പരമ്പരാഗത മാധ്യമങ്ങളെ വിപണിയിലുള്ള അടിമത്തത്തിന് വഴിയൊരുക്കുന്നു. വിപണിയാകട്ടെ വായനക്കാരിലും പ്രേക്ഷകരിലും നിന്ന് മാറി പരസ്യങ്ങളാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്നു. അതോടെ മാധ്യമങ്ങള്‍ നഗരവിപണി കേന്ദ്രിതമായി തീര്‍ന്നിരിക്കുന്നു. സമൂഹത്തിലെ പ്രമാണിമാരുടെ ലോകത്ത് മാത്രമായി അവരുടെ വ്യാപാരം. സെലിബ്രിറ്റി ജേണലിസമെന്നും സെല്‍ഫി ജേണലിസമെന്നും ഇത് ഇന്നറിയപ്പെടുന്നു. വന്‍കിട പത്രങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ ലേഖകര്‍ പോലുമില്ല. കമ്പോള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പണമുള്ളവരെ മാത്രം ലക്ഷ്യമാക്കിയ മാധ്യമ പ്രവര്‍ത്തണനത്തില്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരിവട്ടത്തിനും ഇടമില്ല. നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെ സൗന്ദര്യമത്സരത്തിന് തിരക്കുകൂട്ടിയ മാധ്യമങ്ങളെ ഇന്ത്യയിലും കണ്ടതാണല്ളോ.
ജൂലൈയില്‍തന്നെ ട്രംപിന്‍െറ വിജയം പ്രവചിച്ച ഇടതുപക്ഷക്കാരനായ പ്രശസ്ത അമേരിക്കന്‍ സംവിധായകന്‍ മൈക്കള്‍ മൂര്‍ ചോദിക്കുന്നത് മാധ്യമങ്ങള്‍ എന്തുകൊണ്ട് വ്യക്തമായ ഈ സൂചനകള്‍ കണ്ടില്ളെന്നാണ്. ‘‘ആദ്യം അവര്‍ ട്രംപ് സ്ഥാനാര്‍ഥി ആകില്ളെന്ന് പറഞ്ഞു. ആയപ്പോള്‍ ഒരിക്കലും ജയിക്കില്ളെന്ന് പറഞ്ഞു. ഹിലരിയെപ്പോലൊരാള്‍ പൂര്‍ണ പരാജയമാകുമെന്ന് ഉറപ്പായിട്ടും അവര്‍ അത് മിണ്ടിയില്ല. അമേരിക്കക്കും ലോകത്തിനും ട്രംപിന്‍െറ വിജയം അപകടകരമാണെന്ന് സംശയമില്ല. പക്ഷേ, ഈ അപകടം തിരിച്ചറിയാത്ത മാധ്യമങ്ങളും ഇതിന് ഉത്തരവാദിയാണ്’’ -മൂര്‍ പറയുന്നു. സംശയമില്ല, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ഇത് ഒന്നാം തരം പാഠമാണ്. ആവര്‍ത്തിക്കാന്‍ ഇടയുള്ള അബദ്ധവും.


