പുലരിയിലെ സല്ലാപം
text_fieldsപുലർകാല നടത്തം എനിക്കേറെ ഇഷ്ടമുള്ള ദിനചര്യയായിരുന്നു. കൃത്യാന്തര ബാഹുല്യവും തുടർച്ചയായ യാത്രകളും കാരണം പഴയതുപോലെ അതിപ്പോൾ സാധിക്കാറില്ല. അതിന്റേതായ ശാരീരിക ചടവ് ചിലപ്പോഴെങ്കിലും അനുഭവപ്പെടാറുമുണ്ട്. എങ്കിലും, ഓർമകളിൽ വസന്തം പോലെ തങ്ങിനിൽക്കുന്ന ഒരനുഭവം പറയാം.
ഞാൻ സ്ഥിരമായി നടന്നിരുന്ന വീഥിയിൽ, ഒരു പഴയ വീടുണ്ടായിരുന്നു. മതിലിലും മുറ്റത്തും സ്നേഹം പോലെ പൂക്കൾ കുന്നുകൂടിയ ഒരതിശയം. വഴിപോക്കരുടെ കണ്ണുകളെ തഴുകിപ്പോകുന്ന, ശാന്തതയുടെ ഒരു തണുപ്പ് ആ ഭവനത്തിനുണ്ടായിരുന്നു. വാർധക്യത്തിലെത്തിയ ഒരമ്മയും അച്ഛനുമായിരുന്നു അവിടെ. മക്കൾ ദൂരെയെങ്ങോ ആകണം. പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്, ആ അമ്മ ആരോടോ സംസാരിക്കുന്നത് ഒരു മൃദു മർമരം പോലെ. ആ വീട്ടിൽ അങ്ങനെ സംസാരിക്കാനായി മറ്റാരുമില്ല എന്ന് എനിക്കറിയാം. ഇനി അയൽവീട്ടിലേയോ മറ്റോ കുട്ടികളാണോ അവിടെയുള്ളത്? ആരോടാണ് ഈ സംസാരിക്കുന്നത് എന്ന ജിജ്ഞാസയിൽ ഒരു ദിവസം ആ വീടിന് മുന്നിൽ ഞാൻ എന്‍റെ നടത്തം നിർത്തി. ഗേറ്റ് തുറന്ന് ചെന്നപ്പോൾ കണ്ടത് ആ വയോധികയെ മാത്രം. ‘‘എന്താണ് മോനേ?’’ എന്ന സ്നേഹപൂർണമായ ചോദ്യവുമായി അവർ അരികിലേക്ക് വന്നു.
‘‘അമ്മേ, ഞാൻ എന്നും ഈ വഴി നടക്കാറുണ്ട്. എന്നും അമ്മ ആരോടോ പതിയെ സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഈ പൂക്കളും ചെടികളുമല്ലാതെ മറ്റാരുമില്ലല്ലോ ഇവിടെ. ആരോടാണ് ഈ സംസാരം?’’
അവരുടെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി വിരിഞ്ഞു. ‘‘ഈ പൂക്കളോടും ചെടികളോടുമൊക്കെത്തന്നെയാണ് മോനേ’’
‘‘പൂക്കളോട് സംസാരിക്കുകയോ?’’- എന്റെ അതിശയം ഇരട്ടിച്ചു.
അവരുടെ കണ്ണുകളിൽ ചെറുനനവ് ഞാൻ ശ്രദ്ധിച്ചു. ‘‘അതെ, പൂക്കൾ... മോനേ, അവർ നമ്മളേക്കാളും വികാരമുള്ളവരാണ്. ഞാൻ പറയുന്നതെല്ലാം അവ ശ്രദ്ധയോടെ കേട്ടിരിക്കും. എന്‍റെ ദുഃഖങ്ങളിൽ അവ ഇളകാതെ ആശ്വസിപ്പിച്ച് നിൽക്കും. സന്തോഷങ്ങളിൽ തലയാട്ടി എന്നോടടുക്കും. എന്‍റെ ഏറ്റവും വലിയ സന്തോഷം, പുലർകാലങ്ങളിലെ ഈ സല്ലാപമാണ്.’’
തത്ത്വചിന്തകരും കവികളും എഴുത്തുകാരുമൊക്കെ അവരുടെ രചനകളിൽ ഇതുപോലുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും സാധാരണയിൽ സാധാരണക്കാരിയെന്ന് ഒറ്റനോട്ടത്തിൽ നമ്മൾ വിധിച്ചേക്കാവുന്ന ഒരു അമ്മയിൽനിന്ന് ഇത് നേരിൽ കേട്ടപ്പോൾ വല്ലാത്തൊരത്ഭുതവും അതിലേറെ ആദരവും തോന്നി.
എന്റെ മുഖത്തെ അമ്പരപ്പും താൽപര്യവും ശ്രദ്ധിച്ച് അവർ തുടർന്നു, ‘‘എന്തിലും നന്മ മാത്രം കാണാനും ശുഭാപ്തിവിശ്വാസത്തോടെ എല്ലാറ്റിനെയും സമീപിക്കാനും ഈ പൂക്കൾ എനിക്ക് കരുത്ത് പകരുന്നു, എന്റെ ആരോഗ്യത്തിന്റെ രഹസ്യവും ഇതുതന്നെ’’
സ്നേഹത്തിന്‍റെ ആ ഉപാസകയോട് യാത്രപറഞ്ഞ് ഞാൻ നടത്തം തുടർന്നു. പിൽക്കാലത്ത് പല ദേശങ്ങളിൽ സഞ്ചരിച്ചപ്പോഴും പ്രഭാതത്തിൽ പൂക്കളെ തലോടുന്ന, അവയോട് സംസാരിക്കുന്ന ചിലരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരും ഈ അമ്മയുമെല്ലാം മുന്നോട്ടുപോവുന്നത് ഈ ലോകത്തിന്‍റെ ഏറ്റവും മനോഹരമായ നന്മയുടെ സത്ത നെഞ്ചിലേറ്റിയാണ്. നമ്മുടെ ഉള്ളിലെ നീറുന്ന പല പ്രശ്നങ്ങൾക്കും പ്രകൃതിയോടും പച്ചപ്പിനോടും പൂക്കളോടും ഇണങ്ങിയുള്ള, സംവദിച്ചുള്ള ഒരു ജീവിതം ഒരു മഹാഔഷധമാകും എന്ന തോന്നലിനെ ഈ ഓർമകൾ കൂടുതൽ ബലപ്പെടുത്തി.
നമുക്കുചുറ്റും നോക്കുക. എത്രയെത്ര ദുഃഖങ്ങൾ, എത്രയെത്ര ആശങ്കകൾ….ഇവ അനുഭവിക്കുന്ന മനുഷ്യരുടെ സമസ്ത ദുഃഖങ്ങൾക്കും പരിഹാരമേകാൻ ആർക്കുമാകില്ല. എന്നാൽ, പ്രതിസന്ധികൾക്കിടയിലും അവരെ തെല്ലൊരാശ്വാസത്തിന്‍റെ തീരത്തേക്ക് കൈപിടിച്ച് നടത്താൻ മനുഷ്യഭാഷ വശമില്ലാത്ത ഈ ജീവജാലങ്ങൾക്ക് കഴിയുന്നു.
റൂമിയുടെ വാക്കുകൾ എത്ര സത്യം:
‘‘പ്രഭാതത്തിലെ തെന്നലുകൾക്ക് നിന്നോടൊരു രഹസ്യം മന്ത്രിക്കാനുണ്ട്-‘‘തിരികെ നിദ്രയിലേക്ക് മടങ്ങാതിരിക്കുക’’