Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതൂത്താലും പോകാത്ത...

തൂത്താലും പോകാത്ത ജാതിവെറി

text_fields
bookmark_border
തൂത്താലും പോകാത്ത ജാതിവെറി
cancel
പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി തിരുവനന്തപുരം ചാലക്കാട് സ്വദേശി ആർ.എൽ. നിതിൻ രാജിന്റെ അസ്വാഭാവിക മരണം കേരളത്തിന്റെ കപടനാട്യങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്. നീറ്റ് പരീക്ഷക്കുവേണ്ടി തയാറെടുപ്പുകൾ നടത്തിവരുകയും കരിയറിനെക്കുറിച്ച വലിയ പ്രതീക്ഷകൾ പുലർത്തുകയും ചെയ്തിരുന്ന നിതിൻ ആത്മഹത്യ ചെയ്യാനിടയില്ലെന്നും സ്വന്തം കോളജിൽ നിന്നുമാറി മറ്റൊരു പരിസരത്ത് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും അച്ഛനും ബന്ധുക്കളും പറയുന്നു. കോളജിൽ പ്രവേശനം നേടിയതു മുതൽ അധ്യാപകരുടെയും സീനിയർ വിദ്യാർഥികളുടെയും വർണ, വംശ, ജാതിവിവേചനത്തിനും വിദ്വേഷത്തിനും നിതിൻ ഇരയായിക്കൊണ്ടിരുന്നതായി ഇപ്പോൾ പുറത്തുവന്ന നിതിന്റെ ശബ്ദ സന്ദേശങ്ങളിൽനിന്നും സഹപാഠികളുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നു. വകുപ്പുതലവനും മറ്റു അധ്യാപകരും പൈശാചികവും ഹീനവുമായ ജാതി,വർണ വൈരത്തോടെ ഭാവിയുടെ പ്രതീക്ഷയായിരുന്ന ആ ഡെന്റൽ വിദ്യാർഥിയെ കുരുന്നിലേ നുള്ളിക്കളയാൻ നടത്തിയ നീക്കം മനുഷ്യത്വമുള്ളവരെ ഞെട്ടിക്കുന്നതാണ്. ജാതി ചോദിക്കരുത്, മതം പറയരുത് എന്നൊക്കെ പുരോഗമന നാട്യക്കാർ തീട്ടൂരമിറക്കുന്ന നാട്ടിലാണ്, വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും തുടങ്ങി എവിടെയും ജാതിയും മതവും പ്രശ്നമായി അനുഭവിക്കേണ്ടിവരുന്നവർ അക്കാര്യം ഉന്നയിച്ചാൽ അവരെ കൊടുംപാപികളായി ചാപ്പയടിക്കുന്നിടത്താണ് നിറംകെട്ടവനെന്നും പുഴുത്ത പട്ടിയെന്നും വിളിച്ച് ഒരു ഡെന്റൽ വിദ്യാർഥിയെ ഒന്നാം വർഷം തന്നെ കൊലക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നത്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധനവകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. എ.സി.പിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ പൊലീസ് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ആരോഗ്യശാസ്ത്ര സർവകലാശാലയും അന്വേഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിതിൻ രാജിന്റേത് ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം. അതേസമയം, കാമ്പസ് കെട്ടിടത്തിൽനിന്നുവീണു/ചാടി മരിച്ച നിലയിലല്ല നിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഡെന്റൽ കോളജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന് സമീപമാണ് വീണുകിടന്നത്. മൃതദേഹം കിട്ടി മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പൊലീസിനെ അറിയിച്ചതെന്ന് ആക്ഷേപമുണ്ട്. മൃതദേഹത്തിൽ വലിയ മുറിപ്പാടുകളില്ലാതിരുന്നത് സംശയാസ്പദമാണെന്ന് പിതാവും പറയുന്നു. നിതിനെ ജാതി അധിക്ഷേപത്തിനും മാനസികപീഡനത്തിനുമിരയാക്കിയിരുന്ന അധ്യാപകൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യങ്ങൾ വെച്ചാവാം കുടുംബം കൊലപാതകമാണ് നടന്നത് എന്നു പറയുന്നത്. ഈ അവ്യക്തതകളെല്ലാം നീക്കേണ്ടത് കണിശമായ അന്വേഷണമാണ്. അതിന് സംസ്ഥാന സർക്കാർ സത്വര ശ്രദ്ധ പുലർത്തുകയും കർശന ശിക്ഷ അപരാധികൾക്ക് വാങ്ങിക്കൊടുക്കുകയും വേണം.

ആത്മഹത്യയോ കൊലപാതകമോ എന്തായാലും ഈ ചെറുപ്രായക്കാരന്റെ മരണത്തിലേക്കു നയിച്ചത് കടുത്ത ജാതിക്കലിയാണെന്നതിൽ സംശയമില്ല. പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെയും പ്രബുദ്ധതയുടെയും നിക്ഷേപമായി കരുതിപ്പോരുന്ന സമൂഹമനസ്സിനു നേർക്കാണ് തെറിയഭിഷേകങ്ങളിലൂടെ, ബ്ലാക്ക്മെയിലിങ്ങിലൂടെ കണ്ണൂർ ഡെന്റൽ കോളജിലെ അധ്യാപകവേഷങ്ങൾ കൊഞ്ഞനം കുത്തുന്നത്. ജാതിയിലും തൊലിനിറത്തിലും കുറഞ്ഞവൻ പഠിച്ചു മിടുക്കനാവുന്നതെങ്ങനെ എന്ന തൂത്താൽ പോകാത്ത ജാതിബോധം പേറുന്ന മനുഷ്യത്വമില്ലാത്ത അധ്യാപകരുടെ രക്തദാഹത്തിന് ഇരയാവുകയായിരുന്നു നിതിൻ. സ്ഥാപനത്തിൽ തെറിപ്പൂരവുമായി നടക്കുന്ന അധ്യാപകനോട് ഇനിയും കേട്ടുപൊറുക്കാൻ മനസ്സില്ലെന്നു മുഖത്തടിച്ചു പറഞ്ഞതാണ് നിതിന്റെ തെറ്റ്. ഉന്നതവിദ്യാഭ്യാസമുള്ളവരായിട്ടെന്ത്, ജാതിബോധത്തിൽ നിന്നും വർണവിവേചനത്തിൽനിന്നും മനസ്സുമാറാതെ മനുഷ്യത്വം പ്രാപിക്കാനാവില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. മുമ്പ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥി രോഹിത് വെമുലയും മുംബൈയിലെ ഉന്നത വൈദ്യ ബിരുദ വിദ്യാർഥിനി പായൽ തഡ്‍വിയും, ഉന്നതവിദ്യാഭ്യാസരംഗത്ത് മുടിയഴിച്ചാടുന്ന ജാതിക്കോമരങ്ങൾക്കുവേണ്ടി ബലിയാടുകളായതാണ്. വിദ്യാഭ്യാസരംഗത്തെ ഈ ജാതി അത്യാചാരങ്ങൾക്കെതിരെ രൂപംകൊണ്ട രോഹിത് വെമുല ആക്ട് ഇനിയും കേരളത്തിൽ നടപ്പാക്കിയിട്ടില്ല എന്നതും ഇതോടു ചേർത്തുവായിക്കണം. ജാതിയും മതവും പ്രശ്നമല്ലെന്ന് സോ കോൾഡ് ഇടതുപക്ഷം കൊട്ടിപ്പാടുമ്പോഴും അവർ കിളച്ചുമറിച്ച മണ്ണിലാണ് ഒരു വിദ്യാഭ്യാസസ്ഥാപനം ജാതിവെറിയന്മാരുടെ വർണവിവേചന പരീക്ഷണങ്ങളുടെ സിക്ക് റൂമുകൾ കെട്ടിപ്പൊക്കുന്നതും നോമ്പെടുക്കുന്നവരെ വെള്ളം കുടിപ്പിക്കുന്നതും എന്നത് എത്ര അപഹാസ്യമാണ്! ഇടതു മന്ത്രിസഭാംഗമായിരുന്ന കെ. രാധാകൃഷ്ണന് അയിത്തം വിധിച്ചതും കണ്ണൂരിലെ ക്ഷേത്രത്തിലായിരുന്നു എന്നും സാന്ദർഭികമായി ഓർക്കുക.

നിഷേധിച്ചുകൊണ്ട് തൂത്തുകളയാവുന്നതോ വ്യാജപ്രതീതി സൃഷ്ടിച്ച് മറികടക്കാവുന്നതോ അല്ല ജാതിവെറിയും മതവിദ്വേഷവും. നിയമം മൂലം ശക്തമായി തടയുകയും അതൊരു കാലവും അനുവദിക്കില്ലെന്ന് അധികാര പ്രയോഗത്താൽ ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇത്തരം അത്യാചാരങ്ങളെ ചെറുക്കാനാവൂ. വോട്ടുരാഷ്ട്രീയത്തിൽ ഈ അധമചിന്തകൾക്ക് സാധൂകരണം നൽകുന്ന നിലപാടുകളിൽനിന്ന് എല്ലാ രാഷ്ട്രീയകക്ഷികളും വിട്ടുനിൽക്കുകയും വേണം. അതിനു മിനക്കെടാതെ, ഓരോ ജീവനൊടുങ്ങുമ്പോഴും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പൊന്തക്കാടിളക്കിയതുകൊണ്ടായില്ല

Show Full Article
TAGS:caste discrimination Kannur Dental College Student Death editorial Student Death Latest News 
News Summary - Caste discrimination that cannot be eradicated
Next Story