Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൂടോത്രക്കാർക്ക്...

കൂടോത്രക്കാർക്ക് സർക്കാർ കുടപിടിക്കരുത്

text_fields
bookmark_border
കൂടോത്രക്കാർക്ക് സർക്കാർ കുടപിടിക്കരുത്
cancel

ദുർമന്ത്രവാദങ്ങളും ആഭിചാരപ്രവർത്തനങ്ങളും തടയുന്നതിനുള്ള നിയമ നിർമാണത്തിൽനിന്ന് പിന്നാക്കം പോയിട്ടില്ലെന്നും നിയമപരവും ഭരണപരവുമായ സങ്കീർണതകളാലാണ് നിയമം വൈകുന്നതെന്നും സംസ്ഥാന സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കിയിരിക്കുന്നു. നിയമനിർമാണത്തിൽനിന്ന് പിന്നോട്ടു പോകാനുള്ള തീരുമാനം സർക്കാർ തിരുത്തിയെന്നത് സ്വാഗതാർഹമാണ്. സംസ്ഥാനത്ത് ജാതിമത ഭേദെമന്യേ അന്ധവിശ്വാസവും അനാചാരങ്ങളും അനുദിനം വർധിച്ചുവരുകയാണ്. നരബലിയും നഗ്നപൂജയുമുൾപ്പെടെയുള്ള കൊടിയ അതിക്രമങ്ങൾ നടമാടുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് മന്ത്രവാദ ചികിത്സകൾ പെരുകുന്നു.

അതിനിടയിലാണ് നിയമനിർമാണ നീക്കവുമായി മുന്നോട്ടുപോകേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും പ്രത്യേക വിഷയത്തിൽ നിയമ നിർമാണത്തിന് നിർദേശിക്കാൻ കോടതികൾക്കാവില്ലെന്നും ഒരു മാസം മുമ്പ് സർക്കാർ കോടതിയിൽ രേഖാമൂലം അറിയിച്ചത്. അന്ധവിശ്വാസ വ്യവസായികൾക്കും ദുർമന്ത്രവാദ-കൂടോത്ര തട്ടിപ്പുകാർക്കും കുടപിടിക്കുന്ന അത്തരമൊരു നിലപാടെടുക്കാൻ ഏത് ദുർമന്ത്രവാദിയാണാവോ സർക്കാറിനെ ഉപദേശിച്ചത്! മതവിശ്വാസം മുറുകെപ്പിടിച്ച് സമാധാനപരമായി ജീവിക്കുന്ന മനുഷ്യരെ അപഹസിക്കാനും വെല്ലുവിളിക്കാനും ധാർഷ്ട്യം കാണിക്കുന്ന അധികാരികൾക്ക് അന്ധവിശ്വാസ ദുർമന്ത്രവാദിക്കൂട്ടങ്ങൾക്ക് മുന്നിൽ മുട്ടുവിറച്ചിട്ടുണ്ടാവും. അതിനെതിരെ വലിയ വിമർശനമുയർന്ന സാഹചര്യത്തിൽ വൈകിയാണെങ്കിലും തീരുമാനം തിരുത്തിയത് നല്ലകാര്യം തന്നെ. അന്ധവിശ്വാസവും വിശ്വാസവും തമ്മിൽ വേർതിരിക്കാനുള്ള സങ്കീർണതയാണ് നിയമ നിർമാണം വൈകാൻ കാരണമായി സർക്കാർ പറയുന്ന ഒരു ന്യായം.

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമനിർമാണം ആറുവർഷംമുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ശരീരത്തിന് അപകടമുണ്ടാക്കുന്ന മന്ത്രവാദം, മന്ത്രവാദത്തിന്റെ പേരിൽ നടക്കുന്ന ലൈംഗിക പീഡനം, ചികിത്സ നിഷേധം, ബാധ ഒഴിപ്പിക്കൽ തുടങ്ങിയവ കുറ്റകൃത്യമാക്കി ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമീഷൻ റിപ്പോർട്ട് നൽകുകയും തുടർന്ന് കരടുനിയമം തയാറാക്കുകയും ചെയ്തിരുന്നു. നരബലി നിരോധനം, മന്ത്രവാദ ചികിത്സ, ബാധ ഒഴിപ്പിക്കൽ, ചികിത്സയുടെ പേരിൽ ശാരീരികമോ മാനസികമോ ആയ ഉപദ്രവം, അത്ഭുത സിദ്ധിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്, ചികിത്സ തടയൽ, മാസമുറയുള്ള സ്ത്രീകളെ മാറ്റിനിർത്തൽ തുടങ്ങിയവ കുറ്റകൃത്യങ്ങളായി കണ്ട് തടവും പിഴയും തുടങ്ങിയവ ഉൾപ്പെടുത്തിയ കരട് നിയമത്തിൽ മതപരമായ ആചാരങ്ങളെ കൃത്യമായി വേർതിരിച്ച് ഒഴിവാക്കിയിരുന്നു. 2022ൽ നടന്ന ഇലന്തൂർ നരബലി നിയമനിർമാണത്തിനുള്ള ആവശ്യകത ശക്തമാക്കി. അന്ന് നിയമം വേഗത്തിലാക്കുമെന്ന് ആണയിട്ട ഭരണകൂടം താമസിയാതെ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോവുകയായിരുന്നു.

പുരോഗമനം കൈവരിച്ച പരിഷ്കൃതസമൂഹം എന്ന് വലിയതോതിൽ മേനി നടിക്കുന്നുണ്ടെങ്കിലും സകലവിധ അനാചാരങ്ങൾക്കും ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിലാണ് ശരാശരി മലയാളിയുടെ ജീവിതം. ആൾദൈവങ്ങളുടെ ദിവ്യശക്തി വിളംബരം ചെയ്ത് റോഡിനിരുവശവും ഉയർന്നുകാണുന്ന ഫ്ലക്സുകൾ, പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഴുനീള പരസ്യങ്ങൾ, അത്ഭുതസിദ്ധിയുടെ വ്യാജവാർത്തകൾ, ഉറുക്കും തകിടും ധനാകർഷണ യന്ത്രങ്ങളും, സമാധിയിരുത്തൽ എന്നിവയെല്ലാം പുരോഗമന മലയാളിയുടെ ജീവിത ഭാഗമാണ്. അത്ഭുത സിദ്ധി അവകാശവാദങ്ങൾ കൊട്ടിഘോഷിക്കുന്ന സമൂഹമാധ്യമ വിഡിയോകളാണ് ഈ രംഗത്തെ മറ്റൊരു വിപണി തന്ത്രം.

യൂട്യൂബ് തുറന്നാൽ വിമാനം പിടിച്ചുനിർത്തിയ സിദ്ധനെക്കുറിച്ച് മുതൽ രോഗം മാറ്റുന്ന പത്രത്തെക്കുറിച്ച് വരെ അബദ്ധ വർത്തമാനങ്ങൾ കേൾക്കാനാവും. ഇവയെല്ലാം വിശ്വസിക്കാനും ആ മാർഗത്തിൽ പണം ചെലവിടാനും ശരാശരി മലയാളി തയാറുമാണ്. ചെറിയ മുടക്കുമുതലിൽ വലിയ ലാഭം എന്നതും അധികാര കേന്ദ്രങ്ങൾ വരെ പഞ്ചപുച്ഛമടക്കി നിൽക്കുന്നതുമെല്ലാം ഈ രംഗത്തെ തട്ടിപ്പുകാരെ തടിച്ചു കൊഴുപ്പിക്കുന്നുണ്ട്. പുതിയതായി സൃഷ്ടിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും കുഴിതോണ്ടിയെടുക്കുന്ന ആചാരാനുഷ്ഠാനങ്ങളും വിവാഹ വേദികളെ വരെ കീഴ്പ്പെടുത്തുന്ന സാഹചര്യമാണ് നിലവിൽ. പുരോഹിത വർഗത്തിന് ഇവയെല്ലാം കൂടുതൽ കൂടുതൽ ധനാകർഷണ മാതൃകകളായതിനാൽ അവർ അത് പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അനാചാരങ്ങളിലും അത്ഭുത സിദ്ധികളിലും അഭിരമിക്കുന്നവർക്ക് പുരോഗമന സർക്കാറിലുള്ള സ്വാധീനമാണ് നിയമം വൈകാൻ കാരണമെന്ന് വിമർശിച്ചാൽ പൂർണമായും തള്ളാനാവില്ല. വലിയ പുരോഗമനമൊന്നും അവകാശപ്പെടാനില്ലെങ്കിലും മഹാരാഷ്ട്രയും കർണാടകയും സമാനനിയമങ്ങളുമായി മുമ്പേ സഞ്ചരിച്ചവരാണ്. ഈ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങൾക്കും ആഭിചാര അനുഷ്ഠാനങ്ങൾക്കും എതിരെയായിരുന്നു നിയമം. അതിശക്തമായ അന്ധവിശ്വാസ-ചൂഷണ നിരോധനനിയമം നിർബന്ധമായും പ്രാബല്യത്തിൽ വരുത്തുകയും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാത്ത പക്ഷം വളർന്നതിനേക്കാൾ വേഗത്തിൽ പിന്നോട്ടുപോകുന്ന കേരളമാവും രൂപം കൊള്ളുക. അതിനെ നമുക്ക് നവകേരളമെന്ന് അക്ഷരം തെറ്റാതെ വിളിക്കാനാവില്ല.

Show Full Article
TAGS:anti superstition act superstition 
News Summary - Anti-Superstition Law
Next Story