അന്ന് ചിരിച്ചതും അതേ വിശറി!
text_fieldsപരാക്രമത്തെയും വീര്യത്തെയും, നീതിക്കു മുകളിൽ ശക്തിയെയുമാണ് കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ആർ.എസ്.എസ് സ്ഥാപകന്റെ ആശയലോകം ആഘോഷിക്കുന്നത്. വെറുപ്പിന്റെ പശ്ചാത്തലത്തിൽ കാരുണ്യത്തിന്റെ കടലായി ഓരോ മനുഷ്യനും ഇരമ്പിമറിയേണ്ടൊരു കാലത്ത് പാലക്കാട്ടെന്നല്ല ഒരിടത്തും ഒരു സ്ഥാപനത്തിനും കൊടുക്കാവുന്ന പേരല്ല ഹെഡ്ഗേവാറിന്റേത്. അദ്ദേഹം ജനിക്കുന്നതിനും ഒരു വർഷം മുമ്പ് ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ ശിവപ്രതിഷ്ഠ വഴി വിദ്വേഷത്തിന്റെ വേരുകൾ വെട്ടി 1888ൽ മാതൃകാസ്ഥാനമായി തളിർത്ത് പൂത്ത കേരളത്തിന്, ഒരു കാരണവശാലും ഒരു സ്ഥാപനത്തിനും ആരെങ്ങനെ തലകുത്തിനിന്നാലും ആ പേരിനെ സ്വാഗതം ചെയ്യാൻ കഴിയില്ല.
ചൂടുകാലത്ത് വീശാനുള്ള വിശറിയെപ്പോലും പരാക്രമവാദത്തിന്റെ പടക്കോപ്പാക്കി മാറ്റി, അതുവഴി ജീവിതത്തിലുണ്ടായി വന്ന സാന്ത്വനത്തിന്റെ ഇത്തിരി തണുപ്പും ഇല്ലാതാക്കാനാണ് അദ്ദേഹം തുടർച്ചയായി ആഹ്വാനം ചെയ്തത്. സ്വന്തം മേശപ്പുറത്തെ ഒരു വിശറിയിൽ ശിവജിയും, മറ്റേ വിശറിയിൽ പെൺവേഷം ധരിച്ചൊരു ബാലഗന്ധർവനെയുമാണ് ചിത്രണം ചെയ്തിരുന്നത്. വിശറി കണ്ട് കൗതുകംപൂണ്ട ശിഷ്യഗണത്തോട് അദ്ദേഹം വിശദീകരിച്ചത്, ശിവജിയുടെ ചിത്രമുള്ള വിശറി, പരാക്രമവാദികളായി ദുഷ്ടശക്തികളോട് നന്നായി എതിരിട്ട ഒരു കാലത്തിന്റെ അഭിമാനകരമായ അടയാളമാണെന്നാണ്. എന്നാൽ, രണ്ടാമത്തെ വിശറി പരാക്രമവീര്യം ചോർന്ന്, സ്ത്രീകളായി മാറിയ അവമാനകരമായ നമ്മുടെ ഇന്നത്തെ അവസ്ഥയുടെ അടയാളമാണെന്നാണ്! 1992 ഡിസംബർ ഒമ്പതിന് ബാബരി പള്ളി ഫാഷിസ്റ്റ് ശക്തികൾ പൊളിച്ച പശ്ചാത്തലത്തിൽ ഡൽഹിയിലെ ദിഗംബർഅഗാധ എന്ന, ഹൈന്ദവധർമം സംരക്ഷിക്കുന്ന പോരാളികളുടെ ആശ്രമം സന്ദർശിച്ച പ്രശസ്ത പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണനോട്, അദ്ദേഹം ചെല്ലുന്ന സമയത്ത് സഹആശ്രമവാസിക്കൊപ്പം, ആടും പുലിയും കളിച്ചുകൊണ്ടിരിക്കുകയായിരുന്ന, രാമചന്ദ്രപരമഹംസർ പറഞ്ഞത്, കളിയിൽ ആടിനു ജയിക്കാം, പക്ഷേ കളിയിൽ മാത്രം! ആടു പുലിയാട്ടം കളിയെ ആസ്പദമാക്കി അദ്ദേഹം പൊട്ടിച്ച തമാശയിൽനിന്നും അന്ന് ചിരിച്ചതും ഹെഡ്ഗേവാറിന്റെ അതേ വിശറിയാണ്!
ജി ഫോർ ഗാന്ധി എന്നല്ല/ ജി ഫോർ ഗോദ്സെ എന്ന് പഠിച്ചവർ/ എസ് ഫോർ സുഭാഷ് ചന്ദ്രബോസ് എന്നല്ല/ എസ് ഫോർ സവർക്കർ എന്ന് പഠിച്ചവർ/ അക്ഷരങ്ങളിൽ തന്നെ പിഴച്ചവർക്ക് ബുദ്ധി വഴങ്ങുമോ എന്ന് നാടുകടത്തിയ വാക്കുകളിൽ മുഈസ് കടയ്ക്കൽ എന്ന കവി! എച്ച് ഫോർ ഹാർമണി എന്നെഴുതുന്നതിനു പകരം ഹൈറ്റ് (Hate) എന്നെഴുതുന്നവർ എന്നും ഇന്നത്തെ സന്ദർഭത്തിൽ കൂട്ടിച്ചേർക്കുകയുമാവാം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെ പരിശീലിപ്പിക്കാനായി പാലക്കാട് നഗരസഭാ പ്രദേശത്ത് ആരംഭിക്കുന്ന നൈപുണ്യവികസന കേന്ദ്രത്തിന് ആർ.എസ്.എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ പേരിട്ടാൽ ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീഴുമോ എന്ന് ചോദിക്കുന്നവർ മുതൽ, സാക്ഷാൽ സവർക്കറിന്റെ പടം ഇന്ത്യൻ പാർലമെന്റിൽ മഹാത്മാഗാന്ധിക്കു മുന്നിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കെ ഇതേക്കുറിച്ചൊക്കെ പറഞ്ഞിട്ട് ഇനി എന്തുകാര്യം എന്ന് ചോദിക്കുന്നവർ വരെ മറക്കുന്നത്, ഇത് ഉത്തരപ്രദേശോ ഗുജറാത്തോ അല്ല കേരളമാണെന്ന സത്യമാണ്. മുമ്പ് റൊമയ്ൻ റോളങ് ചോദിച്ചു. സോക്രട്ടീസിനും അരിസ്റ്റോട്ടിലിനും ഗോയ്ഥേക്കും ഷേക്സ്പിയറിനും ക്രിസ്തുവിനും കാൾമാർക്സിനും ജന്മം നൽകിയ സംസ്കാരത്തിന് ഇപ്പോൾ എങ്ങനെയാണ് ഹിറ്റ്ലർക്കും മുസോളിനിക്കും ജന്മം നൽകാൻ സാധിച്ചത് എന്ന്? എന്താണ് പാശ്ചാത്യ സംസ്കാരത്തിൽ ഫാഷിസത്തിന് സ്ഥലം നൽകിയ വിടവ്, അല്ലെങ്കിൽ വീഴ്ച എന്ന് മലയാളിയും സ്വന്തമായ രീതിയിൽ ചോദിക്കണം: ശ്രീനാരാണഗുരുവിനും മഹാത്മാ അയ്യൻകാളിക്കും, പൊയ്കയിൽ അപ്പച്ചനും വേലുക്കുട്ടി അരയനും മമ്പുറം തങ്ങൾമാർക്കും ചാവറ ഏലിയാസ് അച്ചനും, അബ്രഹാം മൽപ്പാനും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും, വി.ടി. ഭട്ടതിരിപ്പാടിനും, ആലി മുസ്ലിയാർക്കും അബ്ദുറഹിമാൻ സാഹിബിനും ഇ.എം.എസിനും എ.കെ.ജിക്കും കൃഷ്ണപ്പിള്ളക്കും അടക്കം നിരവധി മഹാന്മാർക്ക് പിറവി നൽകിയ കേരളത്തിൽ ഇപ്പോൾ എങ്ങനെയാണ് ഹെഡ്ഗേവാർക്കും ഗോൾവാൾക്കർക്കും ഒപ്പം മരണാനന്തരമെങ്കിലും ഒരു ബ്രഹ്മണനായി ജനിക്കണമെന്ന അശ്ലീലഗീർവാണം മുഴക്കുന്നവർക്കും ഇടം കിട്ടിയത് എന്ന്! മലയാളി ജീവിതത്തിന്റെ ഏത് വിള്ളലിലൂടെയാണ്, അല്ലെങ്കിൽ നമ്മുടെ ഏത് വീഴ്ചയിലൂടെയാണ് അവർ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കയറിപ്പറ്റിയിരിക്കുന്നത് എന്ന്?
മറ്റനവധി പാർട്ടികളെപ്പോലെ സംഘപരിവാരവും ഒരു പാർട്ടിയല്ലേ എന്ന് ചോദിക്കുന്നവരോടും സമവാക്യങ്ങളിൽ നിസ്സഹായമായി സ്തംഭിച്ചുപോയവരോടും പ്രത്യേകിച്ച് ഒന്നും പറയാനില്ല. ജിന്നക്കൊപ്പം നിൽക്കുന്നവരാണ്, ഹെഡ്ഗേവാർക്ക് എതിർനിൽക്കുന്നവർ എന്ന് പറയുന്നവർ, ദ്വിരാഷ്ട്രവാദം ആദ്യം അവതരിപ്പിച്ചത് ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രവും പിന്നെ സവർക്കറും അതും കഴിഞ്ഞ് ജിന്നയുമാണെന്ന സത്യമാണ് മറവിയുടെ അട്ടത്ത് കയറ്റിവെക്കാൻ മോഹിക്കുന്നത്! ഹെഡ്ഗേവാറാകട്ടെ മുസ്ലിംകളെ, ദേശേദ്രാഹികളായോ വിദേശികൾ എന്ന അർഥത്തിൽ യവനരായോപോലും അംഗീകരിക്കാത്ത ചിന്തകനാണ്!
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഈ രണ്ട് പദവികൾ കിട്ടണമെങ്കിൽപ്പോലും മുസ്ലിം ജനസമൂഹം അദ്ദേഹം നിർദേശിക്കുന്നവിധം രാജ്യത്തിന്റെ ചിരപുരാതന സനാതന സംസ്കാരത്തിൽ, കരടിനുമേൽ കരട് അവശേഷിപ്പിക്കാതെ ലയിച്ചുചേരണം! മുസ്ലിംകളെ അദ്ദേഹം ദേശേദ്രാഹികളായി പരിഗണിക്കാത്തത് അവർ േദ്രാഹികളല്ലാത്തതുകൊണ്ടല്ല, അങ്ങനെ പറയുമ്പോൾ അവർ ഈ ദേശത്തിന്റെ ഉടമകളാണെന്നൊരു ഭാവം അവർക്കും മറ്റുള്ളവർക്കും ഉണ്ടാവാനിടയുള്ളതുകൊണ്ടാണ്! നാനാപൽക്കർ തയാറാക്കി എസ്. സേതുമാധവൻ പരിഭാഷപ്പെടുത്തിയ സംഘസ്ഥാപകൻ ഡോ. ഹെഡ്ഗേവാർ എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇക്കാര്യം വിശദീകരിക്കുന്നതിങ്ങനെ: ദേശദ്രോഹി എന്നും ദേശത്തിന്റെ ശത്രു എന്നുമുള്ള വാക്കുകളുടെ അർഥം പെെട്ടന്ന് മനസ്സിലാകുകയില്ല. എന്നാൽ, കഴിഞ്ഞ ആയിരം വർഷത്തെ ചരിത്രത്തിൽനിന്നും മനസ്സിലാവുന്നത് നമ്മുടെ നാടിന്റെ സനാതന ഹിന്ദു പാരമ്പര്യത്തെ നശിപ്പിച്ച് വൈദേശിക മുസ്ലിം പാരമ്പര്യത്തെ ബലമുപയോഗിച്ച് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നവർ ഈ നാടിന്റെ ഉടമകളല്ല മറിച്ച് ആക്രമണകാരികളാണ് എന്നാണ്. അതിനാൽ, അവർ ശത്രുക്കൾ തന്നെയാണ്. ജയചന്ദ്രൻ, സൂര്യാജിഹസാൽ, ബാലാജിപന്ത്നാതു എന്നിവർ സ്വന്തം വീട്ടുകാരാണ്. അവർ സാമാന്യ േദ്രാഹികളായി നാടിനെ അപകടത്തിലാക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടതിനാൽ അവർ ദേശേദ്രാഹികളാണ്. മുസ്ലിംകളാദികൾക്ക് ദേശേദ്രാഹ പട്ടം കിട്ടാൻ പോലും അനവധി കടമ്പകൾ കടക്കണമെന്ന് സാരം! യവനർ സംസ്കാരമുള്ള ഗ്രീക്കുകാരെപ്പോലുള്ള വിദേശികൾക്കുള്ള പേരാണെന്നും, മ്ലേച്ഛരായ മുസ്ലിംളെ യവനർ എന്ന് വിളിച്ച് അവർക്കൊരു സ്ഥാനക്കയറ്റം നൽകരുതെന്നും, അവരുടെ രാക്ഷസഭാവത്തോട് ചേർന്നുപോകുന്ന പേര് മുസ്ലിംകൾ എന്നാണെന്നും അദ്ദേഹം ശഠിക്കുന്നുണ്ട്.
സാമ്രാജ്യത്വം, നാടുവാഴിത്തം, മുതലാളിത്തം, അഴിമതി, കൊള്ളരുതായ്മ എന്നിവയോടൊന്നുമല്ല, സാങ്കൽപിക ശത്രുക്കളോടാണ് അദ്ദേഹത്തിന്റെ ഈറ മുഴുവനും! കൊച്ചുകുട്ടികൾപോലും അക്കാലത്ത് ചെറിയ ചെടികളുടെ തലപ്പുകൾ മുഗളന്മാരുടെ തലയാണെന്ന രീതിയിൽ ആവേശപൂർവം തങ്ങളുടെ വാളുകൾകൊണ്ട് വെട്ടിയരിഞ്ഞു കളിക്കും എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികളുടെ കൈയിലുണ്ടായിരുന്നത് കളിവാളാണെണ് ആശ്വസിച്ചാൽപോലും, തുടർന്നുവരുന്ന വരികൾ നമ്മെ വല്ലാതെ തളർത്തും. ഈ ആവേശത്തോടെതന്നെ ഈ കൂട്ടുകാരും (വാളേന്തിയവർ, ബ്രാക്കറ്റ് ചേർത്തത്) കോട്ടപിടിക്കുന്ന കളികളിൽ ഏർപ്പെട്ടിരുന്നു. ശുക്രവാർ കുളത്തിൽനിന്ന് തിരിച്ചുവരുമ്പോൾ പലപ്പോഴും ആരുടെയെങ്കിലും ശരീരത്തിൽ മുറിവ് പറ്റിയതും കാൽ ഉളുക്കിയതുമെല്ലാം അവർ അഭിമാനമായി കണക്കാക്കിയിരുന്നു, സാങ്കൽപിക ശത്രുവിനെ ഇല്ലാതാക്കുമ്പോഴുണ്ടാകുന്ന പരിക്കുകളിൽപോലും പുളകംകൊണ്ടവർ മനസ്സറിഞ്ഞ് അഭിരമിച്ചത് കൊല്ലുന്ന കളികളിലാണ്. അവർക്കെന്ത് മതസൗഹാർദം, എന്ത് സമുദായ മൈത്രി!
തുർക്കിതൊപ്പി ധരിച്ച് തന്നെ കാണാൻ വന്ന സ്വന്തം സ്വയം സേവകനോട്, അത് കത്തിച്ചു കളയാനാണ് ഹെഡ്ഗേവാർ ആദ്യം ആവശ്യപ്പെട്ടത്. സദ്ഭാവന സമ്മേളനത്തിൽ ഒരു മൗലവി സ്നേഹപൂർവം നൽകാൻ ശ്രമിച്ച തൊപ്പി ഇന്ത്യൻ പ്രധാനമന്ത്രി തട്ടിമാറ്റിയതും ഓർക്കാവുന്നതാണ്. ഹിന്ദു-മുസ്ലിം ഭായി ഭായി എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അങ്ങേയറ്റം അസ്വസ്ഥമാക്കിയ മുദ്രാവാക്യത്തെ, ആത്മഹത്യാപരവും ഏകപക്ഷീയവുമായ മുദ്രാവാക്യമായാണ് ഹെഡ്ഗേവാർ കണ്ടത്. ഇതിന്റെ ചുവടുപിടിച്ചാവണം, ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വരാജ് ഇല്ലെന്ന് പ്രഖ്യാപിച്ചവൻ രാജ്യവഞ്ചകനാണെന്ന് ഗോൾവാൾക്കറും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പേരിൽ ചിലർ കാട്ടിക്കൂട്ടുന്ന അമിതാവേശം കാണുമ്പോൾ എനിക്ക് ദുഃഖം തോന്നുന്നു എന്ന് കേരളമാകെ സംഘ്പരിവാർ പ്രചരിപ്പിച്ച, സവർണവർഗീയ ഫാഷിസ്റ്റ് എന്ന ലഘുലേഖയിൽ പി. പരമേശ്വരനും എഴുതിയത്.
ഇന്ത്യക്കാർക്കിടയിൽ സത്യമന്വേഷിച്ചാൽ കൂടുതൽ ഭിന്നിപ്പുണ്ടാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമല്ല, ജാതിമേൽക്കോയ്മാ കാഴ്ചപ്പാട് ആഘോഷിക്കുന്ന അഭ്യന്തര സാമ്രാജ്യത്വമാണെന്ന് മനസ്സിലാക്കാൻ, സംഘ്പരിവാർ സാഹിത്യത്തിൽനിന്ന് ദേശീയത സംബന്ധിച്ചുള്ള ഏത് ഭാഗം വായിച്ചാലും മതിയാവും! ഒരിക്കലും ഇന്ത്യൻ ജനങ്ങൾക്കിടയിൽ ഐക്യം സാധ്യമല്ലെന്ന് ഹെഡ്ഗേവാർ സാക്ഷ്യപ്പെടുത്തിയതിൽ നിന്നുള്ള ഒരു ഭാഗം, പാലക്കാട്ടെ നൈപുണികേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേരിട്ടാലെന്താ എന്ന് നിഷ്കളങ്കമായി ചോദിക്കുന്നവരുടെ അറിവിലേക്കായി ഇവിടെ എടുത്തുചേർക്കുന്നു. നമ്മുടെ നാടിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാണ്... ഹിന്ദിസ്ഥാൻ എന്നല്ല (എന്നിട്ടെന്തിനാണാവോ എൻ.സി.ഇ.ആർ.ടി ഇംഗ്ലീഷ് പാഠത്തിന് ഹിന്ദി തലക്കെട്ട് നൽകുന്നത്: ബ്രാക്കറ്റ് കൂട്ടി ചേർത്തത്) ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്. ഭാവിയിലും അങ്ങനെ ആയിരിക്കണം. ഈ ദേശം ധർമസത്രമല്ല. ആർക്കും ഇവിടെ വിരിവെച്ച് സ്ഥാനം ഉറപ്പിക്കാൻ സാധ്യമല്ല. ചരിത്രം, പാരമ്പര്യം, സമാജം, ധർമം, സംസ്കാരം, വിചാരധാര, താൽപര്യങ്ങൾ ഇവയെല്ലാം ഒന്നായിട്ടുള്ള സമൂഹമാണ് ഇവിടത്തെ രാഷ്ട്രം. യാദൃച്ഛികമായി കൂടെവന്നെത്തിയവർ രാഷ്ട്രമായിത്തീരുന്നില്ല. ഇതെല്ലാം സത്യമാണെന്നുറപ്പായിട്ടും, ഹിന്ദുസ്ഥാൻ നശിപ്പിക്കാൻ വേണ്ടി വന്നവരെ, സൗഹൃദം സ്ഥാപിക്കാൻ ഇവിടെയത്തിയവരെന്ന എല്ലാം രാഷ്ട്രത്തിന്റെ ഘടകങ്ങളായി കരുതണം എന്ന വികലമായ വിദ്യാഭ്യാസമാണ് നമ്മുടെ തരുണന്മാർക്ക് നൽകുന്നത്. ഏതെങ്കിലും വ്യക്തികളെ ഭയന്നോ അഥവാ അവരുടെ ഔദാര്യത്തിനുവേണ്ടിയോ പ്രവർത്തിക്കാതെ, നാം സ്വീകരിച്ച തത്ത്വത്തിന്റെ അഥവാ ആദർശത്തിന്റെ ഉരകല്ലിൽ ഉരച്ചുനോക്കിവേണം നാം കാര്യങ്ങളെ സ്വീകരിക്കേണ്ടത്. പരസ്പരം നാമാവശേഷമാക്കി തീർക്കാൻ യുദ്ധം ചെയ്യുകയും മരിക്കുകയും ചെയ്തവർക്കിടയിൽ മിത്രത സാധ്യമല്ല. എലിക്കും പൂച്ചക്കും ഇടയിൽ മിത്രത അസംഭാവ്യമാണ്. എലി പൂച്ചയുടെ വയറ്റിലെത്തിച്ചേരുന്നതോടെയാണ് ഈ മിത്രത സാധ്യമാവുക.
ഈ വിധം വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങൾ വളരെ ഐക്യത്തോടെ ജീവിക്കുന്ന, ഒരു ഫാഷിസ്റ്റ് പൂച്ചക്കും ചുമ്മാ തീറ്റയാവാൻ മനസ്സില്ലാത്ത, മലയാളി സമൂഹത്തിൽ, വിദ്വേഷ ആശയത്തിന്റെ ത്രിശൂലങ്ങൾക്ക് മതനിരപേക്ഷതയുടെ നെഞ്ചിൽ തുളച്ചുകയറാൻ അവസരമൊരുക്കണമോ വേണ്ടയോ എന്നുള്ളതാണ്, ‘To be or not to be, that is the Question’ എന്നുള്ളതാണ് പ്രശ്നം. അല്ലാതെ വെറുമൊരു പേരല്ല! അല്ലിപൂരിനെ ശിവപൂരെന്നും, മംഗ്ളൂർവീറിനെ മംഗളൂർനാഥെന്നും, ബ്രിട്ടീഷ് ഇന്ത്യയിൽ ഹെഡ്േ ഗവാർ മാറ്റിവിളിച്ചു തുടങ്ങിയതിന്റെ തുടർച്ചയിലാണ്, ഇന്ത്യയിൽ പലയിടത്തും സ്ഥലനാമ മാറ്റം നടക്കുന്നതെന്ന് തിരിച്ചറിഞ്ഞാൽ, പാലക്കാട് മുനിസിപ്പാലിറ്റിയുടെ ഹെഡ്ഗേവാർ കമ്പം അത്ര നിഷ്കളങ്കമല്ലെന്ന് മനസ്സിലാവും!
2015 െഫബ്രുവരി മാസാദ്യത്തിലാണ് രാജസ്ഥാനിലെ ആൾവാറിലെ ൈഫ്ലെഓവറിനു മുകളിൽ, ദേശീയവാദിയായ ഗോദ്സെവക പാലം എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്! ആരുവെച്ചു എന്നറിയാത്ത ഇത്തരം ബോർഡുകളും, ഞങ്ങൾ വെക്കുന്നു എന്ന് അറിയിച്ച് വെക്കുന്ന ബോർഡുകളും തമ്മിലുള്ള, തുരങ്കബന്ധം കണ്ടെത്തുകയെന്നുള്ളതാണ് ഇന്ന് പ്രധാനം. അത് കണ്ടെത്തിക്കഴിഞ്ഞാൽ മതനിരപേക്ഷതയും ഫാഷിസവും തമ്മിലുള്ള പ്രശ്നത്തെ, അതായിത്തന്നെ കാണാൻ കഴിയും. അല്ലെങ്കിൽ ഫാഷിസ്റ്റുകൾ അതിനെ ഭൂരിപക്ഷ-ന്യൂനപക്ഷ മതപ്രശ്നമാക്കി, മുന്നേറും, കേരളത്തിലും അവർ അതിനുള്ള ഒരുക്കത്തിലാണ്. തെളിവിതാ: മലപ്പുറം നഗരസഭാ ടൗൺഹാളിന് ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ, മാപ്പിള കലാപത്തിന് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകം എന്ന പേരിട്ടപ്പോൾ പ്രതിഷേധിക്കാത്തവർ ഇപ്പോൾ പ്രതിഷേധിക്കുന്നതിനു പിന്നിൽ മറ്റു താൽപര്യങ്ങളാണ്. ഇത് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ആർജിക്കാനുള്ള ശ്രമം മാത്രമാണ്. ഒരു വെടിക്ക് നിരവധി പക്ഷികളെ വീഴ്ത്തുന്ന ഈയൊരു ഫാഷിസ്റ്റ് വിദ്യ വിജയിച്ചാൽ, പരാജയപ്പെടുന്നത് മതനിരപേക്ഷതയായിരിക്കും. ഡോ. ഹെഡ്ഗേവാറിന്റെ പേരിട്ടാലും ഇല്ലെങ്കിലും!
.