മനസ്സിനുള്ളിൽ ഒരു മൈവർണപ്പെട്ടി
text_fieldsമസൂറിയിലെ ലാൽബഹദൂർ ശാസ്ത്രി അക്കാദമിയിൽ സിവിൽസർവിസ് പരീക്ഷ വിജയിച്ച ശേഷമുള്ള പരിശീലനം നടക്കുന്ന കാലം. ഐ.എ.എസുകാരും ഐ.എഫ്.എസുകാരും ഐ.പി.എസുകാരുമായ ധാരാളം സുഹൃത്തുക്കളെ അക്കാലത്ത് സമ്പാദിക്കാനായി. പരിശീലനം പൂർത്തിയാക്കി എല്ലാവരും അവരവരുടേതായ മേഖലകളിലേക്കു പോയി. ഔദ്യോഗിക ജീവിതത്തിനിടയിൽ ചിലരെയെല്ലാം കണ്ടുമുട്ടാൻ സാധിച്ചു. കാണാൻ കഴിയാത്തവരാണ് അതിൽ കൂടുതലും. അന്നെടുത്ത ഗ്രൂപ് ഫോട്ടോ ഇടക്കിടെ ആൽബത്തിൽനിന്നെടുത്തു നോക്കുമ്പോൾ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള മഞ്ഞുകണം പറ്റിയ ഓർമകൾ അരികിലെത്തും.
അന്ന് എല്ലാവരും ചെറുപ്രായക്കാരായിരുന്നു. സിവിൽ സർവിസ് ലഭിച്ച് ഉന്നത ഉദ്യോഗത്തിലെത്തിയതോടെ മിക്കവരും വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്ന സമയം കൂടിയായിരുന്നു. നാടൊട്ടുക്കും നിരവധി വിവാഹങ്ങളായിരുന്നു. ഇടക്കിടെ തപാലിൽ ക്ഷണക്കത്തുകൾ വരും. കത്ത് കിട്ടിയോ എന്നന്വേഷിച്ച് പിന്നാലെ ഫോൺ വിളിയുമെത്തും. രാജ്യത്തിന്റെ പല കോണുകളിലായിരുന്നു ഓരോ വിവാഹ വേദിയും. ആഗ്രഹിച്ചാൽ പോലും ദൂരക്കൂടുതൽ കാരണം പങ്കെടുക്കാൻ കഴിയില്ലല്ലോ. എങ്കിലും ക്ഷണിച്ച ഒരാൾക്കുപോലും ആശംസ സന്ദേശം അയക്കുന്നതിൽ മുടക്കം വരുത്തിയില്ല എന്നാണ് വിശ്വാസം. ഇന്നത്തെപ്പോലെ വാട്സ്ആപ്പിലും ഇ-മെയിലിലുമൊന്നുമല്ല; ആധുനിക ആശയവിനിമയ മാർഗങ്ങൾ വന്നതോടെ നഷ്ടത്തിലായി സേവനം അവസാനിപ്പിച്ച ടെലിഗ്രാം (ആപ്പല്ല-കമ്പിത്തപാൽ) വഴിയായിരുന്നു ആശംസ കൈമാറൽ. മൊബൈൽ ഫോൺ പോലും സാധാരണമായിട്ടില്ലാത്ത കാലമായിരുന്നു അത്. ആശംസ സന്ദേശങ്ങളുടെ പ്രത്യേക കോഡുകൾ അന്നത്തെ കമ്പിത്തപാൽ ഓഫിസുകളിൽ ഉണ്ടായിരുന്നു. ടെലിഗ്രാം ഓഫിസിൽ ചെന്ന് കോഡ് നമ്പർ 16 അയക്കണം എന്ന് പറഞ്ഞാൽ ‘May Heaven’s choicest blessings be showered on the young couple’ എന്ന ആശംസ സന്ദേശം എഴുതിയ കത്ത് കമ്പിത്തപാൽ ഓഫിസ് ജീവനക്കാർ നവവധൂവരന്മാരുടെ വീട്ടിലെത്തിക്കും. കുറച്ചുകൂടി അടുപ്പമുള്ളവർക്ക് ഉപഹാരങ്ങൾ കൊറിയറായോ തപാലായോ അയക്കും. കൈപ്പറ്റിയവർ കല്യാണത്തിരക്കുകൾക്കിടയിലും സന്തോഷമറിയിച്ച് കത്തയക്കുകയോ വിളിക്കുകയോ ചെയ്യും.
മസൂറിയിൽ രൂപപ്പെട്ട സൗഹൃദവലയത്തിലെ ഒരു ഐ.പി.എസുകാരന് ഒരു മൈവർണപ്പെട്ടി വിവാഹ ഉപഹാരമായി ഞാൻ അയച്ചുകൊടുത്തിരുന്നു. ഔദ്യോഗികവും വ്യക്തിപരവുമായ തിരക്കുകൾക്കിടയിൽ പരസ്പരം ബന്ധപ്പെടാനൊന്നും പിന്നീട് സമയവും സാഹചര്യവും ഒത്തുവന്നില്ല. വർഷങ്ങൾക്കു ശേഷം തെരഞ്ഞെടുപ്പ് നിരീക്ഷകൻ എന്ന നിലയിൽ ഒരു സംസ്ഥാനത്ത് പോയപ്പോൾ ഈ സുഹൃത്തിന്റെ കാര്യം ഓർമ വന്നു. അന്വേഷിച്ചപ്പോൾ അദ്ദേഹം അന്നാട്ടിൽതന്നെയാണെന്ന് മനസ്സിലായി. നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ നിയോജകമണ്ഡലത്തിൽനിന്ന് അൽപം ദൂരെയായിരുന്നു സ്ഥലം. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുവാദം സംഘടിപ്പിച്ച് ഞാൻ അവിടേക്ക് പോയി. ഹൃദ്യമായി സ്വീകരിച്ച അദ്ദേഹം ഭാര്യയോടും മക്കളോടുമെല്ലാം ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലക്കാണ് എന്നെ പരിചയപ്പെടുത്തിയത്. ആദ്യ സംസാരങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഓഫിസ് മുറിയിലേക്ക് എന്നെ കൊണ്ടുപോയി. ആ മുറിയിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പഴക്കമേറെ തോന്നിക്കുന്ന, എന്നാൽ, പ്രൗഢി ബാക്കിനിൽക്കുന്ന ഒരു പെട്ടി ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു. ‘‘ഈ പെട്ടി ഏതാണെന്നറിയുമോ?’’... ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അദ്ദേഹംതന്നെ ഉത്തരവും പറഞ്ഞു ‘‘ഇതു താങ്കളയച്ച വിവാഹ സമ്മാനമാണ്’’- ‘‘അതു കുറേ വർഷങ്ങൾക്കു മുമ്പല്ലേ?’’-എനിക്കും അത്ഭുതമായി . ‘‘അതേ, ഇത്രയും കാലവും ഞാനിത് നിധി പോലെ കാത്തുസൂക്ഷിച്ചു. പല നാടുകളിലേക്ക് സ്ഥലംമാറ്റങ്ങളുണ്ടായി. ഓരോ സ്ഥലം മാറ്റങ്ങൾക്കും വീടുമാറ്റങ്ങൾക്കുമിടയിൽ നമുക്ക് പ്രിയപ്പെട്ട പല പുസ്തകങ്ങളും പെയിന്റിങ്ങുകളുമെല്ലാം സങ്കടപൂർവം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഇതു കൈവിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല. എങ്ങോട്ട് പോകുമ്പോഴും ഈ പെട്ടിയും ഞാൻ കൂടെക്കൂട്ടുന്നു. ഓർമകളുടെ ഏറ്റവും മനോഹരമായ ഒരു സ്വർണഖനിയാണ് ഇത്. ഒരിക്കലും മറക്കാത്ത വ്യക്തിയായി താങ്കളും ആ ചെപ്പിനകത്തുണ്ട്. പതിവായി കാണുകയോ വിളിക്കുകയോ ഒന്നും ചെയ്യാറില്ലെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം എത്രയോ സൂക്ഷ്മമായി പരിപാലിക്കപ്പെടുന്നു എന്ന അറിവ് എന്നെ അക്ഷരാർഥത്തിൽ വികാരഭരിതനാക്കി.
പരിശീലന കാലത്തെ മറ്റൊരു ഓർമ കൂടി പങ്കുവെക്കാം. പരിശീലനം പൂർത്തിയാവുന്ന ഘട്ടമാണ്. സമീപ മുറിയിൽ താമസിച്ചിരുന്നത് ഡൽഹിയിൽനിന്നുള്ള ഐ.എഫ്.എസുകാരനായ സുഹൃത്തായിരുന്നു. ഇന്ന് ഒരു യൂറോപ്യൻ രാജ്യത്തെ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയാണദ്ദേഹം. രണ്ടു മാസം മുമ്പ് ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിലെ ദാവേസിലേക്ക് പോയപ്പോൾ ഈ സ്നേഹിതന്റെ സഹായം തേടുകയും അദ്ദേഹം ഏറെ ഉത്സാഹത്തോടെ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുതരികയുമുണ്ടായി. ആ സംസാരത്തിനിടെ പരിശീലനകാലത്തെ ഒരനുഭവം അദ്ദേഹം ഓർത്തുപറഞ്ഞു. ‘നമ്മൾ പിരിഞ്ഞുപോകുന്ന ദിവസം ഓർക്കുന്നുണ്ടോ?, ഡൽഹിയിലേക്കുള്ള ഞങ്ങളുടെ ബസ് രാത്രി എട്ടോടെ പുറപ്പെടാനൊരുങ്ങി നിൽക്കുകയാണ്. നിന്നെ പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. മാർക്കറ്റിൽ പോയിരിക്കുകയാണെന്നാണ് മറ്റുള്ളവർ പറഞ്ഞത്. ഞങ്ങളുടെ ബസ് പതിയെ മുന്നോട്ടെടുത്തു. നിന്നെ കണ്ട് യാത്ര പറയാനായില്ലല്ലോ എന്ന വ്യഥയിൽ ബസിലിരിക്കുമ്പോഴാണ് അങ്ങേ തലയ്ക്കൽനിന്ന് ബസിന് മുന്നിലേക്ക് നീ ഓടിവരുന്നത് കാണുന്നത്. എനിക്കായുള്ള സമ്മാനം വാങ്ങാൻ നീ മാർക്കറ്റിൽ പോയതായിരുന്നു. ഞാൻ ഡ്രൈവറോട് ബസ് നിർത്താൻ പറഞ്ഞു. നീ ബസിൽ കയറി ഒരു കവർ എനിക്ക് കൈമാറി. ഒരു കലാശിൽപമായിരുന്നു അതിനുള്ളിൽ. ആ സമ്മാനം എന്റെ കൂടെ ലോകമെമ്പാടും സഞ്ചരിച്ചു. അതു കാണുമ്പോഴെല്ലാം നിന്റെ മുഖം ഓർമവരും.’’
ഒരു ചെറിയ ഉപഹാരം പതിറ്റാണ്ടുകൾക്കിപ്പുറവും മറ്റൊരാളിൽ ഉണ്ടാക്കുന്ന ഹൃദയവികാരമാണത്. നമുക്കെല്ലാവർക്കും ഇതുപോലുള്ള അനുഭവങ്ങളുണ്ടാകും.
കല്യാണത്തിനോ ഗൃഹപ്രവേശനത്തിനോ ജന്മദിന പാർട്ടികൾക്കോ പോകുമ്പോൾ ഉപഹാരങ്ങൾ നൽകുന്ന പതിവ് നമുക്കെല്ലാവർക്കുമുണ്ടാകും. ചെറുതോ വലുതോ ആവട്ടെ, അങ്ങനെ കൊടുക്കുന്ന സമ്മാനങ്ങൾ നമ്മുടെ ഓർമയായി ആ വീട്ടിൽ അവശേഷിക്കും.
സമ്മാനങ്ങൾ ഹൃദയവികാരങ്ങളുടെ പേടകമാണ്. അത് ഇരുകൂട്ടർക്കുമിടയിലുള്ള ഹൃദയബന്ധത്തെ ശക്തിപ്പെടുത്തും. ഒരാൾക്ക് ഒരു ആപദ്ഘട്ടം വരുമ്പോൾ മറ്റൊന്നും നോക്കാതെ കൂടെ നിൽക്കാനുള്ള മനസ്സ് ഇരുവർക്കുമിടയിൽ രൂപപ്പെടുന്നു. ഇങ്ങനെയുള്ള കൈമാറ്റങ്ങളും പങ്കുവെപ്പും വഴിയാണ് മനുഷ്യബന്ധങ്ങൾ രൂഢമൂലമാകുന്നത്. കാലുഷ്യങ്ങളില്ലാത്ത ലോകം പണിയാൻ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെ ചരടുകൾ അനിവാര്യമാണ്. വിദ്യാർഥികാലം മുതലേ കുട്ടികൾക്കിടയിൽ ഇത്തരത്തിലുള്ള ചരടുകൾ വളർത്തേണ്ടതുണ്ട്. സൗഹാർദത്തിന്റെ സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്. ഇന്ന് കണ്ട് നാളെ പിരിയുന്ന മുഖങ്ങൾ എന്നതിലപ്പുറം എക്കാലവും തുടിക്കുന്ന, പരസ്പരം താങ്ങും തണലുമാകുന്ന സൗഹൃദങ്ങൾക്ക് കരുത്ത് പകരുന്നത് പലപ്പോഴും ഇരുവർക്കുമിടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഓർമകളും കരുതലുകളുമാണ്.
ലോകമെങ്ങും ആരാധകക്കൂട്ടമുള്ള ഖലീൽ ജിബ്രാന്റെ അനശ്വര വാക്കുകൾ ഇങ്ങനെ: നമ്മുടെ ഇടയിൽ, ആഹ്ലാദത്തോടെ സമ്മാനങ്ങൾ നൽകുന്നവരുണ്ട്. ആ ആഹ്ലാദമാണ് അവർക്ക് തിരിച്ചുള്ള സമ്മാനം.