മാഘമേളയിലെ തർക്കവും ജിലേബിയുടെ മധുരവും
text_fieldsരാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനവും, പ്രയാഗ്രാജിൽ ഗംഗ-യമുന-സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് നടക്കുന്ന 45 ദിവസം നീളുന്ന മാഘമേളയും ഇക്കുറി ഒരേസമയത്തായിരുന്നു. ഈ രണ്ട് മഹത്തായ സംഭവങ്ങളും ഒടുവിൽ ചെന്നെത്തിയത് ഒരു പരസ്യമായ ഏറ്റുമുട്ടലിലാണ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മഹന്തും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും, ജോഷിമഠ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും തമ്മിലുയർന്ന ഈ തർക്കം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അന്തസ്സിനും എട്ടാം നൂറ്റാണ്ടിലെ ദാർശനികനായ ആദിശങ്കരാചാര്യരുടെ പൈതൃകത്തിനും ഒരുപോലെ മങ്ങലേൽപിച്ചു.
സംഗമത്തിൽ പുണ്യസ്നാനം നിർവഹിക്കാനായി പുറപ്പെട്ട സ്വാമി അവിമുക്തേശ്വരാനന്ദയുടെ അലങ്കരിച്ച രഥം, യോഗി ഭരണകൂടത്തിന്റെ കിങ്കരന്മാർ തടഞ്ഞുവെന്നാണ് ആരോപണം. ഈ സംഭവം ശങ്കരാചാര്യരെ പ്രകോപിപ്പിച്ചു; ആദിത്യനാഥാകട്ടെ തന്റെ പൊലീസ് സംവിധാനത്തെ അദ്ദേഹത്തിനെതിരെ നിർത്തി. ശങ്കരാചാര്യർ അപമാനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു മജിസ്ട്രേറ്റ് രാജിവെച്ചു. തൊട്ടുപിന്നാലെ, ആദിത്യനാഥിനോടുള്ള തന്റെ കൂറ് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു മജിസ്ട്രേറ്റും രാജിവെച്ചു. ഈ നാടകങ്ങൾക്കിടയിൽ മനോഹരവും മധുരം നിറഞ്ഞതുമായ ഒരു സംഭവം വിസ്മരിക്കപ്പെട്ടു. മാഘമേളയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രിയ പലഹാരമായ ജിലേബിയെ ചുറ്റിയുള്ള പാചക പാരമ്പര്യം.
ജിലേബിയുടെ സഞ്ചാരപഥങ്ങൾ
അറേബ്യൻ-പേർഷ്യൻ മരുഭൂമികളിൽ നിന്ന് ഉത്ഭവിച്ച, മൊരിഞ്ഞ ചൂടുള്ള ജിലേബിയെ ഹിന്ദി ഹൃദയഭൂമി അനൗദ്യോഗിക ദേശീയ മധുരമായാണ് പരിഗണിക്കുന്നത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഉത്തർപ്രദേശിലെയും ബിഹാറിലെയും (പ്രത്യേകിച്ച് പൂർവാഞ്ചൽ മേഖലയിൽ) ചെറിയ കടകൾക്കും ഉന്തുവണ്ടികൾക്കും മുന്നിൽ ജിലേബി വാങ്ങാൻ തിരക്കു കൂട്ടുന്ന ജനങ്ങൾ പതിവ് കാഴ്ചയാണ്.
പ്രയാഗ്രാജിലെ മാഘമേളയായാലും, ബിഹാറിലെ സോൻപൂരിലുള്ള ഹരിഹർ ക്ഷേത്ര മേളയായാലും, മറ്റേതൊരു മത-സാംസ്കാരിക ഉത്സവമായാലും, അവിടത്തെ പ്രധാന ആകർഷണം മധുരപ്പാനിയിൽ വറുത്തെടുത്ത ഈ ഓറഞ്ച് ചുരുളുകളാണ്. റമദാൻ മാസത്തിലും ഈദ്, ദീപാവലി, ഹോളി തുടങ്ങിയ വിവിധ ആഘോഷവേളകളിലുമെല്ലാം മാറ്റുകൂട്ടാൻ ജിലേബിവേണം.
ഒരർഥത്തിൽ, നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക കൂട്ടായ്മകളെ ചേർത്തുനിർത്തുന്നത് യഥാർഥത്തിൽ ജിലേബിയുണ്ടാക്കുന്നവരും ഉപഭോക്താക്കളുമാണ്. ജിലേബിയില്ലാത്ത ഒരു മേളയോ ആഘോഷമോ അപൂർണമാണ്. വേദാന്തം, ഇസ്ലാം, ബുദ്ധമതം തുടങ്ങിയ ദർശനങ്ങളും ജ്ഞാന-ഭക്തി-കർമ പാരമ്പര്യങ്ങളും സന്യാസിമാർക്കും ദാർശനികർക്കും ചർച്ചകൾക്കുള്ള വേദിയൊരുക്കുമ്പോൾ, അവിടത്തെ ഉത്സവ പ്രതീതി നിലനിർത്തുന്നത് ജിലേബി സ്റ്റാളുകൾക്ക് മുന്നിൽ നിരക്കുന്ന ജനക്കൂട്ടമാണ്. മധ്യകാലഘട്ടത്തിൽ അറേബ്യൻ-പേർഷ്യൻ മരുഭൂമികളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ജിലേബിയുടെ അഞ്ച് നൂറ്റാണ്ടുനീണ്ട പ്രയാണം, ദക്ഷിണ-പശ്ചിമ ഏഷ്യയിലെ സാധാരണക്കാരുടെ പാചക പാരമ്പര്യങ്ങൾ ഒന്നുചേർന്നതിന്റെ മനോഹരമായ കഥയാണ്. മതങ്ങൾക്കും സംസ്കാരങ്ങൾക്കും വംശങ്ങൾക്കും അതീതമായ സഹവർത്തിത്വത്തിന്റെയും വൈവിധ്യങ്ങൾ അംഗീകരിക്കുന്നതിന്റെയും സത്യസന്ധമായ സാക്ഷ്യമായ ഒരു വീടിന്റെയോ കൊട്ടാരത്തിന്റെയോ അടുക്കളയിൽ ഉണ്ടായതല്ല. ‘സലാബിയ’ അഥവാ ‘സുലാബിയ’ എന്ന അറേബ്യൻ വിഭവത്തിലാണ് ഇതിന്റെ വേരുകൾ. പത്താം നൂറ്റാണ്ടിലെ അറബ് പാചകഗ്രന്ഥങ്ങൾ പ്രകാരം അബ്ബാസിദ് ഖിലാഫത്തിന്റെ കാലത്ത് യാദൃച്ഛികമായി ഉണ്ടായതാണ് ഈ മധുരം. റമദാൻ നോമ്പുകാരനായിരുന്ന ഒരു വ്യാപാരി നോമ്പുതുറ വിഭവം തയാറാക്കവേ മാവ് നേർത്തുപോയി. ആ നേർത്ത മാവ് അദ്ദേഹം ചൂടുള്ള എണ്ണയിലേക്ക് ഒഴിച്ചപ്പോൾ ലഭിച്ച ചുരുളൻ അപ്പം തേനും പനിനീരും ചേർത്ത മിശ്രിതത്തിൽ മുക്കിയെടുത്തപ്പോൾ ഒരു പുതിയ രുചി പിറന്നു.
പത്താം നൂറ്റാണ്ടുമുതൽ തുർക്കി വ്യാപാരികൾ, സൂഫികൾ, സഞ്ചാരികൾ എന്നിവരിലൂടെ ഈ വിഭവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തി. ഭാരതീയർ ഇതിനെ നെഞ്ചേറ്റുകയും ‘ജിലേബി’ എന്ന് പേരുവിളിക്കുകയും ചെയ്തു. ശ്രീരാമൻ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ജിലേബിയുടെ മുൻഗാമിയായ ‘ശഷ്കുലി’ ഉണ്ടാക്കി ആഘോഷിച്ചു എന്നൊരു ഐതിഹ്യവും ഇന്ത്യയിലുണ്ട്.
ജിലേബി ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വർഗത്തിന്റെയോ ഭാഗമല്ല. സാധാരണ കർഷകരും തൊഴിലാളികളും മേളകളിലും ഉത്സവങ്ങളിലും താൽക്കാലിക ജിലേബി സ്റ്റാളുകളിട്ട് ചെറിയ വരുമാനം നേടുകയും പൊതുജീവിതത്തിന് മധുരം പകരുകയും ചെയ്യുന്നു. 2025 ആഗസ്റ്റിൽ വാരാണസിയിലെ മഴവെള്ളം നിറഞ്ഞ തെരുവുകളിലൂടെ സുഹൃത്തും പ്രമുഖ മാധ്യമപ്രവർത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണനൊപ്പം ആ നഗരത്തിന്റെ യഥാർഥ രുചിയറിയാൻ ഒരു ചെറിയ ജിലേബി-കച്ചോരി കട തിരഞ്ഞുപോയത് ഓർക്കുന്നു.
ഇന്ന് മാധ്യമങ്ങൾ ആദിത്യനാഥും അവിമുക്തേശ്വരാനന്ദയും തമ്മിലെ വാക്പോരിനെക്കുറിച്ചുള്ള ചർച്ചകളാൽ നിറയുമ്പോൾ നൂറ്റാണ്ടുകളായി പ്രയാഗ്രാജിൽ ഒത്തുകൂടി മാഘമേളയുടെയും കുംഭമേളയുടെയും ജീവസ്സുറ്റ പാരമ്പര്യം നിലനിർത്തുന്ന ജിലേബി വിൽപനക്കാരുടെയും അത് കഴിക്കുന്ന സാധാരണക്കാരുടെയും വിധിയെക്കുറിച്ചാണ് ഈ കുറിപ്പുകാരൻ ആശങ്കപ്പെടുന്നത്. മാഘമേളയിൽ ഒരു ശങ്കരാചാര്യർക്കോ യോഗി ആദിത്യനാഥിനോ ഉള്ള അത്രതന്നെ പ്രാധാന്യം അവിടത്തെ ജിലേബി വിൽക്കുന്നവർക്കും അത് വാങ്ങുന്നവർക്കും ഉണ്ടെന്ന വാസ്തവം ആർക്കാണ് നിഷേധിക്കാനാവുക?


