കരുണയുടെ ചെറുപ്രകാശങ്ങൾ
text_fields
ലോകത്ത് സർവ ജീവജാലങ്ങളോടും സ്നേഹവും കാരുണ്യവും കരുതലും പുലർത്തണമെന്ന് ഏവരും ഉപദേശിക്കും. എന്നാൽ, ഈ കരുണാപ്രവാഹം സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങുകയും പ്രയോഗത്തിൽ ഇല്ലാതാവുകയും ചെയ്യുന്ന ഒരു കാലമാണിത്.‘ഞാനും എന്റെ ഭാര്യയും മക്കളും വളർത്തുമൃഗങ്ങളും’ എന്ന മട്ടിൽ തന്റെയും കുടുംബത്തിന്റെയും ഉയർച്ചയും സുഖവും എന്ന ചിന്താഗതിക്കപ്പുറം, സഹജീവികളുടെ ക്ഷേമം അന്വേഷിച്ച് തങ്ങളാലാവുന്നത് ചെയ്തുകൊടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. ഇനി അങ്ങനെയൊരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ലോകത്ത് സർവ ജീവജാലങ്ങളോടും സ്നേഹവും കാരുണ്യവും കരുതലും പുലർത്തണമെന്ന് ഏവരും ഉപദേശിക്കും. എന്നാൽ, ഈ കരുണാപ്രവാഹം സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങുകയും പ്രയോഗത്തിൽ ഇല്ലാതാവുകയും ചെയ്യുന്ന ഒരു കാലമാണിത്.‘ഞാനും എന്റെ ഭാര്യയും മക്കളും വളർത്തുമൃഗങ്ങളും’ എന്ന മട്ടിൽ തന്റെയും കുടുംബത്തിന്റെയും ഉയർച്ചയും സുഖവും എന്ന ചിന്താഗതിക്കപ്പുറം, സഹജീവികളുടെ ക്ഷേമം അന്വേഷിച്ച് തങ്ങളാലാവുന്നത് ചെയ്തുകൊടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. ഇനി അങ്ങനെയൊരു നന്മ ചെയ്താൽതന്നെ അതിലൂടെ തനിക്കെന്ത് നേട്ടം ലഭിക്കും എന്ന് ചിന്തിക്കുന്നവരുമുണ്ട്.
ഈ ഇരുൾ നിറഞ്ഞ കാലത്തും അങ്ങിങ്ങായി ചില മിന്നാമിനുങ്ങ് വെട്ടങ്ങൾ പോലെ, മനുഷ്യത്വത്തിന്റെ ചില തിളക്കങ്ങൾ കാണാൻ സാധിക്കുന്നു. അത്തരമൊരു ചെറുതിളക്കത്തെക്കുറിച്ചാണ് ഇന്ന് കുറിക്കുന്നത്. കൂടെ പഠിച്ച ഒരു സുഹൃത്താണ്, ദീർഘകാലമായി ഞങ്ങൾ അവശ്യം ബന്ധവുമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ കർമമണ്ഡലത്തെക്കുറിച്ച് ഞാൻ ആഴത്തിൽ അറിയാൻ ശ്രമിച്ചിരുന്നില്ല.
സമീപകാലത്ത് വയോവൃദ്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ എന്നെ കാണാൻ വന്നു. അവരുടെ പ്രവർത്തന മൂലധനത്തെക്കുറിച്ച് തിരക്കിയപ്പോൾ കൗതുകകരമായ ചില വിവരങ്ങൾ ലഭിച്ചു. സർക്കാറിന്റെ സഹായം, നാട്ടുകാരിൽനിന്ന് സ്വരൂപിക്കുന്നത്, സ്ഥാപനങ്ങൾ നൽകുന്നത് എന്നിങ്ങനെയുള്ള ചില സ്രോതസ്സുകളെക്കുറിച്ച് അവർ പറഞ്ഞു. എന്നാൽ, കോർപറേറ്റ് സ്ഥാപനങ്ങളും മറ്റും നൽകുന്ന വലിയ തുകകളേക്കാൾ അവർ വിലമതിച്ചത് ചില വ്യക്തികൾ ചെയ്യുന്ന സേവനങ്ങളെയാണ്. അവർ ആരാണ് എന്ന് ചോദിച്ചപ്പോൾ, ആ കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞ കുറച്ചുപേരുകളിൽ എന്റെ സുഹൃത്തുമുണ്ടായിരുന്നു. എല്ലാ വർഷവും ഈ കൂട്ടായ്മക്ക് അദ്ദേഹം നല്ലൊരു തുക നൽകുന്നു എന്നും അതിലുപരി, ഓരോ വർഷവും പത്തുദിവസം അദ്ദേഹം സ്വന്തം ജോലിയിൽ നിന്ന് അവധിയെടുത്ത് ഈ സ്ഥാപനത്തിൽ മുഴുസമയ സേവനം ചെയ്യുന്നു എന്നും അവർ പറഞ്ഞു. അക്ഷരാർഥത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു.

‘‘നിങ്ങളുടെ കൂട്ടായ്മയിൽ അദ്ദേഹത്തിന്റെ പദവി എന്താണ്?’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
അവർ പറഞ്ഞു, ‘‘ഒരു പദവിയുമില്ല, അദ്ദേഹത്തിന് അതിൽ താൽപര്യവുമില്ല. ‘എന്താണ് ഞാൻ ചെയ്യേണ്ട കാര്യങ്ങൾ, എങ്ങോട്ടെല്ലാമാണ് ഞാൻ പോകേണ്ടത്’ എന്നെല്ലാം ഞങ്ങളോട് തിരക്കാറാണ് പതിവ്.’’
ഇങ്ങനെ ചെയ്യുന്ന കുറച്ചുപേരേയുള്ളൂ എന്നും, വലിയ തുകകളേക്കാൾ ഇത്തരം നിസ്വാർഥ സേവനങ്ങളാണ് തങ്ങൾ വിലമതിക്കുന്നതെന്നും അവർ സ്നേഹത്തോടെ കൂട്ടിച്ചേർത്തു.
പിന്നീടൊരിക്കൽ ആ സുഹൃത്തിനെ കണ്ടപ്പോൾ ഈ കാര്യം അദ്ദേഹത്തോട് തിരക്കി. ഒരു മൃദുമന്ദഹാസത്തിൽ അദ്ദേഹം മറുപടി ഒതുക്കി. വീണ്ടും ചോദിച്ചിട്ടും അദ്ദേഹത്തിന് അക്കാര്യം പറയാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ നിർബന്ധം പിടിച്ചപ്പോൾ അദ്ദേഹം മനസ്സുതുറന്നു: ‘‘ഇതൊന്നും അങ്ങനെ പുറത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’’
‘‘പണം കൊടുക്കുന്നത് മനസ്സിലായി, പക്ഷേ, ഈ അവധിയെടുത്തുള്ള സേവനത്തിനുള്ള പ്രേരണ എന്താണ്?’’ ഞാൻ ചോദിച്ചു.
ഒരു നിമിഷം നിശ്ശബ്ദനായ ശേഷം അദ്ദേഹം പറഞ്ഞു: ‘‘വർഷാവർഷം ഈ സേവനം ചെയ്ത് മടങ്ങുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സ്വച്ഛത കൈവരും. ഈ ജീവിതത്തിൽ ചെറുതായെങ്കിലും ചില സൽപ്രവൃത്തികൾ ചെയ്യാൻ സാധിച്ചല്ലോ എന്ന നിർവൃതിയും ലഭിക്കുന്നു.’’
ലാഭേച്ഛയേതുമില്ലാതെ, ഒരു വ്യക്തിതാൽപര്യവുമില്ലാതെ സേവനം ചൊരിയുന്നതിലൂടെയാണ് ഈ സുഹൃത്ത് വേറിട്ടുനിൽക്കുന്നത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാത്തവണ്ണം നിശ്ശബ്ദമായി സാമൂഹിക സേവനം ചെയ്യുന്ന ഇദ്ദേഹത്തെപ്പോലുള്ള അനേകർ നമുക്കിടയിലുണ്ടാകും. ലോകത്തിന്റെ സമസ്ത സൗന്ദര്യവും ആ മനുഷ്യരിലുണ്ട്. ആ കരുണയുടെ മഹാപ്രവാഹത്തിലും സ്വാർഥ ചിന്തകളില്ലാതെ പരോപകാരം ചെയ്യുന്നതിലും അവരുടെ ഔന്നത്യം ദൃശ്യമാകുന്നു. മാനുഷിക മൂല്യങ്ങളുടെ പാരമ്യമായി നമുക്കതിനെ കാണാം.