നീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം?
text_fieldsപൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്നാലെ, 2020 ഫെബ്രുവരി 23ന് വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ വംശീയാക്രമണത്തെ മാധ്യമങ്ങളിലും നിയമവ്യവഹാരങ്ങളിലുമെല്ലാം വിശേഷിപ്പിക്കാറുള്ളത് ‘ഡൽഹി കലാപം’ എന്നാണ്.
രാജ്യത്ത് പൗരത്വ സമരം അതിന്റെ മൂർധന്യതയിൽ എത്തിനിൽക്കുകയും ജനാധിപത്യ സമൂഹം മുഴുവൻ അതിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോഴാണ് ‘ഗോലി മാരോ സാലോം കോ ’ എന്ന ആക്രോശാഹ്വാനത്തോടെ സംഘ്പരിവാരം വംശീയാക്രമണത്തിന് കോപ്പുകൂട്ടിയത്. ഭരണവർഗത്തിന്റെ പരോക്ഷ പിന്തുണയിൽ നടന്ന ആ ആസൂത്രിത നീക്കം വിജയം കണ്ടു; കോവിഡ് ലോക്ഡൗണിന്റെ കൂടി മറവിൽ പൗരത്വ സമരത്തെ അടിച്ചമർത്താൻ അതിലൂടെ സാധിച്ചു. ഏകപക്ഷീയമായൊരു വംശീയാക്രമണമായിരുന്നു അതെന്ന് അന്നേ വ്യക്തമായതാണ്. പക്ഷേ, കലാപാനന്തരം പിടികൂടപ്പെട്ടവരും പ്രതിചേർക്കപ്പെട്ടവരുമെല്ലാം ഇരകൾക്കൊപ്പം നിലയുറപ്പിച്ചവരും പൗരത്വ സമരത്തിന്റെ മുൻനിരയിലുള്ളവരുമൊക്കെയായിരുന്നു. അന്ന് തടവിലാക്കപ്പെട്ട പൗരത്വ സമര നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഇപ്പോഴും അഴിക്കുള്ളിൽതന്നെയാണ്; നിയമത്തിന്റെ സങ്കീർണതകളെ ഭരണകൂടം ബോധപൂർവം ഉപയോഗപ്പെടുത്തിയപ്പോൾ ആ സാമൂഹിക പ്രവർത്തകർക്ക് നഷ്ടമായത് വിലപ്പെട്ട അഞ്ച് വർഷമാണ്. ജാമ്യത്തിനായി അവരിപ്പോൾ പരമോന്നത നീതി പീഠത്തിന്റെ മുന്നിലെത്തിയിട്ട് ആഴ്ചകളായി. അവിടെയും കാത്തുകെട്ടി കിടക്കാനാണ് അവർക്ക് വിധിയെന്നാണ് കഴിഞ്ഞദിവസത്തേതടക്കമുള്ള കോടതി നടപടികൾ വ്യക്തമാക്കുന്നത്.
അഞ്ച് വർഷത്തിലധികമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയായിരുന്ന ശർജീൽ ഇമാം, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, അതർ ഖാൻ, മുഹമ്മദ് സലീം ഖാൻ, ശിഫാഉറഹ്മാൻ, മീരാൻ ഹൈദർ, അബ്ദുൽ ഖാലിദ്, ശദാബ് അഹ്മദ്, തസ്ലിം അഹ്മദ് എന്നിവർക്ക് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈകോടതി വിധി പുറപ്പെടുവിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു. ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2022 ഏപ്രിൽ 22ന് ഹൈകോടതിയിലെത്തിയ കേസാണിതെന്നോർക്കണം. സത്യവാങ് മൂലം സമർപ്പിക്കുന്നത് ഡൽഹി പൊലീസ് മനഃപൂർവം വൈകിപ്പിച്ചും ജഡ്ജിമാർ പലകുറി കേസിൽനിന്ന് പിൻവാങ്ങിയുമെല്ലാമാണ് കേവലമായൊരു ജാമ്യഹരജി മൂന്നര വർഷം നീണ്ടുപോയത്. ഒടുവിൽ, ജാമ്യം നിഷേധിച്ച് വിധിപുറപ്പെടുവിച്ചപ്പോൾ കോടതി അതിന്റെ ന്യായവും വ്യക്തമാക്കി. ദീർഘകാല തടവിന്റെയും വിചാരണയിലെ കാലതാമസത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നൽകുന്നത് എല്ലാ കേസുകളിലും സാർവത്രികമായി ബാധകമായ നിയമമല്ലെന്നായിരുന്നു ആ ന്യായം. അഥവാ, കാലമെത്ര നീണ്ടുപോയാലും സാങ്കേതികമായ നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടുപോകൂ എന്ന്. ഇതിനിടയിൽ മനുഷ്യരുടെ നീതി എന്നത് കോടതിക്ക് വിഷയമായില്ല. ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഈ ചെറുപ്പക്കാർ സുപ്രീംകോടതിയെ സമീപിച്ചതാണ്. സെപ്റ്റംബർ 12ന് ഹരജി ഫയലിൽ സ്വീകരിച്ച് നടപടികൾ ഒരാഴ്ചത്തേക്ക് നീട്ടി. തുടർന്ന് കേസ് പരിഗണിച്ചതും നീട്ടാൻവേണ്ടി മാത്രമായിരുന്നു. സെപ്റ്റംബർ 22ന് കേസ് വീണ്ടും പരിഗണനയിൽ വന്നപ്പോൾ ഡൽഹി പൊലീസിന് കോടതി നോട്ടീസയച്ചു. ഹൈകോടതിയിലെ അതേ സത്യവാങ്മൂലവുമായി എത്തിയ പൊലീസിനെ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അൻജാരിയയും നിർത്തിപ്പൊരിച്ചുവെങ്കിലും കേസ് പിന്നെയും നീളുകതന്നെയാണ്.
ഈ കേസിൽ ഏറ്റവും സങ്കടകരമായ കാര്യം, ഇപ്പോൾ ജാമ്യത്തിനായി കോടതി വരാന്തകളിൽ അലയുന്ന ഒരാൾക്കെതിരെപ്പോലും, ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട തെളിവുകളില്ല എന്നതാണ്. കലാപത്തിന് ആഹ്വാനം നൽകി എന്നാരോപിച്ച്‍ യു.എ.പി.എ ഉൾപ്പെടെ ചുമത്തിയിട്ടുള്ള ഇവർക്കെതിരെ തെളിവ് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സമാധാനപരമായി നടന്ന പ്രതിഷേധത്തെ ക്രിമിനൽ കുറ്റമായി പൊലീസ് ചിത്രീകരിക്കുകയായിരുന്നുവെന്ന് പറയാം. പൗരത്വ സമരവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പുകളാണ് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പൊലീസ് പ്രധാനമായും തെളിവായി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, വാട്സ്ആപ് ഗ്രൂപ്പുകളിലൊന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ സന്ദേശമയച്ചതായി പൊലീസിന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മറുവശത്താകട്ടെ, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കലാപത്തിന് സംഘ്പരിവാർ കേന്ദ്രങ്ങൾ ആഹ്വാനം ചെയ്തതിന്റെ തെളിവുകൾ എമ്പാടുമുണ്ടുതാനും. 2020 ജൂൺ 29ന് ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ, വംശീയാക്രമണത്തിൽ പങ്കെടുത്തവർ പരസ്പരം വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിച്ച ‘കട്ടർ ഹിന്ദുത് ഏക്ത’ എന്ന വാട്സ്ആപ് ഗ്രൂപ്പിനെക്കുറിച്ച് വിശദമായി ഉണ്ടായിരുന്നു. ആക്രമണം കൊടുമ്പിരിക്കൊണ്ട ഫെബ്രുവരി 26ന് രാത്രി 11ന് അതിൽ വന്നൊരു സന്ദേശം ഇപ്രകാരമായിരുന്നു: ‘‘രണ്ടു മണിക്കൂർ മുമ്പ് ഭഗീരഥി വിഹാറിൽ ഞങ്ങൾ രണ്ട് മുല്ലകളെ കൊലപ്പെടുത്തി’.’’ ഇങ്ങനെ ഒമ്പതുപേരെ കൊന്ന് അഴുക്കുചാലിൽ തള്ളിയതായും തുടർ സന്ദേശങ്ങളിൽ വ്യക്തമാകുന്നു. ആളുകളെ പിടികൂടി പേര്, വിലാസം എന്നിവ ചോദിച്ച് മതം കണ്ടെത്തിയശേഷം ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചവരെ മർദിച്ച് അവശരാക്കി അഴുക്കുചാലിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇത്തരം ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയവർ ഇന്ന് ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നുവെന്നറിയുമ്പോഴാണ് നമ്മുടെ പൗരാവകാശത്തിനുവേണ്ടി, നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ നേരിടുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴം വ്യക്തമാകുന്നത്. നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ അവരിനിയും എത്രനാൾ കാത്തിരിക്കേണ്ടിവരും?


