Begin typing your search above and press return to search.
exit_to_app
exit_to_app
‘ഇസ്രോ’ എന്ന മുറ്റത്തെ മുല്ല
cancel

ഏതൊരു ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകനൽകുന്നൊരു വാർത്തയാണ് കഴിഞ്ഞദിവസം, യു.എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പുറത്തുവിട്ടത്. ചന്ദ്രനിൽ മനുഷ്യർക്ക് ദീർഘകാലം താമസിക്കാനും ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടുള്ള ‘മൂൺ ബേസ്’ പദ്ധതിയിൽ പങ്കാളിയാകാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയെ ക്ഷണിച്ചിരിക്കുകയാണ് നാസ. അഞ്ച് പതിറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭൂമിയുടെ ഉപഗ്രഹത്തിൽ ഒരു സ്ഥിരം നിലയം സ്ഥാപിക്കുക എന്നതാണ്. ഭാവിയിൽ ചൊവ്വയിലേക്കടക്കമുള്ള മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണത്തിൽ അതിനിർണായകമായ ഈ ദൗത്യത്തെ ശാസ്ത്രലോകം ആകാംക്ഷയോടെ നോക്കിക്കാണുമ്പോഴാണ് പ്രസ്തുത പദ്ധതിയിൽ പങ്കാളികളാകാൻ അമേരിക്ക ഐ.എസ്.ആർ.ഒയെ ക്ഷണിച്ചിരിക്കുന്നത്. മറ്റധികം രാജ്യങ്ങൾക്കൊന്നും കൈവന്നിട്ടില്ലാത്ത ഈ സൗഭാഗ്യം, ഐ.എസ്.ആർ.ഒയുടെ ഇതഃപര്യന്തമുള്ള പ്രവർത്തന മികവിന്റെ കൂടി നിദർശകമാണെന്നതിൽ സംശയമില്ല. ചന്ദ്രനിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിന്റെ വിശാലതയിലേക്കുമുള്ള മനുഷ്യന്റെ പുതിയ യാത്രയിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണ യത്നങ്ങളെ കൂടുതൽ വേഗത്തിലാക്കും.

1972നുശേഷം, മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല. നീൽ ആംസ്ട്രോങ് മുതൽ യുജിൻ കെർമാൻ വരെയുള്ള ഡസൻ ചാന്ദ്രയാത്രികരുടേതും ഹ്രസ്വസന്ദർശനമായിരുന്നു. എന്നാൽ, പുതിയ യാത്രകൾ ലക്ഷ്യംവെക്കുന്നത് അങ്ങനെയല്ല. ഭൂമിയുടെ ഒരേയൊരു ഉപ​ഗ്രഹത്തിൽ ദീർഘകാല മനുഷ്യസാന്നിധ്യത്തിന് അടിത്തറയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങൾ ചന്ദ്രനിലേക്ക് യാത്രതിരിക്കുകയാണ്. അങ്ങനെയൊരു പുതിയ ‘ബഹിരാകാശയുദ്ധം’ തന്നെ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. യു.എസും റഷ്യയും ചൈനയും ജപ്പാനുമെല്ലാം ആ മത്സരത്തിന്റെ മുൻനിരയിലുണ്ട്. മത്സരത്തിൽ ഒരുപടി മുന്നിലുള്ളത് അമേരിക്കയാണ്; നാസയുടെ ആർട്ടിമിസ് ദൗത്യം വലിയ പ്രതീക്ഷകളോടെ മുന്നേറുകയാണ്. 2022ൽ ആർട്ടിമിസ്-1 എന്ന ആളില്ലാ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ചന്ദ്രോപരിതലത്തിന്റെ ഒമ്പതിനായിരം കിലോമീറ്റർ വരെ അരികെ വലംവെക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ കുതിച്ച ആർട്ടിമിസ്-2 ദൗത്യത്തിൽ നാല് യാത്രികരുമുണ്ടായിരുന്നു. ചന്ദ്രനിലിറങ്ങിയില്ലെങ്കിലും അവരും ഉപഗ്രഹത്തിന്റെ അരികെയെത്തി സുരക്ഷിതമായി ഭൂമിയിലിറങ്ങി. അടുത്ത വർഷം സമാന സ്വഭാവത്തിൽ ആർട്ടിമിസ് -3 കുതിച്ചുയരും; അതുകഴിഞ്ഞാൽ ആർട്ടിമിസ് -4 മനുഷ്യരെയും വഹിച്ച് ചന്ദ്രനിലിറങ്ങും. നാസയുടെ സാ​ങ്കേതികത്തികവ് വെച്ചുനോക്കുമ്പോൾ 2029ന് മുമ്പുതന്നെ ഇതെല്ലാം യാഥാർഥ്യമാകാനാണ് സാധ്യത. അതിന്റെ തുടർച്ചയിലാണ് മൂൺ ബേസ് സ്ഥാപിക്കുക. ഇതിനകംതന്നെ, നാസയുടെ ആർട്ടിമിസ് അക്കോഡിൽ ഇന്ത്യയും അംഗമാണ്. ആ നിലയിൽ ഈ ദൗ​ത്യത്തിൽ ​ഇന്ത്യൻ ഗവേഷകരും പങ്കാളികളാണ്. അതിനുമപ്പുറം ഐ.എസ്.ആർ.ഒയുടെ ചില സാ​ങ്കേതിക സഹായങ്ങളും ആർട്ടിമിസ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോൾ, ആർട്ടിമിസ് ദൗത്യം അതിന്റെ ആത്യന്തിക ലക്ഷ്യമായ മൂൺ ബേസ് നിർമാണത്തിലേക്ക് പ്രവേശിക്കാനിരിക്കെ, ഐ.എസ്.ആർ.ഒയുടെ സഹായം തേടുമ്പോൾ ആ ക്ഷണത്തിന് മാനങ്ങളേറെയാണ്. ഒന്നാമതായി, നടപ്പുശതകത്തിൽ ഐ.എസ്.ആർ.ഒയുടെ മിക്ക ദൗത്യങ്ങളും വിജയിച്ചിട്ടുണ്ടെന്നത് ഏതൊരു രാജ്യത്തെയും അസൂയപ്പെടുത്തുന്ന നേട്ടമാണ്. ചാന്ദ്രയാൻ, മംഗൾയാൻ, അസ്ട്രോസാറ്റ്, ആദിത്യ തുടങ്ങിയ ദൗത്യങ്ങ​ളെല്ലാം വിജയമായിരുന്നു. ഗഗൻയാനും അതേ പാതയിലാണ്. രണ്ടുവർഷത്തിനുള്ളിൽ മനുഷ്യന്റെ ശൂന്യാകാശ യാത്ര യാഥാർഥ്യമാക്കാനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ 2040ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ മേഖലയിൽ ഇന്ത്യ കൈവരിച്ചിട്ടുള്ള സാ​ങ്കേതിക ജ്ഞാനങ്ങൾ നാസക്ക് ആവശ്യമുണ്ട്. ‘മൂൺ ബേസ്’ ഗവേഷണ പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുക വഴി അതുറപ്പാക്കുക എന്നതാണ് നാസയും അമേരിക്കയും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മറുവശത്ത്, വർത്തമാനകാലത്തെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണങ്ങളിലൊന്നിന്റെ ഭാഗമാകാൻ ഇന്ത്യക്കും അവസരം വരുന്നു. ബ​ഹി​രാ​കാ​ശ​ യാ​ത്രി​ക​ർ​ക്ക് ഒ​ന്നോ ര​ണ്ടോ മാ​സ​ത്തോ​ളം ച​ന്ദ്ര​നി​ൽ ത​ങ്ങി ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നുള്ള നിലയമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ​മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​ണ് ഈ ​ബേ​സ് ക്യാ​മ്പി​ന് ഉ​ണ്ടാ​വു​ക. ബ​ഹി​രാ​കാശ​ യാ​ത്രി​ക​ർ​ക്ക് താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നു​മു​ള്ള ഫൗ​ണ്ടേ​ഷ​ൻ സ​ർ​ഫേ​സ് ഹാ​ബി​റ്റാ​റ്റ്, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലൂ​ടെ യാ​ത്രി​ക​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള ലൂ​ണാ​ർ ടെ​റൈ​ൻ വെ​ഹി​ക്കിൾ, കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഹാ​ബി​റ്റ​ബിൾ മൊ​ബി​ലി​റ്റി പ്ലാ​റ്റ്‌​ഫോം എ​ന്നി​വ​യാ​ണ് അ​വ. മറ്റൊരർഥത്തിൽ, മനുഷ്യൻ ചന്ദ്രനിൽ സ്ഥാപിക്കുന്ന ആദ്യ കോളനിയാകും ഈ മൂൺ ബേസ്. ആ നിലയിൽ രാഷ്ട്രീയ മാനങ്ങൾ കൂടിയുള്ളൊരു ദൗത്യത്തിന്റെ ഭാഗമാകാനാണ് ഐ.എസ്.ആർ.ഒക്ക് അവസരം കൈവന്നിരിക്കുന്നത്.

ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ ഇത്തരത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോഴും നമ്മുടെ അധികാരികൾ ഈ ഗവേഷണ സ്ഥാപനത്തെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടു​ണ്ടോ എന്ന് സംശയമാണ്. സമീപകാലത്തായി അവിടെനിന്ന് കേട്ടുകൊണ്ടിരിക്കുന്നത് കൊഴിഞ്ഞുപോക്കിന്റെ കെട്ട കഥകളാണ്. ഏതാനും മാസങ്ങൾക്കിടെ, നൂറിലധികം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് അവിടെനിന്ന് ജോലി ഉപേക്ഷിച്ചുപോയത്. ഇതുമൂലം, പല പദ്ധതികളും അനിശ്ചിതാവസ്ഥയിലായി. ഭരണകൂടത്തിന്റെ വികലമായ ശാസ്ത്ര നയത്തിന്റെ പരിണതിയാണിത്. ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ശാസ്ത്ര സ്ഥാപനങ്ങൾക്കുള്ള വാർഷിക സാമ്പത്തിക വിഹിതം വെട്ടിക്കുറക്കുകയും മറുവശത്ത് തന്ത്രപ്രധാനമായ ഈ ഗവേഷണ മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനിയന്ത്രിതമായി അവസരം നൽകുകയും ചെയ്തത് ഫലത്തിൽ തിരിച്ചടിയായിരിക്കുകയാണ്. ഐ.എസ്.ആർ.ഒ തുടങ്ങിവെച്ച പല പദ്ധതികളുമിപ്പോൾ നിശ്ചലാവസ്ഥയിലാണ്. പല ദൗത്യങ്ങൾക്കും സർക്കാർ അനുമതിയുമില്ല. ഇതോടൊപ്പം, സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന് ഇത്തരം മൗലിക ശാസ്ത്ര ഗവേഷണങ്ങളേക്കാൾ പ്രിയം ‘ഭാരതീയ’വും ‘പൗരാണിക’വുമായ ശാസ്ത്രങ്ങളോടാണ്. ആ മേഖലയിലാണിപ്പോൾ കാര്യമായി ഫണ്ടൊഴുകുന്നതും. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ ശാ​സ്ത്രാ​വ​ബോ​ധ ചി​ന്ത​ക​ളും ത​ദ​നു​സൃ​ത​മാ​യ ഭ​ര​ണാ​സൂ​ത്ര​ണ​ങ്ങ​ളു​മെ​ല്ലാ​മാ​ണ് ഇ​ന്ത്യ​ക്ക് സ്വ​ന്ത​മാ​യൊ​രു ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ നി​ല​യം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. അ​തോ​ടൊ​പ്പം, ജീ​വി​തം രാ​ഷ്ട്ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ഒ​രു​കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​രു​ടെ​യും എ​ൻ​ജീ​നി​യ​ർ​മാ​രു​ടെ​യും പ​രി​ശ്ര​മം​കൂ​ടി​യാ​യ​പ്പോ​ൾ ന​മ്മു​ടെ രാ​ജ്യം പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അതിന്റെ ഖ്യാതി മോദി സർക്കാർ തുടർച്ചയായി വിസ്മരിക്കുമ്പോഴാണ് നാസയിൽനിന്നുള്ള പുതിയ വാർത്തകൾ.

Show Full Article
TAGS:cooperation isro nasa 
News Summary - As Artemis moves toward its ultimate goal of building a Moon base
Next Story