എന്റെ ഒന്നാം പുസ്തകത്തിന്റെ 300-ാം പതിപ്പ് കവർ പ്രകാശനം
text_fieldsഎന്റെ പുതിയ പുസ്തകം ഇറങ്ങി മാസംതികയുംമുമ്പേ ഇത്രാം പതിപ്പിലേക്ക് കടന്നിരിക്കുന്നു, എന്റെ കവർ പ്രകാശനത്തിൽ പങ്കുചേരുമല്ലോ, കവിതാസമാഹാരത്തിന്റെ റോയൽറ്റി കിട്ടിയതിനാൽ പുതിയ കാർ വാങ്ങുന്നു, പൂങ്കിനാവ് വാരികയിൽ വന്ന എന്റെ സാഹിത്യം വായിച്ച് നന്നാവുമല്ലോ - അങ്ങനെയങ്ങനെ എഴുത്തുകാരുടെ അസംഖ്യം ‘അഭ്യർഥിക്കുന്നു അപേക്ഷിക്കുന്നു’കൾ വന്നുകുമിയുകയാണ് സാംസ്കാരികരംഗത്ത്; സാംസ്കാരിക പരിസരത്തിൽനിന്ന് എന്ന് ബുദ്ധിപരമായും പറയാം. പുസ്തകക്കവറുകളിലെല്ലാം പതിപ്പുനമ്പറും വിറ്റ കോപ്പികളുടെ - എണ്ണവും കാണാം. ഈ പതിപ്പുത്സവകാലം കാണുമ്പോൾ അയ്യപ്പപ്പണിക്കരെയാണ് ഓർമ വരുന്നത്.
അറുപത്തഞ്ചുവർഷം മുമ്പേ ഇങ്ങനെയൊരു കാലംവരുമെന്ന് അദ്ദേഹം മുൻകൂട്ടിക്കണ്ടുവെന്നു തോന്നുന്നു. മലയാളകവിതയിൽ ആധുനികതക്ക് തുടക്കംകുറിച്ചുകൊണ്ട് 1960ൽ പ്രസിദ്ധീകരിച്ച ‘കുരുക്ഷേത്ര’ത്തിൽ അയ്യപ്പപ്പണിക്കർ എഴുതി:
‘‘ആളുതിക്കിത്തിരക്കിയേറുന്ന-
താണ്, ചന്തയതാണെൻ പ്രപഞ്ചം
വിൽപ്പനയ്ക്കുള്ള ചരക്കുകളും പേറി
വിൽപ്പനക്കാർ വരുന്നു,
പോകുന്നു,
തങ്ങളെത്തന്നെ
വിൽക്കുന്നു, വീണ്ടും
തങ്ങൾ തന്നെ വിലപേശി നില്പൂ.’’
ഇതാ ഇത്രാം പതിപ്പെന്നു വിളിച്ചുകൂവി പുസ്തകം മഹാകേമമെന്ന് സ്ഥാപിക്കുമ്പോൾ പ്രസാധകരും എഴുത്തുകാരും അയ്യപ്പപ്പണിക്കരുടെ തങ്ങളെത്തന്നെ വിൽക്കുന്നവരും തങ്ങൾതന്നെ വിലപേശുന്നവരുമായിത്തീരുന്നു. ‘നീയറിയുന്നോ വായനക്കാരാ നീറുമെന്നുള്ളിൽ നിറയും വ്യഥകൾ, നീറുമെന്നുള്ളിലെ നക്ഷത്രവീര്യം’ എന്നു ചോദിക്കേണ്ടവരാണ് ‘പതിപ്പിതുകണ്ടായോ’ എന്നു ചോദിച്ച് വായനക്കാർക്കുമുന്നിൽ വന്നുനിൽക്കുന്നത്. പുസ്തകങ്ങൾ വിൽക്കേണ്ടതും വാങ്ങേണ്ടതും ഉപയോഗിക്കേണ്ടതുമായ ഉൽപന്നങ്ങളാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ, സോപ്പും ചീപ്പുംപോലെയുള്ള ഉൽപന്നങ്ങളല്ല സാഹിത്യകൃതികൾ. അവയുടെ ഉൽപാദനത്തിന്റെ എത്തിക്സ് വ്യത്യസ്തമാണ്. മുമ്പൊക്കെ ആയിരവും രണ്ടായിരവും പ്രതികളാണ് മലയാളപുസ്തകങ്ങൾ അച്ചടിച്ചിരുന്നത്. തീരുമ്പോൾ അടുത്ത പതിപ്പുവരും. ഈയിടെയായി അതു മാറി. വളരെക്കുറച്ചുമാത്രം അച്ചടിക്കും. തീരുമ്പോൾ അടുത്ത പതിപ്പിറക്കുകയായി. അത് അമ്പതോ നൂറോ കോപ്പി മാത്രമാകാനും മതി. അങ്ങനെ പതിപ്പുകൾ പെരുകുന്നു. പെരുകുന്തോറും സാഹിത്യോൽപാദകൻ മഹാനാവുന്നു.
അയ്യപ്പപ്പണിക്കർ
ഒരു എഡിഷൻ എന്നതിനെയാണ് പതിപ്പ് എന്നു മലയാളത്തിൽ പറയുന്നത്. ഇംഗ്ലീഷിലെയും മറ്റും പ്രസാധനത്തിൽ, അല്ലെങ്കിൽ ആഗോള പുസ്തകപ്രസാധന വ്യവസായത്തിൽ ഇതിനൊക്കെ ചില അർഥങ്ങളും അർഥവ്യത്യാസങ്ങളുമുണ്ട്. ഒരു പുസ്തകത്തിന്റെ ആദ്യ പ്രസിദ്ധീകരണമാണ് എഡിഷൻ. മാറ്റങ്ങളൊന്നുമില്ലാതെ, അല്ലെങ്കിൽ, നിസ്സാരമാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നത് റീപ്രിന്റ്. ഒരു സമയത്ത് നിശ്ചിത എണ്ണം കോപ്പികൾ അച്ചടിക്കുന്നതിനെ ഇംപ്രഷൻ എന്നും പറയും. അതു വീണ്ടും പ്രസിദ്ധീകരിക്കുന്നത് ന്യൂഇംപ്രഷൻ അഥവ റീപ്രിന്റ്. ആദ്യ പതിപ്പിൽ (എഡിഷൻ) നിന്ന് ഗണ്യമായ മാറ്റങ്ങളോടെ ആദ്യത്തേതിന്റെ പാഠഭേദമായി വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ എഡിഷൻ. മാറ്റങ്ങൾക്കനുസരിച്ച് സെക്കൻഡ് എഡിഷൻ, തേർഡ് എഡിഷൻ എന്നിങ്ങനെ നീളും. ഓരോ എഡിഷനും റീപ്രിന്റുകളുമുണ്ടാവാം. പുസ്തകപ്രസാധനം, എഡിറ്റിങ് എന്നിവയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കാറുള്ള ‘ദ കേംബ്രിജ് ഹാൻഡ് ബുക്ക് ഫോർ എഡിറ്റേഴ്സി’ൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ‘രണ്ടാം (അല്ലെങ്കിൽ പുതിയ) എഡിഷൻ എന്ന സംജ്ഞ കൃതിയിൽ പ്രസക്തമായ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ വരുത്തിയിട്ടില്ലെങ്കിൽ ഉപയോഗിക്കരുത്. ‘ന്യൂ എഡിഷൻ’ എന്ന സംജ്ഞ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ, തുടർന്ന് പുതിയ എഡിഷനുകൾ (വീണ്ടും പ്രസക്തമായ മാറ്റങ്ങൾ/ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നവ) വേണ്ടിവരുമ്പോൾ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും.’ ഇതൊന്നും മലയാളത്തിലെ പുസ്തകപ്രസാധനം ശ്രദ്ധിക്കാറില്ലെന്നു മാത്രം.
സമീപകാലത്തായി ആരംഭിച്ച പതിപ്പുബഹളത്തിന്റെ തുടക്കം പെരുമ്പടവം ശ്രീധരന്റെ നോവലായ ‘ഒരു സങ്കീർത്തനം പോലെ’ക്ക് തുടർച്ചയായ പതിപ്പുകളും ജനപ്രീതിയും ലഭിച്ചിടത്തുനിന്നാണ്. 1993ൽ പുറത്തിറങ്ങിയ ആ പുസ്തകത്തിന് തുടർച്ചയായുണ്ടായ പതിപ്പുകളിലെല്ലാം പ്രസാധകനായ ആശ്രാമം ഭാസി റീപ്രിന്റുകൾ എന്നുതന്നെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എസ്. രമേശൻ നായരുടെ വിവാദം സൃഷ്ടിച്ച നാടകമായ ‘ശതാഭിഷേകം’ 1994 നവംബർ അഞ്ചിനാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചത്. 1994 നവംബർ 8,14,16, ഡിസംബർ 3, 6, 1995 ഫെബ്രുവരി 20 ദിവസങ്ങളിൽ പുതിയ പതിപ്പുകളുണ്ടായി. ഓരോന്നിലും അച്ചടിച്ച കോപ്പികളുടെ എണ്ണം സഹിതം റീപ്രിന്റ് എന്നാണ് പ്രസാധകർ ചേർത്തിരുന്നത്. ഈ വിവേകമൊന്നും ഇപ്പോൾ പ്രസാധനരംഗത്തില്ല. വൻ ജനപ്രീതി നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ പെട്ടെന്നൊരു ദിവസം നൂറാം പതിപ്പിലെത്തിയതോടെ കഥയും കളിയും മാറി. അപ്പോഴേക്കും പി.ഒ.ഡി എന്ന പ്രിന്റ് ഓൺ ഡിമാൻഡ് പ്രസിദ്ധീകരണ രീതി മലയാളത്തിലെത്തുകയും ചെയ്തു. ‘കാകൻ പറന്നു പുനരന്നങ്ങൾ പോകുന്ന വഴി പോകുന്നതി’ന് പിന്നെ താമസമുണ്ടായില്ല. റീപ്രിന്റുകൾ എഡിഷനായി മാറി. അഞ്ച് കോപ്പിയും അമ്പത് കോപ്പിയും ഓരോ എഡിഷനായി. ഓരോ നൂറുകോപ്പിയെയും താൻ ഒരു എഡിഷനായി കണക്കാക്കുന്നെന്ന് ഒരു പ്രസാധകൻ പച്ചയായിത്തന്നെ പറഞ്ഞു.
കെ.പി. അപ്പൻ
ഡിജിറ്റൽ പ്രിന്റിങ് ആരംഭിച്ചതോടെ, വികസിച്ചുവന്ന പി.ഒ.ഡിയിൽ പുസ്തകത്തിന്റെ ഒരു കോപ്പി തന്നെ അച്ചടിക്കാം. അങ്ങനെ അച്ചടിക്കുന്നതിനാൽ ഓരോ കോപ്പിയെയും ഓരോ പതിപ്പായി കണക്കാക്കി എന്റെ പുസ്തകത്തിന്റെ മുന്നൂറാം പതിപ്പായി എന്ന് പ്രഖ്യാപിക്കുന്നവരും ഇനിയുണ്ടാകും. റീൽസ്, ഓൺലൈൻ റിവ്യൂ, ഇൻഫ്ലുവൻസർമാർ എന്നിവയെല്ലാമുള്ളതുകൊണ്ട് മൂവായിരമാകാനും അധികനേരം വേണ്ട.
പുസ്തകപ്രചാരണത്തിന് ഇനിയും സാധ്യതകൾ എഴുത്തുകാർക്കു മുന്നിൽ തുറന്നുകിടപ്പുണ്ട്. ഞാൻ പുതിയ നോവൽ എഴുതിത്തുടങ്ങി, ഇത്രാമധ്യായമായി, ട്വിസ്റ്റ് കിട്ടി എന്നിങ്ങനെ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുകയാണ് ഒരു വഴി. നോവലിൽ കഥാപാത്രമാകാൻ താൽപര്യമുള്ളവരെ ക്ഷണിക്കുക (ഞാൻ കഥാപാത്രമായ നോവൽ വായിക്കൂ എന്നുപറഞ്ഞ് അവർ പ്രചരിപ്പിച്ച് പതിപ്പു കൂട്ടും), നോവലിന് പേരിടാൻ വായനക്കാരെ ക്ഷണിക്കുക തുടങ്ങിയ തന്ത്രങ്ങളും പരീക്ഷിക്കാവുന്നതാണ്. പതിപ്പും പ്രശംസയും പ്രശസ്തിയുമൊക്കെ നല്ലതുതന്നെ. ‘ശിരശ്ചേദം ചെയ്യപ്പെട്ട അന്തസ്സ് എഴുത്തുകാരന്റെ മുന്നിൽ കിടക്കുന്നു’ എന്ന് കെ.പി. അപ്പൻ പണ്ടു പറഞ്ഞത് ഓർക്കുന്നതും നന്ന്.