വായനമത്സരത്തിനുള്ള (വേണ്ടപ്പെട്ടവരുടെ) പട്ടിക
text_fieldsവായനയെപ്പറ്റിയും അതിന്റെ പ്രയോജനത്തെയും ആനന്ദത്തെയും പറ്റിയും പലതരം നിർവചനങ്ങളുണ്ട്; പ്രസംഗങ്ങളിലും ലേഖനങ്ങളിലും ആവർത്തിക്കപ്പെടാറുള്ള, പെട്ടെന്ന് മനസ്സിൽ പതിയുന്ന ‘ക്വോട്ടബിൾ ക്വോട്ട്’ പദവിയുള്ളവ ഉൾപ്പെടെ. അവയിൽ അർഥവത്തായി തോന്നിയിട്ടുള്ള ഒരു നിർവചനം നാലഞ്ചുവർഷംമുമ്പ് മരിച്ചുപോയ അമേരിക്കൻ സാഹിത്യനിരൂപകനും പ്രഫസറുമായ ഹാരൾഡ് ബ്ലൂമിന്റേതാണ്. ‘വായനയുടെ പ്രയോജനങ്ങളിലൊന്ന് നമ്മെ മാറ്റത്തിനു സജ്ജമാക്കുന്നെന്നതാണ്, അന്തിമമായ മാറ്റമാകട്ടെ സാർവജനീനവും’ എന്നാണ് ബ്ലൂമിന്റെ നിരീക്ഷണം. ഏകാന്തപ്രവർത്തനമായ വായനയുടെ ആനന്ദം സാമൂഹികമല്ല സ്വാർഥപരമാണെന്ന് ഉറച്ചുവിശ്വസിച്ച ബ്ലൂമിനും അതുണ്ടാക്കുന്ന സാർവജനീനമായ മാറ്റത്തെപ്പറ്റി സംശയമുണ്ടായിരുന്നില്ല.
ആ പരിവർത്തനത്തിനുവേണ്ടിയാണ് ലോകമെങ്ങും വായനമത്സരങ്ങൾ നടത്താറുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും അത്തരം മത്സരങ്ങളുണ്ട്. ഇത്തരം മത്സരങ്ങളിലൊന്നാണ് ജമൈക്കയിലെ നാഷനൽ റീഡിങ് കോംപെറ്റിഷൻ. കേരളത്തിലെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു തുല്യമായ ജമൈക്ക ലൈബ്രറി സർവിസാണ് ആറുമുതൽ തൊണ്ണൂറ്റൊമ്പതുവരെ വയസ്സുള്ളവർക്കായി പല വിഭാഗങ്ങളിൽ അതു നടത്തുന്നത്. മത്സരത്തിനായി വായിക്കാൻ നിർദേശിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി അവർ പറയുന്നതിങ്ങനെയാണ്: ‘ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിട്ടുള്ളവയാണ് മത്സരത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങൾ. പ്രായമനുസരിച്ചുള്ള ഓരോ വിഭാഗത്തിനും അനുയോജ്യവും വിദ്യാഭ്യാസപരമായ മൂല്യമുള്ളതും ആ വിഭാഗങ്ങളെ ആകർഷിക്കുന്നതുമായ പുസ്തകങ്ങളാണ് തിരഞ്ഞെടുക്കുന്നത്.’
ആ കരീബിയൻ ദ്വീപിലെ വായനമത്സരത്തിലെ പുസ്തക തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ കാരണം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഈ വർഷത്തെ വായനമത്സരത്തിന്റെ പുസ്തകപ്പട്ടിക കാണാനിടയായതാണ്. യു.പി സ്കൂൾ, വനിതാവിഭാഗങ്ങളിൽ ജില്ലതലംവരെയും ഹൈസ്കൂൾ വിഭാഗത്തിലും പതിനാറുവയസ്സിനു മുകളിലുള്ള മുതിർന്നവരുടെ രണ്ടുവിഭാഗങ്ങളിലും സംസ്ഥാനതലംവരെയുമാണ് മത്സരം. ലൈബ്രറി കൗൺസിലിനു കീഴിലുള്ള ഒരു അക്കാദമിക് കൗൺസിലാണ് വായനക്കുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുക. പട്ടികയിൽ വരുന്ന പുസ്തകങ്ങളുടെ ധാരാളം കോപ്പികൾ ചെലവാകുമെന്നതാണ് ഇതിന്റെ ഭൗതികവശം. വായനമത്സരപ്പുസ്തകങ്ങൾ ഒരുമിച്ചുവാങ്ങി ഗ്രന്ഥശാലകൾക്ക് കൊടുക്കുന്ന പതിവുമുള്ളതിനാൽ വിൽപന ഉറപ്പ്. ഇനി, വായനയുടെ മാനസികവശം (ഹാരൾഡ് ബ്ലൂം പറഞ്ഞ വ്യക്തിപരവും സാർവജനീനവുമായ പരിവർത്തനമുണ്ടാക്കൽ) നോക്കിയാൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നു മനസ്സിലാകും.
വേണ്ടപ്പെട്ടവരും പാർട്ടിക്കാരുമൊക്കെ എഴുതിയവയാണ് പട്ടികയിലെ ഭൂരിഭാഗം പുസ്തകങ്ങളും. പുസ്തകം തിരഞ്ഞെടുക്കുന്ന അക്കാദമിക് കൗൺസിൽ അംഗങ്ങളുടെയും ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെയും ജീവനക്കാരുടെയും പുസ്തകങ്ങൾവരെ പട്ടികയിലുണ്ട്. ജില്ലതലംവരെ മാത്രം മത്സരമുള്ള വിഭാഗങ്ങളുടെ എല്ലാ ജില്ലകളിലെയും പുസ്തകപ്പട്ടിക കൂടി നോക്കിയാൽ ചിത്രം കൂടുതൽ വ്യക്തമാകും. കുറ്റം പറയാതിരിക്കാൻവേണ്ടി ദസ്തയേവ്സ്കിക്കും ടാഗോറിനും ബാലാമണിയമ്മക്കും പാറപ്പുറത്തിനും എൻ.എസ്. മാധവനുംകൂടി പട്ടികയിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. പക്ഷേ മൊത്തം പുസ്തകങ്ങൾ നോക്കുമ്പോൾ വായനമത്സരം കൊണ്ടുദ്ദേശിക്കുന്നത് പുസ്തകമായി അച്ചടിച്ചത് വെറുതേ വായിക്കുക എന്ന തോന്നലാണുണ്ടാവുക. വായനയിൽനിന്ന് വെളിച്ചമുണ്ടാകാനും എഴുത്തിന്റെയും സാഹിത്യത്തിന്റെയും യഥാർഥസ്വഭാവവും ഗുണമേന്മയും അനുഭൂതിയും വായനക്കാർക്ക് അനുഭവപ്പെടാനും സഹായിക്കുന്ന അധികം പുസ്തകങ്ങളൊന്നും പട്ടികയിൽ കണ്ടില്ല.
സംസ്ഥാനമത്സരത്തിനുള്ള പുസ്തകങ്ങളിലെ നോവലുകൾ നോക്കിയാൽ നോവൽജനുസ്സ് ഇത്ര ദാരിദ്യ്രത്തിലാണോ എന്ന് തോന്നിപ്പോകും. പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ മികച്ച നോവലാണെങ്കിലും വായനമത്സരത്തിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് അതിൽനിന്ന് എന്താവും മനസ്സിലാക്കാനും ഉത്തരമെഴുതാനും ഉണ്ടാവുക. ‘അരനാഴികനേര’ത്തിന്റെ കലാപരമായ മേന്മയെക്കുറിച്ചും ആഖ്യാനത്തിൽ അക്കാലത്തുകൊണ്ടുവന്ന പുതുമയെക്കുറിച്ചുമൊന്നും എനിക്കു സംശയമില്ല. കറുപ്പുതീറ്റയും ജാരബന്ധവും കുടുംബഛിദ്രങ്ങളുമെല്ലാമുള്ള ‘അരനാഴികനേരം’ ഹിംസാത്മകമായ ഒരു ലോകത്തിന്റെ ദുരന്തചിത്രമാണ് ആവിഷ്കരിച്ചത്. മുതിർന്ന വായനക്കാർക്ക് തീർച്ചയായും അത് ആസ്വാദ്യമാവും. മുൻതലമുറയിലെ വായനക്കാർ ആസ്വദിച്ചിട്ടുമുണ്ട്. എന്നാൽ, പതിനഞ്ചുവയസ്സിൽ താഴെയുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് വായനയിലൂടെ പരിവർത്തനവിധേയരാവാൻ നിർദേശിക്കാവുന്ന നോവലല്ല അത്. ലഹരിക്കെതിരെ സർക്കാർ തലത്തിൽ വലിയ പ്രചാരണവും പൊലീസ് നടപടിയുമൊക്കെ നടക്കുന്നതുകൊണ്ട് കുട്ടികളെ ലഹരിയുടെ വിപത്തിനെപ്പറ്റി ബോധവാന്മാരാക്കാൻ വേണ്ടിയാണ് ഉൾപ്പെടുത്തിയതെന്നും വാദിക്കാവുന്നതാണ്. ചില ജില്ലകളിലെ യു.പി വിഭാഗം പുസ്തകപ്പട്ടികയിൽ കണ്ട ചില ബാലസാഹിത്യവിഭാഗത്തിൽപ്പെടുന്ന കൃതികളും സമാനമായ ചോദ്യങ്ങൾ ഉയർത്താൻ പോന്നവയാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് ഇന്ത്യയിലെ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കായി ഓക്സ്ഫഡ് ബിഗ് റീഡ് ഗ്ലോബൽ എന്നൊരു വായനമത്സരം നടത്താറുണ്ട്. ഈ വർഷത്തെ മത്സരത്തിന് ഏഴു തൊട്ട് ഒമ്പതുവരെയുള്ള ക്ലാസുകാർക്ക് ഒ.യു.പി നിർദേശിച്ചിട്ടുള്ളത് ഡേവിഡ് കോപ്പർഫീൽഡ്, േഗ്രറ്റ് എക്സ്പെക്ടേഷൻസ്, ഒലിവർ ട്വിസ്റ്റ്, ഗോസ്റ്റ് സ്റ്റോറീസ് എന്നീ പുസ്തകങ്ങളാണ്. ഇംഗ്ലണ്ടിലും ഇംഗ്ലീഷിലും ഇഷ്ടംപോലെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും അവർ വായിക്കേണ്ട നല്ല പുസ്തകങ്ങളെപ്പറ്റി ഉത്തരവാദിത്തമുള്ള ആ പ്രസാധകർക്കറിയാം.
ഹാരൾഡ് ബ്ലൂം
വായനമത്സരത്തിൽനിന്ന് വായനയെ തിരിച്ചുപിടിക്കണമെന്നോ പുനരുദ്ധരിക്കണമെന്നോ വായനമത്സരത്തിന്റെ പുസ്തകപ്പട്ടിക(വേണ്ടപ്പെട്ടവരുടെ പട്ടിക എന്നും പറയാം) കാണുന്ന വിവേകിയായ ഒരു വായനക്കാരനോ വായനക്കാരിക്കോ തോന്നിയാൽ കുറ്റപ്പെടുത്താനാവില്ല. അവരോട് പിണങ്ങിയിട്ടും കാര്യമില്ല. പട്ടിക സത്യം വിളിച്ചുപറയും; അതിനു പിന്നിലുള്ള സമ്മർദങ്ങളും താൽപര്യങ്ങളും വെളിപ്പെടുത്തുകയും ചെയ്യും.
ഹാരൾഡ് ബ്ലൂമിലേക്ക് മടങ്ങിവരട്ടെ. ജീവിതത്തിനെന്നപോലെ സാഹിത്യത്തിനും മൂല്യമുണ്ടെന്ന് ശഠിച്ചിരുന്ന ബ്ലൂം വായനയെ പുനരുദ്ധരിക്കുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ‘വർത്തമാനകാലത്ത് വിമർശനത്തിന് എന്തെങ്കിലുമൊരു ധർമമുണ്ടെങ്കിൽ അത്, ഏതെങ്കിലും താൽപര്യങ്ങൾക്കു വേണ്ടിയല്ല, തനിക്കുവേണ്ടി വായിക്കുന്ന ഏകാകിയായ വായനക്കാരനെ അഭിസംബോധന ചെയ്യുകയാണ്’ എന്നുപറഞ്ഞ ബ്ലൂം ബാഹ്യതാൽപര്യങ്ങളിൽനിന്ന് വായനയെ പുനരുദ്ധരിക്കാൻ അഞ്ച് തത്ത്വങ്ങൾ നിർദേശിക്കുന്നു: പടുഭാഷണങ്ങളിൽനിന്ന് മനസ്സിനെ സ്വതന്ത്രമാക്കുക, നിങ്ങൾ വായിക്കുന്നതുവെച്ച് നാട്ടുകാരെ നന്നാക്കാൻ ശ്രമിക്കാതിരിക്കുക, എല്ലാവരെയും പ്രകാശിപ്പിക്കുന്ന വിളക്കുകളായവരെ വായിക്കുക, സർഗാത്മകമായി വായിക്കുക, ഐറണിയെ വീണ്ടെടുക്കുക.