ഫലിക്കുമോ അമിത് ഷായുടെ ‘തമിഴ്നാട് മിഷൻ’?
text_fieldsഎം.കെ. സ്റ്റാലിന്റെ ഡി.എം.കെ മന്ത്രിസഭയും തമിഴ്നാട് ജനതയും സംഘ്പരിവാർ നയിക്കുന്ന മോദി സർക്കാറിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ലോക്സഭ മണ്ഡല പുനഃസംഘടന, ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം, ഹിന്ദി അടിച്ചേൽപിക്കൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബിൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്നതിലെ വിവേചനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ദേശീയ പ്രതിപക്ഷ നേതാവിന്റെ ആർജവത്തോടെയാണ് സ്റ്റാലിൻ പടനയിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും പ്രതിപക്ഷ സംസ്ഥാനങ്ങളെയും പാർട്ടികളെയും ഒറ്റ പ്ലാറ്റ്ഫോമിലെത്തിക്കുന്നു എന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഐ.ടി സെല്ലിന്റെയും മടിത്തട്ട് മാധ്യമങ്ങളുടെയും പിന്തുണയോടെ വിലകുറഞ്ഞ വിവാദങ്ങൾ സൃഷ്ടിക്കുന്നതിലപ്പുറം സംസ്ഥാന ഘടകത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമായതോടെ തമിഴകം പിടിക്കാനുള്ള ദൗത്യം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പിയുടെ ചാണക്യനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഡി.എം.കെ സർക്കാറിനെ പിഴുതെറിയാൻ തയാറായിരിക്കുകയാണെന്നും എൻ.ഡി.എ സർക്കാർ രൂപവത്കരിക്കുമെന്നും കഴിഞ്ഞ ദിവസം ‘ടൈംസ് നൗ’ സംഘടിപ്പിച്ച പരിപാടിയിൽ അമിത് ഷാ പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്. മകൻ ഉദയ്നിധിയെ പിൻഗാമിയായി പ്രതിഷ്ഠിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിനെന്നും ഷാ വിമർശിച്ചു.
അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യ ചർച്ചകൾ തിരക്കിട്ട് നടക്കുന്നുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും മുന്നണിയായി മത്സരിച്ചപ്പോൾ അണ്ണാ ഡി.എം.കെ 66 ഉം ബി.ജെ.പി നാലും പാട്ടാളി മക്കൾ കക്ഷി അഞ്ചും സീറ്റുകൾ നേടിയിരുന്നു. അടുത്ത തവണ ആഞ്ഞുപിടിച്ചാൽ ഡി.എം.കെയെ വീഴ്ത്താനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അണ്ണാ ഡി.എം.കെ നേതൃത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്ന സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയെ നീക്കുന്നതും സഖ്യനിർമിതിയുടെ ഭാഗമായാണ്.
തോൽവിയിൽനിന്ന് പഠിച്ച പാഠം
2014, 2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ‘മോദി ഫാക്ടർ’ ഏശാതെ പോയ സംസ്ഥാനമാണിത്. തനിച്ച് മത്സരിച്ചു ജയിക്കാമായിരുന്ന സീറ്റുകൾ സംസ്ഥാനത്തെ മതേതര കക്ഷികളുമായി പങ്കുവെച്ച് ഏവരെയും ഒരു കുടക്കീഴിൽ അണിനിരത്തി ന്യൂനപക്ഷ-മതനിരപേക്ഷ വിഭാഗങ്ങളുടെ വിശ്വാസമാർജിച്ച ഡി.എം.കെ നിലപാടാണ് ഇതിന് മുഖ്യ കാരണമായത്.
മറുവശത്ത് ന്യൂനപക്ഷം അകലുന്നുവെന്ന തിരിച്ചറിവിൽ 2023 സെപ്റ്റംബറിൽ ബി.ജെ.പി ബന്ധം അണ്ണാ ഡി.എം.കെ അവസാനിപ്പിക്കുകയായിരുന്നു. 2024ൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും വേറിട്ട് മത്സരിച്ചതോടെ ഡി.എം.കെ വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് ഇരുകൂട്ടരും പടുതോൽവി നേരിട്ടു. സഖ്യമുണ്ടായിരുന്നുവെങ്കിൽ പത്തിലധികം സീറ്റുകളിൽ വിജയിക്കുമായിരുന്നുവെന്നാണ് എസ്.പി. വേലുമണി ഉൾപ്പെടെ ഒരു വിഭാഗം അണ്ണാ ഡി.എം.കെ നേതാക്കൾ അന്ന് കണക്കുനിരത്തി ചൂണ്ടിക്കാണിച്ചിരുന്നത്. അണ്ണാഡി.എം.കെയിൽനിന്ന് പിളർന്നുപോയ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മമക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ), ഒ. പന്നീർശെൽവം നയിക്കുന്ന വിഭാഗം എന്നിവ നിലവിൽ ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ)യുടെ ഭാഗമാണ്. വി.കെ. ശശികല വിഭാഗവും പ്രത്യേകമായി പ്രവർത്തിക്കുന്നു. ഇവരെല്ലാം മാതൃസംഘടനയിലേക്ക് തിരിച്ചുവരാൻ തയാറാണെങ്കിലും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി (ഇ.പി.എസ്) സമ്മതിക്കുന്നില്ല. അവരെയെല്ലാം മാതൃസംഘടനയിൽ തിരിച്ചെത്തിച്ച് ബി.ജെ.പി സഖ്യം ശക്തിപ്പെടുത്താനാണ് അമിത് ഷായുടെ ശ്രമം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും നേടാനായില്ലെങ്കിലും അണ്ണാ ഡി.എം.കെ നിലനിർത്തിയ 21 ശതമാനത്തിലധികം വോട്ടുകളിലാണ് അമിത് ഷായുടെ കണ്ണ്. ഡി.എം.കെ സർക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യം സാധ്യമാക്കാൻ അണ്ണാ ഡി.എം.കെയെ വരുതിയിലാക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്ര ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. ഈ ബന്ധത്തിൽ താൽപര്യമുള്ള എസ്.പി. വേലുമണി ഉൾപ്പെടെയുള്ള അണ്ണാ ഡി.എം.കെ നേതാക്കൾ കോയമ്പത്തൂർ ഈഷ യോഗ കേന്ദ്രത്തിൽ ശിവരാത്രിയാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ അമിത് ഷായെ സന്ദർശിച്ച് ഹ്രസ്വചർച്ച നടത്തിയിരുന്നു. എന്നാൽ, എടപ്പാടി പളനിസാമി, കെ.ജയകുമാർ, മുനുസാമി പോലുള്ള നേതാക്കൾ ഇതിനെതിരാണ്.
സഖ്യമുണ്ടാക്കാനും ഇ.ഡി
എടപ്പാടി പളനിസാമിയെ വരുതിയിലാക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുകയാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം. ജനുവരിയിൽ എടപ്പാടി പളനിസാമിയുടെ അടുത്ത ബന്ധുവായ രാമലിംഗത്തിന്റെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റെയ്ഡ് നടത്തി 650 കോടിയോളം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. ഈ കേസിൽ എടപ്പാടിയുടെ മകൻ കുടുങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽനിന്ന് രക്ഷനേടാൻ ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യത്തിന് വഴങ്ങുകയാണ് നല്ലതെന്ന് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ ദൂതനായി വർത്തിച്ച മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, എടപ്പാടി പളനിസാമിയെ ധരിപ്പിച്ചതായാണ് വാർത്തകൾ. ഇതേ ത്തുടർന്ന് ഈയിടെ നിയമസഭ നടപടികൾ പോലും ഒഴിവാക്കിയാണ് എടപ്പാടി പളനിസാമി പൊടുന്നനെ ഡൽഹിയിലേക്ക് പറന്നത്.
രാജ്യതലസ്ഥാനത്ത് പുതുതായി നിർമിച്ച അണ്ണാ ഡി.എം.കെ ഓഫിസ് സന്ദർശിക്കുകയാണ് ലക്ഷ്യമെന്ന് വാർത്താലേഖകരോട് പറഞ്ഞ എടപ്പാടി മൂന്ന് കാറുകൾ മാറിക്കയറി അമിത് ഷായെ വസതിയിൽ ചെന്നുകണ്ടു. കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന എടപ്പാടി, ചർച്ചയിൽ തമിഴ്നാട്ടിലെ വികസന ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നാണ് വ്യക്തമാക്കിയത്. ഡി.എം.കെയാണ് തങ്ങളുടെയും മുഖ്യശത്രുവെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഈ ലക്ഷ്യം നേടാൻ പരമാവധി കക്ഷികളുമായി മുന്നണി ബന്ധമുണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം കൂടിക്കാഴ്ചക്കുശേഷം അമിത് ഷാ തന്റെ എക്സ് പേജിൽ, 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴിമതി നിറഞ്ഞ ഡി.എം.കെ സർക്കാറിനെ തൂത്തെറിയുമെന്നും എൻ.ഡി.എ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുമെന്നും കുറിച്ചിട്ടതോടെ തമിഴക രാഷ്ട്രീയത്തിൽ ചർച്ച മറ്റൊരു തലത്തിലേക്കുയർന്നു. പിന്നാലെ എടപ്പാടി പളനിസാമിയുമായി പാർട്ടിക്കകത്ത് നിഴൽയുദ്ധം നടത്തുന്ന മുതിർന്ന നേതാവ് കെ.എ. ശെങ്കോട്ടയ്യനും ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ കേന്ദ്ര ബി.ജെ.പി നേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തി. ബി.ജെ.പിയുമായി സഖ്യത്തിന് ഇനിയും വിസമ്മതിക്കുന്ന പക്ഷം മഹാരാഷ്ട്രയിൽ ശിവസേനക്ക് സംഭവിച്ച മട്ടിലുള്ള പിളർപ്പാണ് അണ്ണാ ഡി.എം.കെയെ കാത്തിരിക്കുന്നതെന്ന് ഏറക്കുറെ ഉറപ്പാണ്. ശെങ്കോട്ടയ്യനടക്കമുള്ള ബി.ജെ.പി അനുകൂലികളായ നേതാക്കൾ ഏതു സമയവും പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയേക്കാം. കോടതി ഉത്തരവിനെ തുടർന്ന് അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം(രണ്ടില) ഏത് വിഭാഗത്തിന് അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണുള്ളത്. ബി.ജെ.പിയെ പിണക്കിയാൽ ചിഹ്നം കൈവിട്ടുപോകുമെന്ന ഭീതിയും എടപ്പാടി വിഭാഗത്തിനു മുന്നിലുണ്ട്.
അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലാവുന്നതോടെ തമിഴക രാഷ്ട്രീയസമവാക്യങ്ങൾ വീണ്ടും മാറിമറിയും.
പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളെ കൂടി അണിനിരത്താനായാൽ ഡി.എം.കെ സഖ്യത്തിന് വെല്ലുവിളി ഉയർത്താൻ എൻ.ഡി.എക്ക് കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
വിജയ് ഫാക്ടറിന്റെ ഗതി
നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’(ടി.വി.കെ)ത്തിന്റെ കടന്നുവരവ് നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായിരിക്കും. സ്റ്റാലിൻ കഴിഞ്ഞാൽ വിജയ് മുഖ്യമന്ത്രിയായി കാണാനാണ് ഏറ്റവും കൂടുതൽ പേർ താൽപര്യപ്പെടുന്നതെന്നാണ് ഈയിടെ വന്ന ഒരു സർവേ ഫലം.
അടുത്ത തെരഞ്ഞെടുപ്പിൽ ഡി.എം.കെയും ടി.വി.കെയും തമ്മിലായിരിക്കും മുഖ്യ മത്സരമെന്നും ഡി.എം.കെയെ ഭരണത്തിൽനിന്നകറ്റുകയാണ് മുഖ്യലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജയ് യുടെ ടി.വി.കെയും സീമാന്റെ നാം തമിഴർ കക്ഷിയും നേടുന്ന വോട്ടുകൾ ഡി.എം.കെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടാൻ മാത്രമേ സഹായകമാവുകയുള്ളുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ടി.വി.കെ പരിപാടികളിൽ വിജയ് ആരാധകർ തടിച്ചുകൂടുന്നുണ്ടെങ്കിലും ഇതെല്ലാം വോട്ടായി മാറുമോയെന്നാണ് സംശയം. വഖഫ് ഭേദഗതി നിയമത്തിനെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വമ്പൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ വിജയ് അണികളോട് ആഹ്വാനം ചെയ്തതിനു പിന്നിൽ ന്യൂനപക്ഷ അണികളെ ആകർഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഇളക്കമില്ലാതെ സ്റ്റാലിൻ
ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകളുടെ അധികാരം അട്ടിമറിക്കുന്ന കേന്ദ്രസർക്കാറിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സ്റ്റാലിന് സുപ്രിംകോടതിയിലും പോരാട്ടവിജയം നേടിയതോടെ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണ്.
തമിഴ് രാഷ്ട്രീയവും സംസ്കാരവും ഉയർത്തിപ്പിടിച്ച് തമിഴ് വികാരമുയർത്തി മൊത്തം ജനതയുടെ വിശ്വാസമാർജിക്കാനും സ്റ്റാലിന് കഴിഞ്ഞു. പിൻഗാമിയായി മകൻ ഉദയ്നിധിയെ അവരോധിച്ചപ്പോഴും കുടുംബത്തിലോ സംഘടനയിലോ അപശബ്ദങ്ങളുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി, എം.ഡി.എം.കെ, മുസ്‍ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, തമിഴക വാഴ്വുരിമൈ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയകക്ഷി തുടങ്ങിയ കക്ഷികളുമായ ബന്ധത്തിൽ യാതൊരു പോറലും തട്ടാതെ മുന്നണി ബന്ധം കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതാണ് ഡി.എം.കെയുടെ സുപ്രധാന നേട്ടം. അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം യാഥാർഥ്യമായാൽ ന്യൂനപക്ഷ വോട്ടുകൾ ഡി.എം.കെ സഖ്യത്തിന് അനുകൂലമാവുകയും ചെയ്യും. എന്നാൽ, പ്രതിപക്ഷ പാർട്ടികളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് വഖഫ് ഭേദഗതി ബില്ലിനെതിരായ നിലപാടാണ് പാർലമെന്റിൽ അണ്ണാ ഡി.എം.കെ എം.പിമാർ കൈക്കൊണ്ടത്.