കാലമെന്ന ദിവ്യ ഔഷധം
text_fieldsമനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കൂടിക്കൊണ്ടേയിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ അത് 67 വയസ്സ് ആണ്. കേരളത്തെ സംബന്ധിച്ച് പിന്നെയും കൂടും. മെച്ചപ്പെട്ട ജീവിതരീതിയുള്ളവരുടെ പ്രായം 90ഉം കടന്ന് മുന്നേറും. പ്രായം കൂടുംതോറും പക്വത കൂടുമെന്ന് പൊതുവേ പറഞ്ഞുകേൾക്കാറുണ്ട്. വിവിധ തലമുറകളെ കണ്ട്, അവരുടെ കൂടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുകൊണ്ട്, നിർവൃതിയോടെ ഈ ലോകത്തോട് വിടപറയുന്ന എത്രയോ മുതിർന്ന പൗരരെ നാം കാണുന്നു. അവരുടെ സാന്നിധ്യവും അനുഭവസമ്പത്തും എക്കാലത്തും നമ്മുടെ നാടിന് വലിയ ഐശ്വര്യവുമാണ്. ആ പ്രായത്തിലുള്ള ആളുകളുമായി അടുത്ത ചങ്ങാത്തം പുലർത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും അതിൽ ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഒരു അക്കാദമിയിൽ നിന്നും ലഭിക്കാൻ ഇടയില്ലാത്ത ജീവിത പാഠങ്ങളും അനുഭവ പരിസരങ്ങളുമാണ് അവരിൽനിന്ന് പകർന്നുകിട്ടുക. നടന്നുകയറിയ ജീവിതപ്പാതകളെക്കുറിച്ച് അവർ പറയുന്നത് കേട്ടിരിക്കൽ തന്നെ എത്ര രസകരമാണ്. സ്നേഹത്തിന്റെ മധുരവും കണ്ണീരിന്റെ ഉപ്പുരസവും കലർന്നതാണ് മിക്കവരുടെയും ജീവിതയാത്രകൾ. ഒരു മുതിർന്ന പൗരനിൽനിന്ന് കേട്ട അത്തരമൊരു കഥയാണ് ഇന്ന് പങ്കുവെക്കുന്നത്.
യൗവനകാലത്തുതന്നെ കച്ചവടത്തിലും മറ്റും ശോഭിച്ച അദ്ദേഹത്തിന് നല്ല രീതിയിൽ ധനം സമ്പാദിക്കാനും സാധിച്ചിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അടുത്ത സുഹൃത്തിൽനിന്ന് അക്കാലത്ത് അദ്ദേഹത്തിന് വലിയ ഒരു ദുരനുഭവമുണ്ടായി. അത് അദ്ദേഹത്തെയും കുടുംബത്തെയും മാനസികമായി സമ്മർദത്തിലാക്കുകയും സാമ്പത്തികമായി മുറിവേൽപിക്കുകയും ചെയ്തു. സഹിക്കാനാവാതെ നമ്മുടെ കഥാനായകൻ അതിനോട് ശക്തമായി പ്രതികരിക്കാനും തുടങ്ങി. ഒടുവിൽ പ്രശ്നം മധ്യസ്ഥരുടെ മുന്നിലെത്തി. പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയും ഉപദ്രവമുണ്ടാക്കുന്ന നിലപാടുകൾ പരസ്പരം ഉണ്ടാകില്ലെന്ന ധാരണയിൽ എത്തുകയും ചെയ്തു. ഒത്തുതീർപ്പിനൊടുവിൽ ‘‘നമ്മൾ തമ്മിലിനി കാണാൻ ഇടവരാതിരിക്കട്ടെ’’ എന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.
കാലമേറെ കടന്നുപോയി. കഥാനായകന്റെ ബിസിനസും കുടുംബജീവിതവും നല്ല നിലയിൽ മുന്നോട്ടുപോയി. മക്കളെല്ലാം ഉയർന്ന പദവികളിലെത്തി, വിവാഹിതരായി, പേരക്കുട്ടികളുണ്ടായി. അങ്ങനെ ആത്മനിർവൃതിയുടെ ജീവിതസായാഹ്നത്തിലിരുന്നാണ് അദ്ദേഹം എന്നോട് ഇക്കഥ പറഞ്ഞത്.
‘‘നമ്മൾ തമ്മിലിനി കാണാൻ ഇടവരാതിരിക്കട്ടെ’’ എന്ന് പറഞ്ഞുപിരിഞ്ഞ ആ വ്യക്തിയെക്കുറിച്ച് ഒരുപാട് കാലം ഒരു വിവരവും ഇല്ലായിരുന്നു. ഒടുവിൽ, അങ്ങനെ ഒരു വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ തന്നെ ഇദ്ദേഹത്തിന്റെ ചിന്തകളിൽ നിന്ന് പൂർണമായും മാഞ്ഞുപോയിരുന്നു. അങ്ങനെയിരിക്കെ, കുറച്ച് നാളുകൾക്കുമുമ്പ് ഒരപരിചിതൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
‘‘എനിക്ക് ആളെ ആദ്യം മനസ്സിലായില്ല. ആരെന്ന് തിരക്കിയപ്പോൾ കേട്ട മറുപടിയിലെ ശബ്ദം ചിരപരിചിതമായിരുന്നു. ആഗതൻ പറഞ്ഞു: ‘‘ഞാൻ നിങ്ങളുടെ ആ പഴയ ശത്രു’’.. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഞാൻ കരുതിയ അതേ സുഹൃത്ത്! പ്രായാധിക്യം അദ്ദേഹത്തിൽ ശാരീരികമായി വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ശബ്ദത്തിന് ഇടർച്ചയും വാക്കുകൾക്ക് വല്ലാത്ത പക്വതയും വന്നിരിക്കുന്നു. ‘‘എന്താ വന്നത്, എന്തുണ്ട് വിശേഷം’’ എന്നായി ഞാൻ. ‘‘വലിയൊരു ക്ഷമാപണത്തിന് വന്നതാണ്, എന്റെ വരവ് ഇഷ്ടപ്പെട്ടോ എന്നും അറിയണമെന്നുണ്ട്’’. ഞാൻ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ദീർഘനേരം ഞങ്ങളിരുന്ന് സംസാരിച്ചു. പശ്ചാത്താപവിവശനായിരുന്നു അദ്ദേഹം. സംസാരത്തിൽ അത് നിറഞ്ഞുനിന്നിരുന്നു. വിപുലമായി സൽക്കരിച്ച് ഞാൻ അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു. അന്ന് രാത്രി സമീപകാലത്തൊന്നും ലഭിച്ചിട്ടില്ലാത്ത വിധമുള്ള സുഖനിദ്ര എനിക്ക് ലഭിച്ചു. മനസ്സിന് എന്തെന്നില്ലാത്ത നിർവൃതിയും സമാധാനവും.
പിന്നീട് ഞാൻ അതിന്റെ കാരണം സ്വയം അന്വേഷിച്ചു. പഴയ സുഹൃത്തിന്റെ സാന്നിധ്യം തന്നെയാണ് ആ നിർവൃതിക്ക് കാരണമെന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു.’’ അദ്ദേഹം പറഞ്ഞുനിർത്തി.
നമ്മിൽ പലർക്കുമിടയിലും ഇവ്വിധമുള്ള തർക്കങ്ങളും സംഘർഷങ്ങളുമെല്ലാമുണ്ട്. കാലത്തിന്റെ കുതിപ്പിൽ അതെല്ലാം നേർത്തുനേർത്ത് ഇല്ലാതാകും. പിന്നീട് ആ വ്യക്തിയുമായി എന്ത് കാര്യത്തിനായിരുന്നു തർക്കമുണ്ടായത് എന്നുപോലും മറന്നുപോകും. മേൽ വിവരിച്ച സംഭവംതന്നെ ഒന്ന്ഓർക്കുക, ആ സുഹൃത്തുക്കൾ എല്ലാം മറന്ന് ജീവിത സായാഹ്നത്തിൽ വീണ്ടും കണ്ടുമുട്ടി പരസ്പരം പൊരുത്തപ്പെട്ടത് ആ ഗാഢബന്ധത്തിന്റെ മാധുര്യവുമായി മാറി.
മനുഷ്യജീവിതം ക്ഷണികമാണെന്നും എല്ലാവരും ഈ ലോകത്തുനിന്ന് പോകേണ്ടവരാണ് എന്നുമുള്ള ബോധ്യം നമുക്കുണ്ടാകണം. യൗവനത്തിൽ തർക്കിച്ച് മാത്രം പരിചയിച്ച രണ്ടുപേർ വാർധക്യത്തിൽ ചിലപ്പോൾ വലിയ സുഹൃത്തുക്കളായി മാറിയേക്കാം. ആ പഴയ വൈരത്തെക്കുറിച്ച് ആലോചിച്ച് അവർ ഊറി ഊറി ചിരിക്കുകയും ചെയ്യും. മനുഷ്യജീവിതത്തിന്റെ വലിയ സൗന്ദര്യമാണ് മറക്കാനും പൊറുക്കാനുമുള്ള ഈ ശേഷി. കാലം മായ്ക്കാത്ത മുറിപ്പാടുകളില്ല. ലോകത്തെ ഏത് ദിവ്യൗഷധത്തേക്കാളും വീര്യമേറിയതാണ് ആ ലേപനം.
റോമൻ തത്ത്വചിന്തകനായ സെനക്കയുടെ വാക്കുകൾ എല്ലാം ഉൾക്കൊള്ളുന്നു. ‘‘യുക്തിക്ക് ഉണക്കാൻ സാധിക്കാത്തത് കാലം ഉണക്കുന്നു.’’