സ്നേഹത്തിന്റെ നിത്യവെളിച്ചം
text_fieldsസ്നേഹമാണഖില സാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
സ്നേഹമാണ് ഈ ലോകത്തിന്റെ നിലനിൽപെന്ന് പാടിയ കുമാരനാശാന്റെ വരികൾ നമ്മുടെയെല്ലാം മനസ്സിലുണ്ട്. എന്നാൽ, ആ സ്നേഹത്തിന്റെ കരുത്ത് തിരിച്ചറിയാൻ കഴിയാതെ, എല്ലാവരും സ്വന്തം ലോകത്തേക്ക് ഒതുങ്ങിക്കൂടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കാനും പങ്കുവെക്കാനുമുള്ള മനസ്സ് കുറഞ്ഞുവരുമ്പോൾ, ഓണം പോലുള്ള ആഘോഷങ്ങൾ പോലും വർഷത്തിലൊരിക്കൽ മാത്രം ഒത്തുചേരുന്ന ചടങ്ങുകളായി മാറുന്നു. എന്നാൽ, ഈ ഇരുണ്ട കാലത്തും നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം പരത്തുന്ന ചിലരുണ്ട്. അങ്ങനെയൊരാളുടെ കഥയാണിത്.
അദ്ദേഹം ഗണ്യമായ സമ്പത്തിനുടമയായിരുന്നു, നാട്ടിലും വിദേശത്തും. പക്ഷേ, ആ സമ്പത്ത് സ്വന്തം സുഖങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിച്ചില്ല. കുടുംബത്തിലും അയൽപക്കത്തും ഗ്രാമത്തിലും ഉള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും അയാൾ പങ്കാളിയായി. ഒരു പുഞ്ചിരിയോടെ, ആവശ്യമുള്ളപ്പോൾ എല്ലാവർക്കും അയാൾ കൈത്താങ്ങായി. വിദ്യാഭ്യാസം, ചികിത്സ-എന്തിനും ഏതിനും അദ്ദേഹത്തിന്റെ സഹായം തേടിയെത്തിയവർക്ക് നിരാശപ്പെടേണ്ടിവന്നില്ല. തിരികെ ഒന്നും അയാൾ പ്രതീക്ഷിച്ചില്ല. പലപ്പോഴും കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അയാൾ പിന്തിരിഞ്ഞില്ല.
ഒരിക്കൽ ഞങ്ങളുടെ സുഹൃദ്വലയത്തിൽ ഈ വ്യക്തി ഒരു ചർച്ചാവിഷയമായി. ‘എന്താണ് അയാൾ ഇങ്ങനെ? തിരിച്ച് ഒന്നും അയാൾക്ക് കിട്ടുന്നില്ലല്ലോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി സുഹൃത്തുക്കൾ അദ്ദേഹത്തെ സമീപിച്ചു.
‘‘ഇത്രയൊക്കെ ചെയ്തിട്ടും താങ്കൾക്ക് എന്ത് നേട്ടമാണ് ഉണ്ടായത്?’’ അവർ ചോദിച്ചു.
അദ്ദേഹം പൊട്ടിച്ചിരിയോടെ പറഞ്ഞു, ‘‘എനിക്ക് ഒന്നും കിട്ടിയിട്ടില്ല, അല്ലെങ്കിലും എന്താണ് ഇതിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്?’’
‘‘താങ്കൾ സമയവും സമ്പത്തും ചെലവഴിക്കുന്നു, മാനസിക സമ്മർദങ്ങൾ ഏറ്റുവാങ്ങുന്നു. ഒരു ഗുണവുമില്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?’’ അവർ കൗതുകപൂർവം ചോദിച്ചു.
അദ്ദേഹത്തിന്റെ മറുപടി അവരെ അത്ഭുതപ്പെടുത്തി. ‘‘ഭൗതികമായ ഒരു ഗുണവും എനിക്ക് കിട്ടിയിട്ടില്ല. ഞാനൊട്ട് ആഗ്രഹിക്കുന്നുമില്ല.അതിനെല്ലാം ഉപരിയായി ഒന്നുണ്ട്. സന്തോഷം നിറഞ്ഞ മനസ്സ്. എന്റെ മനസ്സ് എപ്പോഴും സന്തോഷത്തിലും സമാധാനത്തിലുമിരിക്കുന്നത് ഇതുകൊണ്ടാണ്’’
‘‘ഇതൊരു വലിയ ത്യാഗമല്ലേ? ഞങ്ങൾക്ക് ഇത് സാധിക്കുന്നില്ലല്ലോ?’’ കൂട്ടുകാർ ചോദിച്ചു.
‘‘ഇതൊരു ത്യാഗമൊന്നുമല്ല’’ അദ്ദേഹം ശാന്തമായി പറഞ്ഞു. ‘‘എനിക്ക് ലഭിച്ച സമൃദ്ധിക്ക് ഞാൻ പ്രപഞ്ചശക്തിയോട് കടപ്പെട്ടിരിക്കുന്നു. അതിൽ ഒരു വിഹിതം ഞാൻ തിരിച്ചുനൽകുന്നുവെന്ന് മാത്രം. ലഭിച്ച സകല സൗഭാഗ്യങ്ങളും ഒറ്റക്ക് തട്ടിയെടുക്കുന്ന ഒരു സ്വാർഥനാകാൻ എനിക്ക് താൽപര്യമില്ല. നമ്മുടെ ആവശ്യത്തിനുള്ളത് കഴിച്ച്, അത് സമയമാവട്ടെ, സമ്പത്താകട്ടെ, മറ്റെന്താവട്ടെ, അത് മറ്റുള്ളവർക്ക് നൽകുക. അതാണ് ഞാൻ ചെയ്യുന്നത്.’’
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇടക്കിടെ ഓർത്തെടുക്കുന്നത് എന്റെ മനസ്സിനെ തണുപ്പിക്കാറുണ്ട്. ഈ ലോകത്തെ ചേതോഹരമാക്കുന്നത് ഇത്തരം മനുഷ്യരാണ്. പേരുകേട്ട കലാ-സാഹിത്യ നായികാ നായകരെപ്പോലെ പ്രശസ്തനല്ലായിരിക്കാം ഈ മനുഷ്യൻ. പക്ഷേ, അദ്ദേഹം ഒരു നിത്യപ്രചോദനമാണ്, നിസ്വാർഥ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഉജ്ജ്വല പതാകവാഹകൻ.
ഇന്ത്യയുടെ അഭിമാനമായ കവി ടാഗോർ ഇങ്ങനെ എഴുതി:
‘‘സ്വയം സമാധാനം കണ്ടെത്താനും നിങ്ങൾക്ക് ചുറ്റും സന്തോഷം പ്രസരിപ്പിക്കാനും സാധിക്കുമെങ്കിൽ, നിങ്ങൾ ഒരു ചക്രവർത്തിയേക്കാൾ സന്തുഷ്ടരായിരിക്കും.’’