ആരെയാണ് കേരള പൊലീസ് മാതൃകയാക്കുന്നത്?
text_fieldsദൈവപ്രീതി മാത്രം കാംക്ഷിച്ച് മത-സാമൂഹിക-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായി സമർപ്പിക്കപ്പെട്ട രാജ്യമൊട്ടുക്കുമുള്ള വഖഫ് സ്വത്തുകൾക്കുമേൽ അധിനിവേശം നടത്തുക എന്ന ലക്ഷ്യത്തോടെ, സംഘ്പരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം പടച്ചുവിട്ട ഗൂഢനിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ജനാധിപത്യബോധമോ പ്രതിപക്ഷ മര്യാദയോ തൊട്ടുതീണ്ടാത്ത നടപടിക്രമങ്ങൾക്കൊടുവിൽ പാതിരാനേരത്ത് തല്ലിപ്പഴുപ്പിച്ച മട്ടിലാണ് പാർലമെന്റിന്റെ ഇരു സഭകളിലും ഭരണപക്ഷം ബിൽ പാസാക്കിയെടുത്തത്.
2024ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം കെട്ടഴിഞ്ഞുപോയ പ്രതിപക്ഷ ‘ഇൻഡ്യാ’ മുന്നണി, ബി.ജെ.പിയുടെ വർഗീയവത്കരണ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കുക എന്ന രൂപവത്കരണ ലക്ഷ്യം പാർലമെന്റിൽ ഐതിഹാസികമായി നിർവഹിക്കുന്നതിന് വഖഫ് ബിൽ ചർച്ചാവേള സാക്ഷ്യം വഹിച്ചു. വർഗീയത-വിദ്വേഷ പ്രചാരണത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടുകയും ഭരണത്തുടർച്ചയിൽ പൂർവാധികം രൂക്ഷമായി ജനവിരുദ്ധത നടപ്പിലാക്കുകയും ചെയ്യുന്ന മോദി സംഘത്തിനെതിരെ എല്ലാ അർഥത്തിലുമുള്ള പോരാളികളാവാനുള്ള കരുത്തുണ്ട് ഞങ്ങൾക്കെന്ന് മതനിരപേക്ഷതയിലും ജനാധിപത്യ ബോധത്തിലുമൂന്നി ഒന്നിനൊന്ന് മികവോടെയും കൃത്യതയോടെയും സംസാരിച്ച ഓരോ പ്രതിപക്ഷ പാർട്ടി പ്രതിനിധിയും തെളിയിക്കുകയും ചെയ്തു.
വഖഫ് സ്വത്ത് മുസ്‍ലിം സമുദായത്തിന്റേതാണെങ്കിലും അതിനുമേൽ കൈകടത്തുമ്പോൾ മുറിവേൽക്കുന്നത് ആ സമുദായത്തിന് മാത്രമല്ല, മുഴുരാജ്യത്തിനുമാണെന്ന കൃത്യമായ സന്ദേശമാണ് ജനപ്രതിനിധികൾ രാജ്യത്തിനു മുന്നിൽവെച്ചത്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന, അതുകൊണ്ടുതന്നെ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ നിയമത്തിനെതിരെ നീതിപീഠത്തിനു മുന്നിലും തെരുവിലും പോരാട്ടം തുടരുകയാണ് ഇനിയുള്ള വഴി. മുസ്‍ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കെ.എൻ.എം മർകസുദ്ദഅ്‍വയുമടക്കം വിവിധ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡും ജംഇയ്യത്തുൽ ഉലമായെ ഹിന്ദുമുൾപ്പെടെ മുസ്‍ലിം ബഹുജന പ്രസ്ഥാനങ്ങൾ ബോധവത്കരണ-പ്രതിഷേധ പരിപാടികളുടെ അടുത്തഘട്ടം തുടങ്ങാനിരിക്കുകയാണ്.
വർഗീയ ഫാഷിസ്റ്റ് പരിവാറിന്റെ കുതന്ത്രങ്ങളെ എന്നും ചെറുത്തിട്ടുള്ള കേരളത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിരോധങ്ങൾക്കും സവിശേഷ പ്രാധാന്യമുണ്ട്. വഖഫ് നിയമ ഭേദഗതിക്കെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയ നിയമസഭയാണ് നമ്മുടേത്. കേരളത്തിൽ നിന്നുള്ള ഐക്യ-ഇടതു ജനാധിപത്യ മുന്നണി എം.പിമാർ അതിശക്തമായാണ് വഖഫ് ചർച്ചയിൽ നിലപാട് പറഞ്ഞത്. പുതിയ ബില്ലിന്റെയും നിയമത്തിന്റെയും പശ്ചാത്തലത്തിൽ വഖഫ് ഭൂമി കൈയേറ്റങ്ങൾക്കെതിരെ കൂടുതൽ ജാഗ്രത കൈവന്ന മുസ്‍ലിം സമുദായവും സംഘടനകളും സമര പരിപാടികൾ ആവിഷ്കരിക്കുന്നതും സ്വാഭാവികമാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യപ്പെടേണ്ടതും ഇത്തരമൊരു സാഹചര്യത്തിലാണ്.
ഉപരോധ പരിപാടിക്ക് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് സംഘടനാ ഭാരവാഹികൾക്ക് മുന്നറിയിപ്പ് കത്തയക്കുകയായിരുന്നു പൊലീസ്. തൊട്ടുപിന്നാലെ പൊലീസ് നിലപാടിനെ ന്യായീകരിച്ചും ക്രമസമാധാന പ്രശ്ന സാധ്യതകൾ ചൂണ്ടിക്കാട്ടിയും ഇടതുപക്ഷ സൈബർ ഹാൻഡിലുകളും ചാടിയിറങ്ങി. ആശാ തൊഴിലാളികളുടെ സമരത്തെ നിരന്തരം അവഹേളിക്കുന്ന സമീപകാല ഉദാഹരണം മുന്നിലുള്ളതിനാൽ, ഭരണകാലങ്ങളിൽ സദ്യയുണ്ട് മയങ്ങുകയും പ്രതിപക്ഷത്താകുമ്പോൾ വഴിമുടക്കിയും ട്രെയിൻ തടഞ്ഞും സർക്കാർ ഓഫിസുകൾ ഉപരോധിച്ചും ജനങ്ങളെ കൈയേറ്റം ചെയ്തും സമരങ്ങൾ നടത്താറുള്ള ഈ ന്യായീകരണപടുക്കളെ തൽക്കാലം അവഗണിക്കാം. എന്നാൽ, വഖഫ് നിയമത്തിനെതിരായ പ്രതിഷേധ സമരങ്ങളെ പൊളിക്കുക എന്ന കേന്ദ്രസർക്കാർ താൽപര്യം നടപ്പാക്കാനുള്ള ഇത്തരം ഭീഷണികൾ കേരള പൊലീസ് അയക്കുന്നത് സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ അറിവോടെ തന്നെയോ എന്ന് വ്യക്തമാവേണ്ടതുണ്ട്.
കേന്ദ്രസർക്കാർ വിരുദ്ധ സമരങ്ങളോടും മുസ്‍ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പിണറായി വിജയൻ നിയന്ത്രിക്കുന്ന കേരള പൊലീസ് സ്വീകരിക്കുന്ന നയങ്ങൾ മുമ്പും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പൊലീസ് ഒപ്പമുണ്ട് എന്ന ധൈര്യത്തിൽ മുസ്‍ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗവും സമൂഹമാധ്യമ പ്രചാരണവും ഒരുഭാഗത്ത് നടക്കുന്നുമുണ്ട്. വഖഫ് നിയമത്തിനെതിരെ കൈക്കൊണ്ടതുപോലെ പൗരത്വ വിവേചന നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിട്ടുണ്ട് കേരള നിയമസഭ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സ്റ്റേജ് കെട്ടി പ്രസംഗിക്കുകയും പത്രപ്പരസ്യം നൽകി വോട്ടുവാങ്ങുകയും ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി നയിക്കുന്ന ഇടതുമുന്നണി. എന്നാൽ, ഇതേ നിയമത്തിനെതിരെ, മുദ്രാവാക്യം കൊണ്ടുപോലും ആരെയും ദ്രോഹിക്കാതെ സമാധാനപരമായി പ്രകടനം നടത്തിയ നൂറുകണക്കിനാളുകൾ ഇപ്പോഴും കേരള പൊലീസ് ചുമത്തിയ കേസുകളിൽ കുരുങ്ങിക്കിടപ്പാണ്. ‘ഡൗൺ ഡൗൺ ഹിന്ദുത്വ’ എന്ന മുദ്രാവാക്യത്തെ ‘ഹിന്ദുസ്താൻ’ എന്ന് ബോധപൂർവം തിരുത്തിയെഴുതി വിദ്യാർഥികൾക്കെതിരെ കേസെടുത്തതും ഇതേ പൊലീസാണ്.
പാർട്ടി കോൺഗ്രസിനിടെ കഫിയ ഷാൾ അണിഞ്ഞ് ഫലസ്തീനികൾക്കായി ഐക്യദാർഢ്യ മുദ്രാവാക്യം മുഴക്കുന്ന പിണറായി വിജയന്റെ ഭരണത്തിലെ പൊലീസുകാരാണ് ഐ.എസ്.എൽ ഫുട്ബാൾ നടക്കുന്ന ദിവസം കഫിയ ധരിച്ചതിന്റെ പേരിൽ യുവാക്കളെ സ്റ്റേഷനിൽ തടഞ്ഞുവെച്ചതും ഇസ്രായേലി ഉൽപന്ന ബഹിഷ്കരണ പോസ്റ്ററുകൾ പതിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തതും. വഖഫ് നിയമത്തിനെതിരെ സംസാരിച്ചതിനും പ്രതിഷേധ ബാഡ്ജ് ധരിച്ചതിനും പൊതുപ്രവർത്തകരോടും മതനേതാക്കളോടും ആൾജാമ്യവും ജാമ്യത്തുകയും ആവശ്യപ്പെടുന്ന യു.പി പൊലീസിനെയും ഭരണകൂടത്തെയുമാണ് ഈ വിഷയത്തിൽ കേരള പൊലീസും സർക്കാറും മാതൃകയാക്കുന്നതെങ്കിൽ അക്കാര്യം തുറന്നുപറയാൻ ഇടതുഭരണകൂടം തയാറാകണം.