Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബുൾഡോസർ രാജിന്...

ബുൾഡോസർ രാജിന് തടയിടണമെങ്കിൽ

text_fields
bookmark_border
ബുൾഡോസർ രാജിന് തടയിടണമെങ്കിൽ
cancel
അയോധ്യ ക്ഷേത്രത്തെക്കുറിച്ച് നരേന്ദ്രമോദി-അമിത്ഷാ-ആദിത്യനാഥ് ബുൾഡോസർ ടീം എന്ത് അവകാശപ്പെട്ടാലും സത്യാവസ്ഥ അറിയുന്ന യഥാർഥ ശ്രീരാമഭക്തർക്ക് അമർഷവും വേദനയുമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ യു.പിയിൽ മാത്രം പരിമിതപ്പെടില്ല പ്രത്യാഘാതങ്ങൾ

അടുത്തവർഷം ഫെബ്രുവരി-മാർച്ച് കാലത്ത് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ ഭരണകക്ഷിയായ ബി.ജെ.പിയും മുഖ്യപ്രതിപക്ഷമായ ഇൻഡ്യ മുന്നണിയും മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒരുവശത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചക്ക് വേണ്ടി കാവിപ്പട സകലമാന തന്ത്രങ്ങളും ആവിഷ്‍കരിച്ചുകൊണ്ടിരിക്കെ മറുവശത്ത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്‍വാദി പാർട്ടിയും മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസും സീറ്റ് ധാരണക്കായി കഴിഞ്ഞദിവസം നടക്കാനിരുന്ന നേതൃതല ചർച്ചകൾ മാറ്റിവെച്ചതായുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 403 അംഗ നിയമസഭയിൽ 181 സീറ്റുകളെങ്കിലും വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കാലേക്കൂട്ടി പ്രഖ്യാപിക്കപ്പെട്ടിരിക്കെ അതുതന്നെയാവും പ്രാഥമികമായി പരിഹരിക്കപ്പെടേണ്ട പ്രശ്നം.

നിലവിലെ സഭയിൽ കേവലം രണ്ട് സീറ്റുകൾ മാത്രമുള്ള നാഷനൽ കോൺഗ്രസ് കൊക്കിലൊതുങ്ങാത്ത സംഖ്യക്കുവേണ്ടി വിലപേശലിനൊരുങ്ങിയാൽ ആ ചർച്ച മംഗളമായി സമാപിക്കാനുള്ള സാധ്യത വിരളമാണെന്ന് പറയേണ്ടതില്ല. 90 സീറ്റുവരെ വിട്ടുകൊടുക്കാൻ അഖിലേഷ് യാദവ് തയാറാണെന്നാണ് പുറത്തുവരുന്ന വാർത്ത. പരമാവധി 100 സീറ്റ് വരെ അദ്ദേഹം വഴങ്ങിയേക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്നണികളായി മത്സരിക്കുമ്പോൾ ഘടകകക്ഷികളോരോന്നും പരമാവധി സീറ്റുകൾക്കുവേണ്ടി വിലപേശുക പതിവുള്ളതാണ്. എന്നാൽ, വിജയസാധ്യത കണക്കിലെടുക്കാതെയുള്ള പിടിവാശി മുന്നണിയുടെ മൊത്തം പരാജയത്തിലാണ് കലാശിക്കുക എന്ന് മുൻ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാഘട്ബന്ധന്റെ ഭാഗമായി കോൺഗ്രസ് മത്സരിച്ചപ്പോൾ 61 സീറ്റുകളാണ് ആർ.ജെ.ഡിയുമായി വിലപേശി നേടിയെടുത്തത്. ഫലം പ്രഖ്യാപിച്ചപ്പോഴാകട്ടെ വെറും രണ്ട് സീറ്റിലൊതുങ്ങി പാർട്ടിയുടെ നേട്ടം! ബിഹാറിലെത്തന്നെ മുൻ അനുഭവങ്ങളിൽനിന്ന് പാർട്ടി പാഠം പഠിച്ചിരുന്നെങ്കിൽ ഇത്ര അപമാനകരമായ ഫലം പേറേണ്ടിയിരുന്നില്ല. യു.പിയിലും അതേ ചരിത്രം ആവർത്തിക്കാതിരിക്കണമെങ്കിൽ വിലപേശലിന് പാർട്ടി ചുമതലപ്പെടുത്തിയ കെ.സി. വേണുഗോപാലും പ്രിയങ്ക വാദ്രയും യാഥാർഥ്യബോധത്തോടെ പെരുമാറിയേ തീരൂ.

ഇൻഡ്യ മുന്നണിയിലെ ഏത് പാർട്ടിക്ക് എത്ര സീറ്റ് നേടിയെടുക്കാൻ കഴിയുമെന്നല്ല യു.പി തെരഞ്ഞെടുപ്പിലെ യഥാർഥ ചോദ്യം. രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് പടക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെപോയതും എൻ.ഡി.എക്ക് ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് എം.പിമാരുടെ പിന്തുണ നേടിയെടുക്കുക സാധിക്കാതിരിക്കുന്നതും യു.പിയിലെ സീറ്റ് നഷ്ടം മൂലമാണ്. ജെ.ഡി.യു, രാംവിലാസ് പാസ്വാന്റെ പാർട്ടി തുടങ്ങിയ എൻ.ഡി.എയുടെ ഘടകങ്ങളെ മാത്രമല്ല തെലുഗുദേശം പാർട്ടിയടക്കമുള്ളവരുടെ കൂടി പിന്തുണ കൊണ്ടാണിപ്പോൾ മോദി സർക്കാർ വീഴാതെ തുടരുന്നത്. ലോക്സഭാ ഇലക്ഷന്റെ അനുഭവം നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടി ആവർത്തിച്ചാൽ യോഗി ആദിത്യനാഥ് വനവാസത്തിന് പോവേണ്ടിവരും എന്ന് അമിത്ഷാ പ്രഭൃതികൾ ആശങ്കിക്കുന്നു.

ദലിത്-മതന്യൂനപക്ഷങ്ങളും യാദവരും കാവിപ്പടക്കെതിരെ നിലയുറപ്പിക്കുന്ന സാഹചര്യത്തിൽ ഈയാശങ്ക അസ്ഥാനത്തല്ല. ഏറ്റവും ഒടുവിലത്തെ അയോധ്യ രാമക്ഷേത്ര കുംഭകോണം സാമ്പ്രദായിക ഹിന്ദു വോട്ടുകളെക്കൂടി പ്രതികൂലമായി ബാധിച്ചതാണ് നിലനിൽക്കുന്ന സാഹചര്യം. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഭരണഘടനയെ വെല്ലുവിളിച്ചും അന്യായമായി കടന്നുകയറി ബാബരി മസ്ജിദ് തകർത്ത് ആ വഖഫ് ഭൂമിയിൽ 2000 കോടിയിലധികം ചെലവിട്ട് പണിതുയർത്തിയ രാമക്ഷേത്രം വാസ്തവത്തിൽ ഹൈന്ദവ സമൂഹത്തിന്റെ മതപരവും ആത്മീയവുമായ ആവശ്യത്തിന്റെ പൂർത്തീകരണത്തിനായിരുന്നില്ല, വിശ്വഹിന്ദു പരിഷത്തിന്റെയും അനുബന്ധ സംഘ്പരിവാർ കൂട്ടായ്മകളുടെയും മറവിൽ പകൽകൊള്ളക്ക് വഴിയൊരുക്കാനായിരുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ.

നരേന്ദ്രമോദി-അമിത്ഷാ-ആദിത്യനാഥ് ബുൾഡോസർ ടീം എന്ത് അവകാശപ്പെട്ടാലും സത്യാവസ്ഥ അറിയുന്ന യഥാർഥ ശ്രീരാമഭക്തർക്ക് അമർഷവും വേദനയുമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ യു.പിയിൽ മാത്രം പരിമിതപ്പെടില്ല പ്രത്യാഘാതങ്ങൾ; കേന്ദ്രസർക്കാർ തന്നെ പ്രതിസന്ധിയിലാവും. ഇതറിഞ്ഞുള്ള കളികളിലാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വം ഏർപ്പെട്ടിരിക്കുന്നത്. പുതുതായി ഒരു ട്രാക്ടർ നിർമാണ കമ്പനിക്ക് നിലമൊരുക്കൽ ചടങ്ങിൽ സംബന്ധിക്കെ, മേലിൽ യു.പി ബുൾഡോസർ ബ്രാൻഡ് സംസ്ഥാനമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചതിലടങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഭാവിസ്വപ്നം. മതന്യൂനപക്ഷങ്ങളെയും ദലിതുകളെയും മറ്റു അധ:സ്ഥിത വിഭാഗങ്ങളെയും നിലംപരിശാക്കി സവർണമേധാവിത്വം അക്ഷരാർഥത്തിൽ പുലരുന്ന ‘രാമരാജ്യം’ സ്ഥാപിക്കുകയാണ് ആർ.എസ്.എസിന്റെ അജണ്ടയെന്ന് പറയാതെ പറയുകയാണ് മോദിയുടെ പിൻഗാമിയായി പ്രവചിക്കപ്പെടുന്ന ആദിത്യനാഥ്.

ഇതിലടങ്ങിയ ഭീഷണി വേണ്ടവിധം ഉൾക്കൊണ്ട് പരമാവധി വിട്ടുവീഴ്ചകളോടെ മുന്നണിയെ കെട്ടുറപ്പോടെ രംഗത്തിറക്കാൻ ഇൻഡ്യ മുന്നണിക്ക്, വിശിഷ്യാ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കേണ്ടിയിരിക്കുന്നു. അതിനിടെ മജ്‍ലിസ് സുപ്രീമോ അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ്‍ പാർട്ടി സ്ഥാപകൻ ചന്ദ്രശേഖർ ആസാദും ചേർന്ന് രൂപംനൽകിയ സാമാജിക് പരിവർത്തൻ മോർച്ച കേവലം 2-3 ശതമാനം വോട്ടുകളേ നേടുകയുള്ളൂവെന്നതിനാൽ ഇൻഡ്യ മുന്നണിക്കത് ഭീഷണിയല്ല എന്ന് കോൺഗ്രസ് നാഷനൽ സെക്രട്ടറി ശഹ്നവാസ് ആലം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷ വോട്ട് ഭിന്നിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ അതൊഴിവാക്കാൻ പരോക്ഷ ധാരണയെങ്കിലും രൂപപ്പെടുത്തുന്നതാണ് സുരക്ഷിതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:uttar pradesh elections Bulldozer Raj INDIA Bloc Yogi Adityanath 
News Summary - Uttar Pradesh Assembly Elections 2027: BJP and INDIA Bloc Prepare for High-Stakes Battle
Next Story