Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ ദലിത് കുടുംബങ്ങളെ...

ആ ദലിത് കുടുംബങ്ങളെ കുടിയിറക്കരുത്

text_fields
bookmark_border
ആ ദലിത് കുടുംബങ്ങളെ കുടിയിറക്കരുത്
cancel
കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും

എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ മലയിടം തുരുത്ത് പര്യത്ത് ഉന്നതിയിൽ എട്ട് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നീക്കവും തുടർന്നുണ്ടായ സംഘർഷവുമെല്ലാം സംസ്ഥാനത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്, കുടിയൊഴിപ്പിക്കലിന് നിയോഗിക്കപ്പെട്ട അഭിഭാഷക കമീഷൻ കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് അകമ്പടിയോടെ ഉന്നതിയിലെത്തിയത്. മുമ്പ് കമീഷൻ അവിടെ വന്നപ്പോഴെല്ലാം നാട്ടുകാരുടെയും ഉന്നതിയിൽ ജീവിക്കുന്നവരുടെയുമെല്ലാം പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

എന്നാൽ, ഇത്തവണ കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാവണം, കുടിയൊഴിപ്പിക്കാതെ പിൻവാങ്ങില്ലെന്ന നിലപാടിലാണ് അഭിഭാഷക കമീഷനെത്തിയത്. ഉന്നതിയിലേക്ക് പ്രവേശിക്കുന്ന പെരിയാർ വാലി കനാലിന്റെ പാലത്തിൽ സ്‍ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാർ കമീഷനെയും പൊലീസ് ഉദ്യോഗസ്ഥരെയും തടഞ്ഞു; തുടർന്ന് സമരക്കാരുമായി ചർച്ചക്ക് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെ പൊലീസ് സഹായത്തോടെ കമീഷൻ ഉന്നതിയിലേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. സമരക്കാർ സ്വശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മാഹുതി ഭീഷണി മുഴക്കിയെങ്കിലും പിന്മാറാൻ പൊലീസ് കൂട്ടാക്കിയില്ല. എന്നല്ല, കടുത്ത പൊലീസ് മുറ പുറത്തെടുക്കാനും അവർ മടിച്ചില്ല. ലാത്തിപ്രയോഗത്തിൽ പരിക്കുപറ്റിയ വയോധികരുൾപ്പെടെ നിരവധി പേർ ആശുപത്രിയിലാണ്. എത്രതന്നെ മർദനമേറ്റാലും പതിറ്റാണ്ടുകളായി കഴിയുന്ന കിടപ്പാടം വിട്ടുപോവില്ലെന്ന നിലപാടിലാണ് ഉന്നതിയിലുള്ളവർ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം നാൾ നടന്ന ഈ സംഭവം, അധികാരികളുടെ ഒത്താശയോടെ മേഖലയിലെ ഭൂമാഫിയക്കുവേണ്ടിയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മറുവശത്ത്, ഒഴിപ്പിക്കൽ നടപടി ശനിയാഴ്ച പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയും നിർദേശിച്ചിരിക്കുന്നു. കോടതി ഇടപെടലിനും കിടപ്പാടം നഷ്ടമാകാൻ പോകുന്ന ഒരുപറ്റം ദലിത് കുടുംബങ്ങളുടെ വിലാപങ്ങൾക്കും ഇടയിലാണിപ്പോൾ വി.ഡി.എസ് സർക്കാർ എന്നുപറയാം.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവഹാരമാണ് മലയിടം തുരുത്തിലേത്. കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം മലയിടം തുരുത്തിലുള്ള 19 ഏക്കർ സർക്കാർ പുറമ്പോക്കിൽ രണ്ടര ഏക്കർ സ്വകാര്യ സ്ഥലമാണെന്ന് അവകാശപ്പെട്ട് കണ്ണോത്ത് ശങ്കരൻ നായർ എന്നയാൾ 1968ൽ രംഗത്തുവന്നതോടെയാണ് വ്യവഹാരം ആരംഭിക്കുന്നത്. തന്റെ സ്ഥലം പട്ടികജാതി വിഭാഗത്തിൽപെട്ട കാളുകുറുമ്പൻ എന്നയാൾ അന്യായമായി കൈയേറി എന്നായിരുന്നു ശങ്കരൻ നായരുടെ വാദം. കാളുകുറുമ്പന്റെ മക്കളും പേരമക്കളുമൊക്കെയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. പെരുമ്പാവൂർ മുൻസിഫ് കോടതിയിലായിരുന്നു ആദ്യ കേസ് ഫയൽ ചെയ്തത്. അവിടെ ശങ്കരൻ നായർക്ക് അനുകൂലമായി വിധി വന്നു. താമസക്കാർ തടസ്സഹരജി നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹൈകോടതിയും മുൻസിഫ് കോടതി വിധി ശരിവെച്ചു.

കാലങ്ങളായി ആ ദലിത് കുടുംബങ്ങൾ അവിടെ താമസിക്കുന്നുവെന്ന യാഥാർഥ്യം കോടതി നടപടികളുടെ ഒരുഘട്ടത്തിലും പരിഗണിക്കപ്പെട്ടില്ല. ഏറ്റവും ഒടുവിൽ, കുടിയൊഴിപ്പിക്കലിന് സുപ്രീംകോടതി ഇടപെട്ട് അഭിഭാഷക കമീഷനെയും നിയമിച്ചു. 2023 സെപ്റ്റംബറിലാണ് ആദ്യമായി ഒഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക കമീഷൻ അവിടെയെത്തിയത്. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥ സംഘത്തിന് പിന്മാറേണ്ടിവന്നു. അതിനുശേഷം 12 തവണ ഇതാവർത്തിക്കപ്പെട്ടതോടെയാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഹൈകോടതി വീണ്ടും ഇടപെട്ടത്. ഉടൻ ഒഴിപ്പിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ, തെരഞ്ഞെടുപ്പ് കാലമായതിനാൽ നടപടികൾക്ക് ആവശ്യമായ പൊലീസ് ഇല്ലെന്ന ആഭ്യന്തര വകുപ്പിന്റെ വാദം കണക്കിലെടുത്താണ് നടപടികൾ മേയ് 20ലേക്ക് മാറ്റിയത്. ആ ദിവസമാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറിയത്.

മലയിടം തുരുത്തിലേത് പുതിയൊരു സംഭവമല്ലെന്നിരിക്കെ, ബുധനാഴ്ചയിലെ അഭിഭാഷക കമീഷൻ നടപടികളെ മുൻകൂട്ടിക്കണ്ട് ആവശ്യമായ ഇടപെടലുകൾ നടത്താൻ സർക്കാറിന് ബാധ്യതയുണ്ടായിരുന്നു. നന്നേ ചുരുങ്ങിയത്, അനാവശ്യമായ പൊലീസിന്റെ ലാത്തിപ്രയോഗമെങ്കിലും തടയേണ്ടതായിരുന്നു. അതുണ്ടായില്ലെന്നത് സർക്കാറിന്റെ വീഴ്ച തന്നെയാണ്; സ്വാഭാവികമായും, പ്രതിപക്ഷം അത് രാഷ്ട്രീയ വിവാദമാക്കി ഉയർത്തിക്കൊണ്ടുവരുകയും ചെയ്യും. എന്നാൽ, വിമർശനങ്ങൾ ഉയർന്നപ്പോൾ സർക്കാറും ആഭ്യന്തര വകുപ്പും ഇടപെട്ടുതുടങ്ങിയെന്നത് ആശ്വാസകരമാണ്. കോടതി നടപടികൾക്ക് സാവകാശം തേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അത് അംഗീകരിക്കപ്പെട്ടാൽപോലും താൽക്കാലിക പരിഹാരമേ ആകുന്നുള്ളൂ. ശാശ്വതമായ പ്രശ്നപരിഹാരത്തിന് പുതിയ വഴികൾ തിരയേണ്ടിവരും. ഒരർഥത്തിൽ, സതീശൻ സർക്കാർ നേരിടുന്ന ആദ്യ പരീക്ഷണമാണിതെന്നും പറയാം.

ഇവിടെ പരിഹാരം ഒന്നേയുള്ളൂ: ആ ദലിത് കുടുംബങ്ങൾക്ക് സ്വന്തമായും സ്ഥിരമായും ഭൂമിയും വീടും അനുവദിക്കുക എന്നതാണത്. ഇങ്ങനെയൊരു ആവശ്യമുന്നയിക്കുമ്പോൾ, അത് മലയിടം തുരുത്തിലെ ദലിത് കുടുംബങ്ങളുടെ മാത്രം ആവശ്യമായി പരിമിതപ്പെടുന്നുമില്ല. കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും. 2025ൽ, സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം, കേരളത്തിൽ മുക്കാൽ ലക്ഷത്തോളം ദലിത് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല; കാടിന്റെ മക്കൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ആദിവാസികളിൽ ആറായിരത്തോളം കുടുംബങ്ങളും പുറമ്പോക്കിലാണ് ജീവിതം തള്ളിനീക്കുന്നത്. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭൂമി-പട്ടയം വിതരണത്തിനായി പദ്ധതികൾ ആവിഷ്‍കരിക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇതാണ് സ്ഥിതി. അപ്പോൾ, തെരുവിലേക്കിറക്കപ്പെടുമെന്ന ആധിയിൽ കഴിയുന്നത് മലയിടം തുരുത്തിലെ ആ എട്ട് കുടുംബങ്ങൾ മാത്രമല്ല. അതിനാൽ, സംസ്ഥാനത്തെ മുഴുവൻ ആദിവാസി, ദലിത് കുടുംബങ്ങൾക്കും ഭൂമി ഒരവകാശമായി പ്രഖ്യാപിച്ച് അവരുടെ കിടപ്പാടങ്ങൾ ഉറപ്പുവരുത്താനുള്ള സമഗ്രമായ പദ്ധതിയാണ് അനിവാര്യമായിട്ടുള്ളത്. ആ ദിശയിൽ പുതിയ സർക്കാറിന് എന്തു ചെയ്യാനാവുമെന്നാണ് അവരെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ജനത ഉറ്റുനോക്കുന്നത്.

Show Full Article
TAGS:dalit eviction notice police action Supreme Court land dispute 
News Summary - Don't evict those Dalit families.spotifyedoto
Next Story