Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിയമംകാട്ടി

നിയമംകാട്ടി നീതിനിഷേധം

text_fields
bookmark_border
നിയമംകാട്ടി നീതിനിഷേധം
cancel
ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല

ആറു വർഷത്തോടടുക്കുമ്പോഴും വിചാരണത്തടവിൽ തുടരുന്ന വിദ്യാർഥി നേതാക്കൾക്ക് കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുന്നു. ഇനിയും ജാമ്യം നൽകാതിരിക്കുന്നത് നീതിയല്ലെന്ന് ബോധ്യമില്ലാത്തതുകൊണ്ടൊന്നുമല്ല ഡൽഹി കോടതി ‘ഡൽഹി കലാപ ഗൂഢാലോചന’ക്കേസിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചത്; മറിച്ച്, സുപ്രീംകോടതിയുടെ നേരത്തേയുള്ള ഒരു ഉത്തരവ് നിലനിൽക്കെ ജാമ്യം നൽകാനാകില്ല എന്നു പറഞ്ഞാണ്. ‘ജാമ്യമാണ് നിയമം, ജയിലല്ല’ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സുപ്രീംകോടതിയിലേതടക്കമുള്ള ജഡ്ജിമാർ; യു.എ.പി.എ പ്രകാരം പോലും അനിശ്ചിത തടങ്കൽ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത് സുപ്രീംകോടതിയിലെതന്നെ രണ്ടംഗ ബെഞ്ച്, അതിന്‍റെ ഗൗരവമുൾക്കൊണ്ട് റഫർ ചെയ്ത ജാമ്യവിഷയം പരിഗണിച്ച് തീർപ്പു നൽകേണ്ടത് ചീഫ് ജസ്റ്റിസ് അടങ്ങുന്ന വിശാല ബെഞ്ച്, വിചാരണ നീണ്ടു നീണ്ടുപോകേ ജാമ്യപ്രശ്നം എത്രയും വേഗം തീർപ്പാക്കേണ്ട സുപ്രീംകോടതി ഇന്നുവരെ അത് തീർപ്പാക്കിയിട്ടില്ല. അതിനിടക്ക്, കോടതിതന്നെ ജാമ്യത്തിന് പുതിയ ഉപാധികൾ വെച്ചതും നാം കണ്ടു. ജാമ്യാപേക്ഷ തള്ളപ്പെട്ട് ഒരു വർഷം പൂർത്തിയാവുകയോ സാക്ഷി വിസ്താരം കഴിയുകയോ ചെയ്യാതെ മറ്റൊരു ജാമ്യാപേക്ഷ പരിഗണിക്കില്ല എന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ പറഞ്ഞത്. ജാമ്യമാണ് നിയമം എന്ന് പറയുകയും അതിനു പുതിയ തടസ്സങ്ങൾ വെക്കുകയും ചെയ്യുന്നതിന്‍റെ യുക്തി മനസ്സിലാക്കാൻ പ്രയാസം. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് വ്യക്തിസ്വാതന്ത്ര്യത്തിനും നീതിപൂർവമായ വിചാരണക്കുമുള്ള അവകാശം ഇതുവഴി നിഷേധിക്കപ്പെടുകയാണ്. ‘കലാപ ഗൂഢാലോചനക്കേസി’ൽ വിചാരണയാകട്ടെ അനിശ്ചിതമായി നീളുന്നു. വിചാരണ കഴിഞ്ഞേ തടവിലുള്ളവർ ശിക്ഷാർഹരോ അല്ലേ എന്ന് തീരുമാനിക്കാനാകൂ. അപ്പോൾ, ജുഡീഷ്യൽ നടപടി ക്രമത്തിലെ കാലവിളംബത്തിന്‍റെ പേരിലാണ്, ഒരു വേള നിരപരാധികൾ എന്ന് തെളിഞ്ഞേക്കാവുന്ന രണ്ടു ചെറുപ്പക്കാരെ നീണ്ടകാലം തടവിലിടുന്നത്. ഇതു നിയമമായിരിക്കാം, പക്ഷേ നീതിയല്ല. നിയമം അധികാരത്തിൽ നിന്നുണ്ടാകുന്നതാണ്. അതു നീതിയുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് ജുഡീഷ്യറിയാണ്.

മോദി സർക്കാറിന്‍റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരാണ് വിദ്യാർഥി നേതാക്കൾ. ആ സമരത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതി​നെ തുടർന്ന് വടക്ക്-കിഴക്കൻ ഡൽഹിയിൽ കലാപമുണ്ടായി. അതോടെ ഡൽഹി പൊലീസ് യു.എ.പി.എ കേസെടുത്ത് സമരക്കാരെ ജയിലിലടച്ചു. ഉമർ ഖാലിദിനും മറ്റും ജാമ്യം നിഷേധിച്ചു വന്നിട്ടുള്ളത്, അവർ യു.എ.പി.എ കേസിലെ പ്രതികളായതിനാലാണ്. ഒരു ജനകീയ സമരത്തിനെതിരെ യു.എ.പി.എ ചുമത്തിയത് വിയോജിപ്പിനെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തീരുമാനമായിരുന്നു. അതേസമയം, ജാമ്യത്തിന്‍റെ കാര്യത്തിൽ കോടതികൾക്ക് യു.എ.പി.എ നിയമം അതിർവരമ്പുകൾ നിശ്ചയിക്കുന്നുണ്ട്. ഇതിനർഥം, രാഷ്ട്രീയനേതൃത്വത്തിന്‍റെയോ പോലീസിന്‍റെയോ പക്ഷപാതപരമായ തീരുമാനപ്രകാരമായാലും, യു.എ.പി.എ ചുമത്തുന്നതോടെ അനിശ്ചിതകാല തടവുശിക്ഷ തീർച്ചപ്പെടുന്നു എന്നാണ്. അതായത്, കുറ്റവാളികളെ തീരുമാനിക്കാനുള്ള വിചാരണ ജുഡീഷ്യറി ആരംഭിക്കുന്നതിന് മുമ്പേ എക്സിക്യുട്ടിവ് (യു.എ.പി.എ വകുപ്പ് ചുമത്തുക വഴി) വിയോജിക്കുന്നവരെ ശിക്ഷിച്ചു തുടങ്ങുന്നു. ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾ തന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല. പൊലീസിന്‍റെ തീരുമാനമനുസരിച്ച് ചുമത്തുന്ന യു.എ.പി.എ വകുപ്പിന്‍റെ “പ്രയോജനം” ഇതാണ്: അത് കുറ്റവാളികളെ തീരുമാനിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം ഫലത്തിൽ എക്സിക്യുട്ടിവിന് നൽകുന്നു.

നിയമവാഴ്ചയെയും നീതിന്യായ നിർവഹണത്തെയും ഇതു പരിഹാസ്യമാക്കുന്നുണ്ട്. വർഷങ്ങളോളം തടവിൽ കഴിയുന്നവർ നിരപരാധികളാണെന്ന് ഒടുവിൽ കണ്ടെത്തിയാൽ, ചെയ്തുപോയ തെറ്റ് തിരുത്താൻ ഭരണകൂടത്തിനോ ജുഡീഷ്യറിക്കോ ആകില്ല. യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് പതിറ്റാണ്ടിലധികം ജയിലിൽ കഴിഞ്ഞ ശേഷം കുറ്റമുക്തരാക്കപ്പെട്ടവരുണ്ട്. ഇങ്ങനെ പലതവണ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും നമുക്ക്, രാഷ്ട്രീയവത്കരിക്കപ്പെട്ട നിയമത്തെ നീതിക്കുമേലെ പ്രതിഷ്ഠിക്കാനാണ് താൽപര്യം. വിചാരണ വീണ്ടുപോകുന്നതിന് പ്രതികളെ കുറ്റപ്പെടുത്താനാകില്ല. ഭരണകൂടത്തിന് താൽപര്യം അധികാരത്തിലാണ്, നീതിയിലല്ല. നീതി നടപ്പാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കോടതികളാണ്. വിചാരണത്തടവുകാർക്ക് വർഷങ്ങളോളം ജാമ്യം നൽകാതിരിക്കുന്ന നീതികേട് പരിഹരിക്കാൻ കോടതികൾക്ക് തന്നെ നിയമ തടസ്സം തോന്നുന്നുവെങ്കിൽ അത് ഒരു ഏറ്റുപറച്ചിൽ കൂടിയാണ്. ഭരണകൂടത്തിന്‍റെ അമിതാധികാരത്തിന്‍റെയും ജുഡീഷ്യറിയുടെ മെല്ലെപ്പോക്കിന്‍റെയും ഇരയായിരിക്കാൻ വിധിക്കപ്പെട്ടവരാണ് സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ എന്ന ഏറ്റുപറച്ചിൽ.

Show Full Article
TAGS:Madhyamam Editorial delhi riots conspiracy case Modi Government Latest News 
News Summary - Denial of justice through law
Next Story