പൊതിച്ചോറിന്റെ പുരസ്കാര സാധ്യതകൾ
text_fields2024ലെ ഡയഗ്രം പ്രൈസ് നേടിയ പുസ്തകത്തിന്റെ കവർ, അഖിൽ പി. ധർമജൻ പുസ്തകവുമായി
പ്രതിഭാഷണം
‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന പേരിൽ ചലച്ചിത്രകാരനായ ജോൺ അബ്രഹാമിന്റെ പഴയ ഒരു ചെറുകഥയുണ്ട്. ആ തലക്കെട്ട് ഒന്നു മാറ്റിപ്പറയാവുന്നതാണ് ഇപ്പോൾ കേരളത്തിലെ സ്ഥിതി: ‘കേരളത്തിൽ എത്ര സാഹിത്യ അവാർഡുകളുണ്ട്’. എന്നാൽ, ഇനി ഒരു പുസ്തകംകൂടി എഴുതിക്കളയാം എന്നു തീരുമാനിച്ചിറങ്ങിയവരിൽ അവാർഡു കിട്ടാത്തവർ എത്രയുണ്ട് എന്നുമാകാം. എന്തെല്ലാം തരത്തിലുള്ള അവാർഡുകളാണ് സാഹിത്യകാരെയും സാഹിത്യകാരികളെയും പ്രോത്സാഹിപ്പിക്കാനും മലയാള സാഹിത്യത്തെ പോഷിപ്പിക്കാനുമായി വിപണിയിലുള്ളതെന്ന് എണ്ണിത്തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. കുറച്ചുനാൾ മുമ്പ് ഒരു സംഘടനയുടെ സാഹിത്യ പുരസ്കാര പ്രഖ്യാപന നോട്ടീസ് കാണാനിടയായി. ഉത്തര കേരളീയനായ ഒരു മഹാകവിയുടെ പേരിലുള്ളതാണ് സംഘടന. ഒറ്റയടിക്ക് 25 അവാർഡുകളാണ് സംഘാടകർ പ്രഖ്യാപിച്ചുകളഞ്ഞത്. ഇതുപോലെ എത്രയോ അവാർഡ് ഫാക്ടറികളും അവാർഡുകളുമുണ്ട്. വേണ്ടവർ സമീപിച്ചാൽ മതി; ഇല്ലെങ്കിൽ ഇങ്ങോട്ടു സമീപിച്ചുകൊള്ളും.
കേരളത്തിൽ ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്ന പുരസ്കാര വ്യവസായത്തിന്റെ ഒരു ചിത്രമാണിത് (വികസനമാണല്ലോ നമ്മുടെ മുദ്രാവാക്യംതന്നെ!). കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾക്കും വർഷങ്ങളായി നൽകിപ്പോരുന്ന ചെറുതും വലുതുമായ മറ്റു പുരസ്കാരങ്ങൾക്കും സമാന്തരമായി ഈ അവാർഡ് വ്യവസായം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ വായിച്ചും കേട്ടുമൊക്കെ അറിഞ്ഞവരായിരിക്കണമെന്നില്ല ഫാക്ടറി അവാർഡ് ജേതാക്കൾ. പ്രസിദ്ധരായ എഴുത്തുകാർ മരിച്ചാലുടൻ അവരുടെ പേരിൽ പുരസ്കാരങ്ങളുടെ പൊട്ടിപ്പുറപ്പാടായി. ചിലരുടെ പേരിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഒന്നിലേറെ പുരസ്കാരങ്ങളുമുണ്ട്. ആ എഴുത്തുകാരുടെ കുടുംബങ്ങൾക്ക് മിക്കവാറും ഇതുമായി ബന്ധമുണ്ടാവില്ലെന്നു മാത്രമല്ല അവർ അറിയാറുപോലുമില്ല. ഇന്നാർക്കൊക്കെയേ അവാർഡു കൊടുക്കാവൂ എന്നും ഇന്നാരുടെയൊക്കെ പേരിലേ കൊടുക്കാവൂ എന്നും നിയമമൊന്നുമില്ലല്ലോ. ഫാക്ടറി നിർമിത അവാർഡുകൾക്ക് ചില പൊതുപാറ്റേണുകളുണ്ട്. അഞ്ചും പത്തും പേർക്ക് ഒന്നിച്ചാണ് അവ പ്രഖ്യാപിക്കുന്നത്. അതിലൊരാൾ പ്രസിദ്ധനായിരിക്കും. അയാളുടെ പേരിലാണ് മറ്റ് അവാർഡുകൾക്ക് വില വരേണ്ടത്. ആ പേരിൽ പത്രവാർത്ത, വാട്സ്ആപ് പ്രചാരണം തുടങ്ങിയവ നടക്കുന്നു. ഇത്തരം അവാർഡുകൾ സ്വീകരിക്കാൻ വിസമ്മതമില്ലാത്ത, അവ സ്ഥിരമായി വാങ്ങുന്ന പ്രസിദ്ധ സാഹിത്യകാരും ഉള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകുന്നു. മറ്റ് ജേതാക്കൾ അവാർഡ് ലബ്ധിക്കായി കൈയയച്ചു സഹായിക്കേണ്ടിവരുമെന്ന് സംശയാലുക്കൾ പറയുന്നു. ഒരു പുസ്തകമെഴുതി, ഇനിയൊരു അവാർഡുകൂടി വേണം എന്ന് ആഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമെന്ത് എന്നു ചിന്തിക്കുന്ന ഉദാരമതികളായ അവാർഡ് ദാതാക്കളെ കുറ്റം പറയാനാവുമോ? അവാർഡ് ആരുടെയും കുത്തകയൊന്നുമല്ലല്ലോ. ആർക്കും കൊടുക്കാം ആർക്കും വാങ്ങാം. സുവനീർക്കടകളിൽ ചെറിയ വിലക്ക് കിട്ടുന്ന ഒരു സ്വർണത്തിളക്കമുള്ള ഫലകത്തിന്റെ ചെലവേയുള്ളൂ. അവാർഡ് തുക, പ്രഖ്യാപനത്തിൽ മാത്രമായതിനാൽ അതിന്റെ പേരിൽ ദുഃഖം വേണ്ട.
എഴുത്തുകാർക്ക് പാഥേയമാണ് അവാർഡ് എന്നാണല്ലോ എം.ടി. വാസുദേവൻ നായർ ഒരിക്കൽ പറഞ്ഞത്. ക്ലേശകരമായ എഴുത്തുജീവിതത്തിന് ആശ്വാസവും ശക്തിയും നൽകുന്ന പൊതിച്ചോർ എന്നേ എം.ടി ഉദ്ദേശിച്ചുള്ളൂ. പൊതിച്ചോർ വ്യാപാരാടിസ്ഥാനത്തിൽ നിർമിക്കുന്നത് ഇപ്പോൾ പതിവായതിനാൽ സാഹിത്യരംഗത്തേക്കും അതു കടന്നുവന്നതിനെ എതിർക്കുന്നത് പുരോഗമനപരമല്ലാതാവും. ഇനിയും പൊതിച്ചോർ സാധ്യതകൾ തുറന്നുകിടപ്പുണ്ട്. ഏറ്റവും നല്ല തലക്കെട്ടിന്. ഏറ്റവും നല്ല ആദ്യവരിക്ക്, അന്ത്യവരിക്ക്, ഏറ്റവും നല്ല ഗ്രന്ഥകാര ഫോട്ടോക്ക് ഒക്കെ അവാർഡുകൾ പ്രഖ്യാപിക്കാവുന്നതേയുള്ളൂ. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ജോസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് വകുപ്പ് വർഷംതോറും നോവലുകളിലെ സാധ്യമായ ഏറ്റവും മോശം ആദ്യവാക്യത്തിന് ഒരു പുരസ്കാരം കൊടുക്കാറുണ്ട്. ഒരു നോവലിന്റെ ആദ്യവാക്യമായി ‘ഇരുണ്ട് കോളിളക്കം നിറഞ്ഞ ഒരു രാത്രിയായിരുന്നു അത്; മഴ കുത്തിയൊലിച്ചുപെയ്തു’ എന്നെഴുതിയതിന്റെ പേരിൽ ഒരുപാട് പഴികേട്ട ബ്രിട്ടീഷ് നോവലിസ്റ്റ് എഡ്വേഡ് ബുൾവർ-ലിറ്റെന്റെ പേരിലാണ് ആ അവാർഡ്. ബ്രിട്ടനിലെ ബുക്ക്സെല്ലർ മാസികയും ഡയഗ്രം ഗ്രൂപ് എന്ന കമ്പനിയും ചേർന്ന് ഏറ്റവും വിചിത്രമായ പുസ്തകത്തലക്കെട്ടുകൾക്ക് ഡയഗ്രം പ്രൈസ് എന്ന ഒരു അവാർഡും കൊടുക്കുന്നുണ്ട്. ‘ചവറുകുഴികളും അതിന്റെ വകഭേദങ്ങളും’ (ദ ഡേർട്ട് ഹോൾസ് ആൻഡ് ഇറ്റ്സ് വേരിയേഷൻസ്), ‘തത്ത്വചിന്തകനായ മീൻ: കൂരിമീനും കൂരിമുട്ടയും തൃഷ്ണയുടെ ഭൂമിശാസ്ത്രവും’ (ദ ഫിലോസഫർ ഫിഷ്: സ്റ്റർജൻ, കവിയാർ, ആൻഡ് ദ ജ്യോഗ്രഫി ഓഫ് ഡിസയർ), ‘ഗ്രീക്ക് ഗ്രാമീണ പോസ്റ്റ്മാന്മാരും അവരുടെ കാൻസലേഷൻ നമ്പറുകളും’ ആദിയായ ഗ്രന്ഥങ്ങൾക്ക് ഡയഗ്രം പ്രൈസ് കിട്ടിയിട്ടുണ്ട്. തല്ലിപ്പൊളി തലക്കെട്ട്, അതിവിരസവാക്യം, പരിതാപകര രചന തുടങ്ങിയ പുരസ്കാരങ്ങൾക്കു മലയാളത്തിലും സാധ്യത വേണ്ടുവോളമുണ്ട്.
പാഥേയ വിപണിയിലെ വിശിഷ്ട യോഗദാൻ
ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു അവാർഡ്തർക്കം മാധ്യമങ്ങളിൽ ഉയർന്നുവരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിൽ താഴെയുള്ള എഴുത്തുകാർക്കു നൽകുന്ന യുവപുരസ്കാരം അഖിൽ പി. ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിനു കിട്ടിയതാണ് തർക്കത്തിനു കാരണം. വിൽപനയിൽ ചരിത്രം സൃഷ്ടിച്ച കൃതിയാണത്. പൾപ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന കൃതിക്കു നൽകേണ്ടതാണോ അക്കാദമി അവാർഡെന്ന് ഒരു പക്ഷം. ‘റാം കെയറോഫ്’ വിശിഷ്ട കൃതിയാണെന്നും അവാർഡിന് നല്ലത്, ചീത്ത വിഭജനമൊന്നുമില്ലെന്നും കൃതി നല്ലതല്ലെങ്കിലും അവാർഡ് ആർക്കും കൊടുക്കാമെന്നും മറുപക്ഷങ്ങൾ. ധാരാളമായി വിൽക്കുകയും ധാരാളം വായനക്കാർ രസിക്കുകയും ചെയ്തതിനാൽ സംഗതി ക്ലാസിക്കായിക്കഴിഞ്ഞെന്നും പക്ഷമുണ്ട്. എതിർക്കുന്നവരെ നാലുതെറി പറഞ്ഞാൽ എതിർപ്പ്, സാഹിത്യമൂല്യം തുടങ്ങിയ വിവേകങ്ങളെല്ലാം തകർന്നുപൊടിഞ്ഞുപോകുമെന്ന് അഭിപ്രായമുള്ള പുരീഷാഭിഷേകക്കാരും രംഗത്തുവന്നുകഴിഞ്ഞു. ‘ഈ നോവലിനെ ഒരു സിനിമാറ്റിക് നോവൽ എന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ നിങ്ങൾക്കു കാണാം’ എന്ന് ആമുഖത്തിലെഴുതി അതൊരു ജനപ്രിയകൃതി മാത്രമാണെന്നു പച്ചക്കുപറഞ്ഞ അഖിൽ ധർമജൻ ഈ അവാർഡ് ആഗ്രഹിച്ചുകാണുമെന്ന് ഞാൻ കരുതുന്നില്ല. അവാർഡ് നൽകാൻ തീരുമാനിച്ചത് മൂന്നംഗ ജൂറിയാണ്. അവാർഡിനർഹമാകുന്ന കൃതി ആ ഭാഷക്കും അതിലെ സാഹിത്യത്തിനുമുള്ള പ്രോമിസിങ്ങും ഔട്ട്സ്റ്റാൻഡിങ്ങുമായ സംഭാവനയായിരിക്കണം (വിശിഷ്ട യോഗദാൻ എന്ന് ഹിന്ദിയിൽ) എന്നതാണ് സാഹിത്യ അക്കാദമി നിർദേശിച്ചിട്ടുള്ള മാനദണ്ഡം. ‘റാം കെയർ ഓഫ് ആനന്ദി’യിൽ മലയാള ഭാഷക്കും സാഹിത്യത്തിനുമുള്ള എന്തു വാഗ്ദാനവും വിശിഷ്ട സംഭാവനയുമാണ് തങ്ങൾ കണ്ടതെന്നു പറയേണ്ടത് ആ ജൂറിയാണ്. ഞങ്ങൾക്ക് കിട്ടിയ ഷോർട്ട് ലിസ്റ്റിലെ പത്തു പുസ്തകങ്ങളിൽ അതായിരുന്നു വിശിഷ്ടമെന്ന് ജൂറിക്ക് വേണമെങ്കിൽ പറയാം. അപ്പോൾ ആ ഷോർട്ട് ലിസ്റ്റ് തയാറാക്കിയതാര്? മുപ്പത്തഞ്ചുവയസ്സിൽ താഴെയുള്ളവരെഴുതിയ മറ്റു മികച്ച കൃതികളൊന്നും അവർ കാണാഞ്ഞതെന്ത്? തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നുവരും. കേന്ദ്ര സാഹിത്യ അക്കാദമി പോലുള്ള ഒരു ദേശീയ സ്ഥാപനത്തിന്റെ പുരസ്കാരത്തിനു പരിഗണിക്കുന്ന കൃതിയിൽ സാഹിത്യ മൂല്യമുണ്ടോ എന്നു നോക്കാനുള്ള ഉത്തരവാദിത്തം ചുരുക്കപ്പട്ടികയുണ്ടാക്കുന്നവർക്കും ജൂറിക്കുമല്ലെങ്കിൽ പിന്നെ ആർക്കാണ്. അതോ യുവപുരസ്കാരത്തെയും ഫാക്ടറി നിർമിത പൊതിച്ചോറായി ഉയർത്തുകയാണോ ലക്ഷ്യം.