Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത ഇതു മതിയോ?

text_fields
bookmark_border
Madhyamam Editorial
cancel
camera_alt

Madhyamam Editorial

നിപയുടെയും മഹാമാരിയുടെയും വൈറസുകളെ കൃത്യമായി പ്രതിരോധിച്ച നാടാണ് കേരളം. 2018​ലെ നിപ കാലം ആരും മറന്നിട്ടുണ്ടാകില്ല. ലോകത്ത് അത്യപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള നിപ വൈറസിന്റെ സാന്നിധ്യം കേരളത്തിൽ അന്ന് ആദ്യമായി സ്ഥിരീകരിച്ചപ്പോൾ, അതിനെ ലഭ്യമായ സംവിധാനങ്ങളിലൂടെ ഫലപ്രദമായി നേരിടുകയായിരുന്നു നമ്മൾ.

17 പേരുടെ ജീവനെടുത്തെങ്കിലും, മൂന്നാഴ്ചക്കുള്ളിൽ ​വൈറസ് ബാധ നിയന്ത്രണവിധേയമാക്കാനായത് ആരോഗ്യ മേഖലയിൽ മുൻപന്തിയിലുള്ള വികസിത രാജ്യങ്ങൾപോലും അത്ഭുത​ത്തോടെയാണ് നോക്കിക്കണ്ടത്. കൊറോണ വൈറസിനെയും കേരളം നേരിട്ടത് ഏതാണ്ട് ഇതേ മാതൃകയിലായിരുന്നു. തീ​ർ​ത്തും വ്യ​വ​സ്ഥാ​പി​ത​വും ശാ​സ്ത്രീ​യ​വു​മാ​യ സ​​ങ്കേ​ത​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ളും കൈ​മു​ത​ലാ​യു​ള്ള​തു​കൊ​ണ്ട് സാ​ധ്യ​മാ​യ​താ​ണ​ത്. എ​ന്നാ​ൽ, ഈ ആരോഗ്യ മോഡലിന്റെ ​സൂ​ക്ഷ്മ​തയും കാര്യക്ഷമതയും നമുക്ക് ന​ഷ്ട​പ്പെ​ടുന്ന സന്ദർഭങ്ങൾക്കും പലപ്പോഴും നാം സാക്ഷിയാകാറുണ്ട്. കേരളത്തിന്റെ മൺസൂൺകാലം തന്നെയെടുക്കാം. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ മഴക്കാലം എന്നാൽ പനിക്കാലം കൂടിയാണ്. ഈ മഴക്കാലത്ത് മഞ്ഞപ്പിത്തം, പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ മരിച്ചത് 200ഓളം പേരാണ്. 18 ലക്ഷം ആളുകളാണ് പനിബാധിച്ച് മാത്രം ചികിത്സ തേടിയത്. മുൻ വർഷങ്ങളിലൂം ഇതുതന്നെയായിരുന്നു അവസ്ഥ. ഇപ്പോഴിതാ, മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി മറ്റൊരു രോഗപരീക്ഷണം കൂടി: അമീബിക് മസ്തിഷ്ക ജ്വരം. രോഗബാധയേറ്റ് ഈ വർഷം മരണ​പ്പെട്ടിരിക്കുന്നത് 16 പേരാണ്. ഇതിൽ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയാണ് ആറ് മരണവും സംഭവിച്ചതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. നിപയുടെയും മഹാമാരിയുടെയും കാലത്ത് കൈക്കൊണ്ട ജാഗ്രത അതേ അളവിൽ അനിവാര്യമായ സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടാവാത്തത് വാസ്തവത്തിൽ ഇപ്പോഴുള്ള ആശങ്കകളെ ഇരട്ടിയാക്കുന്നുണ്ട്.

രോഗം പിടിപെട്ടാൽ മരണ സാധ്യത 90 ശതമാനത്തിനും മുകളിലുള്ള അസുഖമാണ് അമീബിക് മസ്തിഷ്ക ജ്വരം. വെള്ളത്തിൽ കാണപ്പെടുന്ന നിഗ്ലേരിയ, അകാന്തമീബ, വെർമമീബ മുതലായ ഫ്രീ ലിവിങ് അമീബ ഗണത്തിൽപെടുന്ന രോഗാണുക്കളാണ് അമീബിക് മസ്തിഷ്ക ജ്വരമുണ്ടാക്കുന്നത്. രോഗാണുക്കൾ മൂക്കിലൂടെയാണ് മസ്തിഷ്കത്തിൽ പ്രവേശിക്കുന്നത്. ഏത് ജലസ്രോതസ്സിലും ഈ അമീബകൾ കാണാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ചൂട് കൂടുതലുള്ളതും മലിനവുമായ നദികൾ, കുളങ്ങൾ, കനാലുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നതും മറ്റും രോഗബാധക്ക് കാരണമാകും. അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച പൊതുവായ ഈ ധാരണയിലായിരുന്നു വൈദ്യശാസ്ത്രലോകം. 2016ൽ ആദ്യമായി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോഴും ഈ ധാരണയുടെ പുറത്തായിരുന്നു പ്രതിരോധ മാർഗങ്ങളും മറ്റും അവലംബിച്ചത്. എന്നാൽ, കഴിഞ്ഞ വർഷത്തോടെ സ്ഥിതി അൽപം മാറി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ, ചികിത്സ പ്രോട്ടോകോൾ തന്നെയും മാറ്റാൻ സർക്കാർ തീരുമാനിച്ചു. പുതിയ പ്രോട്ടോകോളിനെയും അതിജീവിച്ചാണ് ഇക്കുറി ഭയാനകമാംവിധം മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മാസം പത്ത് വരെ ഏതാണ്ട് 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏതാനും രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, ആശങ്ക തുടരുക തന്നെയാണ്.

മുൻവർഷങ്ങളിൽനിന്ന് പല കാരണങ്ങളാൽ വ്യത്യസ്തമാണ് ഈ വർഷം റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വരം. നേരത്തെ നിഗ്ലേരിയ ഫൗളേരി എന്ന അമീബയാണ് മനുഷ്യ മസ്തിഷ്കം കാർന്നുതിന്ന് ജീവനപഹരിക്കുന്നതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഈ വർഷം അമീബയുടെ പല വകഭേദങ്ങളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവിൽ ചൂടേറിയ കാലാവസ്ഥയാണ് അമീബക്ക് ജീവിക്കാൻ അനുകൂലം. ഇപ്പോൾ ആഗോളതാപനത്തിന്റെ ഭാഗമായുള്ള ഉയർന്ന ചൂടായിരിക്കാം അമീബയുടെ സാന്ദ്രത വർധിക്കുന്നതിനും മറ്റും കാരണമെന്ന് കരുതുന്നവരുണ്ട്. ഇത്തവണ രോഗവ്യാപനം വർധിച്ചതിന്റെ കാരണവും ഒരുപക്ഷേ ഇതായിരിക്കാം. അതിനാൽ, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, സമഗ്രമായൊരു പഠനം തന്നെയും ഇക്കാര്യത്തിൽ അനിവാര്യമാണ്. നിർഭാഗ്യവശാൽ, ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അൽപം നിസ്സംഗത പുലർത്തുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോക്കൂ, ഇ​ത്രയും ഗുരുതരമായ സ്ഥിതി വിശേഷം സംജാതമായിട്ടും സംസ്ഥാനത്ത് എ​ത്രപേർ അസുഖ ബാധിതരായെന്നതു സംബന്ധിച്ച കണക്കുപോലുംസർക്കാറിന്റെ കൈയിലില്ല. 16 പേർ മരണപ്പെട്ടിട്ടും അതിൽ രണ്ടെണ്ണം മാത്രമേ ഇതുവരെയും സർക്കാറിന് സ്ഥിരീകരിക്കാനായിട്ടുള്ളൂ. ബാക്കിയെല്ലാം രോഗം സം​ശയിക്കപ്പെട്ടവർ മാത്രം. രോഗികളുടെ എണ്ണത്തിലുമുണ്ട് ഈ ‘സംശയം’. മറ്റൊരർഥത്തിൽ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗബാധ സംബന്ധിച്ച പഠനങ്ങൾക്കും ആവശ്യമായ അടിസ്ഥാന വിവരം പോലും ശേഖരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. നിപയുടെയും കോവിഡിന്റെയും കാര്യത്തിൽ ഇങ്ങനെയായിരുന്നില്ല. അന്നെല്ലാം കൃത്യമായ ഡാഷ് ബോർഡുകൾ തയാറാക്കുന്നതിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ വലിയ ശ്രദ്ധ പുലർത്തിയിരുന്നു. രോഗപ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമല്ല. രോഗസ്ഥിരീകരണത്തിനാവശ്യമായ ലാബ് പരിശോധനക്ക് ഒരൊറ്റ കേന്ദ്രമാണുള്ളത്. രോ​​ഗി​​യു​​ടെ ന​​ട്ടെ​​ല്ലി​​ൽ​​നി​​ന്ന് കു​​ത്തി​​യെ​​ടു​​ക്കു​​ന്ന സെ​​റി​​ബ്രോ സ്പൈ​​ന​​ൽ ഫ്ലൂ​​യി​​ഡി​​ന്‍റെ പി.​​സി.​​ആ​​ർ ഫ​​ലം പോ​​സി​​റ്റി​​വാ​​യാ​​ൽ മാ​​ത്ര​​മാ​​ണ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​മീ​​ബി​​ക് മ​​സ്തി​​ഷ്ക ജ്വ​​രം സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, കോ​​ഴി​​ക്കോ​​ട് ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ നി​​ന്ന​​ട​​ക്കം മാ​​സ​​ങ്ങ​​ൾ​​ക്കുമു​​മ്പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാബിലേക്ക് അയ​​ച്ച പ​​ല സ്ര​​വ​​ങ്ങ​​ളു​​ടെ​​യും പി.​​സി.​​ആ​​ർ ഫ​​ലം ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്. സ്രവപരിശോധനയിലെ കാലതാമസം രോഗസ്ഥിരീകരണത്തെ മറ്റു വിധത്തിൽ ബാധിക്കുകയും ചെയ്യും. കുടുതൽ പരിശോധന ലാബുകൾ സജ്ജമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഏറ്റവും കൂടുതൽ ​പേർ ചികിത്സ തേടിയ കോഴിക്കോട് മെഡിക്കൽ കോളജിൽ പി.സി.ആർ ലാബ് തുടങ്ങണമെന്ന ആവശ്യം ഇപ്പോഴും കടലാസിലാണ്. ഇക്കാര്യങ്ങളിലെല്ലാം പുനരാലോചന ആവശ്യമാണ്. മറുവശത്ത്, രോഗബാധയെ ചെറുക്കാൻ ജലജാഗ്രതയും വേണം. നമ്മുടെ ജലാശയങ്ങളും കുടിവെള്ള ടാങ്കുകളുമെല്ലാം രോഗാണുമുക്തമാണെന്ന് ഉറപ്പാക്കുകയും വേണം. ഇതിനാവശ്യമായ നടപടികൾക്കും സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ട്. കേരളത്തിന്റെ മാറിയ കാലാവസ്ഥ രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെങ്കിൽ അടിയന്തരമായി ആ മേഖലയിലും സമഗ്രമായ പഠനം വേണം. അല്ലാത്തപക്ഷം, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ ആയിരിക്കും നാം അഭിമുഖീകരിക്കേണ്ടിവരിക.

Show Full Article
TAGS:amoeba infection amoebic meningoencephalitis Madhyamam Editorial Public Health kerala health 
News Summary - Amoebic meningoencephalitis: Is this enough caution?
Next Story