മഥുര വീണ്ടും അജണ്ടയായതെങ്ങനെ?
text_fieldsമഥുര ഷാഹി ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയവും
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങളുടെ ദൂരമേയുള്ളൂ. ഈ ഘട്ടത്തിൽ 'മഥുര' ഒരു ചർച്ചയായി ഉയർത്താൻ തിരക്കിട്ട് ശ്രമങ്ങൾ നടത്തുകയാണ് സംഘ്പരിവാർ. സംസ്ഥാനത്ത് അധികാരം നിലനിർത്തൽ പരമപ്രധാനമായ ബി.ജെ.പി മഥുരയിലൂടെ അത് സാധിച്ചെടുക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിലാകമാനം.
കൃഷ്ണ ജന്മഭൂമി മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, നാലു നൂറ്റാണ്ട് പഴക്കമുള്ള, ഈദ്ഗാഹ് മസ്ജിദിലേക്ക് റാലി നടത്തുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചതോടെയാണ് ഈ ചർച്ച ചൂടുപിടിച്ചത്. റാലി മാത്രമല്ല, പള്ളിയിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയും അവർ മുഴക്കി. അത് സൃഷ്ടിച്ച നടുക്കം മാറുന്നതിന് മുമ്പ് നമ്മൾ കാണുന്നത് സംസ്ഥാന ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഒരു ട്വീറ്റാണ്.
അയോധ്യയിലും കാശിയിലും മഹാക്ഷേത്ര നിർമാണം തകൃതിയിലാണെന്നും ഇനി മഥുരക്കായുള്ള തയാറെടുപ്പാണെന്നുമായിരുന്നു ആ ട്വീറ്റിെൻറ ഉള്ളടക്കം. 2014ലും 2019ലും നടന്ന ദേശീയ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ആധിപത്യം നേടിക്കൊടുത്തത് അവർ സൃഷ്ടിച്ചെടുത്ത ഹിന്ദു-മുസ്ലിം ധ്രുവീകരണമായിരുന്നു.
എന്നാൽ, യു.പിയിൽ വർഗീയ കലാപം അരങ്ങേറിയ മുസഫർ നഗറിൽ പോലും ഇപ്പോൾ അവസ്ഥ മാറിയിരുന്നു. പടിഞ്ഞാറൻ യു.പിയിൽ കർഷക സമരം ഹിന്ദുക്കെളയും മുസ്ലിംകളെയും ജപമാലയിലെ മുത്തുകളെന്നപോലെ ഒന്നിപ്പിച്ചു. സംഘ്പരിവാറിെൻറ സാധ്യത തകർക്കാൻ ഇതിനേക്കാൾ വലിയ കാര്യമെന്തുണ്ട്. ആ ഒരുമയിൽ വിള്ളൽ വീഴ്ത്താനായാണ് ഹിന്ദു മഹാസഭ ഇപ്പോൾ മഥുര വിഷയം എടുത്തിട്ടതെന്നും ഉപ മുഖ്യമന്ത്രിയെപ്പോലൊരാൾ തന്നെ അത് ആളിക്കത്തിക്കാൻ ഒരുമ്പട്ടിറങ്ങിയതെന്നും ഉറപ്പ്. സംഘ്പരിവാറിെൻറ വിവിധ ശാഖകൾ തമ്മിൽ ആലോചിച്ചുറപ്പിച്ച് നടത്തുന്ന ആസൂത്രിത നീക്കമായിത്തന്നെ ഇതിനെ കാണണം.
മഥുരയിലേക്ക് റാലി നടത്താൻ തെരഞ്ഞെടുത്ത ദിവസം പോലും ശ്രദ്ധിക്കുക- ഡിസംബർ ആറ്. അതായത് ഇന്ത്യൻ മതേതരത്വത്തിെൻറ പ്രതീകമായിരുന്ന അയോധ്യയിലെ ബാബറി മസ്ജിദ് സംഘ്പരിവാർ തകർത്ത് മണ്ണോടുചേർത്ത ദിവസം.
എൺപതുകളുടെ അവസാനത്തിൽ വിശ്വഹിന്ദു പരിഷത്തിെൻറ ബാനറിൽ ആരംഭിച്ച അയോധ്യാ പ്രസ്ഥാനത്തിെൻറ പുനരാവിഷ്കാരം പോലെയാണ് മഥുരയിലേക്കുള്ള നീക്കം. ബാബരിപ്പള്ളിപോലെ പിടിച്ചെടുക്കണമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിട്ടുള്ള മസ്ജിദുകളിൽ മുഖ്യസ്ഥാനമുള്ളതാണ് മഥുരയിലേതും.
അയോധ്യ കേസിൽ വിധി വന്ന ഘട്ടത്തിൽ മഥുരയും കാശിയും തങ്ങളുടെ അജണ്ടയിലില്ല എന്നാണ് ആർ.എസ്.എസ് പരമാധ്യക്ഷൻ മോഹൻ ഭാഗവത് പ്രഖ്യാപിച്ചിരുന്നത്. ആചാര്യെൻറയും സംഘത്തിെൻറയും അനുമതിയോ അറിവോ ഇല്ലാതെ സ്വയംസേവകനായ യു.പി. ഉപമുഖ്യമന്ത്രി മഥുരയിൽ ക്ഷേത്രത്തിന് ഒരുക്കങ്ങൾ നടക്കുന്നുവെന്ന് പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കാനാകുമോ?
സംഘ്പരിവാർ രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന രീതിയാണിത്. ഒരു ഭാഗത്ത് വികസനത്തെക്കുറിച്ച് വലിയ വായിൽ പറയും, ധ്രുവീകരണത്തിന് ഇടയാക്കുന്ന അജണ്ടകളില്ലെന്ന് പ്രഖ്യാപിക്കും, അതേസമയം തന്നെ അടിത്തട്ടു മുതൽ വർഗീയ ഭിന്നതയുടെ രാഷ്ട്രീയച്ചുവടുകൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും. ഇതവർ പരീക്ഷിച്ച് ഫലപ്രദമെന്ന് കണ്ടെത്തിയ രീതിയാണ്.
ജാട്ടുകളും മുസ്ലിംകളും സഹോദര സമാനരായി മുന്നോട്ടു നീങ്ങവെ അവർക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാകുമോ എന്ന് ബി.ജെ.പി നേതാക്കൾക്ക് ഉറപ്പില്ല. പകരം, മറ്റ് ജാതികൾക്കിടയിൽ കേന്ദ്രീകരിച്ച് 'ഹിന്ദുക്കൾ ആപത്തിലാണ്' എന്ന പ്രചാരണം അഴിച്ചുവിടാനാണ് സംഘ്പരിവാർ പണിയെടുക്കുക. അധികാരം നിലനിർത്തുക എന്നത് അവർക്ക് അത്രമാത്രം ആവശ്യമാണ്.