Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപിനു മുന്നിൽ...

ട്രംപിനു മുന്നിൽ നിസ്സഹായരോ?

text_fields
bookmark_border
ട്രംപിനു മുന്നിൽ നിസ്സഹായരോ?
cancel

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുകുത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് കാരണമായി വിവിധ കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അവയിൽ ഒടുവിലത്തേതാണ് ഛാബഹാർ പദ്ധതിയുമായി ബന്ധപ്പെട്ട ഉപരോധം. ഇറാനിലെ പ്രധാന തുറമുഖമായ ഛാബഹാർ ആ രാജ്യവുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തിന്റെ കേന്ദ്രബിന്ദുവാണ്. ഇന്ത്യയുടെ വാണിജ്യ ആവശ്യങ്ങൾക്കും അഫ്ഗാനിസ്താനിലേക്കുള്ള ചരക്കുനീക്കത്തിനും സുപ്രധാന കവാടമാണിത്.

അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും പാകിസ്താനിലൂടെയല്ലാതെ തന്നെ എത്താൻ ഇതുവഴി സാധിക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ഛാബഹാർ തുറമുഖത്തിലെ ശാഹിദ്-ബെഹെസ്തി ടെർമിനലിന്റെ നിർമാണത്തിനും നടത്തിപ്പിനും ഇന്ത്യ താൽപര്യം പ്രകടിപ്പിക്കുകയും കൂടിയാലോചനകൾ നടത്തുകയും ചെയ്തിരുന്നു. 2016ൽ ഇതുസംബന്ധിച്ച ധാരണ നിലവിൽ വന്നു; 2018ൽ ഇന്ത്യ അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. 2024 മേയിൽ പത്തുവർഷ​ത്തേക്കുള്ള കരാർ ഒപ്പുവെക്കപ്പെട്ടു. മേഖലക്കാകെ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലക്ക് ഇത് ശ്ലാഘിക്കപ്പെട്ടു. അതിനിടക്കാണ് അമേരിക്കയുടെ വിദേശനയം മറ്റുരാജ്യങ്ങളുടെ തലവേദനയായി മാറുന്നത്. ഇറാനെതിരായ അമേരിക്കൻ ഉപരോധത്തിൽനിന്ന് ഛാബഹാറിനെ ആദ്യം ഒഴിവാക്കിയിരുന്ന ട്രംപ് സർക്കാർ ഇപ്പോൾ ആ ഇളവ് പിൻവലിച്ചിരിക്കുന്നു. ഇതിനിടക്ക് അനേകായിരം കോടി ഡോളറിന്റെ മുതൽമുടക്കാണ് ഇന്ത്യ ഈ പദ്ധതിയിൽ നടത്തിയത്. ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25ഉം 50ഉം ശതമാനം അധികത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനം വന്നതോടെ ഇന്ത്യ, തുറമുഖത്തിന്റെ ദൈനംദിന നടത്തിപ്പ് ഇറാൻകാരെ ഏൽപിച്ചുകൊണ്ട് പിന്മാറിയിരിക്കുന്നു.

ഇറാനുമായി ബന്ധം പാടില്ല എന്നതുപോലെ, റഷ്യയുമായും ബന്ധമരുത് എന്ന യു.എസ് കൽപനയും നിലവിലുണ്ട്. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന് ശിക്ഷയായി കഴിഞ്ഞവർഷം യു.എസ്, ഇന്ത്യൻ കയറ്റുമതി വസ്തുക്കൾക്ക് പിഴച്ചുങ്കം ചുമത്തി. ഇത്തരം ‘സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങി’ന് വഴങ്ങുകയല്ലാതെ മാർഗമില്ലെന്ന നിലക്കായിരുന്നു നമ്മുടെ പ്രതികരണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടുന്നു. യു.എസിനെതിരെ കടുത്ത നിലപാടെടുക്കാനോ പ്രതിഷേധം രേഖപ്പെടുത്താനോ തയാറാകാതിരുന്നത് ഇന്ത്യയുടെ അന്തസ്സ് അടിയറവെക്കലായി. ഇന്ത്യ-പാക് സംഘർഷം താനാണ് നിർത്തിച്ചതെന്ന്, പ്രധാനമന്ത്രി മോദിയുടെ പേര് പരാമർശിച്ച് ട്രംപ് അവകാശപ്പെട്ടപ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്- വിദേശകാര്യ വകുപ്പ് വഴി നേർപ്പിച്ച നിഷേധം ഇറക്കിയെങ്കിലും.

പാകിസ്താൻ സൈനിക മേധാവിക്ക് വൈറ്റ്ഹൗസിൽ നൽകിയ സ്വീകരണം ഇന്ത്യൻ സർക്കാറിനുനേരെയുള്ള പരിഹാസം കൂടിയായി. അപ്പോഴും മോദി അവലംബിച്ച മൗനത്തെ രാഹുൽഗാന്ധി തുലനംചെയ്തത് 1971ൽ ബംഗാൾ ഉൾക്കടലിലേക്ക് അമേരിക്ക അതിന്റെ ഏഴാം കപ്പൽപടയെ അയച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിര നൽകിയ ഉറച്ച മറുപടിയുമായാണ്. ട്രംപുമായി വ്യക്തിബന്ധമുണ്ടെന്ന മോദിയുടെ ഊറ്റം മാത്രമല്ല യു.എസ് ധിക്കാരത്തിനു മുന്നിൽ പൊളിയുന്നത്; ഇന്ത്യൻ പ്രവാസിസമൂഹത്തിന് യു.എസ് നയങ്ങളെയും ഇന്ത്യ-യു.എസ് വ്യാപാര ബന്ധങ്ങളെയും വരുതിക്ക് നിർത്താനുള്ള ശേഷിയുണ്ടെന്ന അവകാശവാദം കൂടിയാണ്. പുതിയ എച്ച്1 ബി വിസയുടെ ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയിൽനിന്നുള്ളവരെയാണല്ലോ ഏറെയും ബാധിക്കുക. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന യു.എസ് കമ്പനികളെ ട്രംപ് വിമർശിച്ചതും ഇന്ത്യയെ സുഖിപ്പിക്കാനായിരുന്നില്ലല്ലോ. ഈ ഘട്ടങ്ങളിലൊന്നും നയതന്ത്രതലത്തിൽപോലും ഫലപ്രദമായ ഇടപെടൽ ഇന്ത്യയിൽനിന്നുണ്ടായില്ല.

നയതന്ത്ര ഇടപെടൽ ഒട്ടുമുണ്ടായില്ല എന്ന വാദം പൂർണമായി ശരിയല്ലായിരിക്കാം. ശക്തമായ പ്രതിഷേധമോ രോഷപ്രകടനമോ നടത്തുന്നത് അന്താരാഷ്ട്ര രംഗത്ത് വിവേകപൂർവമാകില്ലെന്ന വാദവുമുണ്ട്-പ്രത്യേകിച്ച് മറുഭാഗത്തുള്ളത് ട്രംപിനെപ്പോലുള്ള ഒരാളാകുമ്പോൾ. ഛാബഹാർ പദ്ധതിക്കെതിരായ തീരുവയിൽ ഇന്ത്യക്ക് കുറച്ചുകാലം ഇളവുലഭിച്ചത്, ബഹളമൊന്നുമില്ലാതെ നാം നടത്തിയ നയതന്ത്ര ശ്രമം മൂലമായിരുന്നു. ഇപ്പോഴും അത്തരം ശ്രമങ്ങൾ തുടരുന്നു. എന്നാൽ, വിദേശ ബന്ധങ്ങളിലും അന്താരാഷ്ട്ര വ്യാപാരത്തിലും കഴിവിന്റെ ഒരേയൊരു തെളിവ് ഫലപ്രാപ്തിയാണ് എന്നുപറയാറുണ്ട്. സമ്മർദംവഴിയോ നയതന്ത്രം വഴിയോ ബലപ്രയോഗം വഴിയോ എങ്ങനെയായാലും, കാര്യം നടന്നിരിക്കണമെന്ന്.

പക്ഷേ, മോദിക്കുണ്ടെന്ന് പറയുന്ന വ്യക്തിബന്ധമോ ഇന്ത്യൻ വിപണിയുടെ വൈപുല്യമോ റഷ്യ, ചൈന, ബ്രിക്സ് തുടങ്ങിയ നമ്മുടെ മറ്റു കൂട്ടായ്മ സാധ്യതകളോ ഒന്നും ട്രംപിന്റെ വിനോദങ്ങൾക്കു മുന്നിൽ പ്രയോജനപ്പെട്ടുകണ്ടില്ല-ചില താൽക്കാലിക ഇളവുകളൊഴിച്ച്. നിലപാടില്ലായ്മയാണ് ഇന്ത്യയുടെ ദൗർബല്യം. വെനിസ്വേലക്കും ക്യൂബക്കും ​ഗ്രീൻലൻഡിനും ഇറാനുമൊക്കെ എതിരെ ട്രംപിന്റെ അഹന്ത പത്തിവിടർത്തുമ്പോൾ ഒന്നും നമ്മെ ബാധിക്കില്ലെന്ന ആശ്വാസത്തിൽ അടങ്ങിയിരുന്നു നാം. ‘ഹൗഡിമോദി’യും ‘നമസ്തേ ട്രംപും’ ആഘോഷിച്ചുവന്ന വേളയിൽ, ബദലുകളെപ്പറ്റിയോ പ്രതിരോധത്തെപ്പറ്റിയോ ശാക്തിക സന്തുലനത്തെപ്പറ്റിയോ നാമൊന്ന് ചിന്തിച്ചുപോലുമില്ല. ഇനിയെങ്കിലും അമേരിക്കയെ പ്രതി​രോധിക്കാനുള്ള മാർഗങ്ങളെപ്പറ്റി നാം ആലോചിച്ച് തുടങ്ങുമോ?

Show Full Article
TAGS:Donald Trump US India 
News Summary - Donald trump -india
Next Story